ADVERTISEMENT

രാജ്യത്ത് ഇപ്പോൾ തിരഞ്ഞെടുപ്പു നടക്കുന്ന നിയോജകമണ്ഡലങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നതു നന്ദിഗ്രാമാണ്. ഡൽഹിയിൽനിന്നുള്ള ദേശീയ മാധ്യമങ്ങൾ അവിടെ താവളമടിച്ചിട്ടുണ്ട്. അവരിൽ പലരും പരസ്യമായി ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നതു കൊണ്ടായിരിക്കാം, പെട്ടെന്ന് ഒരു കിംവദന്തി അന്തരീക്ഷത്തിൽ പടരാൻ തുടങ്ങി: മമത ബാനർജിയുടെ സ്ഥിതി പരുങ്ങലിലാണ്! ഇതു കൂടുതൽ പത്രപ്രവർത്തകരെ നന്ദിഗ്രാമിൽ എത്തിച്ചു. ഇത്തരം അനുമാനത്തിന് ഉപോദ്ബലകമായി അവർ പറയുന്ന കാര്യങ്ങളിൽ പ്രധാനപ്പെട്ടത് ഇതാണ് – മമത സ്വന്തം സീറ്റു രക്ഷിക്കാൻ നന്ദിഗ്രാമിൽ കുടുങ്ങിക്കിടക്കുകയാണ്. മറ്റൊന്ന്, മമത പരസ്യമായി ദേവീപൂജ നടത്തി; ക്ഷേത്രങ്ങൾ സന്ദർശിക്കുന്നു. തന്റെ ഹൈന്ദവ വേരുകൾ പ്രദർശിപ്പിക്കാൻ അവർ അവരുടെ ഗോത്രം വരെ പരസ്യമാക്കി.

ആദ്യഘട്ട തിരഞ്ഞെടുപ്പു നടന്ന ജംഗൽമഹൽ ആദിവാസിമേഖലയാണ്. 2016ലെ തിരഞ്ഞെടുപ്പിൽ അവിടം തൂത്തുവാരിയ തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തി. ഇന്നലെ തിരഞ്ഞെടുപ്പു നടന്ന കിഴക്കൻ മേദിനിപുർ, പടിഞ്ഞാറൻ മേദിനിപുർ, തെക്കൻ 24 പർഗാനാസ്, ബങ്കൂറ എന്നിവിടങ്ങളിലും 2019ൽ ബിജെപി ശക്തി തെളിയിച്ചതാണ്. ഇതിനുശേഷം വരുന്ന ഘട്ടങ്ങൾ തൃണമൂലിനു സ്വാധീനമുള്ള ഇടങ്ങളാണ്. അവിടങ്ങളിൽ പലയിടത്തും മമതയെ തോൽപിക്കാൻ ബിജെപി പാടുപെടേണ്ടി വരും. ബംഗാൾ നഷ്ടപ്പെട്ടാലും മമതയെ തോൽപിക്കുകയാണെങ്കിൽ അതൊരു കൂറ്റൻ വിജയമായിരിക്കും എന്ന് ബിജെപി കരുതുന്നുണ്ടാകും.

അത്രയ്ക്കു വിപുലമായ പ്രചാരണമാണ് ബിജെപി അഴിച്ചുവിട്ടിട്ടുള്ളത്. നന്ദിഗ്രാം നിയോജകമണ്ഡലത്തിൽ 30% മുസ്‌ലിംകൾ ഉണ്ടെന്നാണു പറയുന്നത്. അവരെ മമതയുടെ വോട്ടുബാങ്കായി ചിത്രീകരിച്ചും വർഗീയ ധ്രുവീകരണം നടത്തിയുമാണ് ബിജെപിയുടെ പ്രചാരണം മുന്നേറുന്നത്. നന്ദിഗ്രാം പ്രക്ഷോഭകാലത്ത് മമതയുടെ വലംകൈ ആയിരുന്ന, ഇപ്പോൾ കക്ഷിമാറി അവർക്കെതിരെ മത്സരിക്കുന്ന സുവേന്ദു അധികാരി പ്രസംഗങ്ങളിൽ മമതയെ വിളിക്കുന്നത് ‘മമത ബീഗം’ അല്ലെങ്കിൽ ‘മമത ബാനോ’ എന്നാണ്. മമത തിരിച്ചു സുവേന്ദു അധികാരിയെ വിളിക്കുന്നത്, വഞ്ചനയുടെ പര്യായമായ ‘മിർ ജാഫർ’ എന്നും. വർഗീയ താപമാനം അസഹ്യമായപ്പോഴായിരിക്കും താനുമൊരു ഹിന്ദുവാണെന്ന് ഓർമിപ്പിക്കാനുള്ള കാര്യങ്ങൾ മമത ചെയ്തത്.

ബിജെപി ആസൂത്രണം ചെയ്യുന്നതുപോലെ വർഗീയ വിഭജനം പൂർണമായാൽ കണക്കുകൾ മമതയ്ക്ക് അനുകൂലമായിരിക്കില്ലെന്നു പറയേണ്ടതില്ലല്ലോ. പക്ഷേ, ചരിത്രഗതി ഒരിക്കലും അത്ര ലളിതമല്ല. വെറും 3 സീറ്റിൽനിന്ന് 18 ലോക്സഭാ മണ്ഡലങ്ങൾ പിടിച്ചെടുക്കുന്ന രീതിയിലേക്കു ബംഗാളിൽ ബിജെപി വളർന്നിരുന്നു, 2019ൽ. എന്നാൽ, 2021ൽ വന്നുനിൽക്കുമ്പോൾ കാര്യങ്ങൾ മാറി. അതിനിടെ കോവിഡ് വന്നു. എല്ലാ മാസവും സർക്കാർ ഫ്രീ റേഷൻ കാര്യക്ഷമമായി നൽകി. ബംഗാളിൽ ജനങ്ങൾക്കു പട്ടിണി കിടക്കേണ്ട സാഹചര്യം ഇല്ലാതാക്കി. ഇതിനു പുറമേ, സർക്കാർ പദ്ധതികൾ ഗുണഭോക്താക്കളുടെ വീട്ടുമുറ്റത്തെത്തിക്കുന്ന ‘ദ്വാരെ സർക്കാർ’ പരിപാടി വലിയ ജനപ്രീതി നേടുകയും ചെയ്തു. ഭരണവിരുദ്ധ വികാരം ബംഗാളിൽ കാര്യമായി ഇല്ലെന്നാണു നിരീക്ഷകർ പറയുന്നത്. ധ്രുവീകരണത്തിനു മറുമരുന്നായി മമത പ്രയോഗിച്ചതു സദ്ഭരണമാണ്.

ബെൽവെതറും രാഷ്ട്രീയ കാലാവസ്ഥയും 

തിരഞ്ഞെടുപ്പു പ്രവചനം എളുപ്പത്തിൽ സാധിച്ചെടുക്കാൻ യുഎസിൽ അവലംബിച്ചുവരുന്ന ഒരു രീതിയാണ് മാറിമാറി വരുന്ന പ്രസിഡന്റുമാരുടെ രാഷ്ട്രീയകക്ഷികളെ വിജയിപ്പിക്കുന്ന ചില സംസ്ഥാനങ്ങളിൽ മാത്രം സർവേ നടത്തുക എന്നത്. ഒരു സംസ്ഥാനം അല്ലെങ്കിൽ മണ്ഡലം ആർക്കു വോട്ട് ചെയ്യുന്നുവോ, ആ കക്ഷിക്കു ഭൂരിപക്ഷം കിട്ടിയാൽ ആ സംസ്ഥാനത്തെ അല്ലെങ്കിൽ നിയോജകമണ്ഡലത്തെ, ഇംഗ്ലിഷിൽ ബെൽവെതർ (bellwether) മണ്ഡലങ്ങളെന്നു പറയും. വാക്കിന്റെ അർഥം ‘മണികെട്ടിയ മുട്ടനാട്’ എന്നാണ്. ആട്ടിൻപറ്റത്തെ അവനാണു നയിക്കുക. ‘മുൻപേ ഗമിക്കുന്ന ഗോവുതന്റെ പിൻപേ ഗമിക്കും ബഹു ഗോക്കളെല്ലാം’ എന്നു പറഞ്ഞതുപോലെ. ഇവിടെ ഗോവിനു പകരം ആടാണെന്നു മാത്രം. ബെൽവെതർ തിരഞ്ഞെടുപ്പിൽ മാത്രമല്ല മറ്റു കാര്യങ്ങളിലുമുണ്ട്. ഉദാഹരണത്തിന് സ്റ്റോക്ക് മാർക്കറ്റിൽ ഓഹരിസൂചികയുടെ ഗതി മുൻകൂട്ടി കാണിക്കുന്ന ബെൽവെതർ ഷെയറുകളുണ്ട്.

പരമ്പരാഗതമായി യുഎസിൽ ബെൽവെതർ സംസ്ഥാനങ്ങളെന്നു കരുതുന്നത് ഒഹായോ, മിസോറി എന്നിവയാണ്. അവിടങ്ങളിൽ ജയിക്കാതെ യുഎസ് പ്രസിഡന്റാകാൻ പറ്റില്ലെന്നത് 2020വരെ ദീർഘകാലം നീണ്ടുനിന്ന ഒരു യാഥാർഥ്യമായിരുന്നു. എന്നാൽ, 2020ൽ ഈ 2 സംസ്ഥാനങ്ങളിലും ഡോണൾഡ് ട്രംപ് വിജയിച്ചു. മിക്ക ജനാധിപത്യരാജ്യങ്ങളിലും മാറിമാറി വരുന്ന ഭരണകക്ഷിക്കൊപ്പം നിൽക്കുന്ന ഒന്നോ രണ്ടോ നിയോജകമണ്ഡലങ്ങൾ കാണാം. ഇന്ത്യയിൽ ഗുജറാത്തിലെ വൽസാഡ് ലോക്സഭാ മണ്ഡലത്തിൽ കഴിഞ്ഞ 11 തിരഞ്ഞെടുപ്പുകളിലും കേന്ദ്രത്തിൽ ഭരണത്തിലെത്തിയ കക്ഷി തന്നെ വിജയിച്ചു. ബെൽവെതർ മണ്ഡലങ്ങൾക്കു ശാസ്ത്രീയമായി ഒരു അടിത്തറയുമില്ല. ആധുനികകാലത്തെ തിരഞ്ഞെടുപ്പ് അപഗ്രഥനത്തിൽ, യുഎസിന്റെ ചുവടുപിടിച്ച് ബെൽവെതർ മണ്ഡലങ്ങളിൽനിന്നു ദിശാസൂചകമായ കാര്യങ്ങൾ വായിച്ചെടുക്കാൻ വിദഗ്ധർ ശ്രമിക്കുന്നു.

കേരളത്തിൽ ഭരണം നിലവിലെ പോലെ മുന്നണികളെ മാറിമാറി പരീക്ഷിക്കാൻ തുടങ്ങിയിട്ട് 4 ദശകത്തിൽ താഴെയേ ആയിട്ടുള്ളൂ. 1982ലെ ഏഴാം നിയമസഭയ്ക്കു ശേഷമാണു യുഡിഎഫും എൽഡിഎഫും ഒന്നിടവിട്ട് ഭരിക്കുന്നത്. അതിനു മുൻപ് ഭരണത്തുടർച്ച ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് കേരളത്തിലെ ഏതെങ്കിലും നിയോജകമണ്ഡലം ബെൽവെതർ സ്വഭാവം കാണിക്കുന്നുണ്ടോ എന്ന അന്വേഷണം 1982 മുതൽ തുടങ്ങുന്നതായിരിക്കും ഉചിതം.

അത്തരത്തിലൊരു അന്വേഷണം നമ്മെ എത്തിക്കുന്നത് ഏതാണ്ട് കേരളത്തിന്റെ മധ്യഭാഗത്തു കിടക്കുന്ന, തൃശൂർ ജില്ലയിലെ ഒല്ലൂർ നിയോജകമണ്ഡലത്തിലാണ്. 1982 മുതലുള്ള 8 തിരഞ്ഞെടുപ്പുകളിൽ, 1982, 1991, 2001, 2011 എന്നീ വർഷങ്ങളിൽ യുഡിഎഫും 1987, 1996, 2006, 2016 വർഷങ്ങളിൽ എൽഡിഎഫും ഇവിടെ ജയിച്ചു. ഏതു മുന്നണി അവിടെ ജയിച്ചോ, അക്കുറി ഭരണം അതേ മുന്നണിക്കായിരുന്നു. 

ഇത്ര കണിശമല്ലെങ്കിലും കേരളത്തിലെ മറ്റൊരു ബെൽവെതർ നിയോജകമണ്ഡലം പാറശാലയാണ്. 1982 മുതൽ (1996 ഒഴികെ) അവിടെനിന്നു തിരഞ്ഞെടുക്കപ്പെട്ടത് ഭരണമുന്നണിയിൽ പെട്ടവരാണ്. 1996ൽ രണ്ടു മുന്നണിയിലെയും സ്ഥാനാർഥികളെ പരാജയപ്പെടുത്തി എൻ.സുന്ദരൻ നാടാർ അവിടെ സ്വതന്ത്രനായി വിജയിച്ചു. കുറച്ചുകൂടി വൈകി, 1991 മുതൽ ബെൽവെതർ സ്വഭാവം കാണിക്കുന്ന മറ്റൊരു നിയോജകമണ്ഡലമാണ് ആറന്മുള.

ഈ പ്രതിഭാസം വെറും ആകസ്മികതയാണെന്നു കരുതുന്നവരുണ്ട്. മറിച്ച്, യുഎസിലെ പരമ്പരാഗത ബെൽവെതർ സംസ്ഥാനമായ മിസോറിയെക്കുറിച്ചുള്ള ഒരു പഠനത്തിൽ പറയുന്നത് ജനസംഖ്യയിൽ വിവിധ വർഗങ്ങളുടെ അനുപാതവും സമ്പദ്‌വ്യവസ്ഥയും മറ്റും വച്ച് നോക്കിയാൽ അതൊരു ‘കൊച്ച് യുഎസ്’ തന്നെയെന്നാണ്. ഒല്ലൂരിനെക്കുറിച്ച് അത്തരം പഠനങ്ങളില്ല. ഒല്ലൂർ ചിന്തിക്കുന്നതുപോലെയാണോ കേരളം വോട്ടു ചെയ്യുക എന്നറിയാൻ മേയ് 2 വരെ കാക്കേണ്ടിയിരിക്കുന്നു!

സ്കോർപ്പിയൺ കിക്ക്: വലിയ ബോംബ് വരുമെന്നു പ്രചാരണം: മുഖ്യമന്ത്രി

ബോംബായാലും ഒരു മുഴം മുന്നേ എന്നാണു കണക്ക്! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com