എല്ലാറ്റിനോടും പ്രതികരിക്കേണ്ട

subhadinam
SHARE

പരിഹസിക്കുന്നവരോടും പീഡിപ്പിക്കുന്നവരോടും പക വീട്ടാനിറങ്ങിയാൽ പിന്നെ പ്രതികാരക്രിയകളുടെ മുന്നൊരുക്കവും അവലോകനവും മാത്രമാകും ജീവിതം. പക ഒരിക്കലും അവസാനിക്കില്ല. കാരണം ആര് അവസാനിപ്പിക്കും എന്നതിന് ഉത്തരമില്ല.

പകവീട്ടൽ പ്രക്രിയയ്ക്കു പ്രശ്നപരിഹാര ശേഷിയില്ല. അഹംബോധ സംരക്ഷണമാണ് എല്ലാ പ്രതികാരങ്ങളുടെയും ആത്യന്തിക ലക്ഷ്യം. അവഗണിക്കപ്പെടുന്ന പരിഹാസങ്ങൾക്കും കിംവദന്തികൾക്കും വളർച്ചാശേഷിയില്ല. വെള്ളവും വളവും ലഭിക്കാതെ അവ സ്വയം നശിക്കും.

പ്രതികരിച്ച് പിന്താങ്ങിയാൽ പക പടർന്നു പന്തലിക്കും, പക്ഷം ചേർന്ന് ആളുകൾ കൂടും. തുടങ്ങിയവർ വിടവാങ്ങിയാലും തലമുറകളിലേക്കു കൈമാറപ്പെടും.

പ്രകോപനങ്ങളോടു പ്രതികരിക്കാൻ എളുപ്പമാണ്, അവഗണിക്കാനാണു ബുദ്ധിമുട്ട്. ഒരാൾ എന്തിനോടാണോ രോഷാകുലനാകുന്നത് അതാണ് അയാളുടെ ദൗർബല്യം. എന്തിനോടും പ്രതിപ്രവർത്തിച്ചു മാത്രം സഞ്ചരിക്കുന്നവർക്ക് ഒരിക്കലും തനതുകർമങ്ങൾ ഉണ്ടാകില്ല. ആരുടെയെങ്കിലും ചൂണ്ടക്കൊളുത്തിൽ കുടുങ്ങി സ്വയം നശിക്കും.

എന്തിനാണ് എല്ലാറ്റിനോടും പ്രതികരിക്കുന്നത്? അനുഭവമോ അഭിവൃദ്ധിയോ ലഭിക്കുമെങ്കിൽ മാത്രം ചെവി കൊടുക്കണം, മറുപടി പറയണം. അവഹേളനം തൊഴിലാക്കിയവരോട് എതിർത്തു നിന്നാൽ ശരീരവും മനസ്സും കൂടുതൽ വൃത്തിഹീനമാകുകയേയുള്ളൂ. എത്ര അധിക്ഷേപിച്ചിട്ടും തളരാത്തവരോടും തിരിച്ചടിക്കാത്തവരോടും മല്ലടിക്കാൻ ആർക്കും താൽപര്യമുണ്ടാകില്ല.

കാലം നൽകുന്ന സ്വാഭാവിക മറുപടിയിൽ പരിഹാസങ്ങൾക്കു പരിഹാരമുണ്ടാകും. അത്രയും നാൾ സംയമനം പാലിക്കുക എന്നത് സ്വഭാവദാർഢ്യം ഉള്ളവർക്കു മാത്രം കഴിയുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA