ഹോപ്കിൻസ്, മിടുക്കൻ കുട്ടി!

Antony Hopkins
ദ് ഫാദർ’ എന്ന ചിത്രത്തിൽ ആന്റണി ഹോപ്കിൻസ്
SHARE

തിരഞ്ഞെടുപ്പു ഫലം വരുന്നതു പോലെയാണ് സിനിമാപ്രേമികൾക്ക് ഓസ്കർ പ്രഖ്യാപിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം. വിജയിച്ച സിനിമകൾ കാണാനുള്ള കാത്തിരിപ്പ്. ഞാനേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആന്റണി ഹോപ്കിൻസിന്റെ പ്രകടനത്തിനായാണ്. 

‘‘ഓർമകൾ, കാഴ്ചകൾക്കു പകരമായി അതു മാത്രമാണ് ഇപ്പോൾ എന്റെ മുന്നിലുള്ളത്’’ - ചെറിയൊരു ചിരിയോടെ, അടച്ചിട്ട സെല്ലിനുള്ളിൽനിന്ന്, ഉള്ളിലേക്കു ചുഴിഞ്ഞുനോക്കുന്ന കണ്ണുകളുമായി ഇങ്ങനെ പറയുന്ന ഒരു സീരിയൽ കില്ലറായി വന്നാണ് അദ്ദേഹം ആദ്യമായി മികച്ച നടനുള്ള ഓസ്കർ വാങ്ങിയത് – 1991ലെ ‘ദ് സൈലൻസ് ഓഫ് ദ് ലാംബ്’ എന്ന ചിത്രത്തിലൂടെ. റീടേക്കുകളില്ലാതെ ചിത്രീകരിച്ച രംഗമാണത്. 30 വർഷങ്ങൾക്കിപ്പുറത്ത്, ‘ദ് ഫാദർ’ എന്ന സിനിമയിലൂടെ, ഓർമകൾ കയ്യിലൊതുക്കാൻ പറ്റാത്ത ഒരു അച്ഛനായി വന്ന്, തന്റെ 83–ാം വയസ്സിൽ അദ്ദേഹം വീണ്ടും മികച്ച നടനാകുന്നു. അതു ചരിത്രമാകുന്നു. 

ഈ പ്രായത്തിലും 200 തവണയിലേറെ വരെ തന്റെ ഡയലോഗുകൾ പറഞ്ഞു പഠിച്ച്, അതു തന്നിൽനിന്നു സ്വാഭാവികമായി വരുന്നതാക്കിത്തീർത്താണ് അദ്ദേഹം ഓരോ സീനും അഭിനയിക്കുന്നത്. 7 പേജ് നീളമുള്ള ഡയലോഗ് കാണാതെ പറഞ്ഞ് സാക്ഷാൽ സ്പീൽബർഗിനെ വരെ ഹോപ്കിൻസ് ഞെട്ടിച്ചിട്ടുണ്ട്. ‘എങ്ങനെ സാധിക്കുന്നു’ എന്ന ചോദ്യത്തിന് ‘മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുക. ഒരിക്കലും പ്രത്യാശ വെടിയാതിരിക്കുക’ (keep going. never give up) എന്നു മാത്രം മറുപടി. 

ദ് സൈലൻസ് ഓഫ് ദ് ലാംബിൽ വെറും 24 മിനിറ്റുകളേ അദ്ദേഹം സ്‌ക്രീനിലുള്ളൂ. ഓസ്കർ ചരിത്രത്തിലെ അപൂർവ നേട്ടങ്ങളിലൊന്നാണത്. സൈക്കോ ത്രില്ലർ സിനിമകൾക്കു റഫറൻസായ ഇതിലെ ഹോപ്കിൻസിന്റെ വില്ലൻ കഥാപാത്രം ഒരു മാസ്റ്റർപീസാണ്. വെറുമൊരു നോട്ടം കൊണ്ടും ചിരി കൊണ്ടും എങ്ങനെ ഇത്രയും പേടിപ്പിക്കാൻ കഴിയുന്നുവെന്ന് പലരും അദ്ഭുതപ്പെട്ടപ്പോൾ, ‘സുന്ദരികളായ പെൺകുട്ടികളെ ചെറുപ്പത്തിൽ ഡ്രാക്കുളക്കഥകൾ പറഞ്ഞു പേടിപ്പിച്ചിരുന്നു. അങ്ങനെ പഠിച്ചതാണ്’ എന്നു കൗതുകം നിറച്ച പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു. 

രണ്ട് ഓസ്കർ പുരസ്കാരങ്ങൾ കൂടാതെ, നാല് ബാഫ്റ്റ, രണ്ട് എമ്മി പുരസ്കാരങ്ങളും അദ്ദേഹം നേടി. ബ്രിട്ടനിലെ ഉന്നത ബഹുമതികളിലൊന്നായ നൈറ്റ് ബഹുമതിയും ആന്റണി ഹോപ്കിൻസിന്റെ പേരിലുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി രൂപീകരിച്ച ‘ഗ്രീൻപീസി’ന്റെ പ്രമുഖ അംഗമാണ്. ലക്ഷക്കണക്കിനു ഡോളറാണ് പല ട്രസ്റ്റുകൾക്കുമായുള്ള അദ്ദേഹത്തിന്റെ സംഭാവന. ഷെയ്ക്സ്പിയറുടെ കടുത്ത ആരാധകനായ ഹോപ്കിൻസ് സ്വന്തമായി ഒരു തിയറ്റർ ഗ്രൂപ്പും സ്ഥാപിച്ചിട്ടുണ്ട്.

ഒരു കലാകാരൻ ആഗ്രഹിക്കുന്നതെല്ലാം നേടിക്കഴിഞ്ഞ അദ്ദേഹം ഒരിക്കൽ പറഞ്ഞത് തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രം ഫോണിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ്. നഷ്ടപ്പെടുമ്പോഴും നേടുമ്പോഴും ആ കുട്ടിയെ നോക്കി ‘ഒന്നും സാരമില്ല കുട്ടീ, നീ മിടുക്കനായിരിക്കുന്നു’ (you are okay kid) എന്നു പറയുമത്രെ. 

അവാർഡ് പ്രഖ്യാപനത്തിനു ശേഷം ഇംഗ്ലണ്ടിലെ ഗ്രാമത്തിലുള്ള വീട്ടിൽനിന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ആ കുട്ടിയെ കാണാം; 83 വയസ്സുള്ള ഒരു കുട്ടി. 

Content Highlight: Oscar, Antony Hopkins

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA