കോവിഡിന്റെ രണ്ടാം തരംഗം; തയാറെടുപ്പ് അനിവാര്യം

TOPSHOT-US-HEALTH-VIRUS
ഡോ. പത്മനാഭ ഷെണോയ്
SHARE

ഒന്നാം തരംഗം പല സംസ്ഥാനങ്ങളിലും പല സമയങ്ങളിലാണ് ഉയർന്ന നിലയിലെത്തിയത്. ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണ്. ഒട്ടേറെ സംസ്ഥാനങ്ങളിൽ ഒരുമിച്ചാണ് രോഗവ്യാപനം. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആദ്യ തരംഗത്തിൽ ഉണ്ടായതിനെക്കാൾ ഇരട്ടിയിലേറെ പ്രതിദിന കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്....

കോവിഡിന്റെ രണ്ടാം തരംഗം യാഥാർഥ്യമാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളും ഇന്ന് കോവിഡിന്റെ രണ്ടാം തരംഗം നേരിടാനാവാതെ പ്രതിസന്ധിയിലാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആദ്യ തരംഗത്തിൽ ഉണ്ടായതിനെക്കാൾ ഇരട്ടിയിലേറെ പ്രതിദിന കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.

കോവിഡ് രണ്ടാം തരംഗം നാളെ കേരളത്തിലുമുണ്ടായേക്കാം. അതിന്റെ ചില സൂചനകൾ ഇപ്പോൾ പ്രകടമാണ്. താഴേക്കുവന്ന പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഇപ്പോൾ കൂടി വരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ കാര്യവും അങ്ങനെ തന്നെ. 3.42 ശതമാനത്തിലേക്കു താഴ്ന്ന ടിപിആർ ഇപ്പോൾ 5 കടന്നു. കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തെ നേരിടാൻ നമ്മൾ തയാറെടുത്തേ മതിയാകൂ.

ഒന്നാം തരംഗത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 3 മാസത്തോളം വൈകിയാണു കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന നിലയിലേക്ക് (പീക്ക്) എത്തിയത്. സ്വാഭാവികമായും രണ്ടാം തരംഗത്തിൽ അവിടെ ഇപ്പോൾ സംഭവിക്കുന്നതു കുറച്ചു മാസങ്ങൾക്കുള്ളിൽ ഇവിടെയുമുണ്ടാകാം. ഒരുപക്ഷേ, ഏപ്രിൽ അവസാനവും മേയ് മാസത്തിലുമായി കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വലിയ തോതിൽ വർധിക്കാനുള്ള സാധ്യത നിലനിൽക്കുന്നു.

എന്തുകൊണ്ട് രണ്ടാം തരംഗം?

കോവിഡ് കേസുകളുടെ എണ്ണം എന്തുകൊണ്ടാണു വീണ്ടും ഉയരുന്നതെന്ന സംശയമുണ്ടാകാം. അതിനു പല കാരണങ്ങളുണ്ട്.

∙ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിലെ വീഴ്ച: നേരത്തേ നമുക്കുണ്ടായിരുന്ന കരുതൽ ഇപ്പോഴില്ലെന്നു വ്യക്തം. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും കൈകൾ അണുവിമുക്തമാക്കുന്നതിലും നേരത്തേ പുലർത്തിയിരുന്ന ജാഗ്രത നമ്മൾ ഇപ്പോൾ കാണിക്കുന്നുണ്ടോ? ഈ ജാഗ്രതക്കുറവ് തന്നെയാണു കൊറോണ വൈറസിന് അവസരം നൽകുന്നതും.

∙ വാക്സീൻ സൃഷ്ടിച്ച തെറ്റായ സുരക്ഷാ ബോധം: വാക്സീൻ കുത്തിവയ്പ് ആരംഭിച്ചതോടെ നമ്മൾ സുരക്ഷിതരായി എന്ന തെറ്റായ ധാരണയുണ്ടായി. കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതിരിക്കാൻ ഇതും കാരണമായി.

∙ രണ്ടാം തരംഗം വരില്ല!: കേസുകൾ കുറഞ്ഞതോടെ കോവിഡ് അവസാനിച്ചുവെന്നും രണ്ടാം തരംഗം ഇവിടെയുണ്ടാവില്ലെന്നുമുള്ള തെറ്റായ ധാരണ നമുക്കുണ്ടായി. ഷോപ്പിങ് മാളുകളും സിനിമാശാലകളും തുറന്നു. ട്രെയിനുകൾ പതിവുപോലെ ഓടാൻ തുടങ്ങി. സ്കൂളുകളും പ്രവർത്തനം തുടങ്ങി. നമ്മൾ സാധാരണ രീതിയിലേക്കു മടങ്ങി.

ജനിതക വ്യതിയാനം സംഭവിച്ച വൈറസുകൾ കൂടുതൽ അപകടകരമായ രീതിയിൽ രോഗവ്യാപനത്തിന് ഇടയാക്കാനുള്ള സാധ്യതയുമുണ്ട്. ഇതെക്കുറിച്ചുള്ള പഠനങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂ.

ഒന്നാം തരംഗവും രണ്ടാം തരംഗവും

ഒന്നാം തരംഗത്തിൽ കോവിഡ് കൂടുതലായി പടർന്നുപിടിച്ചതു മെട്രോ നഗരങ്ങളിലായിരുന്നു. പ്രത്യേകിച്ചും മെട്രോ നഗരങ്ങളിലെ ചേരി പ്രദേശങ്ങളിലാണു കോവിഡ് കൂടുതലായി ബാധിച്ചത്. എന്നാൽ രണ്ടാം തരംഗത്തിൽ കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് രണ്ടാംനിര നഗരങ്ങളിലാണ്. മഹാരാഷ്ട്രയിലെ നാന്ദേഡ്, കോലാപ്പൂർ തുടങ്ങിയ നഗരങ്ങളിൽ വലിയ തോതിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നു.

രണ്ടാം തരംഗത്തിലെ മറ്റൊരു പ്രത്യേകതയായി വിലയിരുത്തപ്പെടുന്നത് ഇത്തവണ കൂടുതൽ രോഗബാധ ഇടത്തരക്കാർക്ക് ഇടയിലാണെന്നതാണ്. മെട്രോ നഗരങ്ങളിൽ ലഭ്യമായതു പോലുള്ള ചികിത്സ, പരിശോധനാ സൗകര്യങ്ങൾ രണ്ടാംനിര നഗരങ്ങളിലുണ്ടാവില്ല. അതുകൊണ്ടു തന്നെ രോഗബാധ കണ്ടുപിടിക്കാനും ചികിത്സ കിട്ടാനും വൈകാൻ സാധ്യതയേറെ. ഇതു മരണനിരക്ക് കൂടാനും ഇടയാക്കും.

ഒന്നാം തരംഗം പല സംസ്ഥാനങ്ങളിലും പല സമയങ്ങളിലാണ് ഉയർന്ന നിലയിലെത്തിയത്. എന്നാൽ, ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. എല്ലാ സംസ്ഥാനങ്ങളിലും ഒരുമിച്ചാണു രോഗവ്യാപനമുണ്ടാകുന്നത്. പ്രതിദിന കേസുകൾ ഇപ്പോൾ ഒരു ലക്ഷം കടന്നു. ഏറെ വൈകാതെ ഒന്നര ലക്ഷം മുതൽ 2 ലക്ഷം വരെയെത്താൻ പോലും സാധ്യതയുണ്ട്. 

കേരളത്തിലെ സാധ്യത

ഇപ്പോഴത്തെ സാഹചര്യത്തിൽ കേരളത്തിലും രണ്ടാം തരംഗം വരാനുള്ള സാധ്യതയേറെയാണ്. ഐസിഎംആർ നടത്തിയ സിറോ സർവേയിൽ രാജ്യത്ത് ഏകദേശം 20% പേരിലാണു കോവിഡ് ആന്റിബോഡിയുള്ളതായി കണ്ടെത്തിയത്. വാക്സീൻ കുത്തിവയ്പ് വഴി 5% പേർക്കു കൂടി രോഗപ്രതിരോധ ശേഷി ലഭിച്ചുവെന്നു കരുതാം. എങ്കിലും ബാക്കിയുള്ള 75% പേർക്കും കോവിഡ് പിടിപെടാനുള്ള സാധ്യത നിലനിൽക്കുന്നു.

കേരളത്തിൽ നടത്തിയ സിറോ സർവേയിൽ 10% പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. 5% പേർക്കു വാക്സീൻ കുത്തിവയ്പ് വഴി പ്രതിരോധശേഷി ലഭിച്ചുവെന്നു കരുതിയാലും 85% പേർ ഇപ്പോഴും രോഗം പിടിപെടാൻ സാധ്യതയുള്ളവരാണ്. അതുകൊണ്ടു തന്നെ ഇവിടെ കോവിഡ് രണ്ടാം തരംഗത്തിനുള്ള സാധ്യത നിലനിൽക്കുന്നു.

നേരിടുന്നത് എങ്ങനെ?

കോവിഡ് രണ്ടാം തരംഗം ഉണ്ടായാൽ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ഇപ്പോഴേ ചിന്തിക്കണം. ഒന്നാം തരംഗത്തെ നേരിടുന്നതിൽ നമുക്ക് കൃത്യമായ ആസൂത്രണമുണ്ടായിരുന്നു. ലോക്ഡൗൺ ഏർപ്പെടുത്തി. ഇതോടെ നമുക്കു സമയം ലഭിച്ചു. ആരോഗ്യ സംവിധാനങ്ങൾ കോവിഡിനെ നേരിടാനുള്ള ശരിയായ തയാറെടുപ്പുകൾ നടത്തി.

എന്നാൽ, ഇപ്പോൾ ഈ ആരോഗ്യ സംവിധാനങ്ങളെല്ലാം പഴയ രീതിയിലേക്കു മടങ്ങിക്കഴിഞ്ഞു. കോവിഡ് ആശുപത്രികളായി പ്രവർത്തിച്ചിരുന്നവ ഇപ്പോൾ അങ്ങനെയല്ലാതായി. അവിടെ കോവിഡ് ഇതര രോഗികളെയും പ്രവേശിപ്പിച്ചു. കോവിഡിനെ നേരിടാനായി മാത്രം നിയോഗിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കുറവാണ്. കുറെയേറെ ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധ വാക്സിനേഷനിലാണ്.

കോവിഡിന്റെ രണ്ടാം തരംഗമുണ്ടായ മറ്റു നഗരങ്ങളിലെല്ലാം ഇപ്പോൾ ആശുപത്രികളിൽ കോവിഡ് കിടക്കകളുടെ ലഭ്യതക്കുറവ് വലിയ പ്രശ്നമായിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ രണ്ടാം തരംഗം മുന്നിൽക്കണ്ട് നമ്മൾ ഇപ്പോൾ തന്നെ തയാറെടുക്കണം. കോവിഡ് ചികിത്സ സംബന്ധിച്ച വ്യക്തമായ ധാരണ നമുക്ക് ഇപ്പോൾ ഉണ്ടെന്നതിനാൽ ഈ തയാറെടുപ്പുകൾ വളരെ വേഗം പൂർത്തിയാക്കാനാകും. കോവിഡിന്റെ രണ്ടാം തരംഗം വരുമെന്നു കരുതിത്തന്നെ ആശുപത്രികളും കിടക്കകളും ഐസിയുകളും തയാറാക്കി വയ്ക്കണം.

മടങ്ങാം, പഴയ ശീലങ്ങളിലേക്ക്

∙ മാസ്ക് ധരിക്കുക, കൈകൾ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മറക്കാതിരിക്കാം. ഇതോടൊപ്പം തന്നെ അടച്ചിട്ട മുറികളിൽ കഴിയുന്നതു കുറയ്ക്കുക. മുറികളിൽ പരമാവധി വായു സഞ്ചാരം ഉറപ്പാക്കുക.

∙ കൂടുതൽ പേർക്കു വാക്സീൻ നൽകുക: നമ്മുടെ മൊത്തം ജനസംഖ്യയുടെ 30–35% പേർക്കെങ്കിലും അടുത്ത ഒന്നര മാസത്തിനുള്ളിൽ വാക്സീൻ നൽകാനുള്ള ശ്രമം നടത്തണം. അതുവഴി രണ്ടാം തരംഗത്തിന്റെ വ്യാപനം വലിയ തോതിൽ‌ കുറയ്ക്കാൻ കഴിയും. കോവിഡ് പൂർണ തോതിൽ നിയന്ത്രിക്കണമെങ്കിൽ ജനസംഖ്യയുടെ 75% പേരെയെങ്കിലും വാക്സിനേറ്റ് ചെയ്യേണ്ടതായി വരും.

വാക്സീൻ എടുത്തവരെയും ചിലപ്പോൾ കോവിഡ് ബാധിക്കാമെങ്കിലും അവരിൽ രോഗം ഗുരുതര സാഹചര്യം സൃഷ്ടിക്കില്ല. അതുവഴി മരണ നിരക്ക് ഗണ്യമായി കുറയ്ക്കാനാകും. കോവിഡിന്റെ രണ്ടാം തരംഗമുണ്ടാകുമെന്നു മറ്റു സംസ്ഥാനങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ  നേരിടാനുള്ള തയാറെടുപ്പുകളും സ്വീകരിച്ചിരുന്നില്ല. ഇതു തിരിച്ചറിഞ്ഞ്, രണ്ടാം  തരംഗത്തെ പ്രതിരോധിക്കാനുള്ള തയാറെടുപ്പുകളും മുൻകരുതലുകളും നമ്മൾ ഇപ്പോൾ തന്നെ തുടങ്ങണം.

(പൊതുജനാരോഗ്യ വിദഗ്ധനായ ലേഖകൻ കൊച്ചിയിൽ ക്ലിനിക്കൽ ഇമ്മ്യൂണോളജിസ്റ്റാണ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA