ADVERTISEMENT

വിജയകരമായ ഓരോ തിരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെതന്നെ വിജയമായി രേഖപ്പെടുത്തേണ്ടതുണ്ട്. ആ വിജയത്തിലാണ് കേരളം ഇന്നലെ മാതൃകാപരമായി കയ്യൊപ്പിട്ടത്. മേയ് രണ്ടിന് ആരൊക്കെ വിജയസോപാനത്തിലേറിയാലും ഇന്നലെത്തന്നെ വിജയം വരിച്ച ചിലരെ നാം ഓർക്കേണ്ടതുണ്ട് – ലക്ഷക്കണക്കിനു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. കോവിഡ് സാഹചര്യത്തിലും തിര‍ഞ്ഞെടുപ്പു ജോലികൾ സൂക്ഷ്മശ്രദ്ധയോടെ, സമർപ്പിതമായി നിർവഹിച്ചവരോടു കേരളം നന്ദി പറയണം. ഇതിനിടെ ചിലയിടത്തുണ്ടായ സംഘർഷവും അക്രമവും കള്ളവോട്ടു നടന്നതായ പരാതികളും തിരഞ്ഞെടുപ്പു ദിനത്തിന്റെ കളങ്കമാവുകയും ചെയ്തു.

തിരഞ്ഞെടുപ്പു ജോലികൾക്കായി 3.17 ലക്ഷം ഉദ്യോഗസ്ഥരെയാണു സംസ്ഥാനത്തു നിയോഗിച്ചത്. ആവേശവും ആഘോഷവുമായി നാടെങ്ങും തിരഞ്ഞെടുപ്പു കൊണ്ടാടിയപ്പോൾ തങ്ങളിലേൽപിക്കപ്പെട്ട വലിയ ഉത്തരവാദിത്തം പൂർണതയിലെത്തിക്കാൻ  കഠിനാധ്വാനം ചെയ്യുകയായിരുന്നു ഇവർ. പൊലീസ് അടക്കമുള്ള നമ്മുടെ സംവിധാനങ്ങളുടെ ഏകോപിത പ്രവർത്തനങ്ങളുടെ ഫലശ്രുതികൂടിയാണ് പതിനഞ്ചാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിജയം.

പെസഹ വ്യാഴം, ദുഃഖവെള്ളി അടക്കമുള്ള അവധി ദിവസങ്ങളിലും സജീവമായി തിരഞ്ഞെടുപ്പു വിഭാഗം പ്രവർത്തിച്ചതു പ്രത്യേകം എടുത്തുപറയണം. ഈസ്റ്റർ ദിനത്തിലും എത്രയോ പേർ ഓഫിസിലെത്തി. ജീവനക്കാരുടെയും വോട്ടിങ് യന്ത്രങ്ങളുടെയും ക്രമീകരണവും മറ്റും അവധിദിവസങ്ങളിലാണു പലയിടത്തും പൂർത്തിയാക്കിയത്. 80 വയസ്സിനു മുകളിലുള്ളവർ അടക്കമുള്ള വോട്ടർമാർക്കായി ആബ്സന്റീ വോട്ടിങ് ചെയ്യിക്കുന്നതിനുള്ള ദിവസങ്ങളിൽ രാത്രി വരെയും ചില കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ ജോലിയെടുത്തു. പോളിങ് ഉദ്യോഗസ്ഥരുടെ വോട്ടിങ്ങിനുള്ള ക്രമീകരണവും ഇതിനിടയിൽ നടക്കുകയുണ്ടായി. 

തിരഞ്ഞെടുപ്പു ഡ്യൂട്ടി പലപ്പോഴും ദുരിതപൂർണമാണ്. ആ ജോലിക്കു നിയോഗിക്കപ്പെടുന്നവർക്കു വേണ്ടത്ര സൗകര്യങ്ങൾ ലഭ്യമാകാതെ വരുന്നതു സംബന്ധിച്ച പരാതികൾ ഈ തിരഞ്ഞെടുപ്പിലും ഉണ്ടായി. സ്ത്രീകളെ തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിക്കുമ്പോൾ കഴിയുന്നതും വീടിനടുത്തുള്ള ബൂത്ത് അനുവദിക്കണമെന്നും പരിമിത സൗകര്യമുള്ള ബൂത്തുകളിൽ സ്ത്രീകളെ നിയോഗിക്കരുതെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നേരത്തേ നിർദേശിച്ചതാണ്. പക്ഷേ, ഈ നിർദേശങ്ങൾ കുറ്റമറ്റു നടപ്പാക്കാനായോ എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ആത്മപരിശോധന നടത്തുകതന്നെ വേണം. കോവിഡ് മാനദണ്ഡങ്ങൾ ചില ബൂത്തുകളിലെങ്കിലും വേണ്ടരീതിയിൽ പാലിക്കപ്പെട്ടില്ല എന്ന പരാതി വോട്ടർമാരിൽനിന്ന് ഇന്നലെ ഉണ്ടായിട്ടുമുണ്ട്.

വ്യക്‌തിപരമായ അസൗകര്യങ്ങളെക്കാൾ ബൂത്തുകളിലെ സംഘർഷസാധ്യതയാണു പല ഉദ്യോഗസ്ഥരെയും ഭയപ്പെടുത്തുന്നത്. ഉദ്യോഗസ്‌ഥർക്കു മതിയായ സുരക്ഷിതത്വവും സൗകര്യങ്ങളും നൽകുക, വനിതകൾക്കു കഴിവതും അടുത്തുള്ള സ്‌ഥലങ്ങളിൽ മാത്രം ഡ്യൂട്ടി നൽകുക, സുരക്ഷാസന്നാഹം ശക്‌തമാക്കുക, പ്രശ്‌നബൂത്തുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങൾ ഓരോ തിരഞ്ഞെടുപ്പു വേളയിലും ഉയരാറുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവർ അതിനു വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നുണ്ടോ എന്നു സംശയം. ജനാധിപത്യത്തിന്റെ കാവൽപ്പടയാളികളെ സുരക്ഷിതരാക്കാനും അവർക്കു വേണ്ട സൗകര്യങ്ങൾ നൽകാനും ഉത്തരവാദപ്പെട്ടവർ ഇനിയെങ്കിലും മറന്നുകൂടാ. 

സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പിന്റെ നൈതികതയും ധാർമികതയും നഷ്ടപ്പെടാതിരിക്കാനുള്ള ചാലകശക്തിയെന്ന നിലയിലുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ സവിശേഷപദവി എക്കാലവും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തവണയും തിരഞ്ഞെടുപ്പു കുറ്റമറ്റ രീതിയിൽ നടത്താൻ കമ്മിഷൻ കാട്ടിയ ശ്രദ്ധ എടുത്തുപറയേണ്ടതു തന്നെ. അതേസമയം, വ്യാജ വോട്ടിന്റെ പെരുപ്പം മുൻകൂട്ടി കണ്ടെത്താൻ കഴിയാതെ പോയതതടക്കമുള്ള പരാതികൾ ആ മികവിനു മങ്ങലേൽപിച്ചു. വരുംതിരഞ്ഞെടുപ്പുകളിലെങ്കിലും സമാന വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ഇപ്പോഴേ ആരംഭിക്കേണ്ടതുണ്ട്. ലോക്സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് ഒരേ വോട്ടർപട്ടിക എന്ന പ്രായോഗികതയ്ക്കു മുൻഗണന നൽകുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com