നിർണായകം, എൻഡിഎ വോട്ട്

INDIA-POLITICS-BJP
SHARE

2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവായിരുന്നു. അതുവരെ എൽഡിഎഫ്, യുഡിഎഫ് എന്നീ രണ്ടു മുന്നണികളുടെ പന്തയമായിരുന്ന സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളിൽ ആ വർഷം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ പ്രകടമായ സാന്നിധ്യമായി. അതിനുശേഷം നടന്ന ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ അവർ പല മണ്ഡലങ്ങളിലെയും ഫലങ്ങളിൽ സ്വാധീനം ചെലുത്തി. കേരളത്തിൽ ബിജെപിയുടെ വളർച്ച നാടകീയമായിരുന്നു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 5.02%  വോട്ടുവിഹിതം ഉണ്ടായിരുന്ന ബിജെപി, അടുത്ത രണ്ടു തിരഞ്ഞെടുപ്പുകളിലും അദ്ഭുതങ്ങളൊന്നും കാണിച്ചില്ല; 2006ലും 2011ലും അവരുടെ വോട്ട് യഥാക്രമം 4.84%, 6.04% എന്നിങ്ങനെ ആയിരുന്നു. എന്നാൽ, 2016ൽ വോട്ടുശതമാനം കുത്തനെ ഉയർന്ന് 14.93% ആയി; അതവർക്ക് ഒരു സീറ്റും 7 മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനവും നേടിക്കൊടുത്തു.

ഈ വളർച്ച ആരുടെ ചെലവിലായിരുന്നു? 2014ൽ ദേശീയ രാഷ്ട്രീയത്തിൽ മോദിയുടെ ഉദയം അതിനൊരു കാരണമായിരിക്കാം. കേരളത്തിലെ 21നും 25നും മധ്യേ പ്രായമുള്ള വോട്ടർമാർക്ക് ഇക്കാലത്ത് ബിജെപിയോട് ആഭിമുഖ്യം കൂടി എന്നൊരു പഠനം പറയുന്നുണ്ട്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതം (10.81%) 2009ലെ തിരഞ്ഞെടുപ്പിൽ കിട്ടിയതിനെക്കാൾ (6.45%) കൂടുതലായിരുന്നു.

കേരളത്തിൽ ബിജെപി വളരാനുള്ള പ്രധാന കാരണം ഇവിടത്തെ വ്യവസ്ഥാപിത മുന്നണികളിൽ നിന്നുള്ള ചോർച്ച തന്നെയാണ്. ഒരു വലതുപക്ഷ പാർട്ടി എന്ന നിലയിൽ ബിജെപിയിലേക്കുള്ള വോട്ടുവരവ് സ്വാഭാവികമായും യുഡിഎഫിൽ നിന്നായിരിക്കും എന്നു ചിന്തിച്ചേക്കാം. എന്നാൽ, രണ്ടു മുന്നണികളിൽ നിന്നും വോട്ടർമാർ ബിജെപിയിലേക്കു പോയിട്ടുണ്ട് എന്നതാണു യാഥാർഥ്യം. ഈ കൊഴിഞ്ഞുപോക്കിന്റെ സാമൂഹിക അടിസ്ഥാനത്തിലുള്ള കണക്ക് ഒരു ലോക്നീതി - സിഎസ്ഡിഎസ് പഠനത്തിൽ കാണാം: യുഡിഎഫിൽനിന്ന് 34% നായർ സമുദായാംഗങ്ങളും 10% ക്രിസ്ത്യാനികളും എൽഡിഎഫിൽനിന്ന് 18% ഈഴവ സമുദായാംഗങ്ങളും 23% ദലിതരും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലേക്കു മാറി.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കൂറ്റൻ വിജയത്തിനു കാരണം കേന്ദ്രവിരുദ്ധ വികാരവും ശബരിമലയുമാണെന്ന് മറ്റൊരു ലോക്നീതി - സിഎസ്ഡിഎസ് പഠനം ചൂണ്ടിക്കാട്ടുന്നു. എൽഡിഎഫ് സർക്കാർ ശബരിമല വിഷയം ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തതെന്ന് അഞ്ചിൽ മൂന്ന് വോട്ടർമാർ കരുതി. തുടർന്നു നടന്ന പ്രചാരണത്തിൽ യുഡിഎഫിന് ബിജെപിയെക്കാൾ കൂടുതൽ ഹിന്ദു വോട്ടർമാരെ ആകർഷിക്കാനായി എന്നാണു സർവേ പറയുന്നത്.

2021ൽ ബിജെപി കേരളത്തിൽ എവിടെ എത്തിനിൽക്കുന്നു? 2016ലെ നിയമസഭ, 2019ലെ ലോക്സഭ, 2020ലെ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ, ഈ തിരഞ്ഞെടുപ്പിൽ ബിജെപി 35 മണ്ഡലങ്ങളിൽ എൽഡിഎഫും യുഡിഎഫുമായി ത്രികോണമത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നെന്നു പറയാം. ഈ മണ്ഡലങ്ങളിൽ മുക്കാൽ ഭാഗവും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ്. ഈ മണ്ഡലങ്ങൾക്കു പുറമേയുള്ള ഇടങ്ങളിൽ പലയിടത്തും ബിജെപി പിടിക്കുന്ന വോട്ട് ജയപരാജയങ്ങൾ നിശ്ചയിക്കും.

2016ൽ കുന്നുപോലെ വളർന്ന ബിജെപിയുടെ ഗ്രാഫ് പിന്നീടു സമതലമായി. എൻഡിഎയുടെ വോട്ടുവിഹിതം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും (15.53%) 2020ലെ തദ്ദേശതിരഞ്ഞെടുപ്പിലും (14.94%) 2016ലെ തോതിനെ ചുറ്റിപ്പറ്റി നിന്നു. ‘ആലീസിന്റെ അദ്ഭുതലോകത്തിൽ’ പറയുന്നതു പോലെ, ‘നിന്നിടത്തു തന്നെ നിൽക്കാൻ ഓടിക്കൊണ്ടിരുന്നു’. സീറ്റുകളുടെ മാന്ത്രികകവാടം തുറക്കണമെങ്കിൽ ഇത്രയും വോട്ടുശതമാനം പോരാ എന്നാണു വിദഗ്ധർ പറയുന്നത്. ഏതായാലും 2021ലെ തിരഞ്ഞെടുപ്പു വിജയികളെ നിശ്ചയിക്കുന്നതിൽ എൻഡിഎ വോട്ടുകളുടെ ഏറ്റക്കുറച്ചിലുകൾ നിർണായകമായിരിക്കും.

കുളിപ്പിച്ച് കുളിപ്പിച്ച്...

കേടാകാത്ത സാധനങ്ങൾ നന്നാക്കാൻ പോകരുത് - ഇംഗ്ലിഷിലെ ഒരു പറച്ചിലാണിത്. ഇതിനു കടകവിരുദ്ധമായാണു കേന്ദ്രസർക്കാർ ചിലപ്പോൾ പെരുമാറുന്നത്. സർക്കാർ നയങ്ങൾ എങ്ങനെ നിലവിലെ വ്യവസ്ഥയുടെ താളം തെറ്റിക്കുന്നു എന്നതിന് ഉദാഹരണമാണ് ഈയിടെ പുറത്തിറക്കിയ സൗരോർജം സംബന്ധിച്ച ചട്ടങ്ങൾ.

കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ പുറത്തിറക്കിയ ‘ഇലക്ട്രിസിറ്റി ചട്ടങ്ങൾ, 2020’ ആണ് സംസ്ഥാനങ്ങൾ ഈ വർഷം മുതൽ നടപ്പാക്കുന്നത്. ആ ചട്ടങ്ങളനുസരിച്ച് 10 കിലോവാട്ടിനു മുകളിൽ വീടുകളിലും സ്ഥാപനങ്ങളിലും പുരപ്പുറത്ത് ഉൽ‌പാദിപ്പിക്കുന്ന സൗരോർജത്തിന്, നെറ്റ് ബില്ലിങ് റേറ്റിനു പകരം ഗ്രോസ് ബില്ലിങ് റേറ്റ് ആയിരിക്കും നിലവിൽ വരിക. കേരളത്തിലും ഇതു നടപ്പാക്കാനുള്ള മാനദണ്ഡങ്ങൾ കേരള സ്റ്റേറ്റ് എനർജി റഗുലേറ്ററി കമ്മിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. 

നെറ്റ് ബില്ലിങ് അഥവാ നെറ്റ് മീറ്ററിങ് അനുസരിച്ച്, വീട്ടിൽ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ ഉൽപാദിപ്പിക്കുന്ന സൗരോർജം ഗ്രിഡിലേക്കു നൽകിയാൽ അതു വെട്ടിക്കുറച്ച് ബാക്കി വൈദ്യുതി ഉപയോഗത്തിനു ബില്ലടച്ചാൽ മതിയായിരുന്നു. ബിൽത്തുക പൂജ്യമായതിനു ശേഷം ഗ്രിഡിലേക്കു നൽകുന്ന സൗരവൈദ്യുതിക്ക് ഇലക്ട്രിസിറ്റി ബോർഡിന്റെ താരിഫ് അനുസരിച്ച് തുക വകയിരുത്തും. ഗ്രോസ് ബില്ലിങ് വന്നാൽ ഇലക്ട്രിസിറ്റി ബോർഡ് നൽകുന്ന വൈദ്യുതിക്കും സൗരോർജത്തിനും വെവ്വേറെ താരിഫായിരിക്കും: നിലവിൽ സൗരോർജത്തിന് ബോർഡിൽനിന്നു ലഭിക്കുന്ന വൈദ്യുതിയുടെ ഏകദേശം മൂന്നിലൊന്നേ വില വരുന്നുള്ളൂ.

2022ൽ 20 ഗിഗാ വാട്ട് ആയിരുന്നു ഇന്ത്യയുടെ സൗരവൈദ്യുതി ഉൽപാദന ലക്ഷ്യം. അത് 2018ൽ തന്നെ നേടാനായി. ഇപ്പോൾ വർധിപ്പിച്ചിട്ടുള്ള 2022ലേക്കുള്ള ലക്ഷ്യം 100 ഗിഗാ വാട്ട് ആണ്. അങ്ങനെ നല്ലരീതിയിൽ നടന്നുപോകുന്ന ഒരു പരിപാടിയെയാണു പുതിയ ചട്ടങ്ങൾ അവതാളത്തിലാക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ഉൽപാദിപ്പിക്കുന്ന പുരപ്പുറത്തെ സൗരോർജം ആകെ ലക്ഷ്യത്തിന്റെ 40% വരും. ആ മേഖല പുതിയ ചട്ടങ്ങൾ കാരണം പ്രതിസന്ധിയിലായിരിക്കുന്നു. സൗരോർജത്തിന്റെ വില കുറച്ചു കണക്കാക്കുമ്പോൾ, ഇപ്പോൾ നെറ്റ് മീറ്ററിങ്ങിൽ കൂടി ലഭിക്കുന്ന ആദായം വീടുകൾക്കും സ്ഥാപനങ്ങൾക്കും കുത്തനെ ഇടിയുന്നു. ഇലക്ട്രിസിറ്റി ബിൽ തുക വർധിക്കും. പഴയ ചട്ടങ്ങൾ പ്രകാരം സോളർ പ്ലാന്റുകൾ സ്ഥാപിക്കാനുള്ള മൂലധനച്ചെലവ് 6-7 വർഷങ്ങൾക്കകം തിരിച്ചു കിട്ടിയിരുന്നെങ്കിൽ ഇനി മുതൽ അത് 15-20 വർഷങ്ങളെങ്കിലും എടുക്കും; ജനങ്ങളിൽ പരിപാടിയോടുള്ള ആഭിമുഖ്യം തന്നെ കുറയും. ഇതിനു പുറമേയാണ് ഇന്ത്യയിൽ വളർന്നുകൊണ്ടിരിരിക്കുന്ന സോളർ പ്ലാന്റ് നിർമാണ വ്യവസായത്തിനും വിപണന ശൃംഖലയ്ക്കും ഏൽക്കുന്ന തിരിച്ചടി.

ഈ നയംമാറ്റം കൊണ്ട് ആർക്കാണു ഗുണം? കേരളം പോലെ അപൂർവം സംസ്ഥാനങ്ങളിൽ ഇലക്ട്രിസിറ്റി ബോർഡുകൾക്കും മറ്റു മിക്ക സംസ്ഥാനങ്ങളിലും നിലവിലുള്ള സ്വകാര്യ വൻകിട വൈദ്യുതി വിതരണ കമ്പനികൾക്കും (ഡിസ്കോമുകൾ) വരുമാനം കൂടും. ഡിസ്കോമുകളുടെ സാമ്പത്തികനില മെച്ചപ്പെടുത്തുക എന്നതു തന്നെയാണു പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. ഇത്തരത്തിൽ ഉടനെ എത്തിപ്പിടിക്കാവുന്ന ഒരു സങ്കുചിത നേട്ടത്തിനുവേണ്ടി താറുമാറാക്കപ്പെടുന്നത്, ദീർഘകാലം കൊണ്ടു പടുത്തുയർത്തിയ, നാടിന് അഭിമാനകരമായ സൗരോർജ പദ്ധതിയാണ്.

സ്കോർപ്പിയൺ കിക്ക്: ഒറ്റയ്ക്കു കാറിൽ പോകുമ്പോഴും മാസ്ക് നിർബന്ധം, കാരണം കാർ ഒരു പൊതുസ്ഥലമാണ്: ഡൽഹി ഹൈക്കോടതി.

ആ സ്ഥിതിക്ക് കാറിന്റെ ഇഎംഐ അടയ്ക്കാനും പൊതുജനം സഹകരിച്ചാൽ നന്നായിരുന്നു!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA