മാവോയിസ്റ്റ് തേർവാഴ്ച

HIGHLIGHTS
  • നേരിടൽ മാത്രമല്ല, രാഷ്ട്രീയ പരിഹാരവും വേണം
SHARE

ഇടവേളയ്ക്കു ശേഷം ഛത്തീസ്ഗഡിലുണ്ടായ മാവോയിസ്റ്റ് ആക്രമണം രാജ്യത്തെ നടുക്കി. കേരളം പോളിങ് ബൂത്തിലേക്കു നീങ്ങുന്ന ഈ ദിവസം, രണ്ടര വർഷം മുൻപു ഛത്തീസ്ഗഡിൽനിന്നു വന്ന ഒരു തിരഞ്ഞെടുപ്പു വാർത്ത ഓർക്കാതെ വയ്യ. ബസ്തർ മേഖലയിൽപെട്ട ബിജാപുർ, സുക്മ ജില്ലകളിലെ കലക്ടർമാർ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ തിരഞ്ഞെടുപ്പു കമ്മിഷനോട് അപൂർവമായൊരു അഭ്യർഥന നടത്തി. വോട്ടു ചെയ്യുന്നവരുടെ ചൂണ്ടുവിരലിൽ മഷി പുരട്ടരുത്. കാരണം, മഷി അടയാളം നോക്കി വിരൽ ഛേദിക്കുമെന്നു മാവോയിസ്റ്റ് ഭീഷണിയുണ്ട്. ആ മേഖലയിലെ ഒട്ടേറെ ബൂത്തുകളിൽ ഒരാൾ പോലും വോട്ട് െചയ്യാനെത്തിയതുമില്ല.

മേൽപറഞ്ഞ ബിജാപുർ, സുക്മ ജില്ലകളുടെ അതിർത്തിയിലാണ് ശനിയാഴ്ച മാവോയിസ്റ്റ് ആക്രമണത്തിൽ 22 ജവാൻമാർ വീരമൃത്യു വരിച്ചത്. ഇതിനെക്കാൾ രൂക്ഷമായ ആക്രമണങ്ങളുടെ ചരിത്രം ഛത്തീസ്ഗഡിനുണ്ട്. 2010 ഏപ്രിൽ 6ന് ദന്തേവാഡ മേഖലയിൽ കുഴിബോംബ് ആക്രമണത്തിലും വെടിവയ്പിലുമായി 76 സിആർപിഎഫ് ഭടന്മാരാണു കൊല്ലപ്പെട്ടത്. 2013 മേയ് 25ന് സുക്മ ജില്ലയിൽ കോൺഗ്രസിന്റെ വാഹനവ്യൂഹം തടഞ്ഞു നടത്തിയ വെടിവയ്പിൽ മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ, പിസിസി അധ്യക്ഷൻ നന്ദകുമാർ പട്ടേൽ എന്നിവരടക്കം 27 പേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി.സി. ശുക്ല രണ്ടാഴ്ചയ്ക്കു ശേഷം ആശുപത്രിയിൽ മരണമടയുകയായിരുന്നു. വലുതും ചെറുതുമായ നിരന്തര ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരേറെ.

സ്ഫോടനപരമ്പരകളിലും മറ്റും രാജ്യത്തെ വൻനഗരങ്ങൾ പല തവണ വിറച്ചിട്ടുണ്ടെങ്കിലും നഗര കേന്ദ്രീകൃത ഭീകരപ്രവ‍ർത്തനങ്ങളിൽനിന്നു വ്യത്യസ്തമാണ് ഗ്രാമീണ ഭാരതത്തിലെ മാവോയിസ്റ്റ് ഭീഷണി. രാജ്യത്ത് ഇതേവരെ രൂപമെടുത്ത ഇടതു തീവ്രവാദ പ്രസ്‌ഥാനങ്ങളിൽ ഏറ്റവും ശക്‌തമെന്നു വിശേഷിപ്പിക്കുന്ന സിപിഐ (മാവോയിസ്‌റ്റ്) സംഘടനയുടെ സേനാ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില ആർമിയാണ് ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിൽ എന്നാണു വിവരം.

ഛത്തീസ്ഗഡിൽ 2018ൽ ഭൂപേഷ് ഭാഗൽ സർക്കാർ അധികാരത്തിൽ വന്ന ശേഷം കീഴടങ്ങൽ പദ്ധതി കൊണ്ടുവന്നതും മാവോയിസ്റ്റുകളുടെ പൂർണ നിയന്ത്രണത്തിലുള്ള മേഖലകളിൽ 19 സൈനിക ക്യാംപുകൾ സ്ഥാപിച്ചതും സംഘടനയെ പ്രകോപിപ്പിച്ചതായാണു റിപ്പോർട്ടുകൾ. ഇതോടെ, സൈനികർക്കു പുറമേ ഗ്രാമീണർക്കെതിരെയും ആക്രമണം ശക്തമായി. കഴിഞ്ഞ ഒക്ടോബർ– ഡിസംബർ കാലയളവിൽ മാത്രം 25 ഗ്രാമീണർ കൊല്ലപ്പെട്ടു. പണം വാങ്ങി സുരക്ഷാ സൈനികർക്കു വിവരങ്ങൾ നൽകുന്നുവെന്നതായിരുന്നു ഇവരുടെ മേൽ ആരോപിച്ച ‘കുറ്റം’.

വ്യവസായ ലോബികളുടെയും സർക്കാരിന്റെ തന്നെയും ചൂഷണം ഉൾപ്പെടെയുള്ള സാമൂഹിക കാരണങ്ങളും മാവോയിസ്റ്റ് വേരോട്ടത്തിനു പിന്നിലുണ്ട് എന്നതും വസ്തുതയാണ്. എന്നാൽ, പലയിടത്തും സമാന്തര ഭരണം സ്ഥാപിച്ച് അവർ ചൂഷണത്തിന്റെ മറ്റൊരു മുഖമാകുന്നുമുണ്ട്. 13 സംസ്‌ഥാനങ്ങളിലായി നൂറ്റിയൻപതിലേറെ ജില്ലകളിൽ ശക്‌തമായ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നാണു സർക്കാർ കണക്ക്. മധ്യ ഇന്ത്യയിൽ ഛത്തീസ്ഗഡ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലായി പടർന്നുകിടക്കുന്ന ദണ്ഡകാരണ്യ വനങ്ങൾ അവരുടെ ഏറ്റവും വലിയ സ്വാധീന മേഖലയാണ്. ‘ദണ്ഡകാരണ്യം’ എന്നാൽ നീതി നടപ്പാക്കുന്ന കാട് എന്നർഥം. ദണ്ഡകാരണ്യത്തിൽ ചുവടുറപ്പിച്ച് തങ്ങളുടേതായ രീതിയിൽ ശിക്ഷ നടപ്പാക്കുന്ന പ്രസ്‌ഥാനമായിരിക്കുകയാണ് ഇപ്പോൾ സിപിഐ (മാവോയിസ്‌റ്റ്).

ഈ മേഖലയിൽ സൈന്യത്തിന്റെ ഇന്റലിജൻസ് സംവിധാനം എത്രത്തോളം ഫലപ്രദമെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. മാവോയിസ്റ്റുകളുടെ കെണിയിലേക്കു സുരക്ഷാ സൈനികർ ചെന്നു വീഴുകയായിരുന്നുവെന്നുപോലും വിലയിരുത്തലുണ്ട്. സൈനികർ വൻസംഘമായി ഒരുമിച്ചുനീങ്ങുന്നതിലെ അപകടം മുൻപ് പുൽവാമ ആക്രമണ വേളയിലും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

മാവോയിസ്റ്റുകളെ മുഖ്യധാരയിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് അനുകൂല പ്രതികരണമുണ്ടായിട്ടില്ല. സൈനികമായി നേരിടുന്നതുപോലെ തന്നെ പ്രധാനമാണ്, ഇവർക്ക് ആയുധവും പണവുമെത്തുന്ന വഴികൾ അടയ്ക്കുകയെന്നതും. ലഹരിമരുന്നു കച്ചവടം ഉൾപ്പെടെയുള്ള സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുന്നതിനുള്ള ഗൗരവപൂർണമായ ഇടപെടൽ അനിവാര്യമാണ്. ഒപ്പം, മാവോയിസ്റ്റുകൾക്കു വേരുറപ്പിക്കാൻ വഴിയൊരുക്കിയ സാമൂഹിക സാഹചര്യങ്ങളെ അഭിസംബോധന ചെയ്യുകയും വേണം. ആ ചുമതല നിറവേറ്റേണ്ടതാകട്ടെ, നമ്മുടെ രാഷ്ട്രീയ നേതൃത്വമാണ്.

English Summary: Chhattisgarh maoist attack - editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA