യുവതയോട് അനീതി പാടില്ല

HIGHLIGHTS
  • 18 – 45 പ്രായപരിധിയിലുള്ളവർക്കും കേന്ദ്രം സൗജന്യ വാക്സീൻ ഉറപ്പാക്കണം
SHARE

രാജ്യത്തിന്റെ നിർമിതിയിൽ ഏറ്റവും നിർണായക പങ്കു വഹിക്കാനാവുന്ന നമ്മുടെ യുവതയെ മാറ്റിനിർത്തി ഇന്ത്യയ്ക്കു മുന്നോട്ടുപോകാനാവുന്നതെങ്ങനെ? അവരുടെ യൗവനവും ആരോഗ്യവും ചിന്തയും കർമശേഷിയുമൊക്കെ രാജ്യത്തിന്റെതന്നെ നിക്ഷേപമാണെന്ന വാസ്തവം മറന്നുള്ള തീരുമാനങ്ങളിൽ തീർച്ചയായും അനീതിയുണ്ട്. 18–45 പ്രായക്കാർക്കു സൗജന്യ വാക്സീനില്ലെന്ന കേന്ദ്ര നിലപാടിൽ അതുകൊണ്ടുതന്നെ വ്യാപക പ്രതിഷേധമുയരുകയാണ്. 

രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ഈ വിഭാഗത്തിലാണെന്നിരിക്കെ ഈ നിരാകരണം ദീർഘവീക്ഷണമില്ലാത്ത നടപടിയാണെന്നതിൽ സംശയമില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമായി നിലനിർത്തേണ്ട വിഭാഗമാണ് ഈ പ്രായപരിധിയിലുള്ളവർ. അതേസമയം, ഇവരിൽ വലിയ പങ്കും ഈ കോവിഡ്കാലത്ത് ജോലി പോലുമില്ലാത്ത അവസ്ഥയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുകയുമാണ്. 

അതേസമയം, കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും ഈ പ്രായപരിധിയിലുള്ളവർക്കും സൗജന്യ വാക്സീൻ നൽകാനൊരുങ്ങുകയാണ്. മേയ് 1 മുതൽ, 18 മുതൽ 45 വയസ്സുവരെയുള്ള 1.56 കോടി ആളുകൾക്കു നൽകേണ്ട വാക്സീൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പണം നൽകി വാങ്ങേണ്ടിവരും. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന കുറെപ്പേരെ ഒഴിവാക്കിയാലും ഈ വിഭാഗത്തിൽ ബാക്കിയുള്ളവർക്കായി, ലഭ്യമായതിൽ ഏറ്റവും വിലകുറഞ്ഞ കോവിഷീൽഡ് വാങ്ങിയാൽപോലും ഒരു ഡോസിന് 400 രൂപയാകുമെന്നിരിക്കെ, ഇതു കനത്ത സാമ്പത്തികബാധ്യതയാവും സംസ്ഥാന സർക്കാരിനുണ്ടാക്കുക. 45 വയസ്സു മുതലുള്ളവർക്കു സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായും സ്വകാര്യ ആശുപത്രികളിൽ പണം നൽകിയും വാക്സീൻ സ്വീകരിക്കാൻ അവസരമുണ്ട്. 18 – 45 പ്രായപരിധിയിലുള്ളവരുടെ കാര്യത്തിലും ഇതേ രീതി തന്നെ സ്വീകരിക്കാവുന്നതേയുള്ളൂ. 

കൊറോണ വൈറസ് പടരുന്നത് കൂടുതലും യുവജനങ്ങളിലൂടെയാണെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ വർഷംതന്നെ നിരീക്ഷിച്ചിരുന്നു. 20–40 പ്രായഗണത്തിലുള്ള യുവജനങ്ങളിൽ കോവിഡ് വ്യാപനം വർധിച്ചുവരികയാണെന്നു കഴിഞ്ഞ ഓഗസ്റ്റിൽ പറഞ്ഞ സംഘടന, യുവത കൂടുതൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകുകയുണ്ടായി. ഈ വരവിൽ കോവിഡ് ഏറ്റവുമധികം ബാധിക്കുന്നതു യുവാക്കളെയാണെന്ന് ഈയിടെ ഇന്ത്യയിലും വിദഗ്ധർ മുന്നറിയിപ്പു നൽകിയിരുന്നു. ചെറുപ്പക്കാർ ആഘോഷങ്ങൾക്കും ജോലികൾക്കുമായി ഏറെ പുറത്തുപോകുന്നുണ്ട്. ചെറുപ്പക്കാരിലേക്കു രോഗം പടരാൻ അതാകും മുഖ്യകാരണമെന്നാണു വിലയിരുത്തൽ. 

കോവിഡ് നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും പിൻവലിക്കുകയും സ്കൂളുകൾ മുഴുവൻ തുറക്കുകയും ചെയ്ത ഇസ്രയേൽ ആ രാജ്യത്തെ യുവതയോടു കാണിച്ച കരുതൽ എടുത്തുപറയണം. 16–18 വയസ്സുള്ളവരെപ്പോലും കോവിഡ് വാക്സീൻ കുത്തിവയ്പ് പരിപാടിയിൽ അവിടെ ഉൾപ്പെടുത്തുകയുണ്ടായി. ഈ പ്രായത്തിലുള്ളവർക്ക് സ്കൂൾ ഫൈനൽ പരീക്ഷകളിൽ ആശങ്കയില്ലാതെ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. ജനസംഖ്യാനുപാതികമായി ലോകത്ത് ഏറ്റവുമധികം പേർക്കു വാക്സീൻ നൽകിയ രാജ്യമാണ് ഇസ്രയേൽ. 16 വയസ്സിൽ താഴെയുള്ളവർക്കു വാക്സീൻ നൽകുന്നതിനു ലോകാരോഗ്യ സംഘടനയുടെ വിലക്കുണ്ട്. 

ഇന്ത്യയുടെ ജിഡിപിയുടെ (മൊത്ത ആഭ്യന്തര ഉൽപാദനം) ചെറിയ ശതമാനം മാത്രമേ യുവജനങ്ങൾക്കു കൂടി വാക്സീൻ നൽകാൻ ചെലവിടേണ്ടി വരികയുള്ളൂ എന്നിരിക്കെ, ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊരു നിക്ഷേപം പോലെ പ്രധാനമായി കാണുകയാണു വേണ്ടത്. യുവജനത കൂടി തളർന്നുപോയാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ താറുമാറായിപ്പോകുമെന്നതു കാണാതെ, സാമ്പത്തികച്ചെലവു മാത്രം നോക്കിയുള്ള നിലപാടു തിരുത്തപ്പെടേണ്ടതു തന്നെ. 18–45 പ്രായക്കാർക്കും സൗജന്യ വാക്സീൻ നൽകാൻ കേന്ദ്ര സർക്കാർ മുന്നോട്ടുവന്നാൽ അതിൽ കാലം കയ്യൊപ്പു ചാർത്തുമെന്നു തീർച്ച.

English Summary: Covid vaccination for people between 18 and 45 years old - editorial

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA