ADVERTISEMENT

റഫീക്ക് അഹമ്മദ്: കവിതയുടെ മധുരസം ഞാൻ ആദ്യമായി അനുഭവിക്കുന്നത് ഒരുപക്ഷേ, പാട്ടുകളിലൂടെ ആയിരിക്കാം. ‘ആയിരം പാദസരങ്ങൾ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി...’ എന്നു കേൾക്കുന്നൊരു കുട്ടിയുടെ ഭാവന, പുഴയെക്കുറിച്ചും അതിന്റെ ഓളങ്ങളെക്കുറിച്ചും അവ പാദസരംപോലെ കിലുങ്ങുന്നതിനെക്കുറിച്ചുമുള്ള സങ്കൽപങ്ങളിലേക്ക് ചിറകുനീർത്തുന്നു. ഒരുവിധ കാവ്യവ്യുൽപത്തിയും ഇല്ലാത്തവർക്കുപോലും കവിത എന്ന ഭൂഖണ്ഡത്തിലേക്കു പ്രവേശിക്കാൻ അവകാശമുണ്ട്. ആ അവകാശമാണ് ചലച്ചിത്രഗാനങ്ങൾ സാധാരണക്കാരായവർക്കു നൽകിയത്.

ആനന്ദ്: കുറ്റവാളിയായി മുദ്രകുത്തി ശിക്ഷിക്കൂ ആദ്യം, തെളിവുകൾ നമുക്കു പിന്നീടു ഹാജരാക്കാം എന്നതാണ് രാജ്യത്തെ ഇന്നത്തെ അവസ്ഥ. ഈ രീതിയിൽ ശിക്ഷിക്കപ്പെട്ട ഒട്ടേറെപ്പേരെ നമുക്കു കാണാം. ചരിത്രത്തിലേക്കു നോക്കിയാൽ ഫാഷിസത്തിൽനിന്നു നമുക്ക് ഇതിനു സമാനമായ ഒട്ടേറെ തെളിവുകൾ കിട്ടും. അത്യന്തം ഗുരുതരമായ ഈ സാഹചര്യം തിരിച്ചറിഞ്ഞു നേരിടാൻ നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങൾക്കാവണം.

എം.ജി.എസ്.നാരായണൻ: എന്റെ സമകാലികരായ ഇന്ത്യൻ ചരിത്രകാരന്മാരിൽ ബുദ്ധിവൈഭവം കൊണ്ടും ബഹുമുഖ വൈദഗ്ധ്യം കൊണ്ടും സ്ഥിരോത്സാഹ പ്രകൃതം കൊണ്ടും എന്നെ അതിശയിപ്പിച്ചത് ഇർഫാൻ ഹബീബാണ്. അദ്ദേഹത്തിന്റെ മുഖ്യദൗർബല്യമായി എനിക്കു തോന്നിയത് ഇടുങ്ങിയ മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര ദൃഷ്ടികോണിലൂടെയേ അദ്ദേഹം ഏതു ചരിത്രത്തെയും സമീപിക്കൂ എന്നതാണ്.

ബിച്ചു തിരുമല: മലയാളിസമൂഹം വല്ലാതെ മാറി. പ്രശ്നം ജാതിയും മതവും മാത്രമല്ല, മനസ്സിന്റേതുകൂടിയാണ്. മനസ്സു നന്നാകണം. അതാണു പ്രധാനം. ആൾക്കാർക്കു പരസ്പരം പകയാണ്. കൊലപാതകം നടത്താനൊന്നും ഒരു മടിയുമില്ലാത്തവരായി മാറി. വലിയ മനഃപ്രയാസമുണ്ടാക്കുന്നതാണ് ഈ മാറ്റം.

മാമുക്കോയ: സമൂഹത്തിനും സംസ്കാരത്തിനും പത്തുപൈസയുടെ ഉപകാരമോ സംഭാവനയോ നൽകാത്ത നിരവധിയാളുകൾ ഗംഭീരമായി ജീവിതം നയിക്കുന്നു. എന്നാൽ പ്രതിഭകൾ, സമൂഹത്തിനു നേർവഴി കാണിച്ചുതന്നവർ ഗതിയില്ലാതെ പലപ്പോഴും നരകിക്കുന്നു. എ.ആർ.റഹ്മാന്റെ പിതാവ് ആർ.കെ.ശേഖറിന്റെ ഗുരുവായിരുന്നു എം.എസ്.ബാബുരാജ്. ബാബുരാജ് ജീവിതത്തിൽ അയ്യായിരം രൂപ ഒന്നിച്ചു കണ്ടിട്ടില്ല.

സലിംകുമാർ: ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ’ കയ്യിൽനിന്ന് ഇട്ടുപറഞ്ഞപ്പോൾ ആരും ചിരിച്ചുമില്ല, വേണ്ടെന്നു വിലക്കുകയും ചെയ്തു. പിന്നെ സംവിധായകന്റെ പിറകേ നടന്നു നിർബന്ധിച്ച് ഒടുവിൽ എല്ലാവരും പോയിക്കഴിഞ്ഞപ്പോഴാണ് ആ ഷോട്ടെടുക്കുന്നത്. അതു തിയറ്ററിൽ ചിരി നിറച്ചെന്നു മാത്രമല്ല, പിന്നീടതു പഴഞ്ചൊല്ലു പോലെ പ്രശസ്തമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com