ADVERTISEMENT

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് എല്ലാ മുന്നണികളുടെ പക്കലും ഉത്തരമുണ്ട്. എന്നാൽ, ഇതിൽ ആരുടെ ഉത്തരത്തെ ഇടുക്കിക്കാർ കൂടുതൽ വിശ്വസിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങൾ...

മണ്ണിൽ കാൽമുട്ടൂന്നി നടുവിനൊരു കയ്യുംകൊടുത്ത് ദൂരേക്കു നോക്കിനിൽക്കുന്ന കർഷകന്റെ രൂപമാണ് സംസ്ഥാന ഭൂപടത്തിൽ ഇടുക്കിക്ക്. ഇടുക്കിയുടെ രാഷ്ട്രീയവും ഭൂമിശാസ്ത്രവും ഒന്നിച്ചു വിളിച്ചുപറയുന്ന രേഖാചിത്രമാണത്. സംസ്ഥാന രാഷ്ട്രീയത്തിൽ കൊടുങ്കാറ്റുകളും സൂനാമികളും അടിക്കുമ്പോഴും ഇടുക്കിക്കാർ ഉറച്ചുനിൽക്കുന്നതു മണ്ണിലാണ്.

മണ്ണിൽ തൊട്ടല്ലാതെ ഇടുക്കിയുടെ മനസ്സിലേക്ക് ഒരു രാഷ്ട്രീയ പാർട്ടിയും മാർച്ചുചെയ്തു കയറിയിട്ടില്ല. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പു മുന്നിലെത്തുമ്പോൾ ആദ്യം ഇടുക്കിക്കാർ ചോദിക്കുന്നതും ഇതാണ് – എന്നവസാനിക്കും ഈ ഭൂപ്രശ്നങ്ങൾ? ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് എല്ലാ മുന്നണികളുടെ പക്കലും ഉത്തരമുണ്ട്. എന്നാൽ, ഇതിൽ ആരുടെ ഉത്തരത്തെ ഇടുക്കിക്കാർ കൂടുതൽ വിശ്വസിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ജയപരാജയങ്ങൾ.

വോട്ടൊഴുക്കിന് കുറുകെ 3 അണക്കെട്ടുകൾ

ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം – ഈ 3 അണക്കെട്ടുകൾക്കിടയിൽ കെട്ടിനിൽക്കുന്ന വെള്ളമാണ് കേരളത്തിന്റെ ഊർജസ്രോതസ്സായി ഇടുക്കിയെ നിലനിർത്തുന്നത്. കുറവൻ – കുറത്തി മലകൾക്കിടയിൽ പെരിയാറിനെ അണകെട്ടി തടഞ്ഞുനിർത്താൻ സായ്പിനു ബുദ്ധി പറഞ്ഞുകൊടുത്ത കൊലുമ്പന്റെ നാട്ടിൽ വിജയത്തിന്റെ ഊർജം നിലനിർത്താൻ, 3 അണക്കെട്ടുകൾക്കിടയിൽ വോട്ടൊഴുക്കിനെ തടഞ്ഞുനിർത്താനാണ് മുന്നണികളുടെ ശ്രമം.

കേരള കോൺഗ്രസുകൾ, സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും വോട്ടുബാങ്കുകൾ, തമിഴ് ജാതിവോട്ട് എന്നിങ്ങനെ 3 അണക്കെട്ടുകളായി ഭാഗിക്കാം ഇടുക്കിയുടെ രാഷ്ട്രീയത്തെ. ഇരുമുന്നണികളും കെട്ടിപ്പൊക്കിയ ഈ അണക്കെട്ടുകളിൽ വോട്ടുകൾ കെട്ടിനിർത്താനുള്ള ശ്രമമാണ് നിയമസഭാ പോരാട്ടത്തിന്റെ കാതൽ. പരമ്പരാഗതമായി ഉയർന്നുനിൽക്കുന്ന ഈ വോട്ടുഡാമുകളിൽ വിള്ളലുണ്ടാക്കാനും വോട്ട് പുറത്തെത്തിക്കാനുമുള്ള കഠിനശ്രമത്തിലാണ് എൻഡിഎ.

സിപിഎം, കോൺഗ്രസ് വോട്ടുഡാം

ഇടുക്കി ആർച്ച് ഡാമിനു സമാനമാണ് ജില്ലയിലെ സിപിഎം, കോൺഗ്രസ് വോട്ടുഡാം. ഷട്ടറുകളില്ലാതെ, വോട്ടുകൾ പുറത്തേക്കൊഴുകാതെ, ഉയർന്നുനിൽക്കുന്ന വോട്ടുബാങ്കുകൾ കൂടിയാണ് ഇവ. ജില്ലയിൽ രണ്ടിടത്താണ് സിപിഎമ്മും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്നത്. ജില്ലയിലെ ഏറ്റവും മുതിർന്ന നേതാക്കൾ ഏറ്റുമുട്ടുന്ന ഉടുമ്പൻചോലയിൽ മത്സരം കടുകട്ടി.

2016ൽ വെറും 1109 വോട്ടിനുമാത്രം ജയിച്ച് ഇന്നു ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുന്ന സ്റ്റാർ നേതാവായി നിറഞ്ഞുനിൽക്കുന്ന എം.എം.മണി ഒരുവശത്ത്. മുൻപ് ഏറ്റുമുട്ടിയപ്പോൾ എം.എം.മണിയെ തറപറ്റിച്ച കോൺഗ്രസിന്റെ ഇ.എം.ആഗസ്തി വീണ്ടും കളത്തിലിറങ്ങുമ്പോൾ ചരിത്രം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്.

ദേവികുളത്ത് എസ്.രാജേന്ദ്രനെ മാറ്റിനിർത്തി പുതുമുഖം എ.രാജയെ ഇറക്കിയ സിപിഎമ്മിന് അതേ നാണയത്തിൽ തന്നെയാണ് കോൺഗ്രസിന്റെ മറുപടി. മുൻപു പലതവണ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടും ഭാഗ്യം തുണയ്ക്കാത്ത ഡി.കുമാർ ഇത്തവണ രംഗത്തിറങ്ങി. തോട്ടംതൊഴിലാളികൾക്കിടയിൽ നിന്നുയർന്നുവന്ന നേതാവിന് ഇതു കന്നിയങ്കം.

പീരുമേട്ടിൽ കോൺഗ്രസിനു മെരുക്കേണ്ടതു സിപിഐയെയാണ്. 3 ടേം നീണ്ട ബിജിമോളുടെ തേരോട്ടത്തിനു പാർട്ടിതന്നെ ബ്രേക്ക് ചവിട്ടിയപ്പോൾ മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് വാഴൂർ സോമൻ പകരക്കാരനായെത്തി. തോട്ടംമേഖലയിലെ പാർട്ടി സ്വാധീനമാണ് കൈമുതൽ. എന്നാൽ, 2016ൽ 314 വോട്ടുകൾക്കു കൈവിട്ട വിജയം ഇത്തവണ എത്തിപ്പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് സിറിയക് തോമസിന് ഒരവസരം കൂടി നൽകിയത്.

സീറ്റുവിഭജന സമയത്ത് കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡിസിസി പ്രസിഡന്റുമായ റോയ് കെ.പൗലോസ് പാർട്ടിയിൽ പൊട്ടിത്തെറിക്കു തിരികൊളുത്തിയെങ്കിലും തീ കത്തിപ്പടരാതെ നേതൃത്വം കാത്തു.

കേരള കോൺഗ്രസ് വോട്ടുഡാം

ഷട്ടറുകൾ തുറക്കാൻ സാധിക്കുന്ന ഏക അണക്കെട്ടായ ചെറുതോണി ഡാമിനു സമാനമാണ് ജില്ലയിലെ കേരള കോൺഗ്രസ് വോട്ടുഡാം. ഡാം തുറന്നാൽ ഏതു വഴിക്കു വോട്ടൊഴുകുമെന്ന് മാപ്പു വരച്ചാൽ പോലും വ്യക്തമാകാത്ത അവസ്ഥ. ഇക്കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടി ജോസഫ് വിഭാഗം മുന്നിലെത്തിയെങ്കിലും എൽഡിഎഫിന്റെ വിജയശിൽപികളായത് കേരള കോൺഗ്രസ് (എം) ആണ്.

സംസ്ഥാനത്ത് പി.ജെ.ജോസഫിന്റെ കേരള കോൺഗ്രസും ജോസ് കെ.മാണിയുടെ കേരള കോൺഗ്രസും (എം) പരസ്പരം ഏറ്റുമുട്ടുന്ന 4 മണ്ഡലങ്ങളിൽ രണ്ടെണ്ണം ഇടുക്കിയിലാണ് – തൊടുപുഴയും ഇടുക്കിയും. പിളർപ്പും മുന്നണിമാറ്റവും ലയനവും കേരള കോൺഗ്രസുകളുടെ ഡിഎൻഎയിൽ വരുത്തിയ മാറ്റം പ്രകടമാക്കുന്ന മത്സരങ്ങൾ കൂടിയാണിവ.

ഇടുക്കി ജില്ലയിലെ പാലായും കടുത്തുരുത്തിയുമാണ് തൊടുപുഴയും ഇടുക്കിയും. തൊടുപുഴയിൽ പി.ജെ.ജോസഫ് 11–ാം അങ്കത്തിനിറങ്ങുമ്പോൾ എതിരാളി പഴയ വിശ്വസ്തൻ കെ.ഐ.ആന്റണിയാണ്.

രണ്ടു പതിറ്റാണ്ടായി ഇടുക്കിയുടെ യുഡിഎഫ് മുഖമായ റോഷി അഗസ്റ്റിൻ ഇടത്തേക്കു തിരിയുമ്പോൾ ഇടുക്കിയും കൂടെത്തിരിയുമോ എന്നാണ് അറിയേണ്ടത്. ഈ ഭ്രമണം തടയാൻ ജോസഫ് പാളയത്തിലെ ഏറ്റവും പ്രബലനെത്തന്നെയാണു പരീക്ഷിക്കുന്നത് – ഫ്രാൻസിസ് ജോർജിനെ. 2016ലെ പോരാട്ടത്തിന്റെ ‘തലതിരിഞ്ഞ’ തനിയാവർത്തനമാകും ഈ തിരഞ്ഞെടുപ്പ്. അന്ന് എൽ‌ഡിഎഫിലുണ്ടായിരുന്ന ഫ്രാൻസിസ് ജോർജ് ഇന്ന് യുഡിഎഫിലും യുഡിഎഫിലുണ്ടായിരുന്ന റോഷി എൽഡിഎഫിലും.

ഇടുക്കി ജില്ലാ പഞ്ചായത്തിൽ മത്സരിച്ച 4 സീറ്റിൽ ഒന്നു മാത്രമാണു ജോസ് വിഭാഗത്തിനു നേടാനായത്. 5 സീറ്റിൽ മത്സരിച്ച് നാലിലും ജയിച്ചതു ജോസഫിന്റെ ശക്തി തെളിയിക്കുന്ന പ്രകടനമാണ്. എന്നാൽ, പ്രാദേശിക വിഷയങ്ങൾക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പിൽ ഏതു വോട്ടുഡാം തകരുമെന്ന് കാത്തിരുന്നു കാണണം.

ദേവികുളത്തെ തമിഴ് വോട്ടുഡാം

ഭൂപ്രകൃതിയിലും തനിമയിലും തമിഴ്നാടുമായി അത്രയേറെ ഇഴുകിച്ചേർന്ന മണ്ഡലമാണ് ദേവികുളം. തിരഞ്ഞെടുപ്പല്ല ‘തേർതലാണ്’ ദേവികുളത്ത്. മലയാളിയുടെ രാഷ്ട്രീയം അവിടെ ‘അരസിയലാവും’.

ആദ്യം ജാതി, പിന്നെ ഭാഷ, ശേഷം മാത്രം രാഷ്ട്രീയം എന്നതാണു മണ്ഡലത്തിലെ വോട്ടിങ് സമവാക്യം. പ്രബല മുന്നണികൾ ഒരേ സമുദായത്തിൽനിന്നു തന്നെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതും ഈ നയത്തിന്റെ ഭാഗമാണ്. കൃഷി, തോട്ടം, ആദിവാസി മേഖലകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ തമിഴ് വോട്ടർമാരാണു ഭൂരിപക്ഷം. 55 വർഷമായി ഭാഷാഭൂരിപക്ഷ സംവരണ മണ്ഡലമായി തുടരുന്ന ദേവികുളത്തെ പ്രതിനിധീകരിക്കുന്നതു തമിഴ് വംശജരായ ജനപ്രതിനിധികളാണ്.

കഴിഞ്ഞതവണ മത്സരിച്ച എസ്.രാജേന്ദ്രനും (സിപിഎം) എ.കെ.മണിയും (കോൺഗ്രസ്) പള്ളർ സമുദായക്കാരാണ്. അന്നു ജയം രാജേന്ദ്രനൊപ്പമായിരുന്നു. ഇക്കുറി എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർഥികൾ പറയർ വിഭാഗത്തിൽനിന്നാണ്; എൻഡിഎ സ്ഥാനാർഥി എസ്.ഗണേശൻ പള്ളർ സമുദായത്തിൽനിന്നും.

തമിഴ് മേഖലയിലെ വോട്ടർമാരിൽ 46% പറയർ സമുദായവും 42% പള്ളർ സമുദായവുമാണ്. അണ്ണാ ഡിഎംകെയുടെ ധനലക്ഷ്മി മാരിമുത്തുവിന്റെ പത്രിക തള്ളിപ്പോയ ഉടൻ, സ്വതന്ത്രനായി പത്രിക നൽകിയിരുന്ന ഗണേശനെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പിന്റെ റൂൾ കർവ്

അണക്കെട്ടിലെ ജലനിരപ്പു ക്രമീകരിക്കുന്നതിനു ശാസ്ത്രീയമായി കണക്കാക്കുന്ന അളവുകോലാണ് റൂൾ കർവ്. ഇടുക്കിയിലെ തിരഞ്ഞെടുപ്പിൽ ഈ റൂൾ കർവ് തീരുമാനിക്കുന്നതിനു പല സൂചികകളുണ്ട്. ഭൂപ്രശ്നങ്ങൾ തന്നെയാണ് ആദ്യ സൂചിക. നിർമാണനിരോധനം വാളുപോലെ ജില്ലയുടെ തലയ്ക്കുമീതെയുണ്ട്. 1964ലെ ഭൂചട്ടം ഭേദഗതി ചെയ്താൽ മാത്രമേ, ഇടുക്കിയിലെ പട്ടയഭൂമിയിൽ നിർമാണം നടത്താനാകൂ. നാടിന്റെ വികസനത്തിനും കർഷകന്റെയും ടൂറിസത്തിന്റെയും ഉന്നമനത്തിനും ഇതു കൂടിയേ തീരൂ. പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകളാണു മറ്റൊന്ന്. ഇടതു സർക്കാർ ഒരു ലക്ഷത്തോളം പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് അവകാശപ്പെടുമ്പോഴും മൂന്നുചെയിൻ, പത്തുചെയിൻ ഭാഗത്തെ പട്ടയവിതരണം കീറാമുട്ടിയാണ്. സിഎച്ച്ആർ ഭൂമി സർവേയും ഇക്കോ ബഫർ സോൺ നിർണയവും ഇടുക്കിക്കാരുടെ ഉറക്കം കെടുത്തുന്ന രാഷ്ട്രീയ വിഷയങ്ങളാണ്.

കർഷകരുമായി ബന്ധപ്പെട്ടതാണ് അടുത്ത സൂചിക. വന്യമൃഗങ്ങളുടെ കാടിറങ്ങലും ഉൽപന്നങ്ങളുടെ വിലയിടിവും കർഷകരെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രളയ പുനരധിവാസവും പുനർനിർമിതിയും മറ്റൊരു സൂചകമാണ്. 12,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപനവും റോഡ് അടക്കമുള്ള അടിസ്ഥാനസൗകര്യ വികസനവും എൽഡിഎഫ് എടുത്തുകാട്ടുമ്പോൾ പ്രഖ്യാപനത്തിലൊതുങ്ങിപ്പോയ പാക്കേജുകളും ജില്ലയോടുള്ള അവഗണനയും യുഡിഎഫ്, എൻഡിഎ മുന്നണികൾ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com