ADVERTISEMENT

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ നേരിടാൻ നിലവിലെ വാക്സീനുകൾ ഫലപ്രദമോ? എത്രകാലം കൂടി മാസ്ക്  ഉപയോഗിക്കേണ്ടിവരും? കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ നമ്മുടെ സംശയങ്ങളും വർധിക്കുകയാണ്. പ്രസക്തമായ ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും 

∙കോവിഡിനു കാരണമായ വൈറസിന്റെ പല വകഭേദങ്ങളെക്കുറിച്ചു കേൾക്കുന്നു. ഈ സാഹചര്യത്തിൽ വാക്സിനേഷൻ എത്രത്തോളം ഫലപ്രദമാണ്?

വാക്സീനുകൾ തീവ്ര രോഗാവസ്ഥയിൽനിന്നു രക്ഷിക്കും. വാക്സീൻ സ്വീകരിച്ചവർ വെന്റിലേറ്ററിലാകില്ല. നേരിയതോ മിതമായതോ ആയ രോഗലക്ഷണങ്ങളുണ്ടായേക്കാം. മരണനിരക്കു ഗണ്യമായി കുറയ്ക്കാനും ആശുപത്രിയിൽ വിദഗ്ധചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണം കുറയ്ക്കാനും വാക്സിനേഷൻ സഹായിക്കും.

∙കോവിഡ് പോസിറ്റീവായവർക്ക് ആശുപത്രി ചികിത്സ അനിവാര്യമാകുന്നത് എപ്പോഴാണ്?

ശ്വാസതടസ്സം അനുഭവപ്പെടുക, പൾസ് ഓക്സിമീറ്ററിൽ ഓക്സിജന്റെ അളവ് 94ൽ കുറയുക, കുഴഞ്ഞുവീഴുക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ആശുപത്രിയിലെത്തണം. ശരിയായ നിർദേശങ്ങൾ ലഭിക്കുകയെന്നതു ശരിയായ ചികിത്സ ലഭിക്കുന്നതുപോലെ പ്രധാനമാണ്. അതിനാൽ, നിർബന്ധമായും ഡോക്ടറുമായി ബന്ധപ്പെടണം.

covid

∙വീട്ടിൽ ചികിത്സിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

രോഗിയുടെ വയസ്സും അപകടസാധ്യതയും പ്രധാനമാണ്. 60 വയസ്സു കഴിഞ്ഞവരോ മറ്റു രോഗങ്ങളുള്ളവരോ ആണെങ്കിൽ പ്രത്യേക ശ്രദ്ധ വേണം. നേരിട്ടോ ഫോൺ വഴിയോ നിരന്തരം ഡോക്ടറുമായി ബന്ധപ്പെടണം. എന്നാൽ, 60 വയസ്സിനു താഴെയുള്ള, മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവർക്കു കോവിഡ് തീവ്രമാകാൻ സാധ്യതയില്ല. അവരും ഡോക്ടറുടെ നിർദേശം തേടിയതിനു ശേഷമാകണം വീട്ടിൽ ഐസലേഷനിൽ കഴിയേണ്ടത്. കുട്ടികൾക്കു ജലദോഷം പോലെ വന്നുപോകാനാണു സാധ്യത.

∙ആവി പിടിക്കൽ പോലുള്ളവ കോവിഡിനെ പ്രതിരോധിക്കാൻ ഫലപ്രദമാണോ?

അവ ഗുണം ചെയ്യുമെന്നതിനു ശാസ്ത്രീയ തെളിവുകളില്ല. പാരസെറ്റമോൾ കഴിച്ചും ധാരാളം വെള്ളം കുടിച്ചും മിക്കവർക്കും രോഗം ഭേദമാക്കാം. ആസ്മ രോഗികൾ ഉപയോഗിക്കുന്ന ഇൻഹേലറും ചിലർക്കു ഫലം ചെയ്യുന്നതായി കണ്ടിട്ടുണ്ട്.

∙വാക്സീനുകൾക്കിടയിലുള്ള ഇടവേളയെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. രണ്ടു ഡോസിനു ശേഷം ബൂസ്റ്റർ ഡോസിനെക്കുറിച്ചും ചിലർ പറയുന്നു. അഭിപ്രായമെന്താണ്?

6 മുതൽ 12 ആഴ്ച വരെയെന്നു പറയുന്നുണ്ട്. എന്നാൽ, രണ്ടു ഡോസുകൾ തമ്മിലുള്ള ഇടവേള വർധിക്കുമ്പോൾ കോവിഡ് പോസിറ്റീവാകാനുള്ള സാധ്യതയും കൂടുന്നു. അതിനാൽ, നാലാഴ്ചയുടെ ഇടവേളയിൽ രണ്ടു ഡോസും എടുക്കാമെന്നാണ് അഭിപ്രായം. രണ്ടാം തരംഗത്തിന്റെ തീവ്ര വ്യാപനവും ഇതിൽ കണക്കിലെടുക്കേണ്ടതുണ്ട്. ബൂസ്റ്റർ ഡോസുമായി ബന്ധപ്പെട്ട് ഇതുവരെ ശാസ്ത്രീയ പഠനങ്ങളൊന്നുമുണ്ടായിട്ടില്ല.

covid-food

∙18 - 45 പ്രായക്കാരുടെ വാക്സിനേഷനെ എങ്ങനെ കാണുന്നു? 2-3 മാസത്തിനകം ആവശ്യത്തിനുള്ള വാക്സീൻ ലഭ്യമാകുമോ?

18-45 പ്രായക്കാർക്കു വാക്സീൻ നൽകാനുള്ള തീരുമാനം ശരിയായ ദിശയിലുള്ളതാണ്. തീർച്ചയായും ആശുപത്രിയിലെത്തുന്ന രോഗികളുടെ എണ്ണവും മരണനിരക്കും കുറയ്ക്കാൻ അതു സഹായിക്കും. എന്നാൽ, വാക്സീൻ രോഗവ്യാപനം തടയുമെന്ന് ഉറപ്പാക്കാനാവില്ല.

∙മുറികളിൽ വൈറസ് എത്രസമയം തങ്ങിനിൽക്കും?

വെന്റിലേഷന്റെ തോതനുസരിച്ച് 24 മണിക്കൂർ വരെ തങ്ങിനിൽക്കാം.

∙മൂന്നാം തരംഗ സാധ്യതയുണ്ടോ?

നിശ്ചിത ഇടവേളകളിൽ കോവിഡ് തരംഗം ആവർത്തിച്ചുകൊണ്ടിരിക്കും. കോവിഡ് നമുക്കൊപ്പമുണ്ടാകും. എന്നാൽ, എപ്പോൾ അതു വരുമെന്നു കൃത്യമായി പറയാനാകില്ല. ജനിതകമാറ്റം വന്ന വൈറസുകൾക്കെതിരായ പുതുക്കിയ വാക്സീനുകളിലൂടെ അതിനെ നമുക്കു നിയന്ത്രിക്കാനാകും.

∙ഒന്നാം ഡോസ് കോവിഷീൽഡ് വാക്സീൻ എടുത്തു. രണ്ടാം ഡോസിന് അതു ലഭ്യമല്ല. കോവാക്സീൻ എടുക്കാൻ പറ്റുമോ; തിരിച്ചും?

കഴിയുന്നതും ആദ്യമെടുത്ത വാക്സീൻ തന്നെ രണ്ടാം ഡോസും എടുക്കുക. അതു ലഭ്യമല്ലെങ്കിൽ മറ്റൊരു വാക്സീനെടുക്കാം. അതുകൊണ്ടു പ്രശ്നങ്ങളൊന്നുമുണ്ടാകില്ല.

∙കുട്ടികൾ, ഗർഭിണികൾ എന്നിവർക്കുള്ള ഉപദേശം?

പൊതുവായ മുൻകരുതൽ നടപടികൾ എല്ലാവർക്കും ഒന്നുതന്നെ. കുട്ടികളിൽ കോവിഡ് ഗുരുതരമാകാനുള്ള സാധ്യത വിരളം. ഗർഭിണികൾ ഗർഭകാലത്തിന്റെ തുടക്കത്തിൽ വാക്സീനെടുക്കാതിരിക്കുന്നതാണു നല്ലത്. അത് അമ്മയെയും കുട്ടിയെയും ബാധിച്ചേക്കാം. എന്നാൽ, ഗർഭധാരണത്തിന്റെ അവസാന ഘട്ടത്തിൽ വാക്സീനെടുക്കാം.

online-meeting

∙ഓഫിസ് അന്തരീക്ഷത്തിൽ വൈറസ് പടരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്? 

രണ്ടുപേർ തമ്മിൽ 2 മീറ്ററിൽ കുറഞ്ഞ അകലത്തിൽ നിൽക്കുമ്പോൾ തുപ്പൽകണികകൾ വഴിയാണു രോഗം പടരാൻ ഏറ്റവും കൂടുതൽ സാധ്യത. 2 മീറ്ററിൽ കൂടുതൽ അകലത്തിൽ നിൽക്കുമ്പോൾ രോഗവ്യാപനത്തിനുള്ള സാധ്യത കുറയുന്നു. സംസാരിക്കുന്ന രണ്ടുപേരും മാസ്ക് ധരിക്കുമ്പോൾ സാധ്യത വീണ്ടും കുറയുന്നു.

കോവിഡ് വ്യാപനം തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം മാസ്ക് തന്നെ. ഓഫിസുകളിൽ ജോലിസമയത്ത് മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കുക. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതു രോഗവ്യാപനത്തിനുള്ള മറ്റൊരു സാധ്യതയാണ്. ഭക്ഷണം കഴിക്കുന്ന സമയത്ത് മാസ്ക് മാറ്റുന്നതിനാൽ രോഗവ്യാപന സാധ്യത വർധിക്കുന്നു. രോഗവ്യാപനത്തോത് കുറയുന്നതുവരെ സ്വന്തം ടേബിളിൽ തന്നെ ഭക്ഷണം കഴിക്കുന്നതാണു സുരക്ഷിതം. എസി മുറികളിൽ രോഗവ്യാപനത്തിനുള്ള സാധ്യത മറ്റിടങ്ങളെക്കാൾ കൂടുതലാണ്. അതിനാൽ, എസി ഉപയോഗിക്കുന്നുവെങ്കിൽ മതിയായ വെന്റിലേഷൻ ഉറപ്പാക്കുക.

∙ഏതു തരം മാസ്ക്കാണു വൈറസിനെ ചെറുക്കാൻ ഏറ്റവും ഫലപ്രദം?

സാധാരണക്കാർക്കു മൂന്നു പാളികളുള്ള തുണി മാസ്ക് ധാരാളം മതിയാകും. സർജിക്കൽ മാസ്ക് ആവശ്യമില്ല. എൻ 95 മാസ്ക് ഡോക്ടർമാരും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവരും മാത്രം ധരിച്ചാൽ മതിയാകും.

∙ഒരു മാസ്ക് എത്ര സമയം ഉപയോഗിക്കാം?

അതിനു കൃത്യമായ ഉത്തരം പറയാനാകില്ല. ഉപയോഗത്തിനനുസരിച്ചാണു തീരുമാനിക്കേണ്ടത്. കഴുകാൻ കഴിയുന്നതാണെങ്കിൽ കഴുകി ഉപയോഗിക്കാം.

∙എത്രകാലം കോവിഡിനെതിരായ കരുതലോടെ ജീവിക്കേണ്ടി വരും?

ഇനിയുള്ള കാലം മുഴുവൻ എന്നതാണ് ഉത്തരം. മുൻകരുതലുകളോടെ വൈറസിനൊപ്പം ജീവിക്കാൻ ശീലിക്കണം.

∙കോവിഡ്സമയത്ത് യാത്ര അനിവാര്യമായാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ?

പരമാവധി യോഗങ്ങൾ ഓൺലൈൻ വഴിയാക്കുക. യഥാർഥത്തിൽ വിമാനത്തിനുൾവശം എസി മുറികളെക്കാൾ സുരക്ഷിതമാണ്. എന്നാൽ, സുരക്ഷാപരിശോധന മുതൽ കാത്തിരിപ്പു വരെയുള്ള ഘട്ടങ്ങളിൽ രോഗവ്യാപനത്തിന്റെ റിസ്ക്കുണ്ട്. ആ ഘട്ടങ്ങളിൽ അതീവജാഗ്രത വേണം.

∙വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പാലിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാം?

കഴിയുന്നത്ര ചടങ്ങുകളെല്ലാം റദ്ദാക്കുക. ഇത് ആഘോഷത്തിനോ ഒത്തുകൂടുന്നതിനോ ഉള്ള സമയമല്ല. ഒഴിവാക്കാനാകാത്ത ചടങ്ങുകൾ നല്ല വെന്റിലേഷനുള്ള സ്ഥലത്തു നടത്തുക. പങ്കെടുക്കുന്നവരെല്ലാം മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതു നിർബന്ധമായും ഒഴിവാക്കുക.

∙വാക്സിനേഷന്റെ ഭാവി എന്താണ്? പാർശ്വഫലങ്ങൾ വല്ലതുമുണ്ടോ?

കോവിഡിനു കാരണമായ വൈറസ് മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്നതാണ്. ഒറ്റ വാക്സീൻകൊണ്ട് അതിനെ പ്രതിരോധിക്കാനാകില്ല. ഇൻഫ്ലുവൻസ വൈറസിന്റെ കാര്യം ഇവിടെ പ്രസക്തമാണ്. എച്ച്1എൻ1 വൈറസ് നേരത്തേ അമേരിക്കയിലുൾപ്പെടെ ഒട്ടേറെ മരണങ്ങൾക്കു കാരണമായെങ്കിലും പിന്നീടു വാക്സീനിലൂടെ നിയന്ത്രണവിധേയമായി. എന്നാൽ, ജനിതകമാറ്റം സംഭവിച്ചപ്പോൾ പഴയ വാക്സീൻ ഫലപ്രദമല്ലെന്നു കണ്ടെത്തി. ഓരോ വർഷവും പുതിയതു വേണ്ടിവന്നു.

കോവിഡ് വൈറസും സമാനമാണ്. പ്രതിരോധത്തിന് ഓരോ വർഷവും പുതിയ വാക്സീൻ വേണ്ടിവരും. ദൗർഭാഗ്യവശാൽ ഇപ്പോൾ ഇന്ത്യയിലും വിദേശത്തും ലഭ്യമായ വാക്സീനുകൾ കഴിഞ്ഞവർഷം പടർന്നുപിടിച്ച വൈറസിന്റെ വുഹാൻ വകഭേദത്തെ നേരിടാനുള്ളതാണ്. അതിന്റെ ശക്തി കുറഞ്ഞു. പുതിയ വൈറസ് അതിവേഗം പടർന്നുപിടിക്കാനുള്ള കാരണം ഇതാണ്. കുട്ടികൾക്ക് ഒട്ടേറെ രോഗങ്ങൾക്ക് ഒറ്റ വാക്സീൻ എന്നതുപോലെ, ഫ്ലൂവിനും കോവിഡിനും ഒറ്റ പ്രതിരോധ കുത്തിവയ്പ് എന്ന നില വൈകാതെ വന്നേക്കാം.

വ്യക്തിപരമായി ഗൗരവതരമായ പാർശ്വഫലങ്ങൾ ഒരാളിലും കണ്ടിട്ടില്ല. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിരീക്ഷണ സംവിധാനങ്ങൾ ഫലപ്രദമല്ലെന്നു കൂടി പറയണം. ഒരു കാര്യം ഉറപ്പിച്ചു പറയാം, കോവിഡ് ബാധിച്ചു മരിക്കാനുള്ള സാധ്യത 1% ആണെങ്കിൽ വാക്സീൻ സ്വീകരിച്ചു രക്തം കട്ടപിടിച്ചു മരിക്കാനുള്ള സാധ്യത 10 ലക്ഷത്തിൽ ഒന്നു മാത്രമാണ്. പാർശ്വഫലത്തെക്കുറിച്ചുള്ള ഭീതി വാക്സീൻ സ്വീകരിക്കാതിരിക്കാനുള്ള കാരണമല്ല. വാക്സീനെടുക്കുക, അസ്വസ്ഥത തോന്നുന്നുവെങ്കിൽ ഉടൻ ഡോക്ടറെ ബന്ധപ്പെടുക. 

വിവരങ്ങൾക്കു കടപ്പാട്: ഡോ.രാംഗോപാലകൃഷ്ണൻ (സീനിയർ കൺസൽറ്റന്റ്, പകർച്ചവ്യാധി വിഭാഗം, അപ്പോളോ ഹോസ്പിറ്റൽ, ചെന്നൈ)

Content Highlights: Covid precautions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com