ADVERTISEMENT

രണ്ടാം വരവിൽ സൂനാമിയായി മാറിയ കോവിഡ് കാരണം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയോട് സിനിമ, സ്പോർട്സ്, ടിവി മേഖലകളിലെ സെലിബ്രിറ്റികളുടെ മനോഭാവം സംബന്ധിച്ച് ഒട്ടേറെ ചർച്ചകളാണു നടക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരുള്ള സിനിമ – ടിവി താരങ്ങളും കായികതാരങ്ങളും ഈ ഘട്ടത്തിൽ എന്താണു ചെയ്യുന്നതെന്ന ചോദ്യമുയരുന്നു. ക്രിക്കറ്റിലെയും സിനിമയിലെയും സൂപ്പർതാരങ്ങൾക്കു വൻ വരുമാനമുണ്ടെന്നു മാത്രമല്ല, അവർക്കെല്ലാം ധനികരായ ബിസിനസ് പങ്കാളികളുമുണ്ട്. ഇവരെന്താണു പറയുന്നതെന്നും ഇവർ പാലിക്കുന്ന മൗനവും ഇപ്പോൾ വിലയിരുത്തപ്പെടുന്നു.

കായികതാരങ്ങൾ, വിശേഷിച്ചും വൻ വരുമാനമുള്ള ക്രിക്കറ്റ് താരങ്ങൾ കോവിഡ് ബാധിച്ചു നരകിക്കുന്നവർക്ക് ആശ്വാസം പകരാൻ എന്തെങ്കിലും ചെയ്തോ എന്നാണ് ഒളിംപിക്സിൽ ഇന്ത്യയുടെ ഏക വ്യക്തിഗത സ്വർണമെഡൽ ജേതാവായ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ ചോദ്യം. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ലീഗായ ഐപിഎലിൽ അംഗങ്ങളായ ഈ താരങ്ങൾക്കെങ്ങനെ സാധാരണ ജനങ്ങളുടെ ദുരിതങ്ങളോടു മുഖം തിരിക്കാൻ കഴിയും? രോഗാവസ്ഥയിൽ കഷ്ടപ്പെടുന്ന മനുഷ്യരിലേറെയും ഇവരുടെ ആരാധകർ കൂടിയാണ്. താനായിരുന്നു ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) പ്രസിഡന്റെങ്കിൽ കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും ധാരാളം വാക്സീനും വാങ്ങി വിതരണം ചെയ്തേനെ എന്നുകൂടി ബിന്ദ്ര പറഞ്ഞു. ധാരാളം പണമുള്ള ബിസിസിഐയുടെ പ്രസിഡന്റ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ്. 

ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി   ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം  പാറ്റ് കമ്മിൻസ്  അരലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 37 ലക്ഷം രൂപ) സംഭാവന നൽകിയത്.  ഇന്ത്യയുടെ ആരോഗ്യരംഗത്തെ തകർച്ചയ്ക്കെതിരെ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ആദം ഗിൽക്രിസ്റ്റ് നടത്തിയ വിമർശനത്തിന്റെ ട്വീറ്റ് സമൂഹമാധ്യമത്തിൽ പങ്കുവച്ചവർ ഒരു കാര്യം കൂടി ചൂണ്ടിക്കാട്ടി, ഒരൊറ്റ ഇന്ത്യൻ കളിക്കാരനും സർക്കാരിനെ വിമർശിക്കാൻ ധൈര്യപ്പെടില്ല എന്ന്!

ഡൽഹിയിലെ കർഷകസമരത്തെ പിന്തുണച്ച അമേരിക്കൻ പോപ് ഗായിക റിയാനയെ വിമർശിച്ച സിനിമാതാരങ്ങൾ എന്തുകൊണ്ടാണു കോവിഡ് ബാധിതരുടെ യാതനകളോടു നിശ്ശബ്ദത പാലിക്കുന്നതെന്ന ചോദ്യം സിനിമാരംഗത്തും ഉയരുന്നു. കഴിഞ്ഞവർഷം കോവിഡിനെതിരെ പൊരുതാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎം കെയേഴ്സ് ഫണ്ട് ആരംഭിച്ചപ്പോൾ സച്ചിൻ തെൻഡുൽക്കർ, അക്ഷയ് കുമാർ, വരുൺ ധവാൻ, വിരാട് കോലി, അനുഷ്ക ശർമ, കാർത്തിക് ആര്യൻ, സുരേഷ് റെയ്ന എന്നിവരടക്കം ഒട്ടേറെ പ്രമുഖരുടെ നേതൃത്വത്തിലാണു സംഭാവനകൾ സമാഹരിച്ചത്. 

ലോക്ഡൗണിൽ മുംബൈയിൽ കുടുങ്ങിയ അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നടൻ സോനു സൂദ് വൻതോതിലുള്ള സന്നദ്ധസേവനങ്ങളാണു നടത്തിയത്. തൊഴിലാളികളുടെ യാത്രയ്ക്കായി അദ്ദേഹം ബസുകളും വിമാനങ്ങളും വാടകയ്ക്കെടുത്തു, ട്രെയിൻ യാത്രയ്ക്കും അവസരമൊരുക്കിക്കൊടുത്തു. സോനുവിനും കോവിഡ് ബാധിച്ചു. പക്ഷേ, ഇപ്പോഴും ഓക്സിജൻ സിലിണ്ടറുകളും വെന്റിലേറ്ററുകളും ഒരുക്കാനായി അദ്ദേഹം സഹായിക്കുന്നു.

മഹാദുരന്തങ്ങളിലും യുദ്ധങ്ങളിലും സർക്കാരിനും സമൂഹത്തിനും സഹായഹസ്തവുമായി രംഗത്തിറങ്ങുന്ന പാരമ്പര്യം രാജ്യത്തെ ജനപ്രിയ താരങ്ങൾക്കുണ്ട്. 1962ൽ ചൈനാ യുദ്ധകാലത്തും ബംഗ്ലദേശ് വിമോചനത്തിനായുള്ള 1971ലെ യുദ്ധസമയത്തും സിനിമാതാരങ്ങൾ സംഘം ചേർന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് യുദ്ധനിധിയിലേക്കു പണം സമാഹരിച്ചിരുന്നു. അക്കാലത്ത് ഒട്ടേറെ നടിമാർ തങ്ങളുടെ ആഭരണങ്ങൾ സംഭാവന ചെയ്തതും ചരിത്രമാണ്.

ഇപ്പോൾ സിനിമ, ക്രിക്കറ്റ് താരങ്ങളിലേറെപ്പേർക്കും സർക്കാരിനെ വിമർശിച്ചു സംസാരിക്കാൻ താൽപര്യമില്ല. വിവാദങ്ങളിൽ ചെന്നുപെടരുതെന്ന് അവർ ആഗ്രഹിക്കുന്നു. ഇതിനു പല കാരണങ്ങളുണ്ട്. കായികതാരങ്ങൾക്കു കായിക സംഘടനകളിൽനിന്നാണു പ്രധാനമായും വരുമാനം ലഭിക്കുന്നത്. അസോസിയേഷനുകളും ഫെഡറേഷനുകളും സംസ്ഥാന, കേന്ദ്ര സർക്കാരുകളാണു നിയന്ത്രിക്കുന്നത്. ക്രിക്കറ്റ് ബോർഡിന്റെ വിമർശകരെ പിന്തുണച്ചതിന്റെ പേരിൽ കപിൽദേവിനുള്ള പണം പോലും ദീർഘകാലം പിടിച്ചുവച്ചവരാണു ബിസിസിഐ എന്ന് കായികരംഗത്തുള്ളവർ ഓർമിപ്പിക്കുന്നു.

വിമർശിച്ചാൽ സർക്കാർ ഉണ്ടാക്കിയേക്കാവുന്ന വിഘ്നങ്ങളെക്കുറിച്ചാണ് സിനിമയിലെ പ്രമുഖരും ആശങ്കപ്പെടുന്നത്. ദേശീയ പുരസ്കാര ജേതാവായ നടി തപ്സി പന്നുവിനെതിരെ സമീപകാലത്തു നടന്ന ആദായനികുതി റെയ്ഡുകൾ ഓർക്കുക. അധികാരത്തിലുള്ളവർക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതാണു കാരണം. സാഹചര്യം ഇതൊക്കെയാണെന്ന് എല്ലാവർക്കുമറിയാം. അഭിനവ് ബിന്ദ്ര പറയുന്നു - വാക്കുകൾ വെള്ളിയാണെങ്കിൽ, ഭൂരിപക്ഷം സെലിബ്രിറ്റികൾക്കും മൗനം പൊന്നാണ്!

English Summary: Celebrities silent on covid second wave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com