ഡീൽ ഓർ നോ ഡീൽ!

Image-3
SHARE

തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടയിൽ കെഎസ്ആർടിസിയിൽ നടന്ന ഒരു ഹിതപരിശോധനയുടെ ഫലം പുറത്തു വലിയ ചർച്ചയായില്ലെങ്കിലും സിപിഎമ്മും ഇടതുമുന്നണിയും അതു വളരെ ഗൗരവത്തിലെടുത്തിരുന്നു. പതിറ്റാണ്ടുകളായി സിഐടിയു യൂണിയന് അവിടെ ഉണ്ടായിരുന്ന അജയ്യമായ മേധാവിത്തത്തിന് ആ ഹിതപരിശോധനയിൽ ഇടിവു തട്ടി. 35 ശതമാനത്തോടെ ഒന്നാം സ്ഥാനം അവർ നിലനിർത്തി; പക്ഷേ, തൊട്ടുമുൻപു നടന്ന ഹിതപരിശോധനയെക്കാൾ അവരുടെ വോട്ട് 10 ശതമാനത്തോളം ചോർന്നു. അതിന്റെ ഗുണഭോക്താക്കളായത് ബിഎംഎസ് യൂണിയനാണ്. ഐഎൻടിയുസി രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ ബിഎംഎസ് യൂണിയന് ഇതാദ്യമായി ഔദ്യോഗിക അംഗീകാരം ലഭിച്ചു. 

രണ്ടു കാര്യങ്ങളിലേക്കാണ് ഹിതപരിശോധന വിരൽ ചൂണ്ടിയത്. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് സിപിഎമ്മും സർക്കാരും അവകാശപ്പെടുമ്പോൾ, കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരിൽ തന്നെ അതുണ്ടോ എന്ന സന്ദേഹത്തിനു വഴിവച്ചു. സിപിഎം യൂണിയനു വോട്ടു ചെയ്തിരുന്നവർ ബിജെപി ട്രേഡ് യൂണിയനു മാറ്റിക്കുത്താമെന്നു തെളിയിക്കപ്പെട്ടു. തുടർഭരണ പ്രതീക്ഷ നിറവേറുമോ എന്നറിയാനുള്ള കാത്തിരിപ്പിൽ ഇടതുമുന്നണിയുടെ ഉറക്കം കെടുത്താവുന്നതും ഈ രണ്ടു കാര്യങ്ങൾ തന്നെ. ഒപ്പം നിന്നവർ മനസ്സുകൊണ്ടു തിരിഞ്ഞിരുന്നോ എന്നത്; അതിനപ്പുറം സ്വന്തം വോട്ടും ബിജെപിക്കു പോകുമോ എന്നത്. 

ഇരു മുന്നണികളിലെയും ആ ചോർച്ച

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തു വന്ന ഏഴു മണ്ഡലങ്ങളിൽ നാലിലും ജയിച്ചത് യുഡിഎഫ് തന്നെ. എന്നാൽ, അങ്ങനെ ത്രികോണത്തിലൂടെ വിറപ്പിച്ചില്ലെങ്കിലും വോട്ടുവിഹിതത്തിൽ ബിജെപി മുന്നേറിയ ഭൂരിപക്ഷം മണ്ഡലങ്ങളിലും യുഡിഎഫ് തോറ്റു. കേരളത്തിലെ മണ്ഡലങ്ങളിൽ നേരത്തേ ബിജെപി നേടിയിരുന്ന ഏറ്റവും താഴ്ന്ന വോട്ട് 5000 – 10,000 ആയിരുന്നു. ഇപ്പോൾ അത് 10,000–15,000 ആയി വർധിച്ചു. അധികമായി അവർ നേടുന്ന 5000–7000 വോട്ടിൽ കൂടുതലും മുൻപ് യുഡിഎഫിനു കിട്ടിയിരുന്നതാകാനാണ് എല്ലാ സാധ്യതയും. 

സിപിഎമ്മും ആ ചോർച്ചയ്ക്കു വിധേയരാകുന്നതായി കെഎസ്ആർടിസിയിലെ ഹിതപരിശോധന മാത്രമല്ല തെളിയിക്കുന്നത്; തദ്ദേശ ജനവിധി കൂടിയാണ്. ഇടതുപക്ഷത്തിന് എക്കാലവും മുൻതൂക്കമുള്ള തിരുവനന്തപുരത്തെ കിളിമാനൂർ, ആറ്റിങ്ങൽ മേഖലയിൽ ബിജെപി മുന്നേറി. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ സിപിഎമ്മിനു 11 വാർഡ് കിട്ടിയപ്പോൾ ബിജെപിക്ക് 20 ലഭിച്ചു. മാവേലിക്കരയിൽ സിപിഎമ്മും ബിജെപിയും ഒപ്പത്തിനൊപ്പമായി. അങ്ങനെ എൽഡിഎഫിന്റെ സ്വാധീന കേന്ദ്രങ്ങളിലും ബിജെപി അധിനിവേശം സംഭവിക്കുന്നു.‘ഡീലിന്റെ’ ഭാഗമായി ഒരു മുന്നണിയെ ജയിപ്പിക്കാൻ ബിജെപി വോട്ടു മറിച്ചുവെന്ന ചർച്ചയാണ് അന്തരീക്ഷത്തിൽ. പക്ഷേ, അങ്ങനെ മറിച്ചു ജയിപ്പിച്ചില്ലെങ്കിലും ചോർത്തി തോൽപിക്കാൻ അവർക്കു സാധിക്കും. 

തദ്ദേശത്തിൽനിന്ന് എത്ര മാറ്റം?

തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നിലെത്തിയെന്ന് തങ്ങളുടേതായ വിശകലന രീതിയിലൂടെ സിപിഎം കണ്ടെത്തിയത് 41 നിയമസഭാ മണ്ഡലങ്ങളാണ്. കൂട്ടലിന്റെയും കിഴിക്കലിന്റെയും ഈ വേളയിൽ ഏറ്റവും പ്രസക്തമായ ആ പട്ടിക ഇതാണ്: മഞ്ചേശ്വരം, കാസർകോട്, ഇരിക്കൂർ, കണ്ണൂർ, കൊടുവള്ളി, തിരുവമ്പാടി, കൽപറ്റ, ഏറനാട്, കൊണ്ടോട്ടി, കോട്ടയ്ക്കൽ, മലപ്പുറം, മഞ്ചേരി, മങ്കട, നിലമ്പൂർ, താനൂർ, തിരൂർ, തിരൂരങ്ങാടി, വള്ളിക്കുന്ന്, വേങ്ങര, വണ്ടൂർ, മണ്ണാർക്കാട്, പാലക്കാട്, ചാലക്കുടി, തൃശൂർ, ആലുവ, അങ്കമാലി, എറണാകുളം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, പിറവം, തൃക്കാക്കര, വൈപ്പിൻ, പുതുപ്പള്ളി, കോട്ടയം, ദേവികുളം, ഇടുക്കി, തൊടുപുഴ, കോന്നി, റാന്നി, ചവറ. 

എൽഡിഎഫിന്റെ വൻ വിജയത്തിലും യുഡിഎഫിനൊപ്പം നിന്ന മണ്ഡലങ്ങൾ എന്ന നിലയിൽ ചില സൂചനകൾ ഈ പട്ടിക നൽകുന്നു. ആ 41 നിലനിർത്തി അധികമായി 30 സീറ്റ് നേടിയാലേ യുഡിഎഫിനു തിരിച്ചുവരാൻ സാധിക്കൂ. എന്നാൽ, അന്നു മുന്നിലെത്തിയ 99 മണ്ഡലങ്ങളിൽ 28 എണ്ണം തോറ്റാലും എൽഡിഎഫിനു ഭൂരിപക്ഷം ഉണ്ടാകുകയും ചെയ്യും. ഒടുവിലത്തെ സൂചനകൾ പ്രകാരം തദ്ദേശ തോൽവിയിൽനിന്നു യുഡിഎഫ് കയറി വരും. എൽഡിഎഫ് അതേ മേൽക്കൈ നിലനിർത്താൻ സാധ്യതയുമില്ല. ആരു ജയിച്ചാലും അതു ചെറിയ മാർജിനോടെ ആകാനുള്ള സാധ്യത ശക്തം. 

തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനമോ അതിൽ കൂടുതലോ വോട്ടു നേടിയ 15 നിയമസഭാ മണ്ഡലങ്ങൾ നിർണായകമാകുന്നത് ഈ സാഹചര്യത്തിലാണ്. ആ പ്രകടനം ആവർത്തിച്ചാൽ അത്രയും മണ്ഡലങ്ങളിൽ‍ 35,000ൽ കൂടുതൽ വോട്ട് അവർ നേടും. അതു ജയത്തിലേക്കു പരിവർത്തനം ചെയ്യാനായാൽ കളി വീണ്ടും മാറും. ബിജെപിയുടെ വളർച്ച ഒരു തൂക്കുസഭയ്ക്കു വരെ കാരണമാകുമോ എന്ന ആശങ്ക ആദ്യം പ്രകടിപ്പിച്ച പ്രമുഖ നേതാവ് കെ.മുരളീധരനാണ്. നേമത്തു ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ കോൺഗ്രസ് ഒടുവിൽ നിയോഗിച്ചതും അതേ മുരളീധരനെത്തന്നെ. നാടകീയതകൾ അവസാനിക്കുന്നില്ല. 

English Summary: Deal or no deal - keraleeyam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA