മലക്കം മറി​ഞ്ഞ് ഇമ്രാൻ ഖാൻ

1200-imran-khan
SHARE

ഇന്ത്യയിൽനിന്നു പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യുന്ന വിഷയത്തിൽ കഴിഞ്ഞയാഴ്ച പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ ഉന്നതങ്ങളിൽ നാടകീയ സംഭവങ്ങളാണുണ്ടായത്. നയപരമായ മലക്കംമറിച്ചിലുകളുടെ പേരിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പരിഹാസ്യനാവുകയും ചെയ്തു.

വാണിജ്യ വകുപ്പ് നിയന്ത്രിച്ചിട്ടും പ്രധാനമന്ത്രിക്കു പാളി

ഇന്ത്യയിൽനിന്നു പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാനുള്ള വാണിജ്യ മന്ത്രാലയത്തിന്റെ ശുപാർശയ്ക്കു പുതിയ ധനമന്ത്രി ഹമ്മാദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള കാബിനറ്റ് സാമ്പത്തിക ഏകോപന സമിതി അംഗീകാരം നൽകിയതാണ്. ടെക്സ്റ്റൈൽ കമ്പനികളുടെയും ഉപഭോക്താക്കളുടെയും വർധിച്ച ആവശ്യം പരിഗണിച്ചായിരുന്നു ഇത്. നിയന്ത്രണ രേഖയിലെ വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളുടെ സൂചനയായാണ് ഇറക്കുമതി തീരുമാനം വിലയിരുത്തപ്പെട്ടത്. എന്നാൽ, ജമ്മു കശ്മീരിനു പ്രത്യേക പദവി പുനഃസ്ഥാപിക്കും വരെ ഇന്ത്യയിൽനിന്ന് ഇറക്കുമതി വേണ്ടെന്നാണ് ഒരാഴ്ച കഴിഞ്ഞ് ഇമ്രാൻ ഖാന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് തീരുമാനിച്ചത്. 

തമാശ അതല്ല, വാണിജ്യമന്ത്രി എന്ന നിലയിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അംഗീകരിച്ച ശുപാർശയാണു കാബിനറ്റ് കമ്മിറ്റിക്ക് അയച്ചത്. എന്നാൽ പ്രധാനമന്ത്രിയായ ഖാന്, വാണിജ്യമന്ത്രിയായ ഖാന്റെ പ്രവൃത്തിയെ പ്രതിരോധിക്കാനായില്ല. ഇക്കാര്യം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും ടിവിയിലും പ്രധാനമന്ത്രിക്കെതിരെ വ്യാപക പരിഹാസമുയർന്നു. ഒരു ഹാസ്യപരിപാടിയിൽ പ്രധാനമന്ത്രിയുടെ വീട്ടിലേക്കു ഫോൺ വിളിച്ച് വാണിജ്യമന്ത്രിയോടു സംസാരിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ വാണിജ്യമന്ത്രി ഇപ്പോൾ അവിടെ താമസമില്ലെന്ന മറുപടിയാണു ലഭിക്കുന്നത്. 

പക്ഷേ, ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷം കുറയ്ക്കാനായി യുഎസ്, റഷ്യ, യുഎഇ എന്നീ രാജ്യങ്ങളുടെ നിരന്തര സമ്മർദമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിനായി പിൻവാതിൽ നയതന്ത്രം സജീവമാണ്. മുതിർന്ന ഉദ്യോഗസ്ഥർക്കു പുറമേ, വ്യവസായികൾ അടക്കമുള്ള പ്രമുഖരും രംഗത്തുണ്ട്. ഇരുരാജ്യങ്ങൾക്കിടയിൽ വിശ്വാസം വളർത്താനായി യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് ഇടപെട്ടെന്ന റിപ്പോർട്ടുകൾ ഇന്ത്യയും പാക്കിസ്ഥാനും നിഷേധിച്ചിട്ടുമില്ല. 

സാമ്പത്തിക ഏകോപന സമിതി യോഗത്തിൽ സന്നിഹിതനായിരുന്ന വിദേശകാര്യ മന്ത്രി ഷാ അഹമ്മദ് ഖുറേശിയുടെ നേതൃത്വത്തിലുള്ള സംഘമാണു കാബിനറ്റിൽ ഇറക്കുമതി ശുപാർശയെ എതിർത്തത്. ഇന്ത്യയുമായുള്ള ഏതു സാമ്പത്തിക ഇടപാടും ന്യൂഡൽഹിയുടെ പുതിയ കശ്മീർ നയത്തെ വകവച്ചുകൊടുക്കുന്നതിനു തുല്യമാകുമെന്ന വാദത്തിനുമുന്നിൽ ഇമ്രാൻ ഖാനു വഴങ്ങേണ്ടിവന്നു. 

പ്രധാനമന്ത്രിമാരുടെ കൈകടത്തൽ ഇന്ത്യയിലും

മറ്റെല്ലാ പാർലമെന്ററി ജനാധിപത്യത്തിലുമെന്നപോലെ, ഇന്ത്യയിലും ചില വകുപ്പുകൾ വിവിധ കാരണങ്ങളാൽ പ്രധാനമന്ത്രി നേരിട്ടു കൈകാര്യം ചെയ്യാറുണ്ട്. ചിലപ്പോൾ അതു വകുപ്പുമന്ത്രിയുടെ രാജിയോ മരണമോ മൂലമാകാം. അല്ലെങ്കിൽ പെട്ടെന്നു മന്ത്രിസഭാ അഴിച്ചുപണി സാധ്യമല്ലാത്തതുകൊണ്ടുമാകാം. ചില പ്രധാനമന്ത്രിമാർക്കു ചില വകുപ്പുകളോടുള്ള പ്രത്യേക താൽപര്യം കൊണ്ട് അതു നേരിട്ടു കൈകാര്യം ചെയ്യാറുണ്ട്. ജവഹാർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന 17 വർഷവും വിദേശകാര്യം അദ്ദേഹമാണു കൈകാര്യം ചെയ്തിരുന്നത്. പ്രധാനമന്ത്രിയായിരുന്ന 11 മാസവും ഐ.കെ. ഗുജ്റാളും വിദേശകാര്യം മറ്റാർക്കും വിട്ടുകൊടുത്തില്ല. വി.പി. സിങ് ധനമന്ത്രിയായിരിക്കെ, പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള അഭിപ്രായഭിന്നതകളെത്തുടർന്ന് അദ്ദേഹത്തെ പ്രതിരോധ വകുപ്പിലേക്കു മാറ്റുകയുണ്ടായി. തുടർന്നു ധനവകുപ്പ് ഏറ്റെടുത്ത രാജീവ് ബജറ്റ് അവതരണവും നടത്തി. 

കാബിനറ്റ് മന്ത്രിയായിരുന്ന ആളെ സ്വന്തം സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ചുമതല നൽകി അയച്ചപ്പോൾ, അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പു മറ്റാർക്കും നൽകില്ലെന്നു പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത സംഭവവും ഉണ്ട്. പക്ഷേ ഇതാകട്ടെ മന്ത്രിക്കു ഗുണകരമല്ലാത്ത സ്ഥിതിയിലേക്കാണു നയിച്ചത്. ശരദ് പവാറിന്റെ കാര്യമാണു പറയുന്നത്. 1991 ൽ അർജുൻ സിങ്ങിനെതിരെ പി.വി. നരസിംഹറാവുവിനു പവാർ പിന്തുണ നൽകി. പ്രതിരോധമന്ത്രിയായി കേന്ദ്രത്തിൽ സ്വാധീനം വളർത്തിവരുന്നതിനിടെയാണു 1993 ൽ മഹാരാഷ്ട്രയിൽ വൻ ഭൂകമ്പം നാശമുണ്ടാക്കിയത്.

മഹാരാഷ്ട്രയുടെ പ്രതിസന്ധിയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ പവാർ തന്നെ പോകണമെന്ന് റാവു നിലപാടെടുത്തു. ഏതാനും മാസങ്ങൾക്കം പവാറിനു ഡൽഹിയിലേക്കുതന്നെ മടങ്ങിയെത്താം എന്ന നിലയിലായിരുന്നു ഇത്. ബോംബെയിലേക്കു (അന്നു മുംബൈ ആയിട്ടില്ല) പവാർ പോയതോടെ, റാവുവിനെയും പവാറിനെയും എതിർക്കുന്ന ഗ്രൂപ്പുകൾ സോണിയ ഗാന്ധിക്കു ചുറ്റും കൂടി. സോണിയ അതുവരെ രാഷ്ട്രീയത്തിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. മൂന്നു വർഷത്തോളം റാവു നേരിട്ടു പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തെങ്കിലും കോൺഗ്രസിന്മേലുള്ള റാവുവിന്റെ പിടി അയഞ്ഞതോടെ പവാറും പിന്തള്ളപ്പെട്ടുപോയി. 

കാബിനറ്റ് പരിഗണനയ്ക്കായി മന്ത്രിമാർക്കു ശുപാർശകൾ സമർപ്പിക്കാമെങ്കിലും അവ അജൻഡയിൽ ഉൾപ്പെടുത്താൻ വിധം പ്രാധാന്യമുള്ളതാണോ എന്നു തീരുമാനിക്കുന്നതു പ്രധാനമന്ത്രിയാണ്. സിവിൽ സർവീസ് തലവനായ കാബിനറ്റ് സെക്രട്ടറിയുടെ സഹായത്തോടെയാണ് പ്രധാനമന്ത്രി തീരുമാനങ്ങളെടുക്കുന്നത്. ചില ശുപാർശകൾ മറ്റു ചില മന്ത്രിമാരുടെ പരിഗണനയ്ക്കു കൂടി വിട്ടുകൊടുക്കാറുണ്ട്. എന്നാൽ ഏതെങ്കിലും വകുപ്പിന്റെ മന്ത്രിയെന്ന നിലയിൽ പ്രധാനമന്ത്രി അംഗീകരിച്ച് ഒപ്പിട്ട ശുപാർശ, സാധാരണ നിലയിൽ കാബിനറ്റോ കാബിനറ്റ് സമിതിയോ തള്ളാറില്ല. 2005 ൽ യുഎസ് ഉപരോധത്തിലായിരുന്ന ഇറാഖുമായി ഇന്ത്യയുണ്ടാക്കിയ ഭക്ഷണത്തിനു പകരം എണ്ണ കരാർ വിവാദമായതോടെയാണു വിദേശകാര്യമന്ത്രി നട്‌വർ സിങ് രാജിവച്ചത്. യുഎസ് പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷുമായി ഇന്ത്യയുണ്ടാക്കുന്ന ആണവക്കരാറിന്റെ പേരിൽ അതൃപ്തനായ മന്ത്രിയെയാണു പ്രധാനമന്ത്രി മൻമോഹൻ സിങ് അഭിമുഖീകരിച്ചത്.

നട്‌വർ സിങ്ങിന്റെ രാജി സൗകര്യപ്രദമായ സമയത്താണു സംഭവിച്ചത്. അതിനാൽ യുഎസുമായുള്ള ചർച്ചകൾ നടക്കുന്ന നിർണായക സമയത്തു വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രി തന്നെ ഏറ്റെടുത്തു. ആ സമയം ആ വകുപ്പ് വിശ്വസിച്ച് ഏൽപിക്കാവുന്ന ഒരാളെ കണ്ടെത്താൻ മൻമോഹനു കഴിഞ്ഞില്ല. സർക്കാരിനെ പുറത്തുനിന്നു പിന്തുണച്ച ഇടതുകക്ഷികൾ മാത്രമല്ല കോൺഗ്രസിനുള്ളിലെ ഒരു വിഭാഗവും കരാറിനെതിരെ ശക്തമായ നിലപാടാണു സ്വീകരിച്ചത്. കരാർ നടപടികൾ വിജയകരമായി പൂർത്തികരിച്ചശേഷം, നട്‌വർ സിങ് രാജിവച്ച് 11 മാസം കഴിഞ്ഞാണു മൻമോഹൻ സിങ് വിദേശമന്ത്രാലയ ചുമതല പ്രതിരോധമന്ത്രി കൂടിയായ പ്രണബ് മുഖർജിക്കു കൈമാറിയത്. 

വകുപ്പ് ഏറ്റെടുക്കുമ്പോൾ സംഭവിക്കുന്നത്

പക്ഷേ, വകുപ്പുകൾ പ്രധാനമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതും ചിലപ്പോൾ പാളിപ്പോകാം. കൽക്കരി മന്ത്രാലയത്തിന്റെ ചുമതല മൻമോഹൻ സിങ് വഹിച്ചിരുന്ന കാലത്താണു കൽക്കരിപ്പാടങ്ങൾ സ്വകാര്യ മേഖലയിൽ ടെൻഡർ വിളിക്കാതെ നൽകിയത്. മോദി സർക്കാർ അധികാരത്തിലേറിയപ്പോൾ, മൻമോഹൻ സിങ്ങിനും ചില ഉദ്യോഗസ്ഥർക്കുമെതിരെ സിബിഐ പ്രാഥമികാന്വേഷണം നടത്തി കേസെടുത്തിരുന്നു. എന്നാൽ സുപ്രീം കോടതിയുടെ സ്റ്റേ മുൻപ്രധാനമന്ത്രിയെ രക്ഷിച്ചു. 

സംസ്ഥാനങ്ങളിൽ നിർണായക വകുപ്പുകൾ മുഖ്യമന്ത്രി തന്നെയാണു കൈകാര്യം ചെയ്യുക. വിശേഷിച്ചും ധനകാര്യം. ഖനന മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടായ 1990-2015 കാലത്തു പല സംസ്ഥാനങ്ങളിലും മൈനിങ്, ജിയോളജി വകുപ്പുകൾ മുഖ്യമന്ത്രി നേരിട്ടു കൈകാര്യം ചെയ്തിരുന്നു. സിമന്റ്, മണൽ, ലോഹം എന്നിവയ്ക്കു വൻ ഡിമാൻഡായതോടെ, ഇഷ്ടം പോലെ ഫണ്ട് വരുന്ന ഒരു വകുപ്പ് എന്ന നിലയിലായിരുന്നു ഇത്. 

തന്റെ മുൻഗാമികളെപ്പോലെ, പ്രമുഖ വകുപ്പുകൾ കൈവശം വയ്ക്കുന്ന രീതിയല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. പരമ്പരാഗതമായി പ്രധാനമന്ത്രിയുടെ കീഴിൽ വരാറുള്ള പഴ്സനേൽ, ആണവോർജം, ബഹിരാകാശം തുടങ്ങിയ വകുപ്പുകൾ മാത്രമാണു മോദി കൈകാര്യം ചെയ്യുന്നത്. മോദി സർക്കാരിൽ ഒരു മന്ത്രി തന്നെ ഒന്നിലധികം പ്രധാനവകുപ്പുകൾ കൈകാര്യം ചെയ്യുന്ന രീതിയുമുണ്ട്. നരേന്ദ്ര മോദി അധികാരമേറ്റപ്പോൾ, നയപരമായ എല്ലാ പ്രധാന വിഷയങ്ങളും പ്രധാനമന്ത്രിക്കു കീഴിൽ വരുമെന്നു രാഷ്ട്രപതി ഭവൻ ഉത്തരവിറക്കിയിരുന്നു. ഏതാണു നയപരമായി പ്രാധാന്യമുള്ളതെന്നു പ്രധാനമന്ത്രി നിശ്ചയിക്കുന്നതോടെ, മന്ത്രിമാർക്കു കൃത്യമായ സന്ദേശം ലഭിക്കുന്നു. പക്ഷേ, പാക്കിസ്ഥാനിലാകട്ടെ ഇമ്രാൻ ഖാനു സ്വന്തം വകുപ്പിന്റെ വിധി പോലും നിയന്ത്രിക്കാനായില്ല.

English Summary: Imran Khan's change in stand

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA