അതിജാഗ്രത കൈവിടുമ്പോൾ

SHARE

വാക്സീൻ എന്ന ആയുധം കൊണ്ടു പോരാടിയും സുരക്ഷിത അകലവും ശുചിത്വവും പാലിച്ചുള്ള ആരോഗ്യജാഗ്രത കുറ്റമറ്റു നടപ്പാക്കിയും കോവിഡിനെ തോൽപിക്കാനുള്ള കഠിനദൗത്യത്തിലാണു നാം. ഇവയിലൊന്നും ഒരു പാളിച്ചപോലും ഉണ്ടായിക്കൂടാത്തതുമാണ്. എന്നിട്ടും, ചിലപ്പോൾ സർക്കാർതന്നെ അമൂല്യമായ ഈ പ്രതിരോധ – അതിജീവന മന്ത്രം മറക്കുന്നത് അത്യധികം നിർഭാഗ്യകരമാണ്. കോവിഡ് വാക്സീൻ കുത്തിവയ്പിനു മെഗാ ഡ്രൈവ് നടക്കുന്ന തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്നത് ആവർത്തിക്കാൻ പാടില്ലാത്ത ജാഗ്രതാവീഴ്ച തന്നെയാകുന്നു.

രോഗവ്യാപനത്തോത് ഉയരുമ്പോൾ കൂട്ട വാക്സീൻ കുത്തിവയ്പുകൾ നടത്തുന്നതിന്റെ ഉദ്ദേശ്യശുദ്ധി മാനിക്കേണ്ടതാണെങ്കിലും വയോജനങ്ങളടക്കം ഏറെപ്പേർ ഒത്തുകൂടുന്ന ഇത്തരം കേന്ദ്രങ്ങളിൽ പാലിക്കേണ്ട അടിസ്ഥാന ജാഗ്രതപോലും സർക്കാർ മറന്നതിന്റെ സാക്ഷ്യമായി തിരുവനന്തപുരത്തുണ്ടായ പാളിച്ചകൾ. സമയക്രമം പാലിക്കാതെ ജനം ഒരുമി‍ച്ചെത്തിയതോടെയാണു നിയന്ത്രണ സംവിധാനങ്ങൾ താറുമാറായതെന്നു പറയുന്നു. 2000 പേർക്കായി നടത്തിയ മെഗാ ഡ്രൈവിൽ 5000 പേരാണ് എത്തിയത്. ടോക്കൺ സംവിധാനം ഏർപ്പെടുത്തിയെങ്കിലും തർക്കത്തെത്തുടർന്ന് ഉപേക്ഷിച്ചു.

പുലർച്ചെ മുതൽ മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്ന പ്രായമായവർ ഉൾപ്പെടെ ചിലർ തളർന്നുവീഴുകവരെ ചെയ്തു. ആരോഗ്യപ്രശ്നങ്ങ‍ളുള്ളവരായിരുന്നു 500 മീറ്ററോളം നീണ്ട ക്യൂവിൽനിന്ന ഏറെപ്പേരും. തളർന്നുവീണവരെ ആശുപത്രിയിലെത്തിക്കാൻ ഒരു ആംബുലൻസ് മാത്രമാണ് സ്റ്റേഡിയത്തി‍ലുണ്ടായിരുന്നത്. തളർന്നുപോയ ജനത്തിനു കുടിക്കാൻ വെള്ളം നൽകാൻപോലും അധികൃതർ സംവിധാന‍മൊരുക്കിയിരുന്നില്ല എന്നതു വെറും നിരുത്തരവാദിത്തം മാത്രമാണോ?

വാക്സീന്റെ ലഭ്യതക്കുറവു കൊണ്ടും മറ്റും ഇപ്പോൾ കുത്തിവയ്പിന്റെ വേഗം കുറഞ്ഞെങ്കിലും കോവിഡ് വ്യാപനത്തോതു കൂടിയതുകൊണ്ട് എത്രയും വേഗം വാക്സീൻ സ്വീകരിക്കാനുള്ള ശ്രമത്തിലാണു ജനങ്ങൾ. ജീവന്റെ വിലയാണു പലരും വാക്സീനു നൽകുന്നതെന്ന് അധികൃതർ തിരിച്ചറിയേണ്ടതുണ്ട്. ജനങ്ങളിൽ ഇപ്പോഴത്തെ സാഹചര്യമുണ്ടാക്കുന്ന അമിതസമ്മർദം തിരിച്ചറിഞ്ഞ്, അതു മാനിച്ചുള്ള മാനുഷിക നടപടികളാണു സർക്കാർ സംവിധാനങ്ങളിൽനിന്നുണ്ടാവേണ്ടത്. വയോജനങ്ങളിലാവട്ടെ ഈ സമ്മർദം വർധിച്ചിരിക്കുകയുമാണ്. സമയക്രമം തെറ്റിച്ച് പലരും എത്തിയതാണ് ആശയക്കുഴപ്പത്തിനും പ്രശ്നത്തിനും ഇടയാക്കിയതെന്നും മറ്റുമുള്ള പതിവു കൈകഴുകലല്ല ഇത്തരം സാഹചര്യങ്ങളിൽ ഉണ്ടാകേണ്ടതെന്ന് അധികൃതർ മനസ്സിലാക്കണം. ദിനംപ്രതി ആശങ്കയേറുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ, വാക്സീൻ തേടി ജനം കൂട്ടത്തോടെ എത്തുമെന്നതു മുൻകൂട്ടി കണ്ട്, അതിനുവേണ്ട സംവിധാനങ്ങൾ സർക്കാർ ഒരുക്കേണ്ടതായിരുന്നു.

രണ്ടാം ഡോസ് എടുക്കുന്നവരുടെ സൗകര്യം കൂടി കണക്കിലെടുത്താണ് തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ഇൻഡോർ സ്റ്റേഡിയത്തിൽ മെഗാ ഡ്രൈവ് നടത്തുന്നത്. ആദ്യ ദിവസമുണ്ടായ പാളിച്ചകൾ കടുത്ത വിമർശനത്തിനു കാരണമായതോടെ ഇന്നലെ പറയത്തക്ക പരാതികളില്ലാതെയാണു വാക്സിനേഷൻ നടന്നത്. ആദ്യദിവസത്തെ കയ്പുള്ള അനുഭവങ്ങൾ ഇനിയങ്ങോട്ടു സംസ്ഥാനത്ത് എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളുടെ നടത്തിപ്പിലും സർക്കാരിനു പാഠമാകേണ്ടതുണ്ട്. വാക്സിനേഷൻ കേന്ദ്രങ്ങൾ കോവിഡ് വ്യാപന കേന്ദ്രങ്ങളാകാതിരിക്കാൻ സർക്കാരും പൊതുസമൂഹവും സൂക്ഷ്മശ്രദ്ധ പുലർത്തിയേതീരൂ. വാക്സീൻ തീരുമെന്ന രീതിയിൽ ചില സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം ഉണ്ടായപ്പോൾ ജനം കൂട്ടത്തോടെ എത്തിയതോടെയാണ് തിങ്കളാഴ്ച നിയന്ത്രണ സംവിധാനങ്ങൾ താളം തെറ്റിയതെന്നത് ഇത്തരം കുപ്രചാരണങ്ങളോടു നാം പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചുകൂടി ഓർമപ്പെടുത്തുന്നു.

പതിനെട്ടിനും 45നും മധ്യേ പ്രായമുള്ളവർക്കു മേയ് ഒന്നുമുതൽ കുത്തിവയ്പെടുക്കാൻ ഓൺലൈൻ വഴിയുള്ള വാക്സീൻ റജിസ്ട്രേഷൻ ഇന്നു തുടങ്ങുകയാണ്. ഇതിനകം ഒട്ടേറെ പരാതികൾക്കു കാരണമായ റജിസ്ട്രേഷൻ പാളിച്ചകൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള നിരന്തരശ്രദ്ധ സർക്കാർതലത്തിൽ  ഉണ്ടാവണം. കോവിൻ പോർട്ടലിൽ പലപ്പോഴും റജിസ്റ്റർ ചെയ്യാനാകുന്നില്ലെന്ന പരാതി ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്. വാക്സീൻ ലഭ്യതക്കുറവു മൂലം സ്ലോട്ടുകൾ ലഭിക്കാത്തതാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഏതു മാർഗത്തിലൂടെയാണെങ്കിലും വാക്സീൻ ലഭ്യത സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA