ADVERTISEMENT

നമ്മുടെ ഇനിയുള്ള ജീവിതം എങ്ങനെയാകണം, നാട് ഇനി ചലിക്കേണ്ടത് ഏതു ദിശയിലാകണം തുടങ്ങിയ കാര്യങ്ങളിൽ തീർപ്പുണ്ടാകുന്നത് ആസന്നമായ ഈ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. തിരഞ്ഞെടുപ്പിനെ അങ്ങേയറ്റം ഉത്തരവാദിത്തബോധത്തോടെ സമീപിക്കണമെന്ന കണിശത പുലർത്തുന്ന ഉന്നത ജനാധിപത്യബോധത്തിന്റെ ഉടമകളാണ് കേരളീയർ. പുറത്തുനിന്നുള്ള പ്രലോഭനങ്ങൾക്കോ പ്രകോപനങ്ങൾക്കോ തെറ്റിദ്ധരിപ്പിക്കലുകൾക്കോ വഴിപ്പെടാത്ത ഇവിടത്തെ ജനതയുടെ ജനാധിപത്യ പ്രബുദ്ധതയിൽ അചഞ്ചല വിശ്വാസമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുള്ളത്.

പ്രസക്തമായ ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്കു കൊണ്ടുവരികയാണ്. അതൊക്കെ 5 വർഷം കൊണ്ട് കേരളജനത അനുഭവിച്ചറിഞ്ഞതാണ്; ഓരോ കാര്യവും സ്വന്തം ജീവിതാനുഭവത്തിന്റെ ഉരകല്ലിൽ ഉരച്ചാൽ ഏതു പൗരനും അവ സത്യമാണെന്നു തിരിച്ചറിയാം.

വർഗീയ കലാപങ്ങളില്ലാത്ത 5 വർഷമാണു കടന്നുപോകുന്നത്. വികസനത്തിന്റെ പുതുയുഗപ്പുലരിയിലേക്ക്, തുടർച്ചയായി വന്ന എല്ലാ പ്രതികൂല ഘടകങ്ങളെയും മറികടന്ന് കേരളം മുന്നേറിയ ഘട്ടം. അക്കാര്യത്തിൽ രാജ്യാന്തര തലത്തിൽത്തന്നെ നാം വിസ്മയമായി മാറി.

എന്തെല്ലാം പ്രതിസന്ധികളെയാണു നാം നേരിട്ടത്. നമ്മുടെ തീരത്തെ ദുഃഖത്തിലാഴ്ത്തിയ ഓഖി, മഹാപ്രളയം,  മണ്ണിടിച്ചിൽ, നിപ്പ പോലുള്ള പകർച്ചവ്യാധികൾ, ഏറ്റവുമൊടുവിൽ ഇപ്പോഴും നാം പൊരുതിക്കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരി. ആപത്തുകൾ ഒന്നിനു പിറകെ ഒന്നായി വന്നിട്ടും നമ്മൾ ഒറ്റക്കെട്ടായി പൊരുതി, അതിജീവിച്ചു.

കോവിഡിനെക്കുറിച്ചു വൈദ്യശാസ്ത്ര ലോകത്തിനുപോലും വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. എന്നിട്ടും നമ്മൾ നന്നായി പ്രതിരോധിച്ചു. ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും കുറവ് ആളുകൾക്കു രോഗം ബാധിച്ച സംസ്ഥാനമാണിത്. ജനസംഖ്യാനുപാതികമായി ഏറ്റവുമധികം പരിശോധനയും വാക്സിനേഷനും നടക്കുന്ന സംസ്ഥാനം.

പ്രതിസന്ധികൾക്കിടയിലും വികസന–ക്ഷേമ നടപടികൾ കൈവിടാതെ കാത്തു. ഇക്കാലത്ത് ലോകത്തിന്റെ ചില ഭാഗങ്ങളെങ്കിലും പട്ടിണിയിലാണ്ടു. എന്നാൽ, എല്ലാ വരുമാന സ്രോതസ്സുകളും അടഞ്ഞ ഘട്ടത്തിൽ പോലും കേരളത്തിലെ ഒരു കുടുംബത്തിലും പട്ടിണിയുണ്ടാകാതെ നമ്മൾ കാത്തു; അതും ലോകം മാതൃകയാക്കും വിധത്തിൽ.

ചരിത്രം പരിശോധിച്ചാൽ, ഇടതുപക്ഷ സർക്കാരുകൾ മറ്റു സർക്കാരുകളുമായല്ല, മുൻ ഇടതുപക്ഷ സർക്കാരുകളുടെ തന്നെ നേട്ടങ്ങളോടാണു മത്സരിക്കുന്നതെന്നു കാണാം. അങ്ങനെയാണ് പെൻഷൻ 1600 രൂപയായി വർധിച്ചതും 61 ലക്ഷം പേർക്കു പെൻഷൻ വിതരണം ചെയ്യുന്ന നിലയിലേക്ക് എത്തിയതും. കഴിഞ്ഞ 5 വർഷം കൊണ്ട് 32,034 കോടി രൂപ പെൻഷനായി വിതരണം ചെയ്തതും സാമൂഹികസുരക്ഷ, വികസന മേഖലകളിൽ 73,280 കോടി രൂപ ചെലവഴിച്ചതും അങ്ങനെയാണ്. 20 രൂപയ്ക്ക് ഊണു നൽകുന്ന 876 ജനകീയ ഹോട്ടലുകൾ ആരംഭിക്കാനായി.

ദുരിതാശ്വാസ നിധിയിലൂടെ 5432 കോടി രൂപ വിതരണം ചെയ്തതും 2,57,000 പേർക്ക് ലൈഫ് മിഷനിലൂടെ വീട് നിർമിച്ചു നൽകിയതും 1.76 ലക്ഷം പേർക്കു പട്ടയം വിതരണം ചെയ്തതും നെല്ലുൽപാദനം 588 മെട്രിക് ടണ്ണായി വർധിപ്പിച്ചതും പച്ചക്കറി ഉൽപാദനം 15 ലക്ഷം മെട്രിക് ടണ്ണായി വർധിപ്പിച്ചതും നെൽക്കൃഷി 2.23 ലക്ഷം ഹെക്ടറായി വ്യാപിപ്പിച്ചതും പാലുൽപാദനം 31,421.38 ലക്ഷം ലീറ്ററായി ഉയർത്തിയതും ഇത്തരത്തിൽ മുൻ ഇടതുപക്ഷ സർക്കാരുകളുടെ നേട്ടങ്ങളുമായി മത്സരിച്ചതുകൊണ്ടാണ്.

45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കി, ആധുനിക സ്കൂൾ കെട്ടിടങ്ങൾ ഒരുക്കി, 1.2 ലക്ഷത്തോളം ലാപ്ടോപ്പുകൾ വിതരണം ചെയ്തു, പാഠപുസ്തക വിതരണം അധ്യയനവർഷം തുടങ്ങുന്നതിനു മുൻപു പൂർത്തിയാക്കി, ഇതൊക്കെ കൊണ്ടാണ് 6.8 ലക്ഷം കുട്ടികൾ പൊതുവിദ്യാലയങ്ങളിലേക്ക് അധികമായി കടന്നുവന്നത്.

വൈദ്യുതി ഉൽപാദനശേഷിയിൽ 236 മെഗാവാട്ടിന്റെ വർധന ഉണ്ടായതും കുടിവെള്ള കണക്‌ഷനുകളുടെ കാര്യത്തിൽ 11.33 ലക്ഷത്തിന്റെ വർധന ഉണ്ടായതും 11,580 കിലോമീറ്റർ റോഡുകൾ നവീകരിച്ചതും ആകെ റോഡുകളുടെ ദൈർഘ്യം 3,31,904 കിലോമീറ്ററായി വർധിപ്പിച്ചതുമൊക്കെ ഇത്തരത്തിൽ മുൻ ഇടതു സർക്കാരുകളുടെ നേട്ടങ്ങളോടു മത്സരിച്ചതുകൊണ്ടാണ്.

അഞ്ഞൂറിലധികം കുടുംബാരോഗ്യ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞതും 7263 തസ്തികകൾ ആരോഗ്യമേഖലയിൽ പുതുതായി ആരംഭിച്ചതും താലൂക്ക്–ജില്ലാ ആശുപത്രികളിൽ വരെ സൂപ്പർ സ്പെഷ്യൽറ്റി സേവനം ലഭ്യമാക്കിയതുമൊക്കെ നാമിനിയും മുന്നേറണം എന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ്.

1,58,000 ആളുകൾക്ക് പിഎസ്‌സി വഴി നിയമനം നൽകിയതും 3900 സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ അവസരമൊരുക്കിയതും 30,000ൽ അധികം തൊഴിൽ സംരംഭങ്ങൾക്ക് ജീവൻ നൽകിയതും ഒന്നരലക്ഷത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചതുമെല്ലാം നമ്മുടെ നാടും നാട്ടുകാരും മെച്ചപ്പെടണം എന്ന കാഴ്ചപ്പാടുള്ളതുകൊണ്ടാണ്.

പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കിയതും കുടുംബശ്രീയുടെ അംഗത്വം ഉയർത്തിയതും പ്രവാസിക്ഷേമത്തിന് മൂന്നിരട്ടി ഫണ്ട് അനുവദിച്ചതുമൊക്കെ മുൻപത്തെക്കാളും മെച്ചപ്പെട്ട നിലയിൽ കേരളം എത്തിപ്പെടണമെന്ന താൽപര്യം ഉള്ളതുകൊണ്ടാണ്.

മുടങ്ങിക്കിടന്ന ഗെയ്ൽ പൈപ്‌ലൈൻ, ഇടമൺ – കൊച്ചി വൈദ്യുതലൈൻ എന്നിവയൊക്കെ യാഥാർഥ്യമാക്കിയതും മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത, ദേശീയപാതാ വികസനം എന്നിവ ഏറ്റെടുത്തതും കണ്ണൂർ വിമാനത്താവളം, കൊച്ചി വാട്ടർ മെട്രോ എന്നിവയുടെ പ്രവർത്തനം ആരംഭിച്ചതും കൊച്ചി മെട്രോയുടെ വികസനം സാധ്യമാക്കിയതുമൊക്കെ വികസനപ്രക്രിയയിൽ നിശ്ചയദാർഢ്യത്തോടെ എൽഡിഎഫ് സർക്കാർ ഇടപെട്ടതുകൊണ്ടാണ്.

ഇക്കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ടുണ്ടായ നേട്ടങ്ങൾ തകർക്കാൻ ആർക്കും വിട്ടുകൊടുക്കരുതെന്ന ബോധ്യത്തിന്റെ ഘട്ടമാണിത്. മഹാപ്രളയം വന്നപ്പോൾ ചേർത്തുപിടിച്ച കൈ അയയരുത്. പട്ടിണിയായിപ്പോകേണ്ടിയിരുന്ന ദിനങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ എത്തിച്ച കനിവ് വറ്റിപ്പോകരുത്. രോഗഘട്ടങ്ങളിൽ തെളിഞ്ഞുവന്ന കരുണയുടെ കൈത്തിരി അണഞ്ഞുപോകരുത്. വികസനത്തിന്റെ മാറ്റം മരവിച്ചുപോകരുത്. തൊഴിൽദിനങ്ങൾ തിരികെ നേടിത്തന്നതും പെൻഷൻ വർധിപ്പിച്ച് വീട്ടിലെത്തിച്ചു തന്നതുമായ കരുതൽ കൈവിട്ടുപോകരുത്.

ഇതിനൊക്കെ എന്തു ചെയ്യണം? ആ ചോദ്യത്തിനു ജനങ്ങൾക്കു രണ്ടാമതൊരു ഉത്തരമില്ല. ഇതൊക്കെ തുടരണം. തുടരണമെങ്കിലോ എൽഡിഎഫ് ഭരണം തുടരണം. അങ്ങനെയാണ് ഭരണത്തുടർച്ച എന്നത് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതു മുദ്രാവാക്യമായി മാറുന്നത്. നമുക്കൊരുമിച്ചു നിന്ന് പ്രതിസന്ധികളെ നേരിടാം. അതിജീവിക്കാം.

കിഫ്ബി നിർത്തും, കേരള ബാങ്ക് പൂട്ടിക്കും, കുടുംബശ്രീ പിരിച്ചുവിടും ലൈഫ് ഇല്ലാതാക്കും എന്നൊക്കെയുള്ള ആക്രോശങ്ങൾ കേൾക്കുമ്പോൾ, വികസനനേട്ടങ്ങൾ നേരിൽക്കണ്ട ജനം ഉള്ളിൽ ഞെട്ടുകയാണ്. നിർമിച്ചാൽ അടുത്തയാഴ്ച തകരുന്ന പാലങ്ങളുടെയും കെട്ടിടങ്ങളുടെയും കാലത്തോടു കേരളം വിട പറഞ്ഞിരിക്കുന്നു. എല്ലാ മേഖലകളിലും ഈ മാറ്റം അനുഭവിച്ചറിയുകയാണ് കേരളം. ജാതിമത വിദ്വേഷങ്ങളാൽ തങ്ങളെ ഭിന്നിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്ന വർഗീയശക്തികളെ നേരിട്ടു വെല്ലുവിളിച്ച് മതനിരപേക്ഷത കാത്തവരെ കേരളം ആവർത്തിച്ചു തിരിച്ചറിയുകയാണ്.

വോട്ടുള്ള എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിക്കണം. അതു നാടിന്റെ ഭാവിക്ക് ഉതകണം.

Content Highlight: Kerala Assembly election 2021, Pinarayi Vijayan, LDF, CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com