എല്ലാം ആരാധകരുടെ ഇഷ്ടം...

Captain-CPM
SHARE

വ്യക്തിപൂജ കമ്യൂണിസ്റ്റുകാർക്ക് എക്കാലത്തും ഹറാമാണ്. പൂജ തന്നെ പാർട്ടി കർശനമായി വിലക്കിയ കാര്യമാണ്. ഇനി ആരെയെങ്കിലും പൂജിക്കണമെന്നു നിർബന്ധമുള്ളവർക്കു വേണമെങ്കിൽ രക്തസാക്ഷികളെ ആരാധിക്കാം. അവരുടെ തെയ്യം കെട്ടിയാടാൻ പാർട്ടി ഭരണഘടനയിൽ വകുപ്പുണ്ട്.

പിണറായി സഖാവിനെ ക്യാപ്റ്റനെന്നു വിളിക്കണോ കോമ്രേഡ് എന്നുവിളിക്കണോ എന്നതിനെച്ചൊല്ലി നടക്കുന്ന തർക്കം കേട്ടാൽ തോന്നുക ലോകത്തിന്റെ നിലനിൽപിനെ ബാധിക്കുന്ന എന്തോ വലിയ പ്രശ്നം ഇതിൽ ഉണ്ടെന്നാണ്. പിണറായി സഖാവിനു ക്യാപ്റ്റൻ പദവി ആരാണു നൽകിയതെന്നു ചോദിച്ചാൽ അതിനു കൃത്യമായ ഉത്തരമില്ല. ക്യാപ്റ്റൻ സ്ഥാനം നേടാൻ അദ്ദേഹം പട്ടാളത്തിൽ ചേർന്നതായോ വിമാനം പറത്തിയതായോ കപ്പലോട്ടിയതായോ രേഖയില്ല.

സിപിഎമ്മിൽ ആർക്കെങ്കിലും ക്യാപ്റ്റൻ റാങ്കിന് അർഹതയുണ്ടെങ്കിൽ അതു പി.ജയരാജൻ സഖാവിനാണ്. വേണമെങ്കിൽ അദ്ദേഹത്തിനു ജനറൽ ആകാനും യോഗ്യതയുണ്ട്. സ്വന്തമായി പട്ടാളമുള്ള ഏക രാഷ്ട്രീയക്കാരനാണ് അദ്ദേഹം. പക്ഷേ പിജെ ആർമിയുടെ രൂപീകരണം പാർട്ടിക്ക് അത്രയങ്ങു പിടിച്ചില്ല. പട്ടാളം പിരിച്ചുവിടാനായിരുന്നു ഉത്തരവ്. അതു നടപ്പാക്കുകയും ചെയ്തു. എന്നാൽ പിജെ ആർമി ഇപ്പോഴും കണ്ണൂരിൽ ഒളിപ്പോരു നടത്തുന്നുണ്ടെന്നാണു റിപ്പോർട്ട്. സ്നേഹം കൂടിയാൽ ചിലർ പാട്ടെഴുതും, മറ്റു ചിലർ ചിത്രം വരയ്ക്കും, വേറെ ചിലർ പച്ചകുത്തും എന്നൊക്കെ ജയരാജൻ സഖാവു പറഞ്ഞതു നേരാണ്. പക്ഷേ, അതൊക്കെ ചെയ്തപ്പോൾ അദ്ദേഹത്തെ ചാപ്പകുത്തുകയാണു പാർട്ടി ചെയ്തത്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന ഒരു ക്യാപ്റ്റനേയുള്ളൂ. അത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങാണ്. അദ്ദേഹം ക്യാപ്്റ്റനായതു ശരിക്കും പട്ടാളത്തിൽ ചേർന്നു കവാത്തു നടത്തിയാണ്. മലയാള സിനിമയിലെ ക്യാപ്റ്റനായ ക്യാപ്്റ്റൻ രാജുവും മേജറായ മേജർ രവിയും യൂണിഫോം അണിഞ്ഞിട്ടുണ്ട്. തമിഴ് നടൻ വിജയകാന്തിന് ആരാധകർ ഓണററി ക്യാപ്റ്റൻ സ്ഥാനം നൽകിയിരുന്നു. അതുപോലെ പിണറായി സഖാവിനും ആരാധകർ ക്യാപ്റ്റൻ റാങ്ക് കൺഫർ ചെയ്തുവെന്നു കരുതിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.

സഖാവിനെ ക്യാപ്റ്റനെന്നാണോ കോമ്രേഡ് എന്നാണോ വിളിക്കേണ്ടതെന്നതു തീർത്തും അപ്രസക്തമാണെന്നാണു മന്ത്രി ബാലേട്ടൻ പറയുന്നത്. അദ്ദേഹം ക്യാപ്റ്റനെ വിജയേട്ടനെന്നേ വിളിക്കൂ. വേണമെങ്കിൽ കമാൻഡറെന്നോ ഷെവലിയറെന്നോ വിളിക്കാനും തയാർ. അർജുനൻ, ഫൽഗുനൻ, പാർഥൻ... എന്നിങ്ങനെ ഒൻപതു പര്യായപദങ്ങൾ വിജയനുണ്ട്. ഏതും വിളിക്കാം. ഇതിനെ ഒന്നും വ്യക്തിപൂജയുടെ കൂട്ടത്തിൽ പെടുത്താനാവില്ല.

ശിഷ്യൻ, ആശാന്റെ സ്വന്തം

മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്നു പറഞ്ഞതു നൂറ്റുക്കുനൂറു ശതമാനം നേരാണ്. മന്ത്രി എം.എം. മണിയുടെ വാമൊഴി വഴക്കം ലോകപ്രസിദ്ധമാണ്. സഖാവിന്റെ വൺ, ടൂ, ത്രീ പ്രസംഗം ഏബ്രഹാം ലിങ്കന്റെ ഗെറ്റിസ്ബർഗ് പ്രസംഗം പോലെ തന്നെ ചരിത്രത്തിൽ ഇടംപിടിച്ചതാണ്. മുൻ എംപി ജോയ്സ് ജോർജ് രാഹുൽ ഗാന്ധിയെക്കുറിച്ച് എന്തോ അശ്ലീലം പറഞ്ഞെന്നു പ്രചരിപ്പിക്കുന്നവർ ആ വേദിയിൽ ഉണ്ടായിരുന്നത് ആരൊക്കെയാണെന്നു മറക്കരുത്. മണിയാശാന്റെ സാന്നിധ്യവും സാമീപ്യവുമായിരിക്കണം മുൻ എംപിയെക്കൊണ്ട് അതെല്ലാം പറയിപ്പിച്ചത്. ആല ചാരിയാൽ ചാണകം നാറും, ചാണ ചാരിയാൽ ചന്ദനം നാറുമെന്നു പറഞ്ഞതു കേട്ടിട്ടില്ലേ? ജോയ്സിന്റെ പ്രസംഗത്തിൽ അത്തരത്തിൽ ഒരു മണിയാശാൻ ഇഫക്ട് വന്നുപോയി എന്നു കരുതിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ.

അതിന്റെ പേരിൽ മാപ്പും കോപ്പുമൊന്നും പറയേണ്ട കാര്യമില്ലെന്നു മണിയാശാനു നല്ല ബോധ്യമുണ്ട്. പാർട്ടിയും പൊളിറ്റ്ബ്യൂറോയുമൊന്നും ജോയ്സിന്റെ പ്രസംഗത്തെ തള്ളിപ്പറഞ്ഞാലും ആശാൻ തള്ളിപ്പറയില്ല. രണ്ടു പേരും ഹൈറേഞ്ചുകാരാണ്. ഒരു ഹൈറേഞ്ചുകാരനേ മറ്റൊരു ഹൈറേഞ്ചുകാരനെ മനസ്സിലാക്കാനാവൂ. അതുകൊണ്ടാണു ജോയ്സിന്റെ പ്രസംഗം ആശാൻ ആസ്വദിച്ചു കേട്ടതും കുലുങ്ങിച്ചിരിച്ചതും. അതിന്റെ പേരിൽ ആരും കൊണകൊണാന്നു ചോദിച്ചാൽ മറുപടി പറയാൻ ആശാനെക്കിട്ടില്ല. മറ്റേപ്പണിയുമായി വന്നാൽ ആശാന്റെ അടുത്തു ചെലവാകില്ല. മേലിൽ മണിയാശാൻ പങ്കെടുക്കുന്ന ചടങ്ങുകളിൽ പങ്കെടുക്കുന്ന നേതാക്കൾ പ്രസംഗിക്കുന്നതിനു മുൻപ് വായ് സാനിറ്റൈസ് ചെയ്യണമെന്നു വ്യവസ്ഥ ഏർപ്പെടുത്താൻ പാർട്ടിയോ തിരഞ്ഞെടുപ്പു കമ്മിഷനോ തയാറായാൽ എന്തുകൊണ്ടും നന്നായിരിക്കും.

പാലായിലെ മൂന്നാം ലോകയുദ്ധം

തള്ള ചവിട്ടിയാൽ പിള്ളയ്ക്കു നോവില്ലെന്നതു പരസ്യമായ രഹസ്യമാണ്. പാലാ നഗരസഭയിൽ സിപിഎം–കേരള കോൺഗ്രസ് കൗൺസിലർമാർ ഏറ്റുമുട്ടിയതു തന്നെ ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. സിപിഎം കൗൺസിലർ കൊടുത്ത അടി കൊണ്ടു കണ്ണിൽനിന്നു പൊന്നീച്ച പറന്നതു കേരള കോൺഗ്രസ്(എം) കൗൺസിലർക്കാണ്. പാവം തടി വെട്ടിയിട്ട പോലെ തറയിൽ വീണുപോയി. വീണയാൾ മുള ചീന്തും പോലെ കരഞ്ഞതു കുറ്റമല്ല. ഇതൊന്നും മാധ്യമങ്ങൾക്കു മനസ്സിലാവില്ല. സംഭവം അവർ വാർത്തയാക്കിയതു മൂന്നാം ലോകയുദ്ധം തുടങ്ങിയെന്ന മട്ടിലാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ മാണി ഗ്രൂപ്പിന് ഒരു തഴപ്പായയും തലയിണയും അനുവദിച്ചതു തന്നെ ഏറെ പ്രയാസപ്പെട്ടിട്ടാണ്. അതും പതിനൊന്നാം മണിക്കൂറിൽ. കാനം സഖാവും കൂട്ടരും ഇതു തടയാൻ പരമാവധി ശ്രമിച്ചതാണ്. ഒടുവിൽ വല്യേട്ടന്റെ കാരുണ്യം കൊണ്ടാണ് ഒരു വിധത്തിൽ അകത്തു ക‌യറിപ്പറ്റിയത്.

വീട്ടുകാർക്കുള്ള അവകാശങ്ങൾ ഒരു കാലത്തും വിരുന്നുകാർക്കു ലഭിക്കില്ല. അഥവാ, ലഭിക്കണമെങ്കിൽ അതിനു കാലം കുറച്ചെടുക്കും. കുറെക്കാലം പുരപ്പുറം തൂത്താലേ പുത്തനച്ചിക്കു മേൽഗതി ഉണ്ടാവൂ. ഇക്കാര്യം ജോമോനാണ് ഏറ്റവും നന്നായി അറിയാവുന്നത്. മാണി സാറിന്റെ 13–ാം ബജറ്റ് അവതരണമായിരിക്കണം പാലാ നഗരസഭാ യോഗം നടക്കുമ്പോൾ സിപിഎം കൗൺസിലറുടെ മനസ്സിൽ തെളിഞ്ഞത്. മാണി ഗ്രൂപ്പുകാരെ എവിടെക്കണ്ടാലും തടയുകയും തല്ലുകയും വേണമെന്ന പഴയ സിദ്ധാന്തം കൗൺസിലർ പ്രായോഗികമാക്കി എന്നേയുള്ളൂ. ഇടതുപക്ഷ ജനാധിപത്യ ഐക്യത്തിനായി മാണി ഗ്രൂപ്പുകാർക്ക് ഇനിയും കുറെ തല്ലു കൊള്ളേണ്ടി വന്നേക്കും. അതിനെല്ലാം പാർട്ടി തയാറാണ്. ക്ഷമയാണു ശക്തന്റെ ആയുധം. അതു പാർട്ടിയുടെ ഖജനാവിൽ ആവശ്യത്തിലേറെയുണ്ട്.

സ്റ്റോപ് പ്രസ്: പിണറായി പാർട്ടിയുടെ സ്വത്താണെന്നു കോടിയേരി.
പൊതുമുതൽ നശിപ്പിക്കുന്നതു കുറ്റകരമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA