വയനാട്ടിൽ വിളവെടുപ്പ് കടുപ്പം

wayanad-election
തിരഞ്ഞെടുപ്പു പ്രചാരണത്തിനു കൊഴുപ്പേകാൻ പാട്ടു വേണം. പാരഡി ഗാനങ്ങളുടെയും വിപ്ലവഗാനങ്ങളുടെയും അകമ്പടിയോടെയാണു സ്ഥാനാർഥികളുടെ പര്യടനം. കലാശക്കൊട്ടിന് ഇനി അധികം ദിവസമില്ല. നേരത്തേ തയാറാക്കിയ പാട്ടുകൾ കൂടാതെ ആവേശം നിറയ്ക്കാൻ പുതിയ പാട്ടുകളും ആവശ്യമുണ്ട്. വിജയിക്കുകയാണെങ്കിൽ നടത്തേണ്ട വിക്ടറി മാർച്ച് കൊഴുപ്പിക്കാനുള്ള പാട്ടു തയാറാക്കാനും ഗായകരെ സമീപിക്കുന്നുണ്ട്. എല്ലാവർക്കും വേണ്ട പാട്ടുകൾ റെഡിയാക്കി, വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫാന്റം റോക്കിൽ അവസാനവട്ട പരിശീലനം നടത്തുന്ന ഗായകസംഘം. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ
SHARE

ഏതു വിത്തിട്ടാലും നല്ല വിളവു കിട്ടുന്ന മണ്ണൊന്നുമല്ല വയനാടിപ്പോൾ. ഇന്നത്തെ വില എന്നുമുണ്ടാകുമെന്നു കരുതി കൃഷിയിറക്കി വിളവെടുക്കുമ്പോൾ ചെലവുകാശു പോലും കിട്ടാത്തവരുണ്ട്. ഒരു കൃഷിയിലും രക്ഷപ്പെടാമെന്ന ഗാരന്റി ഇപ്പോഴില്ലെന്നതാണു യാഥാർഥ്യം. ഏതാണ്ട് ഇതേ ദിശയിൽത്തന്നെയാണു വയനാട് രാഷ്ട്രീയത്തിന്റെയും പോക്ക്. ആരെ നിർത്തിയാലും ജയിപ്പിച്ചു വിട്ടേക്കാം എന്ന ഉറപ്പൊന്നും ഇവിടത്തെ വോട്ടർമാർ നൽകില്ല. ലോക്സഭയിലേക്കു രാഹുൽ ഗാന്ധിയെ 4,31,770 എന്ന റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിപ്പിച്ച നാടാണ്. എന്നാൽ, നിയമസഭയിൽ ആർക്കാവും മുൻതൂക്കമെന്നു പ്രവചിക്കുക ദുഷ്കരം. യുഡിഎഫിന്റെ ഉരുക്കുകോട്ട എന്ന വിശേഷണം എടുത്തണിയുമ്പോഴും വയനാട്ടിൽ എൽഡിഎഫ് ഏറെ പ്രതീക്ഷ വയ്ക്കുന്നതിനു കാരണവും ജില്ലയുടെ രാഷ്ട്രീയ സ്വഭാവത്തിൽ വന്ന ഈ മാറ്റം തന്നെ.

രാഹുൽ ഗാന്ധി ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ ബഹുഭൂരിപക്ഷം ബൂത്തുകളിലും യുഡിഎഫ് മുന്നിലെത്തിയ ജില്ലയാണ്. ഒരു വർഷത്തിനു ശേഷം നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ പാതിസീറ്റുകൾ പിടിച്ചെടുത്തും ബ്ലോക്ക് പഞ്ചായത്തിൽ ഒപ്പത്തിനൊപ്പമെത്തിയും മണ്ണ് ഒലിച്ചുപോയിട്ടില്ലെന്നു തെളിയിക്കാൻ എൽഡിഎഫിനു കഴിഞ്ഞു. മലബാറിലെ ചുരുക്കം ചില എ പ്ലസ് സീറ്റുകളിലൊന്നായി എൻഡിഎ കാണുന്ന ബത്തേരിയും വയനാട്ടിലാണ്. ഏതു മുന്നണിക്കും ഈ മണ്ണിൽ വിത്തെറിഞ്ഞുനോക്കാം. തഴച്ചുവളരുമോ പ്രതീക്ഷിച്ച വിളവുകിട്ടുമോ എന്നതൊക്കെ കണ്ടുതന്നെ അറിയണം.

2001ൽ 3 മണ്ഡലങ്ങളിലും ജയിപ്പിച്ച കോൺഗ്രസിനെ 2006ൽ മൂന്നിടത്തും തോൽപിച്ചവരാണു വയനാട്ടിലെ വോട്ടർമാർ. 2011ൽ മൂന്നിലും യുഡിഎഫിനെ തിരിച്ചുവിളിച്ചു സ്നേഹം കാണിച്ചു. 2016ൽ യുഡിഎഫ് വിജയം ബത്തേരിയിൽ മാത്രമായൊതുങ്ങി. ഇക്കുറി 3 സീറ്റും പിടിച്ചെടുക്കാൻ യുഡിഎഫ് കിണഞ്ഞു ശ്രമിക്കുമ്പോൾ ബത്തേരിയിൽക്കൂടി വിജയമുറപ്പിക്കലാണ് എൽഡിഎഫ് ലക്ഷ്യം.

കൽപറ്റ മാത്രമാണു വയനാട്ടിലെ ജനറൽ സീറ്റ്. മാനന്തവാടിയും ബത്തേരിയും പട്ടികവർഗ സംവരണ മണ്ഡലങ്ങൾ. കൽപറ്റ സീറ്റിനെച്ചൊല്ലിയുണ്ടായ കലഹം കോൺഗ്രസിനുള്ളിൽ കൂട്ടരാജിക്കു വഴിവച്ചതിൽ നേതൃത്വം അസ്വസ്ഥരാണ്. ഏറ്റവുമൊടുവിൽ കെപിസിസി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ കെ.സി.റോസക്കുട്ടി പാർട്ടിയോടു വിടപറഞ്ഞതിനുള്ള പ്രധാന കാരണവും സീറ്റ് കിട്ടാത്തതുതന്നെ.

സ്ഥാനാർഥിനിർണയത്തിൽ പ്രതിഷേധിച്ചു പാർട്ടി വിട്ട കെപിസിസി സെക്രട്ടറി എം.എസ്.വിശ്വനാഥനാണ് ബത്തേരി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി. സീറ്റു കിട്ടാത്ത വയനാട്ടിലെ നേതാക്കളുടെ അസ്വസ്ഥത തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നറിയാൻ ഫലം വരുംവരെ കാത്തിരിക്കുകയേ വഴിയുള്ളൂ.

കൽപറ്റയിലെ സിറ്റിങ് സീറ്റ് സി.കെ.ശശീന്ദ്രനിൽനിന്ന് എടുത്തുമാറ്റി എൽജെഡിക്കു കൊടുത്തതിൽ സിപിഎമ്മിലും അമർഷമുണ്ട്. മികച്ച പ്രകടനം നടത്താമെന്നു കരുതിയ ബത്തേരി സീറ്റ് സി.കെ.ജാനുവിനു കൊടുക്കേണ്ടിവന്നത് ബിജെപി ജില്ലാ ഘടകത്തിനും പൂർണമായി ഉൾക്കൊള്ളാനായിട്ടില്ല. അതിനിടെ, മാനന്തവാടിയിൽ പ്രഖ്യാപിച്ച സ്ഥാനാർഥി, തന്നെ അറിയിക്കാതെ സ്ഥാനാർഥിയാക്കിയെന്നു പറഞ്ഞു പിന്മാറിയതും എൻഡിഎക്കു ക്ഷീണമായി.

കൽപറ്റ

പൊതുവേ യുഡിഎഫിനൊപ്പം നിൽക്കാറുള്ള മണ്ഡലത്തിൽ ഇക്കുറി കടുത്ത പോരാട്ടമാണ്. എൽഡിഎഫ് സ്ഥാനാർഥി എം.വി.ശ്രേയാംസ്കുമാറിന്റെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എതിരാളിയായിരുന്ന സി.കെ.ശശീന്ദ്രനാണ്. വയനാട്ടുകാരനായ സ്ഥാനാർഥി എന്ന വികാരത്തെ വോട്ടാക്കി മാറ്റാനാണ് എൽഡിഎഫ് ശ്രമം. 

ബഫർ സോൺ, മെഡിക്കൽ കോളജ് വിഷയങ്ങളിൽ എൽഡിഎഫ് കൽപറ്റയ്ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്നതാണ് യുഡിഎഫ് സ്ഥാനാർഥി ടി.സിദ്ദീഖ് തിരഞ്ഞെടുപ്പു യോഗങ്ങളിൽ പ്രധാനമായും ഉയർ‌ത്തിക്കാട്ടുന്നത്. കൽപറ്റയ്ക്ക് അനുവദിച്ച മെഡിക്കൽ കോളജ് മാനന്തവാടിയിലേക്കു കൊണ്ടുപോയത് സിപിഎം കണ്ണൂർ ലോബിയുടെ താൽപര്യപ്രകാരമാണെന്നു യുഡിഎഫ് കുറ്റപ്പെടുത്തുന്നു. മെഡിക്കൽ കോളജിനായി ഭൂമി വിട്ടുകൊടുത്തതുൾപ്പെടെ ശ്രേയാംസ്കുമാറിന്റെ കുടുംബം ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടതു പ്രതിരോധം. തദ്ദേശതിരഞ്ഞെടുപ്പിലെയും ലോക്സഭാ തിരഞ്ഞെടുപ്പിലെയും മേൽക്കൈ നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നു യുഡിഎഫ് കരുതുന്നു. സിറ്റിങ് സീറ്റിൽ വിജയമുറപ്പെന്നും തദ്ദേശ–ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ വോട്ടിങ് പാറ്റേൺ നിയമസഭയിൽ മാറിമറിയുമെന്നും എൽഡിഎഫിനും ഉറച്ച വിശ്വാസം. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം.സുബീഷാണ് എൻഡിഎ സ്ഥാനാർഥി.

ബത്തേരി

നേരത്തേ ഒരുമിച്ചായിരുന്നവർ ഇപ്പോൾ വിരുദ്ധചേരികളിൽ ഏറ്റുമുട്ടുന്ന കാഴ്ചയാണു ബത്തേരിയിൽ. സിറ്റിങ് സീറ്റിൽ മൂന്നാമൂഴത്തിന് ഡിസിസി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണൻ ഇറങ്ങിയപ്പോൾ മുഖ്യ എതിരാളി പഴയ പാർട്ടി സഹപ്രവർത്തകൻ എം.എസ്.വിശ്വനാഥനാണ്. സംവരണമണ്ഡലമായ ബത്തേരിയിൽ സാമുദായിക സമവാക്യങ്ങൾ അനുകൂലമാക്കാനാണു മുന്നണിസ്ഥാനാർഥികളുടെ ശ്രമം. കുറുമസമുദായത്തെ സ്ഥാനാർഥിനിർണയത്തിൽ കോൺഗ്രസ് അവഗണിച്ചെന്ന വാദമാണ് എം.എസ്.വിശ്വനാഥൻ ഉയർത്തുന്നത്. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രതിനിധിയായി, ആരോടും വിവേചനമില്ലാതെ മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾ നടത്താനായി എന്ന് ഐ.സി.ബാലകൃഷ്ണൻ പറയുന്നു. 

റോഡ്, അടിസ്ഥാനസൗകര്യ വികസനം എന്നിവയിലും ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നുണ്ട്. കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ഉൾപ്പെടെയുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. എന്നാൽ, അണികളില്ലാത്ത പോക്കായി മാത്രമേ യുഡിഎഫ് അതിനെ കാണുന്നുള്ളൂ. ബത്തേരിയിലെ യുഡിഎഫ് കോട്ടകളിൽ പൂർണമായി കടന്നുകയറാൻ തദ്ദേശതിരഞ്ഞെടുപ്പിൽ പോലും എൽഡിഎഫിനു കഴിഞ്ഞിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. 

2016ൽ മത്സരിച്ച് 27,920 വോട്ടുകൾ നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ജനാധിപത്യ രാഷ്ട്രീയസഭയുടെ സി.കെ.ജാനു എൻഡിഎക്കു വേണ്ടി പോരിനിറങ്ങുന്നത്. താമര ചിഹ്നത്തിലാണ് ഇക്കുറി ജാനുവിന്റെ മത്സരം. ആദിവാസികളുടെയും കർഷകരുടെയും പ്രശ്നങ്ങളിൽ കേന്ദ്രത്തിന്റെ ശ്രദ്ധ പതിയാൻ വേണ്ടതു ചെയ്യുമെന്നാണു വാഗ്ദാനം.

മാനന്തവാടി

എൽഡിഎഫിനു വേണ്ടി സിറ്റിങ് എംഎൽഎ ഒ.ആർ.കേളുവും യുഡിഎഫിനു വേണ്ടി മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയുമാണ് പോർക്കളത്തിൽ. പൊതുവേ യുഡിഎഫ് കോട്ടയെന്നു കരുതപ്പെടുന്ന മാനന്തവാടി കഴിഞ്ഞതവണ എൽഡിഎഫിനു കിട്ടി. ഇക്കുറി ഇരുമുന്നണികൾക്കും ഉറച്ച പ്രതീക്ഷ തന്നെ. ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പിന്മാറിയതിന്റെ ക്ഷീണമകറ്റാൻ പട്ടികവർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് പള്ളിയറ മുകുന്ദനെ ഇറക്കിയാണ് എൻഡിഎയുടെ മത്സരം.

തദ്ദേശതിരഞ്ഞെടുപ്പു കണക്കിൽ എൽഡിഎഫ് മുന്നിലെത്തിയ വയനാട്ടിലെ ഏക മണ്ഡലമാണു മാനന്തവാടി. ഇതുവരെയില്ലാത്തത്ര വികസനമാണു കഴിഞ്ഞ 5 വർഷങ്ങൾക്കുള്ളിൽ മാനന്തവാടിക്കുണ്ടായതെന്ന് ഒ.ആർ.കേളു പറയുന്നു. പ്രചാരണരംഗത്ത് ആദ്യമേ സജീവമാകാനായതിന്റെ മുൻതൂക്കം ലഭിക്കുമെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു. കഴിഞ്ഞതവണ 1307 വോട്ടിനു തോറ്റെങ്കിലും ഇത്തവണ പാർട്ടിയിലെയും മുന്നണിയിലെയും ഐക്യം തുണയ്ക്കുമെന്നാണ് പി.കെ.ജയലക്ഷ്മിയുടെ വിശ്വാസം. മന്ത്രിയായിരിക്കെ ജയലക്ഷ്മി മണ്ഡലത്തിലെത്തിച്ച വികസനം വോട്ടായി മാറുമെന്നും വിജയം സുനിശ്ചിതമെന്നും യുഡിഎഫ് കരുതുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA