തെറ്റിയേക്കാം, തളരരുത്

subadinam
SHARE

അധ്യാപകൻ ഗുണനപ്പട്ടിക പഠിപ്പിക്കുകയാണ്. ഓരോ കുട്ടിയും എഴുന്നേറ്റു നിന്ന് പട്ടിക പറഞ്ഞു കേൾപ്പിക്കണം.ഒരു കുട്ടി 11ന്റെ ഗുണനപ്പട്ടിക വരെ തെറ്റില്ലാതെ പറഞ്ഞു; പക്ഷേ, 12ന്റെ പട്ടിക അവനു തെറ്റി. മറ്റു കുട്ടികളെല്ലാം അവനെ കളിയാക്കാൻ തുടങ്ങി. അധ്യാപകൻ ചോദിച്ചു: മറ്റു പട്ടികകളെല്ലാം ഇവൻ കൃത്യമായി പറഞ്ഞപ്പോൾ നിങ്ങളാരും കയ്യടിച്ചില്ല. പിന്നെന്തിനാണ് ഒരെണ്ണം തെറ്റിയപ്പോൾ പരിഹസിക്കുന്നത്? 

തെറ്റിപ്പോകുന്നതല്ല, തിരുത്താനാകാത്തവിധം അവഹേളിക്കപ്പെടുന്നതാണ് യഥാർഥ പ്രശ്നം. ഒരിടത്തും ഒരു നാണക്കേടും അനുഭവിക്കാതെ, കുറ്റമറ്റ കാര്യങ്ങൾ ചെയ്യാൻ കാത്തിരുന്നവരെല്ലാം ഒരു കാര്യവും ചെയ്യാതെ വളർച്ച മുരടിച്ച് അവസാനിച്ചിട്ടേയുള്ളൂ. ഒരിക്കൽ തെറ്റിയവർ വീണ്ടും അതേ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും. ആദ്യ അധിക്ഷേപത്തിനു മുന്നിൽ പിൻവാങ്ങിയാൽ പിന്നൊരിക്കലും അപമാനിക്കപ്പെടില്ല എന്നതു ശരി തന്നെ. പക്ഷേ, പിന്നൊരിക്കലും വളരുകയുമില്ല എന്നോർക്കണം. 

എല്ലാ വിമർശകരുടെയും ഉദ്ദേശ്യം വിശുദ്ധരാക്കുക എന്നതല്ല. അവർ ധൈര്യപ്പെടാത്ത കർമത്തിന് മറ്റൊരാൾ ചുവടു വയ്ക്കുന്നതു കാണുമ്പോഴുള്ള ഭീതിയും അസൂയയുമാണ് പലപ്പോഴും ആക്ഷേപത്തിനു കാരണം. ‘നന്നാകാൻ വേണ്ടിയാണ് ഇതെല്ലാം’ എന്ന സാരോപദേശ ധ്വനി കൂട്ടിച്ചേർത്താകും ആക്ഷേപങ്ങൾ. നന്നാകുമ്പോൾ അഭിനന്ദിക്കുന്നവർക്കു മാത്രമേ, നന്നാകാൻ വേണ്ടി ഗുണദോഷിക്കാൻ അവകാശമുള്ളൂ. നിരൂപണങ്ങളോ നിർദേശങ്ങളോ തെറ്റല്ല. അവയിൽ നിലനിൽക്കാനും പിടിച്ചുകയറാനുമുള്ള ചവിട്ടുപടികൾ ഉണ്ടാകണം. ഓരോ പടിയും അടർത്തി താഴെയിടുന്ന വിമർശകരാണ് ഒട്ടേറെപ്പേരുടെ സ്വപ്നങ്ങൾക്കും സ്വാതന്ത്ര്യത്തിനും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA