ADVERTISEMENT

പൊലീസിനെ നിയന്ത്രിച്ചു നിർത്തുക എന്നത് രാഷ്ട്രീയക്കാർക്ക് എപ്പോഴും അഗ്നിപരീക്ഷയാണ്. പൊലീസിലെ എടുത്തുചാട്ടക്കാരും അതിമോഹികളുമായ ചില ഓഫിസർമാരെ നിലയ്ക്കുനിർത്താൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർക്കും ആഭ്യന്തര മന്ത്രിമാർക്കും കഴിയുന്നില്ലെങ്കിൽ അതു വലിയ വിനയായിത്തീരും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും ചെന്നുപെട്ടിരിക്കുന്ന പ്രതിസന്ധി ഉദാഹരണം. ഒരുസംഘം പൊലീസ് ഓഫിസർമാരെ കണ്ണുമടച്ചു വിശ്വസിച്ചതിന്റെ പേരിൽ ഇരുവരും ഇപ്പോൾ ചൂടുവെള്ളത്തിൽ വീണ അവസ്ഥയിലാണ്.

മുംബൈയിലെ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ്ങും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുമാണു വിവാദകേന്ദ്രം. ഒന്നരവർഷം പിന്നിടുന്ന മഹാരാഷ്ട്രയിലെ സഖ്യകക്ഷി സർക്കാരിൽ പൊലീസും രാഷ്ട്രീയക്കാരും ഉൾപ്പെട്ട അഴിമതി ഇടപാടുകളുടെ രഹസ്യങ്ങൾ പുറത്തുവരുന്നതിനിടെ, എരിതീയിൽ എണ്ണയൊഴിക്കാൻ കേന്ദ്രസർക്കാരും രംഗത്തെത്തി. കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു സംസ്ഥാനത്തെ സാഹചര്യം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണു കേന്ദ്രസർക്കാർ.

മുകേഷ് അംബാനിയുടെ വീടിനു പുറത്തു ബോംബു സ്ഥാപിച്ച സംഭവത്തിനു പിന്നാലെ കഥകൾ ഓരോന്നായി പുറത്തുവന്നതും പരംബീർ സിങ് ആഭ്യന്തരമന്ത്രി ദേശ്മുഖിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതും രാഷ്ട്രീയക്കാരും പൊലീസുകാരും തമ്മിലുള്ള ഗൂഢബന്ധം വെളിപ്പെടുന്നതിന്റെ ആദ്യ രംഗം മാത്രം. മഹാരാഷ്ട്ര പൊലീസ് ഇന്റലിജൻസ് മുൻ തലവനടക്കം കേന്ദ്ര സർക്കാരുമായി അടുത്ത ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർ സംസ്ഥാന സർക്കാരിനെ നാണംകെടുത്തുന്ന അഴിമതിയുടെയും നിയമരാഹിത്യത്തിന്റെയും വിവരങ്ങളാണു പരസ്യമാക്കുന്നത്. ഇതോടെ താക്കറെയുടെ വിശ്വസ്തർ ബിജെപി മുൻ മുഖ്യമന്ത്രി ഫഡ്നാവിസിന്റെ വിശ്വസ്തർക്കെതിരെ ചെളിവാരിയെറിയാനും രംഗത്തെത്തി.

മഹാരാഷ്ട്രയിൽ മാത്രമല്ല

ഇഷ്ടക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ മറ്റു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരും വിമർശിക്കപ്പെട്ടിട്ടുണ്ട്. ഗുണ്ടകളെ അടിച്ചമർത്താൻ പൊലീസിന് സമ്പൂർണാധികാരം കൊടുത്തതോടെ യുപി ലോക്കപ്പുകളിലെ പൊലീസ് ഭീകരതയ്ക്കെതിരെ വ്യാപക പരാതികളാണുയർന്നത്. ബംഗാളിൽ മമത ബാനർജിയുടെ പ്രിയപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെല്ലാം കേന്ദ്ര സർക്കാരിന്റെ നോട്ടപ്പുള്ളികളാണ്. മമത ശക്തമായി എതിർത്തിട്ടും മോദി സർക്കാർ ചില ഐപിഎസുകാരെ നിർബന്ധിതമായി സ്ഥലംമാറ്റി. 

കർണാടകയിൽ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ മകൻ ബി.വൈ.വിജയേന്ദ്രയുമായി ബന്ധപ്പെട്ട അഴിമതി പുറത്തു കൊണ്ടുവന്ന ഒരു ഡിജിറ്റൽ ചാനലിൽ ബെംഗളൂരു ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡുകൾ വിവാദമായിരുന്നു. മുതിർന്ന ബിജെപി നേതാവായ ബസവരാജ് ബൊമ്മൈ ആണു കർണാടക ആഭ്യന്തരമന്ത്രിയെങ്കിലും അദ്ദേഹത്തിന്റെ തലയ്ക്കു മീതെയുള്ള ‘സൂപ്പർ ഹോം മിനിസ്റ്റർ’ ആയാണു വിജയേന്ദ്ര വിശേഷിപ്പിക്കപ്പെടുന്നത്.

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊലീസിനെപ്പറ്റിയും പരാതികൾ ഉയർന്നിരുന്നു. പിണറായിയുമായി അടുത്തുനിൽക്കുന്ന ചില ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരാണു മുഖ്യമന്ത്രിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കു യഥാർഥ കാരണമെന്നും രാഷ്ട്രീയകേന്ദ്രങ്ങളിൽ സംസാരമുണ്ട്.

ആന്ധ്രപ്രദേശിൽ പൊലീസിലെ ചേരിപ്പോര് പരസ്യമാണ്. മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയോടു കൂറുള്ള പൊലീസ് ഉദ്യോഗസ്ഥർ ഒരുവശത്തും മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോടു വിശ്വസ്തത പുലർത്തുന്ന ഓഫിസർമാർ മറുവശത്തും. പുതിയതായി വരുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണയുമായി അടുപ്പമുള്ളവർക്കെതിരെ ആന്ധ്ര പൊലീസ് കേസെടുത്തതിനു പുറമേ, ജസ്റ്റിസ് രമണയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ആന്ധ്ര മുഖ്യമന്ത്രി, സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയ്ക്ക് കത്തെഴുതുകയും ചെയ്തു. സുപ്രീംകോടതി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നു കണ്ടെത്തി.

പൊലീസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരും വിവാദം നേരിടുന്നു. സിബിഐക്കു സ്ഥിരം ഡയറക്ടറെ നിയമിക്കുന്നതു മോദിസർക്കാർ നീട്ടിക്കൊണ്ടുപോകുകയാണ്. സിബിഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള ഉന്നതാധികാര സമിതി ഇനിയും വിളിച്ചുചേർത്തിട്ടില്ല. പ്രധാനമന്ത്രിക്കു പുറമേ, സുപ്രീംകോടതി ചീഫ് ജസ്റ്റിസും ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയും സമിതിയിൽ അംഗങ്ങളാണ്. സിബിഐ ഡയറക്ടർ, എൻഫോഴ്സ്മെന്റ് ഡയറക്ടർ, സെൻട്രൽ വിജിലൻസ് കമ്മിഷണർ എന്നിവരെ ഈ ഉന്നതാധികാര സമിതി തിരഞ്ഞെടുക്കണമെന്നാണു ചട്ടം.

സിബിഐക്ക് ഇപ്പോഴും ആക്ടിങ് ഡയറക്ടറാണുള്ളത്. പാർലമെന്റ് സമ്മേളനവും നിയമസഭാ തിരഞ്ഞെടുപ്പുകളും മൂലമാണു നിയമനം വൈകുന്നതെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. അതല്ല, നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ വിരമിക്കാൻ വേണ്ടി കാത്തിരിക്കുകയാണെന്നും ശ്രുതിയുണ്ട്. 

ക്രിമിനലുകൾക്കു രാഷ്ട്രീയക്കാരുമായുള്ള ബന്ധം സംബന്ധിച്ച് 1990 കളിൽ രാജ്യത്തു 3 വലിയ ആരോപണങ്ങളാണ് ഉയർന്നത്. അന്ന് ആഭ്യന്തര സഹമന്ത്രിയായിരുന്ന രാജേഷ് പൈലറ്റ് ആഭ്യന്തര സെക്രട്ടറി എൻ.എൻ.വോറയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ക്രിമിനലുകളും രാഷ്ട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ട് രാജ്യത്തു ശക്തമാണെന്നും ഇതിൽ പൊലീസ് അടക്കം ബ്യൂറോക്രസിക്കു കൂടി പങ്കാളിത്തമുണ്ടെന്നും വോറ റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പക്ഷേ, വെളിച്ചം കണ്ടില്ല. റിപ്പോർട്ട് ആഭ്യന്തരരേഖയായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരസിംഹറാവു അതു പരസ്യമാക്കേണ്ടതില്ലെന്നും നിർദേശിച്ചു.

ബിഹാറിലെ അധികാരകേന്ദ്രങ്ങളെ ബാലൻസ് ചെയ്തു കൊണ്ടുപോകാൻ ദീർഘകാലത്തെ അനുഭവ സമ്പത്തു മൂലം നിതീഷ് കുമാറിനു കഴിഞ്ഞിട്ടുണ്ട്. 2005ൽ അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ റോഡ്, റെയിൽ നിർമാണമേഖലയിൽ ഗുണ്ടാപ്പിരിവു നടത്തിവന്നിരുന്ന അധോലോക സംഘങ്ങളെ കർശനമായി അടിച്ചമർത്താൻ പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. ഈ ക്രിമിനലുകളിൽ സർക്കാരിനെ പിന്തുണയ്ക്കുന്നവർ ആരെല്ലാമെന്ന് ഡിജിപി ആരാഞ്ഞപ്പോൾ, നിതീഷ് കുമാർ പറഞ്ഞത് അവരെയടക്കം പൊക്കണമെന്നാണ്. ഗുണ്ടാസംഘത്തെ പൊലീസ് തുടച്ചുനീക്കി. പക്ഷേ, നിതീഷ് കുമാറും ഇപ്പോൾ പുതിയ അഗ്നിപരീക്ഷ നേരിടുന്നു. കൂട്ടുകക്ഷിയായ ബിജെപിയുടെയും ഒരുവിഭാഗം പൊലീസ് ഓഫിസർമാരുടെയും സമ്മർദത്തിനു വഴങ്ങി ബിഹാർ നിയമസഭ പുതിയ പൊലീസ് നിയമം പാസാക്കി. പൊലീസിനു കൂടുതൽ അധികാരം നൽകുന്ന ഈ നിയമം രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുമെന്നാണു പ്രതിപക്ഷ ആരോപണം.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അന്തരീക്ഷം അതിവേഗമാണു മാറിമറിയുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എൻസിപി മേധാവി ശരദ് പവാറും തമ്മിൽ നടത്തിയ രഹസ്യകൂടിക്കാഴ്ചയാണ് ഒടുവിലത്തെ സംഭവം. മുംബൈയിലെ ബാറുകളടക്കം ഹോട്ടലുകളിൽനിന്നു നിന്നു മാസംതോറും സംഘടിത പിരിവു നടത്താൻ പൊലീസിനു നിർദേശമുണ്ടായിരുന്നുവെന്ന പരംബീർ സിങ്ങിന്റെ ആരോപണത്തിന്റെ നിജസ്ഥിതി എന്നെങ്കിലും പുറത്തുവരുമോ എന്നാണു വ്യവസായികൾ ചോദിക്കുന്നത്.

Content Highlights: Allegations against Mumbai Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com