പാലക്കാടിന്റെ ഉത്സവപ്പറമ്പുകളിൽ തലപ്പൊക്കമുള്ള ദേശപ്പൂരം

Congress-CPM-BJP-Party-symbols
തിളങ്ങിനിൽക്കാൻ: പാലക്കാട് മേട്ടുപ്പാളയം തെരുവിൽ തിരഞ്ഞെടുപ്പു സാമഗ്രികൾ വിൽക്കുന്ന കടയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ അലങ്കാര ചിഹ്നങ്ങൾ വിൽപനയ്ക്കായി ഒരുക്കുന്നു. ചിത്രം: ജിൻസ് മൈക്കിൾ ∙ മനോരമ
SHARE

പാലക്കാടിന്റെ ഉത്സവപ്പറമ്പുകളിൽ, തിടമ്പേറ്റുന്ന ആനയാണ് ദേശത്തിന്റെ കേമത്തത്തിന്റെ അളവുകോൽ. പാലക്കാട്ടെ തിരഞ്ഞെടുപ്പു പൂരത്തിൽ എക്കാലത്തും ചില ദേശങ്ങളിൽ ചില തലപ്പൊക്കങ്ങൾ കാണാറുണ്ട്.

എകെജി, ഇഎംഎസ്, ഇ.കെ.നായനാർ, വി.എസ്.അച്യുതാനന്ദൻ എന്നിവരെ ജയിപ്പിച്ച പാലക്കാടൻ മണ്ണ് വെറും ചുവപ്പല്ലെന്നും പലതവണ പറഞ്ഞിട്ടുണ്ട്. കോൺഗ്രസിനെയും ലീഗിനെയും നെഞ്ചിലേറ്റിയ നാട് ബിജെപിയുടെ സ്വപ്നങ്ങളിലും താമര വിരിയിക്കുന്നു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 12 നിയമസഭാ മണ്ഡലങ്ങളിൽ ഒൻപതെണ്ണത്തിലും ഇടതുപക്ഷമാണു ജയിച്ചത്. മൂന്നിടത്ത് യുഡിഎഫ് ആശ്വാസജയം നേടിയപ്പോൾ മലമ്പുഴയിലെയും പാലക്കാട്ടെയും രണ്ടാം സ്ഥാനം ബിജെപിക്ക് ഒന്നാം സ്ഥാനം പോലെ തിളക്കമുള്ളതായി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ല ഉൾപ്പെടുന്ന പാലക്കാട്, ആലത്തൂർ, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസിലെ വി.കെ.ശ്രീകണ്ഠനും രമ്യ ഹരിദാസും മുസ്‌ലിം ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീറുമാണു ജയിച്ചത്. അന്നത്തെ കണക്കുപ്രകാരം 12ൽ 8 നിയമസഭാ മണ്ഡലങ്ങൾ യുഡിഎഫിനൊപ്പവും നാലെണ്ണം എൽഡിഎഫിനൊപ്പവും നിന്നു. തദ്ദേശപ്പൂരത്തിൽ ഇടതുപക്ഷത്തിന്റെ വേലയാണു വിജയക്കൊടിയുമായി കാവു കയറിയത്.

പാലക്കാടും തൃത്താലയും ഹോട്സ്പോട്ട്

ആരും കണ്ണുവയ്ക്കുന്ന തലപ്പൊക്കമുണ്ട് മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളുടെ നിരയിൽ. പത്മവിഭൂഷൺ, സിവിൽ സർവീസ് മുൻ ഉദ്യോഗസ്ഥൻ, തീപാറിക്കുന്ന യുവനേതാക്കൾ എന്നിങ്ങനെ നെറ്റിപ്പട്ടം കെട്ടി നിൽക്കുന്നവർ.

പ്രതിപക്ഷ നിരയിൽനിന്നു സർക്കാരിനെതിരെ രൂക്ഷവിമർശനമുയർത്തിയ ഷാഫി പറമ്പിലും വി.ടി.ബൽറാമും മത്സരിക്കുന്ന പാലക്കാടും തൃത്താലയുമാണു ജില്ലയിലെ ഹോട്സ്പോട്ട്. ഇരുവർക്കുമെതിരെ കരുത്തരെയാണ് എതിരാളികൾ അവതരിപ്പിക്കുന്നത്.

Palakkad-1

ഷാഫിക്കെതിരെ മെട്രോമാൻ ഇ.ശ്രീധരനെ മുന്നിൽ നിർത്തി ബിജെപി ഇരുമുന്നണികളെയും ഞെട്ടിച്ചു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്കു പോയതിന്റെ ക്ഷീണം മാറ്റാൻ അഭിഭാഷകനായ സി.പി.പ്രമോദിനെയാണു സിപിഎം രംഗത്തിറക്കിയത്.

തൃത്താലയിൽ ബൽറാമിനെ എങ്ങനെയും പിടിച്ചുകെട്ടണമെന്ന വാശിയിൽ മുൻ എംപി എം.ബി.രാജേഷിനെയാണു സിപിഎം നിയോഗിച്ചത്. കേരളത്തിലെല്ലായിടത്തും ജയിച്ചാലും തൃത്താലയിൽ ജയിച്ചില്ലെങ്കിൽ സിപിഎമ്മിനു സഹിക്കില്ല. ശങ്കു ടി.ദാസാണ് ഇവിടെ ബിജെപി സ്ഥാനാർഥി. എന്നാൽ, തൃത്താലയുടെ സ്നേഹം മൂന്നാം തവണയും താലത്തിൽ വാങ്ങാമെന്ന ആത്മവിശ്വാസത്തിലാണ് ബൽറാം.

ഒറ്റപ്പാലം ഇടതുപക്ഷത്തിനൊപ്പം നിൽക്കാറുള്ള മണ്ഡലമാണെങ്കിലും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ഡോ. പി.സരിനെ കോൺഗ്രസ് അവതരിപ്പിച്ചതോടെ മത്സരം കളറായി. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ഐ നേതാവുമായ കെ.പ്രേംകുമാർ എതിർപക്ഷത്തു വരുമ്പോൾ കളിയിൽ എന്തും സംഭവിക്കാം.

തരൂരിന്റെ ചുമരിലെ പോസ്റ്റർ വിപ്ലവം

മന്ത്രി എ.കെ.ബാലന്റെ ഭാര്യ ഡോ. പി.കെ.ജമീല മത്സരിക്കുമെന്ന വാർത്തയെത്തുടർന്നുള്ള അസ്വസ്ഥതകൾ തരൂരിലെയും പാലക്കാട് കോളജ് റോഡിലെ പാർട്ടി ഓഫിസായ കുഞ്ഞിരാമൻ മാസ്റ്റർ മന്ദിരത്തിനു സമീപത്തെയും മതിലുകളിൽ പതിഞ്ഞ പോസ്റ്ററുകളിൽ ഒതുക്കാനായി എന്ന ആശ്വാസത്തോടെയാണ് ഇടതുപക്ഷം മത്സരത്തിനിറങ്ങുന്നത്.

ഇടത് അനുഭാവ ജില്ലയാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഞെട്ടിച്ച പാലക്കാട്ടെയും ആലത്തൂരിലെയും പരാജയത്തിനു മറുപടി നൽകേണ്ടതുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിലെ വിജയം നൽകുന്ന ആവേശവും ഭരണനേട്ടങ്ങളും കൂടിയാകുമ്പോൾ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു.

സിറ്റിങ് എംഎൽഎമാരായ കെ.ഡി.പ്രസേനൻ (ആലത്തൂർ), കെ.ബാബു (നെന്മാറ) എന്നിവർ മാത്രമാണ് വീണ്ടും ഇറങ്ങുന്നത്. തരൂരിൽനിന്നു ജയിച്ച എ.കെ.ബാലൻ, ഒറ്റപ്പാലത്തെ പി.ഉണ്ണി, ഷൊർണൂരിലെ പി.കെ.ശശി എന്നിവർ ഇത്തവണ മത്സരത്തിനില്ല. എംഎൽഎ ആയിരിക്കെ അന്തരിച്ച കെ.വി.വിജയദാസിനു പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയാണു കോങ്ങാട്ടു മത്സരിക്കുന്നത്. പി.പി.സുമോദ് (തരൂർ), ‌പി.മമ്മിക്കുട്ടി (ഷൊർണൂർ) എന്നിവരാണു മറ്റു സ്ഥാനാർഥികൾ.

Palakkad-2

മലമ്പുഴയിൽനിന്നു തുടർച്ചയായി 4 തവണ ജയിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അസാന്നിധ്യം പ്രകടം. മുൻപൊരിക്കൽ വിഎസിനു സീറ്റ് നിഷേധിക്കുമെന്നായപ്പോൾ പകരക്കാരനായി ഇടംപിടിച്ച എ.പ്രഭാകരനാണു മലമ്പുഴയിൽ സ്ഥാനാർഥി.

പട്ടാമ്പിയിൽ സിപിഐ സ്ഥാനാർഥിയായി സിറ്റിങ് എംഎൽഎ മുഹമ്മദ് മുഹസിൻ മത്സരിക്കുമ്പോൾ കഴിഞ്ഞതവണ പരാജയപ്പെട്ട ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് തന്നെയാണു മണ്ണാർക്കാട്ടു മത്സരിക്കുന്നത്. കറ്റയേന്തിയ കർഷകസ്ത്രീ ചിഹ്നത്തിൽ മത്സരിക്കാൻ മന്ത്രി കെ.കൃഷ്ണൻകുട്ടി വീണ്ടും ചിറ്റൂരിലുണ്ട്.

യുഡിഎഫിന്റെ യുവനിര

തർക്കത്തിനും ബഹളത്തിനുമൊടുവിലാണു സ്ഥാനാർഥികൾ എത്തിയതെങ്കിലും മികച്ച പട്ടികയെന്ന് യുഡിഎഫിന് അഭിമാനിക്കാം. രാഹുൽ ഗാന്ധിയുടെ റോഡ് ഷോ അവർക്കു വലിയ ആത്മവിശ്വാസം പകർന്നു.

അരിവാളിനു മാത്രം കുത്തുമെന്നു കരുതിയവർ പോലും കൈചേർത്തു പിടിച്ചപ്പോഴാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാടും ആലത്തൂരും കൂടെപ്പോന്നത്. യൂത്ത് കോൺഗ്രസിനെ ഇത്രമാത്രം പരിഗണിച്ച മറ്റൊരു ജില്ല വേറെയുണ്ടാകില്ല. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ (പാലക്കാട്), ജനറൽ സെക്രട്ടറി ഡോ. പി.സരിൻ (ഒറ്റപ്പാലം), വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി (പട്ടാമ്പി), ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ്ബാബു (ഷൊർണൂർ) എന്നിവർ മത്സരത്തിനിറങ്ങുന്നു. ചിറ്റൂരിൽ സുമേഷ് അച്യുതനും ആലത്തൂരിൽ പാളയം പ്രദീപും മലമ്പുഴയിൽ എസ്.കെ.അനന്തകൃഷ്ണനും തരൂരിൽ കെ.എ.ഷീബയുമാണ്.

കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച ആലത്തൂർ കോൺഗ്രസിനു ലഭിച്ചെങ്കിലും നെന്മാറ സിഎംപിക്കു നൽകേണ്ടിവന്നു. സഹകരണരംഗത്തെ അതികായനും എംവിആറിന്റെ ശിഷ്യനുമായ സി.എൻ.വിജയകൃഷ്ണനാണു സ്ഥാനാർഥി. കോൺഗ്രസിൽനിന്ന് ഏറ്റെടുത്ത കോങ്ങാട് സീറ്റിൽ മുൻ എംഎൽഎ യു.സി.രാമനെയാണു മുസ്‌ലിം ലീഗ് അവതരിപ്പിക്കുന്നത്. മണ്ണാർക്കാട്ട് വീണ്ടും വിജയം തേടി മുസ്‌ലിം ലീഗിലെ എൻ.ഷംസുദ്ദീൻ മത്സരിക്കുന്നു.

കന്നിവിജയം തേടി ബിജെപി

പൊന്നിന്റെ വിലയുള്ള ജില്ലയാണു ബിജെപിക്കു പാലക്കാട്. കഴിഞ്ഞതവണ മലമ്പുഴയിലും പാലക്കാട്ടും ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. തദ്ദേശതിരഞ്ഞെടുപ്പിലും പലയിടത്തും മുഖ്യ പ്രതിപക്ഷമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണത്തിനു വന്നതു പ്രവർത്തകർക്ക് ആവേശമായി.

പാർട്ടി ഭരിക്കുന്ന നഗരസഭ ഉൾപ്പെടുന്ന പാലക്കാട് മണ്ഡലത്തിൽ ഇ.ശ്രീധരൻ വന്നതോടെ നിഷ്പക്ഷ വോട്ടർമാരുടെ പിന്തുണ തേടുന്ന പ്രചാരണമാണു ബിജെപി നടത്തുന്നത്. മലമ്പുഴയിൽ സി.കൃഷ്ണകുമാർ, ഷൊർണൂരിൽ സന്ദീപ് വാരിയർ, തൃത്താലയിൽ ശങ്കു ടി.ദാസ് എന്നിവരിലൂടെ വലിയ നേട്ടം പ്രതീക്ഷിക്കുന്നു. വി.നടേശൻ (ചിറ്റൂർ), പ്രശാന്ത് ശിവൻ (ആലത്തൂർ), കെ.എം.ഹരിദാസ് (പട്ടാമ്പി), പി.വേണുഗോപാൽ (ഒറ്റപ്പാലം), എം.സുരേഷ്ബാബു (കോങ്ങാട്), കെ.പി.ജയപ്രകാശ് (തരൂർ) എന്നിവരാണു മറ്റു സ്ഥാനാർഥികൾ.

ബിഡിജെഎസിനു നൽകിയ ആലത്തൂർ സീറ്റിൽ എ.എൻ.അനുരാഗാണു മത്സരിക്കുന്നത്. എയ്ഡഡ് അധ്യാപകർക്കു മത്സരിക്കാനാകില്ലെന്ന ഹൈക്കോടതി വിധിയെ സുപ്രീംകോടതിയിൽ പോയി മറികടന്നാണ് അനുരാഗ് കളത്തിലിറങ്ങിയത്. തമിഴ്നാട്ടിലെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയെ മുന്നണിയിലെടുത്തപ്പോൾ മണ്ണാർക്കാട്ട് നസീമ ഷറഫുദ്ദീൻ എൻഡിഎ സ്ഥാനാർഥിയായി.

മീശ പിരിച്ച താരങ്ങളുടെ സൂപ്പർഹിറ്റ് പടങ്ങളുടെ ചിത്രീകരണസ്ഥലമായിരുന്നു പാലക്കാട്. പഞ്ച് ഡയലോഗുകൾ കേട്ടും പറഞ്ഞും തഴക്കമുണ്ട്. ‘കൊടിയേറ്റം നടത്തിയെങ്കിൽ ഉത്സവം നടത്താനുമറിയാമെന്ന്’ ഒരുവിഭാഗം പറയുമ്പോൾ ‘അതിമോഹമാണു മോനേ’ എന്ന് എതിർപക്ഷം കൗണ്ടറടിക്കും. ക്ലൈമാക്സിൽ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണാം.

English Summary: Kerala Assembly Elections 2021 - Palakkad district

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA