ADVERTISEMENT

ലോകത്തോളം വലുപ്പമുള്ള കൊടുങ്കാറ്റായി വീശിയടിക്കുകയാണ് കോവിഡ്. ഓക്സിജൻ ക്ഷാമം ഓരോ നാളും ഡൽഹിയിലും മറ്റും ജീവനെടുത്തുകൊണ്ടിരിക്കുമ്പോൾ, മൃതശരീരങ്ങൾ സംസ്കരിക്കാൻ തന്നെ ബുദ്ധിമുട്ടു നേരിടുമ്പോൾ, നിസ്സഹായ വിലാപങ്ങളുടെ പെരുമഴ തുടരുമ്പോൾ, ആധുനിക ചരിത്രത്തിലെ ഏറ്റവും കഠിനസന്ധിയാണ് ഇന്ത്യ അഭിമുഖീകരിക്കുന്നത്. ഓരോ നാളും പെരുകുന്ന കോവിഡ് കണക്കുകൾക്കു മുന്നിൽ ഭീതിയോടെ നിൽക്കുകയാണു കേരളവും. മൂന്നാം വ്യാപനസാധ്യത അരികിലുണ്ടെന്ന റിപ്പോർട്ടുകൾ നമ്മുടെ ഉറക്കംകെടുത്തുന്നുണ്ട്. ഇതിനിടയിൽ നമുക്കു മുന്നിലുള്ള വാക്സീൻ എന്ന ഏക പ്രതീക്ഷയാകട്ടെ, ലഭ്യതക്കുറവും അമിതവിലയുമടക്കമുള്ള പല ആശങ്കകളുടെ നിഴലിലുമാണ്. 

ജീവിതത്തെക്കുറിച്ചുള്ള ജനതയുടെ പ്രത്യാശയ്ക്കുതന്നെ ഇപ്പോൾ ഒറ്റപ്പേരേയുള്ളൂ: വാക്സീൻ. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കങ്ങളും രാഷ്ട്രീയനിറങ്ങളുള്ള ആരോപണ പ്രത്യാരോപണങ്ങളുമെല്ലാം സാധാരണക്കാരന്റെ  വാക്സീൻ പ്രതീക്ഷകൾക്കു മുന്നിൽ അപ്രസക്തമായിപ്പോകുന്നു എന്നതാണു യാഥാർഥ്യം. അതുകൊണ്ടുതന്നെ, വാക്സീനെച്ചൊല്ലി ഇപ്പോഴുയർന്ന ആശങ്കകൾ കോവിഡ്ഭീതിക്കൊപ്പം ചേരുമ്പോൾ അതിന്റെ ആഘാതശേഷി കൂടുതലാണ്. ഇതിനിടെ, ഒരു കോടി ഡോസ് വാക്സീൻ വാങ്ങാൻ ഇന്നലെ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തത് വാക്സീൻ ക്ഷാമത്താൽ വലയുന്ന കേരളത്തിനാകെ ആശ്വാസവാർത്തയാകുന്നു.

കോവിഡ് പിടിയിൽനിന്നു രാജ്യത്തെയാകെ വിമുക്തമാക്കാൻ ഉത്തരവാദപ്പെട്ട കേന്ദ്ര സർക്കാരിന്റെ ചില നിലപാടുകൾ ചോദ്യം ചെയ്യപ്പെടുന്നുമുണ്ട്. കോവിഡ് വാക്സീനു കമ്പനികൾ പല വില നിശ്ചയിച്ചതിന്റെ യുക്തിയെന്തെന്നു കേന്ദ്ര സർക്കാരിനോടു സുപ്രീം കോടതി ചോദിച്ചതു കഴിഞ്ഞ ദിവസമാണ്. വിലനിർണയത്തിന്റെ മാനദണ്ഡം സർക്കാർ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെടുകയുണ്ടായി. ഔഷധവില നിയന്ത്രണ നിയമപ്രകാരം ഇടപെടാൻ കേന്ദ്ര സർക്കാരിനുള്ള അധികാരം ഓർമിപ്പിച്ച കോടതി ഇങ്ങനെയും ചോദിച്ചു: ‘‘ഇതൊരു മഹാമാരിയും ദേശീയ പ്രതിസന്ധിയുമാണ്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുക?’’

കോവിഡ് വാക്സീൻ മൂന്നാം ഘട്ട കുത്തിവയ്പിനുള്ള റജിസ്ട്രേഷന് ഇന്നലെ തുടക്കമായിട്ടുണ്ട്. 18– 45 വയസ്സുകാർക്ക് മേയ് ഒന്നു മുതൽ കുത്തിവയ്പ് തുടങ്ങുമെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ എന്നു കുത്തിവയ്പു തുടങ്ങുമെന്നു തീർച്ചയായിട്ടില്ല. സംസ്ഥാന സർക്കാരോ സ്വകാര്യ ആശുപത്രികളോ നേരിട്ടു വാങ്ങുന്ന വാക്സീൻ മാത്രമേ ഇവർക്കു നൽകാനാകൂ. ഇത് എപ്പോൾ ലഭിക്കുമെന്ന് ഇപ്പോഴും വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ്, സൗജന്യ വാക്സീൻ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാന സർക്കാർ ഒരു കോടി ഡോസ് വാക്സീൻ വാങ്ങാൻ ഇന്നലെ തീരുമാനമെടുത്തത്

കോവിഡ് പ്രതിസന്ധിക്കിടെ, വാക്സീൻ വില നിർണയിക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുമതി നൽകിയ കേന്ദ്ര തീരുമാനം കടുത്ത വിമർശനത്തിന് ഇടയാക്കിയിരുന്നു. വാക്സീനെ ‘വിൽപനക്കാരന്റെ വിപണിയിലെത്തിച്ച’ തീരുമാനമാണു കേന്ദ്ര സർക്കാരിന്റേതെന്നാണ് ആരോപണം. വാക്സീൻ ഉൽപാദനച്ചെലവു വച്ചു നോക്കുമ്പോൾ, കേന്ദ്ര സർക്കാർ നൽകുന്ന 150 രൂപതന്നെ കമ്പനികൾക്കു മാന്യമായ ലാഭം നൽകുമെന്ന അഭിപ്രായമുണ്ട്. വാക്സീൻ ഉൽപാദനത്തിന്റെ സാങ്കേതികവിദ്യയും ബൗദ്ധികാവകാശവും സർക്കാർ വാങ്ങി കൂടുതൽ ഇന്ത്യൻ കമ്പനികൾക്ക് ഉപകരാറുകൾ നൽകി ഉൽപാദനം വൻതോതിൽ വർധിപ്പിക്കുകയാണു ചെയ്യേണ്ടിയിരുന്നതെന്ന വാദവുമുണ്ട്. 

വാക്സീൻ വില കുറയ്ക്കാനും രാജ്യത്തൊട്ടാകെ ലഭ്യത ഉറപ്പുവരുത്താനും കേന്ദ്രം ഇടപെടുകതന്നെ വേണം. ജനതയ്ക്കുവേണ്ടി ഏറ്റവും നിർണായക തീരുമാനങ്ങളെടുക്കേണ്ട സമയമാണിതെന്നു കേന്ദ്ര സർക്കാർ തിരിച്ചറിഞ്ഞേതീരൂ. പലവിധത്തിലുള്ള പരിമിതികൾക്കിടയിലും ക്യൂബ എന്ന ചെറു ദ്വീപുരാജ്യം കോവിഡ് പോരാട്ടത്തിൽ നടത്തുന്ന വിസ്മയിപ്പിക്കുന്ന മുന്നേറ്റം നമുക്കു കാണാൻകൂടിയുള്ളതാണ്. ഇതിനകംതന്നെ 5 കോവിഡ് വാക്സീനുകൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ആ രാജ്യം; ബഹുരാഷ്ട്ര മരുന്നുനിർമാണക്കമ്പനികൾക്കു മുന്നിൽ വാക്സീനുവേണ്ടി കൈ നീട്ടിയിട്ടുമില്ല. നമ്മളോ? കോവിഡ് വാക്സീനു കമ്പനികൾ പല വില നിശ്ചയിക്കുന്നതു കേട്ടും വാക്സീൻക്ഷാമത്തിനു മുന്നിലേക്കു ജനതയെ തള്ളിവിട്ടും ഏതോ അപഹാസ്യ നാടകം നിർദയം ആടിക്കൊണ്ടേയിരിക്കുന്നു.

Content Highlights: Vaccine shortage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com