ADVERTISEMENT

മ്യാൻമർ – ഇപ്പോൾ ലോകത്തിനു മുന്നിലുള്ള ഒരു മഹാദുഃഖത്തിന്റെ പേരായിരിക്കുന്നു അത്. ജനാധിപത്യവും പൗരാവകാശങ്ങളും കുരുതികഴിക്കപ്പെടുന്ന ആ രാജ്യത്ത് എത്രയോ മനുഷ്യജീവൻ ഇതിനകം പൊലിഞ്ഞുകഴിഞ്ഞു. പട്ടാളഭരണത്തിൻകീഴിൽ സമാനതകളില്ലാത്ത ക്രൂരതയാണ് മ്യാൻമർ ഇപ്പോൾ അനുഭവിക്കുന്നത്.

പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്കാരച്ചടങ്ങിനുനേരെ പോലും പട്ടാളം വെടിയുതിർത്ത വാർത്ത ഞെട്ടലോടെയാണു ലോകം കേട്ടത്. കഴിഞ്ഞ ശനിയാഴ്ച പട്ടാളം നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട 114 പേരിൽ ഒരാളുടെ സംസ്കാരം ബാഗോ പട്ടണത്തിൽ നടക്കുന്നതിനിടെയായിരുന്നു വെടിവയ്പ്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ 6 കുട്ടികളുമുണ്ട്. ഫെബ്രുവരി ഒന്നിന് ഓങ് സാൻ സൂ ചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു അത്. മ്യാൻമറിൽ ഇതുവരെ 43 കുട്ടികളെ സൈന്യം വധിച്ചതായി സന്നദ്ധസംഘടനയായ ‘സേവ് ദ് ചിൽഡ്രൻ’ പറയുന്നു.

കഴിഞ്ഞവർഷം നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഓങ് സാൻ സൂ ചിയുടെ കക്ഷി വൻഭൂരിപക്ഷം നേടിയതു കൃത്രിമത്തിലൂടെയാണെന്ന് ആരോപിച്ചാണു പട്ടാളം അധികാരം പിടിച്ചത്. രഹസ്യകേന്ദ്രത്തിൽ പട്ടാളത്തിന്റെ തടവിലാണു സൂ ചി. പട്ടാള അട്ടിമറിയെത്തുടർന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറിലേറെയായിക്കഴിഞ്ഞു. സമരക്കാർക്കു നേരെ ഗ്രനേഡ് ലോഞ്ചർ പോലെ കൂടുതൽ ശക്തിയേറിയ ആയുധങ്ങൾ പട്ടാളം പ്രയോഗിക്കുന്നതായും പരാതിയുണ്ട്. ഗോത്രവർഗക്കാരുടെ സായുധസംഘടനകൾ സമരക്കാർക്കു പിന്തുണ പ്രഖ്യാപിച്ചതോടെ ഇവരെ നേരിടാൻ മ്യാൻമർ പട്ടാളം വനമേഖലയിൽ പലവട്ടം ബോംബാക്രമണം നടത്തി.

എന്നാൽ, പട്ടാളഭീകരതയെ ഭയക്കാതെ ജനം ഇപ്പോഴും വൻ പ്രതിഷേധവുമായി തെരുവിലാണ്. ജനകീയ പ്രക്ഷോഭം അടിച്ചമർത്താൻ പട്ടാളഭരണകൂടം കടുത്ത നടപടികൾ ആരംഭിച്ചതോടെ റോഡിൽ ചപ്പുചവറുകൂനകൾ നിറച്ച് പ്രക്ഷോഭകരുടെ പുത്തൻ ചെറുത്തുനിൽപു നടക്കുന്നു.

മ്യാൻമറിലെ കൂട്ടക്കുരുതികളെ ഐക്യരാഷ്ട്രസംഘടനയടക്കം അപലപിച്ചിട്ടുണ്ട്. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളുടെ സൈനിക മേധാവികൾ മ്യാൻമർ പട്ടാളത്തോട് അക്രമത്തിൽനിന്നു പിന്മാറണമെന്നും പ്രക്ഷോഭകരുടെ മനുഷ്യാവകാശം മാനിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യാന്തരസമൂഹം മ്യാൻമറിനെതിരെ നടപടിയെടുക്കാത്തതിനെ ആംനെസ്റ്റി ഇന്റർനാഷനൽ വിമർശിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനും യുഎസും ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റഷ്യയുടെയും ചൈനയുടെയും പരോക്ഷ പിന്തുണ മ്യാൻമറിനുണ്ട്. ഇവരുടെ പിന്തുണയാണു രാജ്യാന്തര സമൂഹത്തിന്റെ പ്രതിഷേധങ്ങളെ ഒരു പരിധിയോളം ദുർബലമാക്കുന്നത്. ചൈനയും റഷ്യയും ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങളായതിനാൽ, ഉപരോധനീക്കം തടയാനും കഴിയും.

മ്യാൻമറിലെ പ്രക്ഷോഭത്തിന്റെ പ്രതിധ്വനികൾ നമ്മളെയും ബാധിക്കുകയാണ്. ഇഡ്ഡലി, ദോശ, വട, പപ്പടം എന്നിവയ്ക്കാവശ്യമായ ഉഴുന്നുപരിപ്പിന് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന മ്യാൻമറിൽനിന്നുള്ള ഇറക്കുമതി പൂർണമായും നിലച്ചിരിക്കുന്നു. തടസ്സം നീണ്ടുനിന്നാൽ ഇപ്പോൾത്തന്നെ ഉയർന്ന നിലയിലെത്തിയിട്ടുള്ള വില വീണ്ടും വർധിക്കുമെന്നാണ് ആശങ്ക.

ജനാധിപത്യ ഭരണകൂടവുമായും പട്ടാളവുമായും നല്ല ബന്ധം നിലനിർത്താനാണ് ഇന്ത്യ എന്നും ശ്രമിക്കുന്നതെന്നിരിക്കെ, മ്യാൻമറിലെ പട്ടാള അട്ടിമറിയെത്തുടർന്നു വ്യക്തമായൊരു ഇടപെടൽ ഇതുവരെ ഇന്ത്യ നടത്തിയിരുന്നില്ല. മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും രാഷ്ട്രീയത്തടവുകാരെ വിട്ടയയ്ക്കണമെന്നും ഇന്നലെയാണ് ഇന്ത്യ ആവശ്യപ്പെട്ടത്. എല്ലാത്തരം അക്രമങ്ങളെയും ഇന്ത്യ അപലപിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്. അയൽരാജ്യത്തു ജനാധിപത്യം കശാപ്പു ചെയ്യപ്പെടുമ്പോൾ, കുട്ടികളടക്കം പിടഞ്ഞുമരിക്കുമ്പോൾ  അതു നമുക്കു കണ്ടിരിക്കാനുള്ള കാഴ്ചയല്ലെന്നു തീർച്ച. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com