ADVERTISEMENT

ഇത്രയധികം വ്യാജ വോട്ടുകൾ പട്ടികയിലുണ്ടെന്നതു തിരഞ്ഞെടുപ്പിന്റെ പവിത്രതയെത്തന്നെ ചോദ്യം ചെയ്യുന്നു. പതിനഞ്ചാം നിയമസഭയെ തീരുമാനിക്കുന്നതു വ്യാജവോട്ടുകളും ചേർന്നാണെന്നു വന്നാൽ കേരളത്തിന് അതിൽപരം അപമാനം ഉണ്ടാകാനില്ല. ഒറ്റ കള്ളവോട്ടു പോലും വോട്ടിങ് യന്ത്രത്തിൽ പതിയരുതെന്ന ലക്ഷ്യത്തോടെയുള്ള കർശന നടപടികളാണ് ഉണ്ടാകേണ്ടതെന്ന് ഇപ്പോഴത്തെ സാഹചര്യം തിരഞ്ഞെടുപ്പു സംവിധാനങ്ങളെയും പൊതുസമൂഹത്തെയും ഓർമിപ്പിക്കുന്നുണ്ട്.

കള്ളവോട്ടിലൂടെയും തപാൽ വോട്ടിലെ ക്രമക്കേടുകളിലൂടെയുമൊക്കെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കെതിരായ ജാഗ്രതയിലാണു ജനാധിപത്യത്തിന്റെതന്നെ നിലനിൽപ്. അതുകൊണ്ടുതന്നെ, ഈ തിരഞ്ഞെടുപ്പിൽ വലിയ ആശങ്കകൾക്കു കാരണമായ വ്യാജ വോട്ടുകൾക്കെതിരെയും തപാൽ വോട്ടിന്റെ സുരക്ഷയ്ക്കുവേണ്ടിയും ഉണ്ടായ ഹൈക്കോടതി ഇടപെടലുകൾ കേരളത്തിനു നൽകുന്ന ആശ്വാസം ചെറുതല്ല.

ഇരട്ട വോട്ടുകൾ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷനു നിർദേശം നൽകിയിരിക്കുകയാണ്. ഇരട്ട വോട്ടുകൾ തടയാൻ ഇത്തരം വോട്ടർമാരെ കണ്ടെത്തി സത്യപ്രസ്താവന ഒപ്പിട്ടു വാങ്ങാൻ നടപടി വേണമെന്നും പോളിങ് ബൂത്തിൽ എത്തുമ്പോൾ ഇവരുടെ ഫോട്ടോയെടുക്കണമെന്നും നിർദേശമുണ്ട്. വോട്ടർപട്ടികയിലെ വ്യാജ വോട്ടുകളും ഇരട്ട വോട്ടുകളും നീക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഉത്തരവ്. തിരിമറിക്കു സാധ്യതയില്ലാത്ത വിധം തപാൽ വോട്ടുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും തപാൽ വോട്ടുകൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കണമെന്നതുൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഇന്നലെ ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ഇതിനിടെ, ഒന്നിലേറെ വോട്ടുകൾ പട്ടികയിലുള്ളവർ ഒരു വോട്ടു മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ വേണ്ടി, അവരിൽനിന്നു വാങ്ങുന്ന സത്യപ്രസ്താവനയുടെയും മറ്റും പ്രായോഗികത സംബന്ധിച്ചു സംശയം ഉയരുന്നുണ്ട്. ഒന്നിലേറെ വോട്ടുകളുള്ളവരെ കണ്ടെത്താൻ ബൂത്ത് ലവൽ ഓഫിസർമാർ മാത്രം വിചാരിച്ചാൽ കഴിയില്ലെന്നും ആശങ്കയുണ്ട്.

രമേശ് ചെന്നിത്തലയുടേതു പൊതുതാൽപര്യ ഹർജിയല്ല, രാഷ്ട്രീയ താൽപര്യ ഹർജിയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ എതിർ സത്യവാങ്മൂലത്തിൽ പരാമർശിച്ചതു ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അന്തിമപട്ടിക പ്രസിദ്ധീകരിച്ച് ഒരുമാസം കഴിഞ്ഞിട്ടും പരാതിക്കാരനോ പാർട്ടിയോ പിഴവു ചൂണ്ടിക്കാട്ടിയില്ലെന്നും അവസരങ്ങളൊന്നും ഉപയോഗിക്കാതിരുന്ന പരാതിക്കാരൻ 11–ാം മണിക്കൂറിലാണ് ഉണർന്നതെന്നുമാണ് എതിർ സത്യവാങ്മൂലത്തിൽ പറഞ്ഞത്. വ്യാജ വോട്ട് നേരത്തേ തന്നെ കണ്ടെത്താനും തടയാനും ബാധ്യസ്ഥമായ കമ്മിഷൻ അതു കൃത്യസമയത്തു ചെയ്തില്ലെന്നു മാത്രമല്ല, ക്രമക്കേടു കണ്ടെത്തിയവരോട് ഇത്തരത്തിൽ പ്രതികരിക്കുകകൂടി ചെയ്യുമ്പോൾ അതു നിർഭാഗ്യകരമാകുന്നു.

ഇരട്ടവോട്ടുകൾ തിരഞ്ഞെടുപ്പു കമ്മിഷൻ വേണ്ടവിധം പരിശോധിച്ചിട്ടില്ലെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. വോട്ടർപട്ടികയിൽ 3,16,671 ഇരട്ടവോട്ടുകളുണ്ടെന്നു രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയെങ്കിലും ചൊവ്വാഴ്ച വരെ നടത്തിയ പരിശോധനയിൽ 38,586 പേരുകൾ മാത്രം തിരിച്ചറിഞ്ഞതായാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയിൽ അറിയിച്ചത്. 4.34 ലക്ഷം ഇരട്ട/വ്യാജ വോട്ടുകളുടെ വിവരങ്ങൾ ഇന്നലെ രാത്രി യുഡിഎഫ് പുറത്തുവിടുകയും ചെയ്തു.

വോട്ടർപട്ടികയിൽ വ്യാപകമായി വ്യാജ വോട്ടുകൾ ചേർത്തതുൾപ്പെടെ ക്രമക്കേടുകൾ നടന്നതു ജനുവരി 20ന് അന്തിമപട്ടിക പ്രസിദ്ധീകരിച്ച ശേഷം പേരു ചേർക്കാൻ അവസരം നൽകിയപ്പോഴാണെന്നു കമ്മിഷൻ കഴിഞ്ഞയാഴ്ച പറഞ്ഞതിലും വിള്ളൽ വീഴുന്നു. പല മണ്ഡലങ്ങളിലെയും വോട്ടർപട്ടികയിലെ ഒട്ടേറെ വ്യാജ വോട്ടുകൾ നേരത്തേ തന്നെ ഉൾപ്പെടുത്തിയവയാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.

നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ജനാധിപത്യമൂല്യത്തിന് ഒരുതരത്തിലും ഭംഗം വന്നുകൂടെന്ന് ഉറപ്പാക്കേണ്ടത് തിരഞ്ഞെടുപ്പു സംവിധാനങ്ങളുടെ മാത്രമല്ല, ഓരോ വോട്ടറുടെയുംകൂടി ആവശ്യമാണ്. അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പിൽ ഒരാളെയും അനധികൃതമായി വോട്ടു ചെയ്യാൻ അനുവദിക്കില്ലെന്നും വോട്ടർപട്ടികയുടെ പവിത്രത നിലനിർത്തുമെന്നും കമ്മിഷൻ പറയുന്നത് പാളിച്ചകളൊന്നുമില്ലാതെ യാഥാർഥ്യമാകേണ്ടതുണ്ട്.

English Summary: Bogus vote - editorial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com