ADVERTISEMENT

ഒരുകാലത്ത് പോസ്റ്റുകൾ വഴിയാണ് കേരളത്തിൽ വികസനം വന്നിരുന്നതെന്ന സത്യം ചരിത്രത്തിന്റെ തൂണുകളായി നിൽക്കുന്നുണ്ട്.  

റോഡരികിൽ കുഴി കുഴിക്കുക, ആ കുഴികളിൽ പോസ്റ്റുകൾ സ്ഥാപിക്കുക എന്നത് വൈദ്യുതിവരവിന്റെ ആദ്യഘട്ടമായിരുന്നു. രണ്ടാം ഘട്ടമായി ആ പോസ്റ്റുകളിൽ കമ്പി വലിക്കുന്നു. ഒടുവിൽ അറിയിപ്പു വരുന്നു: ഈ കമ്പികളിൽ ഇനി എപ്പോൾ വേണമെങ്കിലും വൈദ്യുതി പ്രവഹിക്കാം. 

പോസ്റ്റിൽ കയറി വൈദ്യുതി സഞ്ചരിച്ചു തുടങ്ങിയപ്പോൾ, റോഡിൽനിന്നു മാറിയുള്ള വീടുകളിലേക്ക് പാടങ്ങളിലും റബർത്തോട്ടങ്ങളിലുമൊക്കെ പോസ്റ്റുകൾ സ്ഥാപിച്ചു കമ്പി വലിക്കേണ്ടിവന്നു. 

പോസ്റ്റിലേറി കമ്പിയും കാണാവൈദ്യുതിയും പാടത്തിനു നടുവിലൂടെ പോകുന്നത് അക്കാലത്തു വികസനക്കാഴ്ചതന്നെയായിരുന്നു. 

വഴിയോര കുഴികളിൽ‍ ടെലിഫോൺ പോസ്റ്റുകൾ സ്ഥാപിക്കുന്നതും അന്നു വികസനമായിരുന്നു. നാട്ടിൻപുറങ്ങളിൽ സ്വന്തമായി ഫോണുള്ള ഭാഗ്യവാൻ വിഐപി. അദ്ദേഹത്തിന്റെ നമ്പർ തങ്ങളെയൊക്കെ ബന്ധപ്പെടാനുള്ള നമ്പറായി അവകാശപ്പെടാനുള്ള സൗഹൃദം അന്നു നാട്ടിലെ പോസ്റ്റുകൾക്കിടയിൽ കമ്പിയില്ലാക്കമ്പിയായി നിലനിന്നിരുന്നു. 

കമ്പിയില്ലാഫോണുകൾ വന്നതോടെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ കുഴിച്ചിടുന്നതായി ഫാഷൻ. സ്വന്തമായി പഴഞ്ചൊല്ലുകൾ നിർമിക്കാൻ ഭാവനയുള്ളവർ അവ പോസ്റ്റായി സ്ഥാപിക്കുന്നു; മറ്റു ചിലർ പഴഞ്ചൊല്ലുകൾ സ്വന്തമാണെന്ന മട്ടിൽ പോസ്റ്റിൽ കയറിക്കളിക്കുന്നു.  

അടുത്തകാലത്ത് കായംകുളം എംഎൽഎയുടെ പേരിലിട്ട പോസ്റ്റിലൊരു പഴഞ്ചൊല്ലു കയറിയിരുന്നു:

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും. 

ദൈവം പ്രത്യക്ഷപ്പെട്ടു നിർദേശിച്ചിട്ടെന്നവണ്ണം എംഎൽഎവനിത പോസ്റ്റിൽനിന്നിറങ്ങി വന്നുവെന്നു മാത്രമല്ല, ആ പോസ്റ്റ് കുഴിച്ചിട്ടതു താനല്ലെന്നു തള്ളിപ്പറയുകയും ചെയ്തു. അതിനു പിന്നാലെ ആരോ ആ പോസ്റ്റ്തന്നെ പിഴുതുകളഞ്ഞു. 

പോസ്റ്റിൽ വലിച്ച കമ്പിയിലൂടെ സന്ദേശം വന്നിരുന്ന കാലത്ത് ഇങ്ങനെയൊരു തള്ളിപ്പറയൽ സാധ്യമായിരുന്നില്ല. പോസ്റ്റിട്ടാൽ അതവിടെ നിൽക്കും; ചിലരൊക്കെ അതിൽ ചാരിനിൽക്കുകയും ചെയ്യും. 

അന്നൊക്കെ ഒരാൾ പോസ്റ്റിൽ കയറിയാൽ നാട്ടുകാർക്കെല്ലാം കാണാമായിരുന്നു. രഹസ്യമായ കയറ്റം അസാധ്യം. 

കഷ്ടം, സമൂഹമാധ്യമ പോസ്റ്റിൽ അജ്ഞാതൻ കയറിയാൽ ആർക്കും കാണാൻ പറ്റില്ല. അയാളെ വേണമെങ്കിൽ ഹാക്കർ എന്നു ചീത്തവിളിച്ച് പോസ്റ്റിൽ പിടിച്ചു കുലുക്കാമെന്നു മാത്രം. 

എംഎൽഎയായാലും ഹാക്കർ അവർകളായാലും പഴഞ്ചൊല്ലിൽ തൊട്ടുകളിക്കുന്നതു സൂക്ഷിച്ചുവേണം എന്നാണ് അപ്പുക്കുട്ടനു പറയാനുള്ളത്. 

പൊട്ടൻ, ചട്ടൻ എന്നൊക്കെയുള്ള പ്രയോഗങ്ങൾ അതേ പഴഞ്ചൊല്ലിൽത്തന്നെയുള്ള ദൈവം സഹിക്കില്ല. ഭിന്നശേഷിക്കാരെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കുന്നത് മെട്രിക് അളവുതൂക്ക വ്യവസ്ഥയിൽ ഇഞ്ചിഞ്ചായി കൊല്ലുന്നതുപോലെതന്നെ കുറ്റകരമാണെന്ന് എംഎൽഎയെങ്കിലും അറിയേണ്ടതായിരുന്നു. 

ഉയരമുള്ള പോസ്റ്റിൽ കയറി നിൽക്കുന്നവരുടെ മനസ്സിലിരിപ്പ് എല്ലാവർക്കും കാണാം, സർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com