ADVERTISEMENT

ഇടുക്കിയിലെ ഇരട്ടയാറിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിലുണ്ടായ സഭ്യേതര പരാമർശങ്ങളും സ്ത്രീവിരുദ്ധതയും സാംസ്കാരിക കേരളത്തെ നാണംകെടുത്തിയിരിക്കുകയാണ്. ആത്മവിശ്വാസത്തിന്റെ മുദ്രാമുഖമായ മലയാളിപെൺമയെ അപമാനിച്ചതും ഒരു ദേശീയ നേതാവിനുനേരെ അശ്ലീല പരാമർശങ്ങൾ നടത്തിയതും നാടിന്റെയാകെ പ്രതിഷേധത്തിനു കാരണമായതിൽ അദ്ഭുതമില്ല. നിന്ദ്യമായ ആ പ്രസംഗം നടത്തിയ വ്യക്തി മാത്രമല്ല, അതു കേട്ടു ചിരിയും കയ്യടിയുമായി പിന്തുണ നൽകിയവരൊക്കെയും ഈ മൂല്യബലിയിൽ പങ്കാളികളാകുന്നു.

സ്ത്രീപക്ഷത്തു നിൽക്കുന്നുവെന്നും സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും ഊറ്റംകൊള്ളുന്ന ഒരു മുന്നണിയുടെ തിരഞ്ഞെടുപ്പു പ്രചാരണയോഗത്തിലാണു സമീപകാലത്തു കേരളം കേട്ട ഏറ്റവും സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ ഉണ്ടായിരിക്കുന്നത്. കേരളത്തെ പ്രതിനിധീകരിച്ച് പാർലമെന്റ് അംഗം വരെയായ ഒരാളിൽനിന്നാണ് ഇത്തരത്തിലുള്ള തരംതാണ പ്രയോഗങ്ങൾ ഉണ്ടായതെന്നത് പ്രബുദ്ധമെന്നും സാക്ഷരമെന്നും സംസ്കാരസമ്പന്നമെന്നുമൊക്കെ പെരുമ കൊള്ളുന്ന ഈ നാടിനെത്തന്നെ ലജ്ജിപ്പിക്കുന്നു.

രാഷ്ട്രീയ നേതാക്കളും അധികാരസ്ഥാനത്തിരിക്കുന്നവരും പുലർത്തേണ്ട അന്തസ്സും മാന്യതയും സംസ്കാരവും ഏതു സാഹചര്യത്തിലും മറക്കാനുള്ളതല്ല. വാക്കിലും പെരുമാറ്റത്തിലുമൊക്കെ ആ കുലീനത കൈമോശം വരുമ്പോൾ അതു ജനങ്ങളോടുള്ള കൊഞ്ഞനംകുത്തലാവുന്നു. അതുകൊണ്ടാണു തിരഞ്ഞെടുപ്പുവേളയിലും നിയമസഭയിലുമൊക്കെ ഉണ്ടാകുന്ന തരംതാണ പ്രയോഗങ്ങളും പ്രതികരണങ്ങളും വലിയ ഒച്ചപ്പാടിനു വഴിവയ്‌ക്കുന്നതും. പൊതുജീവിതത്തിലുള്ള വ്യക്തികൾ പാലിക്കേണ്ട സഭ്യതയുടെയും രാഷ്ട്രീയ മര്യാദയുടെയും അതിരുകൾ ലംഘിക്കപ്പെടാതെ സൂക്ഷിക്കേണ്ടത് ഏതു പരിഷ്കൃത സമൂഹത്തിന്റെയും ആവശ്യമാണ്.

തിരഞ്ഞെടുപ്പു പ്രചാരണവേദികളിൽ ഏറെക്കാലമായി തരംതാണ പ്രയോഗങ്ങളിലൂടെ പലരും എതിർപക്ഷത്തുള്ളവരെ മോശമായി ചിത്രീകരിക്കുന്നുണ്ട്. നേതാക്കൾക്ക് അറിയാവുന്ന ഭാഷയിലല്ലേ അവർക്കു സംസാരിക്കാനാവൂ എന്നുപറഞ്ഞ് എഴുതിത്തള്ളാനുള്ളതല്ല ഈ അധമഭാഷണം. അവരുടെ നാവിനു വേലികെട്ടേണ്ട മുതിർന്ന നേതാക്കൾപോലും ഇതു കേട്ടു കയ്യടിക്കുന്നതോടെ ഇത്തരക്കാർ സംസ്കാരത്തിന്റെ നെല്ലിപ്പടി കടന്ന് കൂടുതൽ വിഷം ചീറ്റുന്നു. വ്യക്തിഹത്യയ്ക്കും അസഭ്യപ്രയോഗങ്ങൾക്കും സ്ത്രീവിരുദ്ധതയ്ക്കും പകരം ആശയങ്ങൾ കൊണ്ടാണു പ്രചാരണവേദികൾക്ക് ഊർജം പകരേണ്ടതെന്ന് ഇത്തരക്കാർ ഇനിയെന്നാണു മനസ്സിലാക്കുക?

തിരഞ്ഞെടുപ്പു വരും, പോകും. പക്ഷേ, ജനങ്ങളുടെ ആദരവും അംഗീകാരവും തുടർന്നും നിലനിർത്താനാകണമെങ്കിൽ നേതാക്കൾ വിദ്വേഷത്തിന്റെയും അവഹേളനത്തിന്റെയും ഭീഷണിയുടെയും വാക്കുകൾ ശൈലിയാക്കാതെ ശ്രദ്ധിക്കണം. ഏതു സാഹചര്യത്തിലും ആത്മനിയന്ത്രണം കൈവെടിയാത്തവർക്കും സംസ്കാരമുള്ള ഭാഷ ഉപയോഗിക്കുന്നവർക്കും മാത്രമേ നേതാവ് എന്ന സ്ഥാനത്തിന് അർഹതയുള്ളൂ. വിവരവും വിവേകവുമുള്ള നേതാക്കളെ മാത്രം ജനം അംഗീകരിക്കുന്ന കാലമാണിതെന്ന് ഒരിക്കൽക്കൂടി നമുക്കോർമിക്കാം. പറയുന്ന ഓരോ വാക്കിലും സംസ്കാരത്തിന്റെ കയ്യൊപ്പ് ഉണ്ടാവേണ്ടതുണ്ടെന്നു രാഷ്ട്രീയക്കാർ പലപ്പോഴും ഓർക്കാതെ പോകുന്നതിന്റെ ദുരന്തമാണ് ഇരട്ടയാറിലെ പ്രചാരണയോഗത്തിൽ കേരളം കണ്ടത്. തിരഞ്ഞെടുപ്പു പ്രചാരണവേദികളിൽ പറയുന്ന വാക്കുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന അടിസ്ഥാനപാഠം അവിടെ മറക്കുകയായിരുന്നു.

തരംതാണ പ്രയോഗങ്ങൾ നടത്തി നാടാകെ പ്രതിഷേധത്തിനു കാരണമായശേഷം, പരാമർശം തെറ്റായിപ്പോയി എന്നും പ്രസംഗം പിൻവലിക്കുന്നുവെന്നും ആർക്കെങ്കിലും വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമൊക്കെ പ്രസംഗകൻ പറഞ്ഞിട്ട് എന്താണു കാര്യം? വ്യക്തിപരമായി ആക്രമിക്കുകയെന്നതു തങ്ങളുടെ നയമല്ലെന്നു മുഖ്യമന്ത്രി പറഞ്ഞതുകൊണ്ട് ഇരട്ടയാറിൽ ജനം കേട്ട വിഷവാക്കുകൾ മാഞ്ഞുപോകുമെന്നാണോ അദ്ദേഹം കരുതിയത്? ഇനിയുള്ള തിരഞ്ഞെടുപ്പു പ്രചാരണദിനങ്ങളിലെങ്കിലും എൽഡിഎഫിന്റെ പ്രസംഗവേദികളിൽനിന്ന് ഇത്തരത്തിലുള്ള തരംതാണ പ്രസംഗങ്ങൾ ഉണ്ടാകില്ലെന്നു കേരളത്തിന് ഉറപ്പുനൽകുക തന്നെയാണ് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ ചെയ്യേണ്ടിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com