ശിലയും ശിൽപിയും

david
SHARE

ഒരു കാഴ്ചക്കാരൻ മൈക്കലാഞ്ചലോയോട്  ചോദിച്ചു – താങ്കൾ എങ്ങനെയാണ് ഇത്രയും ഭംഗിയുള്ള ദാവീദിന്റെ ശിൽപം മാർബിൾ ഫലകത്തിൽ കൊത്തിയെടുത്തത്? അദ്ദേഹം പറഞ്ഞു – ഞാനാദ്യം മാർബിൾ കണ്ടു. അതിൽ കുറെനേരം നോക്കിയിരുന്നപ്പോൾ എന്റെ മനസ്സിലുള്ള ദാവീദിനെ ആ കല്ലിൽ കണ്ടു. പിന്നീടു ദാവീദല്ലാത്ത, ആ കല്ലിലുള്ള എല്ലാ ഭാഗങ്ങളും ഞാൻ കൊത്തിയടർത്തിക്കളഞ്ഞു. അപ്പോൾ എനിക്കു ദാവീദിനെ ലഭിച്ചു. 

നിർമിതി മാത്രമല്ല, തച്ചുടയ്ക്കലും സൃഷ്ടിയാണ്. ഒന്നു ജന്മമെടുക്കുമ്പോൾ മറ്റൊന്ന് അപ്രത്യക്ഷമാകുന്നു; മാത്രമല്ല, ചിലതൊക്കെ നശിക്കുമ്പോഴാണ് കൂടുതൽ മികവുള്ളതു രൂപംകൊള്ളുന്നത്. അനാവശ്യമായതിനെ അടർത്തിയെടുക്കാനും അകറ്റിനിർത്താനും കഴിയുന്നവനെ വിളിക്കുന്ന പേരാണ് ശിൽപി; പ്രതിമ നിർമാണത്തിൽ മാത്രമല്ല ജീവിതത്തിലും. 

എന്താണു വേണ്ടത് എന്നതിനെക്കാൾ പ്രധാന ചിന്തയാണ് എന്തൊക്കെയാണു വേണ്ടാത്തത് എന്നത്. ആവശ്യമുള്ളവയുടെ അഭാവത്തെക്കാൾ അനാവശ്യമായവയുടെ അധിക ഭാരമാണ് ചലനശേഷിയും ചാരുതയും നഷ്ടമാക്കുന്നത്. ആരുമാകാൻ സഹായിക്കാത്ത അപ്രധാന കാര്യങ്ങളുടെ ചുമട് ഇറക്കിവയ്ക്കാൻ തയാറായാൽത്തന്നെ സ്വന്തം വൈശിഷ്ട്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പായി. 

പുതിയതൊന്നു കരസ്ഥമാക്കിയാൽ, അതു പ്രയോജനപ്രദമാണെങ്കിലും അല്ലെങ്കിലും, അധികമൊന്നു നേടിയതിന്റെ ആവേശമുണ്ട്. ഉള്ളതിലൊന്നു നഷ്ടമാകുമ്പോൾ, അത് ആവശ്യമില്ലാത്തതാണെങ്കിൽ പോലും, അനുഭവിച്ചിരുന്ന ആനന്ദം നഷ്ടമാകും. 

എല്ലാ വളർച്ചയിലും ആരുമറിയാത്ത നഷ്ടങ്ങളുടെ കഥയുണ്ട്. പ്രിയമുള്ള പലതിനോടും വിട പറഞ്ഞിട്ടുള്ളവർ മാത്രമേ, പടവുകൾ കയറിയിട്ടുള്ളൂ. എല്ലാ ജീവിതങ്ങളും രൂപഭംഗിയുള്ള മനോഹര ശിൽപങ്ങളാണ്. അതു പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളവർ അപൂർവം. ശിലയും ശിൽപിയും ശിൽപവുമാകേണ്ടത് അവനവൻ തന്നെ; സ്വയം കൊത്തിയൊരുക്കാൻ തയാറാകണം.

Content Highlights: Michelangelo and David

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA