ADVERTISEMENT

മൂന്ന് അഭിപ്രായ സർവേകൾ 2011ൽ പ്രവചിച്ചത് യുഡിഎഫിന് എത്ര കുറഞ്ഞാലും 72 സീറ്റു കിട്ടും എന്നായിരുന്നു; പരമാവധി 96. കനത്ത ഭൂരിപക്ഷത്തോടെ യുഡിഎഫ് ഭരണത്തിലേക്ക് എന്നതായിരുന്നു പ്രവചനങ്ങളുടെ പൊതുസ്വഭാവം. ഒടുവിൽ യുഡിഎഫ് 72 സീറ്റിൽ ഒതുങ്ങി; കഷ്ടിച്ച് അധികാരത്തിൽ.

2016ൽ പ്രധാന സർവേകളൊന്നും യുഡിഎഫ് 50ൽ താഴേക്കു പതിക്കുമെന്നു മുൻകൂട്ടി കണ്ടില്ല. എൽഡിഎഫിന്റെ മുന്നേറ്റ സാധ്യതയിലേക്കു വിരൽ ചൂണ്ടിയപ്പോഴും 90 കടന്ന് അവർ മുന്നേറുമെന്നും പറഞ്ഞില്ല. ഒരു എക്സിറ്റ് പോളിൽ യുഡിഎഫിന് 68 – 72 സീറ്റു പ്രവചിക്കപ്പെട്ടു. ഒടുവിൽ അവർക്കു കിട്ടിയത് 47; എൽഡിഎഫിന് 91.

സർവേ ഫലങ്ങൾ അതേപടി യാഥാർഥ്യമാകുമെന്ന് എൽഡിഎഫോ യുഡിഎഫോ കരുതുന്നില്ല. തുടർഭരണ സാധ്യതാചിത്രം എൽഡിഎഫിന് ആത്മവിശ്വാസം നൽകുമ്പോൾ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന അതിശക്തമായ രാഷ്ട്രീയ മത്സരം യുഡിഎഫിനു പ്രതീക്ഷ പകരുന്നു. 40 – 45 മണ്ഡലങ്ങളിൽ ഇരുമുന്നണികളുടെയും നെഞ്ചിടിപ്പു കൂട്ടുന്ന പോരാട്ടം ബിജെപി കാഴ്ചവയ്ക്കുന്നു. ഭരണത്തുടർച്ച എന്ന ഉറപ്പും തിരിച്ചുവരവ് എന്ന പ്രത്യാശയും അട്ടിമറി എന്ന സ്വപ്നവുമാണ് മുന്നണികളെ ചലിപ്പിക്കുന്നത്; തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെയും.

കണക്കുകൾ നൽകുന്ന വിശ്വാസം

തദ്ദേശതിരഞ്ഞെടുപ്പു ഫലം അതേപടി നിയമസഭയിലേക്കു പകർത്തിയാൽ 99 മണ്ഡലങ്ങളിൽ ജയിക്കാമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ആ 99ൽ ബിജെപിയുടെ സിറ്റിങ് സീറ്റായ നേമവും ഉൾപ്പെടും. എൽഡിഎഫ് മുന്നിലെത്തിയ 99 മണ്ഡലങ്ങളിൽ 93–ാമത്തേത് നേമം ആണ്. 99 – 41 എന്ന നിലയിൽ സിപിഎം അവതരിപ്പിക്കുന്ന ആ രാഷ്ട്രീയ ചിത്രത്തിൽ എൽഡിഎഫും യുഡിഎഫും മാത്രമേയുള്ളൂ. അതുകൊണ്ടു കൂടിയാണ് നേമത്തെ ബിജെപി അക്കൗണ്ട് കൂടി ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രവചിച്ചത്.

140 മണ്ഡലങ്ങളിൽനിന്നും സിപിഎം ശേഖരിച്ച ആദ്യഘട്ട കണക്കുകൾ ഏതു സാഹചര്യത്തിലും 80ൽ കുറയാത്ത സീറ്റ് എന്ന നിഗമനമാണു നൽകുന്നത്. കേരള കോൺഗ്രസിന്റെ (എം) വരവ് എൽഡിഎഫിന് ഉണ്ടാക്കുന്ന മെച്ചത്തെക്കാൾ യുഡിഎഫിന്റെ അടിത്തറയിൽ സൃഷ്ടിക്കുന്ന വിള്ളൽ പ്രധാന വിജയഘടകമാകും എന്നാണു പാർട്ടി വിശ്വസിക്കുന്നത്. ടേം നിബന്ധന മൂലം സിപിഎമ്മിലെയും സിപിഐയിലെയും പ്രമുഖർ ഒഴിവായതും സീറ്റു വിഭജനവുമായി ബന്ധപ്പെട്ട കനലുകളും ചില സീറ്റുകൾ നഷ്ടപ്പെടുത്താനിടയുണ്ടെന്ന വാദം എൽഡിഎഫ് തള്ളുന്നില്ല. എന്നാൽ, 2016ൽ ജയിച്ച 91 സീറ്റിൽ 20 എണ്ണത്തിൽ വരെ തോറ്റാലും ചിലത് ഇപ്പുറത്തേക്കു കൂടി വരുമ്പോൾ നല്ല ഭൂരിപക്ഷമാവും എന്ന ലളിതയുക്തി മുന്നണിക്ക് ആത്മധൈര്യം പകരുന്നു.

മുന്നോട്ട് എന്ന പ്രതീക്ഷ

തദ്ദേശതിരഞ്ഞെടുപ്പിൽ 40–41 സീറ്റിൽ ഒതുങ്ങേണ്ടിവന്ന ശേഷം സർവേകളിൽ അതിലും മുൻപോട്ടാണ് എന്നതാണ് യുഡിഎഫ് പ്രതീക്ഷയ്ക്ക് ആധാരം. പ്രതികൂല സർവേകൾ പോലും 55–60 സീറ്റ് വരെ എന്ന പ്രത്യാശാ ചിത്രം കൂടി വരച്ചുകാട്ടുന്നു. അനുദിനം മെച്ചപ്പെടുന്നതിന്റെ മുൻതൂക്കം തങ്ങൾക്കാണെന്ന വിലയിരുത്തലാണ് യുഡിഎഫിന്.

2016ൽ 22 സീറ്റുകളിൽ ഒതുങ്ങിയ കോൺഗ്രസ് 50 സീറ്റു ലക്ഷ്യമിട്ടാണു പ്രവർത്തിക്കുന്നത്. 27ൽ മത്സരിക്കുന്ന മുസ്‌ലിം ലീഗ് കുറഞ്ഞത് ഇരുപതിൽ ജയിക്കുമെന്നു കണക്കുകൂട്ടുന്നു. മറ്റുള്ളവർ മിനിമം 7 സീറ്റ് നേടാം. അങ്ങനെ ലീഗിനും മറ്റുള്ളവർക്കും കൂടി 27 കിട്ടിയാൽതന്നെ അധികാരത്തിലെത്തണമെങ്കിൽ കോൺഗ്രസ് 44 സീറ്റിൽ ജയിക്കണം.

2016ൽ കിട്ടിയ 22ന്റെ ഇരട്ടി എന്നു വിചാരിച്ചാൽ കടുപ്പം; ആകെ കോൺഗ്രസ് മത്സരിക്കുന്ന 93 സീറ്റിൽ പകുതി എന്നു കണക്കാക്കിയാൽ എളുപ്പം! ആഞ്ഞുപിടിച്ചാൽ ഒപ്പം വരുമെന്നു വിചാരിക്കുന്ന 31 സീറ്റു കണ്ടെത്തി അവിടെ തീവ്ര ശ്രമങ്ങളിലാണു കോൺഗ്രസ്. ചില കണക്കുകൾ 10–15 സീറ്റുകളുടെ കുറവു പ്രവചിക്കുന്നുവെന്നു കണ്ട് ആടിനിൽക്കുന്നത് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ – പ്രിയങ്ക പ്രചാരണ ഷെഡ്യൂളുകൾ തയാറാക്കിയത്.

അട്ടിമറി എന്ന സ്വപ്നം

മഞ്ചേശ്വരം, നേമം, തൃശൂർ, കഴക്കൂട്ടം, പാലക്കാട്, മലമ്പുഴ, ചാത്തന്നൂർ എന്നീ 7 സീറ്റുകളിലാണ് ബിജെപി മുഖ്യമായും പ്രതീക്ഷ പുലർത്തുന്നത്. 15% വോട്ട് എന്നത് 20% ആക്കുകയാണു ലക്ഷ്യം. എങ്ങനെയും 17% എത്തിയാൽ 3–4 സീറ്റുകളിൽ ജയിക്കാനും 10–15 സീറ്റുകളിൽ രണ്ടാമതെത്താനും കഴിയുമെന്നാണു വിശകലനം. ബിജെപി വോട്ടുകളുടെ ഏറ്റക്കുറച്ചിൽ ഇരുമുന്നണികളും ഉദ്വേഗത്തോടെ വീക്ഷിക്കുന്നു.

പൊതു ചർച്ചകളിൽ നിറഞ്ഞുനിൽക്കാത്ത ചിലയിടത്ത് അപ്രതീക്ഷിത അട്ടിമറിക്കു സാധിക്കുമെന്നതാണ് ബിജെപിയുടെ ഉള്ളിൽ കിനിയുന്ന പ്രതീക്ഷ. മുപ്പതോളം സീറ്റുകളിൽ കർണാടകയിൽനിന്നുള്ള നേതാക്കൾ അരങ്ങിൽ വരാതെ പ്രവർത്തനങ്ങളെല്ലാം ഏകോപിപ്പിച്ച് അണിയറയിലുണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൈവിട്ടിട്ടില്ല.

English Summary:  Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com