കൂട്ടുമ്പോൾ കുറയുന്ന കണക്കുകൾ

tharangam
SHARE

പൂജ്യമെന്നത് വെറുമൊരു വട്ടമല്ലെന്നും കണക്കിൽപെടുന്ന സംഖ്യയാണെന്നും ആദ്യം പറഞ്ഞത് ഉജ്ജയിനിൽ ജീവിച്ച ബ്രഹ്മഗുപ്നാണ്.

പൂജ്യത്തിനും ബ്രഹ്മഗുപ്തനും മുൻപേ മധ്യപ്രദേശിലെ ഉജ്ജയിനിലെത്തിയയാളാണ് കാളിദാസമഹാകവി. ബ്രഹ്മഗുപ്തൻ രാജസ്ഥാനിലാണ് ജനിച്ചതെങ്കിൽ കവിയെത്തിയത് ഉത്തരദേശത്തെവിടെനിന്നോ ആണ്.

ഇരിക്കുന്ന മരക്കൊമ്പു മുറിക്കുമ്പോൾ കവിത കിട്ടും എന്നു കണക്കു കൂട്ടിയയാളാണ് കാളിദാസൻ എന്ന കഥ നമുക്കു വിശ്വസിക്കാം; വിശ്വസിക്കാതിരിക്കാം.

ശ്രീനിവാസ രാമാനുജനെപ്പോലെ തലനിറയെ ഗണിതം വഴിയെഴുതിവച്ച മഹാകണക്കന്മാരുടെ രാജ്യമായിട്ടും നമ്മളിപ്പോൾ കണക്കിൽ അത്ര പോരാ എന്നാണ് അപ്പുക്കുട്ടൻ മനസ്സിലാക്കുന്നത്.

ബ്രഹ്മഗുപ്തന്റെ പൂജ്യം ചേർക്കേണ്ടിടത്തു തന്നെയാണോ എല്ലായ്പ്പോഴും നാം ചേർക്കുന്നതെന്നാണു സംശയം. കണക്കിനു മാർക്കിടുന്ന സ്ലേറ്റിൽ കൂടെക്കൂടെ സംപൂജ്യം വാങ്ങുന്ന സ്വഭാവം പണ്ടേ നമുക്കുണ്ട്.

കോവിഡ് തുടങ്ങിയ കാലത്ത് ദിവസവും നമുക്കു കണക്കു തെറ്റുമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ധ്യാപ്രക്ഷേപണത്തിലെ കോവിഡ് കണക്ക് ആശുപത്രികളിൽ കൂട്ടുമ്പോൾ കിട്ടുന്നതു മറ്റൊന്ന്.

കണക്കുൾപ്പെടെ പഠിക്കാൻ സ്കൂളിൽ ചേരുന്ന കുട്ടികളുടെ കാര്യത്തിൽപോലും കണക്കു ശരിയാക്കാൻ നമുക്കു കഴിയുന്നില്ല.

2017 മുതൽ ഇതുവരെ കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ചേർന്ന കുട്ടികളുടെ കണക്കിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഈയിടെ തെന്നിവീണു. 6.8 ലക്ഷം കുട്ടികൾ ചേർന്നു എന്നാണ് മന്ത്രി കണക്കു കൂട്ടിയപ്പോൾ കിട്ടിയത്. എന്നാൽ, സേവ് എജ്യുക്കേഷൻ കമ്മിറ്റിയും മറ്റു പലരും എങ്ങനെ കൂട്ടിയിട്ടും 6.8 ലക്ഷത്തിലെത്തുന്നില്ല. മന്ത്രിയുടെ സ്ലേറ്റിൽ അവർ മൊട്ടയിട്ടു.

വിദ്യാഭ്യാസ മന്ത്രിക്കു കണക്കു വല്യ പിടിയില്ല എന്നു കണ്ടാണോ ഉന്നതവിദ്യാഭ്യാസത്തിനായി മറ്റൊരു മന്ത്രിയെ വച്ചതെന്ന് പ്രിയ സുഹൃത്ത് കഷ്ടകാൽജി സംശയിക്കുന്നതു കേട്ടു.

പിഎസ്‌സി നിയമനം കിട്ടിയവരുടെ കാര്യത്തിലുമുണ്ട് കണക്കുപിശക്. പിഎസ്‌സിയും സർക്കാരും പറയുന്ന സംഖ്യയല്ല തൊഴിലന്വേഷകർ കൂട്ടുമ്പോൾ കിട്ടുന്നത്.

തിരഞ്ഞെടുപ്പു കണക്ക് പലരും കൂട്ടിവച്ചിട്ടുണ്ടെങ്കിലും ചേർക്കേണ്ടിടത്തുതന്നെയാണോ പൂജ്യം ചേർത്തിട്ടുള്ളതെന്നറിയാൻ വോട്ടെടുപ്പു കഴിഞ്ഞ് നാലാഴ്ച കാത്തിരിക്കണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA