ADVERTISEMENT

കേരളം ഭരിക്കാൻ പോകുന്നത് ആരാണെന്ന കാര്യത്തിൽ ഞായറാഴ്ച തീരുമാനമാകും. എൽഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ചില കാര്യങ്ങൾ മാറില്ല; മാത്രമല്ല, അവയുടെ കാര്യത്തിൽ മുന്നണികൾ തമ്മിൽ വലിയ ഐക്യമാണു താനും. ഇത്തരം അനാരോഗ്യകരമായ ഒരു കീഴ്‌വഴക്കത്തെപ്പറ്റി ഓർമിപ്പിക്കാൻ, പുതിയ ഭരണത്തിന്റെ പിറവി കാത്തിരിക്കുന്ന ഈ ദിനങ്ങൾ ഉചിതമായിരിക്കുമെന്നു കരുതുന്നു. പറയുന്നത് കേരളത്തിലെ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിനെക്കുറിച്ചാണ്. പഴ്സനൽ സ്റ്റാഫിന്റെ എണ്ണത്തിന്റെ കാര്യമായാലും അവർക്കു നൽകുന്ന പെൻഷന്റെ കാര്യമായാലും ഇന്ത്യയിലെ തന്നെ ഏറ്റവും പരിഹാസ്യമായ സ്ഥിതിയാണു കേരളത്തിലേത്.

മന്ത്രിമാരെ അവരുടെ തിരക്കിട്ട ഔദ്യോഗിക ജീവിതത്തിൽ സഹായിക്കുക എന്നതു മാത്രമാണ് പഴ്സനൽ സ്റ്റാഫിന്റെ കർത്തവ്യം. ഭരണത്തിനു നേതൃത്വം നൽകുന്നത് മന്ത്രിമാരും കാബിനറ്റും ആയിരിക്കുമ്പോൾ, ദൈനംദിന ഭരണത്തിന്റെ ചുക്കാൻ പിടിക്കുന്നതു വകുപ്പു സെക്രട്ടറിമാരാണ്; കാരണം അവരാണു ഭരണനിർവഹണത്തിന്റെ എല്ലാമായ ബജറ്റ് നിയന്ത്രിക്കുന്നത്. അവരുടെ ഉപദേശം കേട്ട് ഭരിക്കുക എന്നതാണു ഭരണഘടന വിഭാവനം ചെയ്യുന്ന വ്യവസ്ഥ.

ജവാഹർലാൽ നെഹ്റുവിന്റെ ഭരണകാലത്തു കാര്യങ്ങൾ ഇങ്ങനെയായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് (പിഎംഒ) ശക്തമാകാൻ തുടങ്ങിയത്. തന്റെ പുരോഗമനപരമായ ആശയങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വൈമുഖ്യം കാണിക്കുന്നുവെന്നും അവരിൽനിന്നു പുതിയ ആശയങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നുമുള്ള തോന്നലിൽ നിന്നാണ് വിശ്വസ്തന്മാരെ വച്ചുകൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ പിഎംഒ നിലവിൽ വന്നത്. പിന്നീടു മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഓഫിസുകൾ ഇത് അനുകരിച്ചു. ഇന്നത്തെ സ്ഥിതിയിൽ ഈ വ്യവസ്ഥയിൽനിന്നു തിരിച്ചുപോകാമെന്നു കരുതുന്നതു പ്രായോഗികമല്ല.

കേരളത്തിൽ പഴ്സനൽ സ്റ്റാഫ്, മന്ത്രിമാരുടെ ഇഷ്ടക്കാർക്കുള്ള ഒരു തൊഴിലുറപ്പു പദ്ധതിയായിട്ടു കാലം കുറച്ചായി.ഇവിടെ മന്ത്രിമാർക്കും സ്പീക്കർക്കും ഡപ്യൂട്ടി സ്പീക്കർക്കും പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും 30 പേരെ വീതവും മുഖ്യമന്ത്രിക്കു 37 പേരെയും നിയമിക്കാം എന്നാണറിയുന്നത്. കേന്ദ്രവുമായി ഇതിനെ താരതമ്യപ്പെടുത്തുമ്പോൾ, പ്രോട്ടോക്കോൾ അനുസരിച്ച് മുഖ്യമന്ത്രിമാർക്കു സമശീർഷരായ കേന്ദ്രമന്ത്രിമാർക്ക് ഒരു പ്രൈവറ്റ് സെക്രട്ടറി, 2 അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിമാർ, 2 അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ, ഒരു ഫസ്റ്റ് പഴ്സനൽ അസിസ്റ്റന്റ്, ഒരു സെക്കൻഡ് പഴ്സനൽ അസിസ്റ്റന്റ് തുടങ്ങി ആകെ  15 പേരെയാണു പഴ്സനൽ സ്റ്റാഫായി നിയമിക്കാൻ പറ്റുക. പറയുമ്പോൾ ഈ മന്ത്രിമാരിൽ ചിലർ രാജ്യരക്ഷ, ധനകാര്യം തുടങ്ങിയ ഭീമൻ മന്ത്രാലയങ്ങളുടെ ചുമതലക്കാരാണ്. കേന്ദ്ര സഹമന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ എണ്ണം 13 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. മന്ത്രിമാർ പടിയിറങ്ങുന്നതോടെ ഇവരുടെ ജോലിയും ഇല്ലാതാകുന്നു.

അവികസിത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും കേൾക്കാത്ത ഒരു കാര്യം കേരളത്തിലുണ്ട്. രണ്ടു വർഷം മന്ത്രിയുടെ സ്റ്റാഫിൽ പ്രവർത്തിച്ചാൽ അവർക്ക് ആജീവനാന്തം പെൻഷൻ കിട്ടും. ഒരു കേന്ദ്ര സർക്കാർ ജീവനക്കാരൻ പെൻഷനു യോഗ്യത നേടാൻ 10 വർഷം പണിയെടുക്കണം. ആദ്യം തന്നിഷ്ടമനുസരിച്ചു സ്റ്റാഫിനെ നിയമിക്കുക, പിന്നെ അവർക്കു പെൻഷൻ നൽകുക – നികുതിദായകരോടും നേർവഴിക്കു തൊഴിൽ തേടുന്ന ചെറുപ്പക്കാരോടും ഇതിൽപരം അനീതി എന്തുണ്ട്?

കാര്യങ്ങൾ ഇതുകൊണ്ട് അവസാനിക്കുന്നില്ല. ജോലിയിലിരുന്നു രണ്ടുവർഷം പിന്നിടുമ്പോൾ, പഴ്സനൽ സ്റ്റാഫിൽപെട്ടവർ രാജിവയ്ക്കുന്നു. പുതിയൊരു കൂട്ടത്തെ നിയമിക്കാം. അവർക്കും ആജീവനാന്തം പെൻഷൻ ആസ്വദിക്കാം. ഒരു മന്ത്രിസഭയുടെ കാലാവധി പിന്നിടുമ്പോൾ, മന്ത്രിമാരുടെ 1500ൽ ഏറെ അടുപ്പക്കാർ പെൻഷന് അർഹരാകുന്നു. ഈ കുറ്റകരമായ പാഴ്ച്ചെലവു കുറയ്ക്കാൻ കേരളത്തിലെ ശമ്പളക്കമ്മിഷൻ, പെൻഷനു യോഗ്യത നേടാനുള്ള പഴ്സനൽ സ്റ്റാഫിന്റെ സേവന കാലാവധി 4 വർഷമായി കൂട്ടാൻ ശുപാർശ ചെയ്തിരുന്നു. നമ്മുടെ മന്ത്രിമാരുണ്ടോ അതു കേൾക്കുന്നു? വർത്തമാന പിണറായി മന്ത്രിസഭ, പോകുന്ന പോക്കിൽ പഴ്സനൽ സ്റ്റാഫിന്റെ ശമ്പളവും (എന്നുവച്ചാൽ പെൻഷനും) കൂട്ടാൻ തീരുമാനിച്ചിരുന്നു. പക്ഷേ, ഹൈക്കോടതി അതു സ്റ്റേ ചെയ്തു.

പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള വാഗ്ദാനങ്ങൾ നിരത്തിയ പ്രകടനപത്രികകൾ മുന്നിൽ വച്ചു പ്രചാരണം നടത്തിയ രണ്ടു മുന്നണികളിലൊന്നായിരിക്കും കേരളം ഭരിക്കുക. നാടു ശരിയാക്കാനുള്ള യജ്ഞം തുടങ്ങുന്നതിനു മുൻപ് പുതിയ മന്ത്രിമാർ സ്വന്തം ഓഫിസിലേക്കു തന്നെ കണ്ണോടിക്കുന്നതു നന്നായിരിക്കും. സ്വാർഥതയുടെയും വ്യക്തിതാൽപര്യങ്ങളുടെയും കൂത്തരങ്ങുകളായ ആ ഇടങ്ങളെ പരിഷ്കരിക്കുക എന്നത് ആദ്യ അജൻഡയായാൽ നന്നായിരിക്കും. പഴ്സനൽ സ്റ്റാഫിന്റെ എണ്ണത്തെയും അനൈതികമായ പെൻഷനെയും കുറിച്ചു വീണ്ടുവിചാരമുണ്ടായാൽ നന്നായിരുന്നു.

ട്രിയാഷ് തന്ത്രം: കേരളം ചെയ്യേണ്ടത്

കോവിഡിന്റെ രണ്ടാം വരവ് സൂനാമി പോലെ ഇന്ത്യയിൽ ആഞ്ഞടിച്ചപ്പോൾ ആശുപത്രിക്കിടക്കകൾക്കും വെന്റിലേറ്ററുകൾക്കും ഓക്സിജനും മരുന്നുകൾക്കും കൊടുംക്ഷാമമായി; പ്രാണൻ നിലനിർത്താൻ ആളുകൾ പരക്കം പായുന്നു. കേരളത്തിൽ സ്ഥിതി അത്രത്തോളം എത്തിയിട്ടില്ലെങ്കിലും നമ്മളും അതിന്റെ വക്കിലാണ്. രോഗം ഏറ്റവും കൂടുതൽ പടർന്നിട്ടുള്ള എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 90% ഐസിയു ബെഡുകൾ ഇന്നലെ വരെ നിറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളായിട്ടാണെങ്കിലും കേരളത്തിലും വെന്റിലേറ്ററും ഓക്സിജനും കിട്ടാതെ രോഗികൾ മരിച്ചു.

അങ്ങനെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ നെല്ലിപ്പടി കണ്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത്, വളരെയധികം ആവശ്യക്കാരുള്ള ഒരു ഐസിയു കിടക്ക അല്ലെങ്കിൽ വെന്റിലേറ്റർ അല്ലെങ്കിൽ മറ്റേതെങ്കിലും ചികിത്സാസൗകര്യം ഏതു രോഗിക്കു നൽകണം എന്ന തീരുമാനം പരമപ്രധാനമാണ്. ഇങ്ങനെ മുൻഗണനാക്രമം നിശ്ചയിക്കാനുള്ള ട്രിയാഷ് (triage) തന്ത്രത്തെക്കുറിച്ച്, രോഗം വർധിച്ച ഈ സമയത്തു കൂടുതൽ ആലോചിക്കേണ്ടിയിരിക്കുന്നു. നെപ്പോളിയൻ നയിച്ച യുദ്ധങ്ങളിൽനിന്നാണു ട്രിയാഷ് ഒരു ചികിത്സാരീതിയായി പിറക്കുന്നത്. യുദ്ധത്തിൽ പരുക്കേറ്റ നൂറുകണക്കിനു പടയാളികളെ, നെപ്പോളിയന്റെ സർജന്മാർ ചികിത്സിക്കാനായി മുൻഗണനാ ക്രമത്തിൽ തരംതിരിച്ചു. ഈ തന്ത്രം മരണസംഖ്യ കുറയ്ക്കാൻ സഹായിച്ചു. പിന്നീട് മഹാമാരി, പ്രകൃതിദുരന്തം, യുദ്ധം തുടങ്ങിയ അവസരങ്ങളിൽ ട്രിയാഷ് പതിവായി ഉപയോഗിക്കാൻ തുടങ്ങി. ഈ കോവിഡ്കാലത്തും യുഎസിലും മറ്റു പടിഞ്ഞാറൻ നാടുകളിലും രോഗികളെ ആദ്യം ആശുപത്രികളിലെ ട്രിയാഷ് കേന്ദ്രങ്ങളിലേക്കാണു കൊണ്ടുപോകുന്നത്.

കേരളത്തിലെ ഹോം ഐസലേഷൻ, വാക്സീൻ എടുത്തവർക്കു വീടുകളിൽ ചികിത്സ തുടങ്ങിയ തീരുമാനങ്ങൾ പരിമിതമായ ആശുപത്രി സൗകര്യങ്ങളുടെമേൽ അധിക സമ്മർദം വരാതിരിക്കാനുള്ള മാർഗങ്ങളാണ്. എന്നാൽ, രോഗവ്യാപനം രൂക്ഷമാകുമ്പോൾ പരിമിതമായ ചികിത്സാസൗകര്യങ്ങൾ ഏറ്റവും ആവശ്യമുള്ളവർക്ക് എത്തിക്കുക എന്നതു കൂടുതൽ വെല്ലുവിളിയുയർത്തുന്നു.

രണ്ടാം വ്യാപനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അതു സമൂഹത്തിലെ മേൽത്തട്ടുകാരെ കൂടുതൽ ബാധിച്ചു. മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ ഇവർ ഏറ്റവും നല്ല ചികിത്സാസൗകര്യങ്ങൾ, ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും, കയ്യടക്കി. സച്ചിൻ തെൻഡുൽക്കർ, അക്ഷയ് കുമാർ, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഭാര്യ രശ്മി താക്കറെ തുടങ്ങിയവരെ ‘മുൻകരുതലിന്റെ ഭാഗമായി’ മുംബൈയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചപ്പോൾ, മറുഭാഗത്ത് കിടക്ക കിട്ടാതെ വലയുന്നവർ ധാരാളമുണ്ടായിരുന്നു. ഇന്ത്യയിൽ ജാതി, അധികാരം, വർഗം എന്നീ ഘടകങ്ങൾ വൈദ്യശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന വസ്തുനിഷ്ഠമായ ട്രിയാഷ് മാർഗനിർദേശങ്ങളെ മറികടക്കാൻ ആളുകൾ ഉപയോഗിക്കുമെന്നതു ദുഃഖസത്യമാണ്. 

കേരളത്തിൽ രോഗികളുടെ സംഖ്യ കൂടുന്ന ഈ സമയത്ത്, പരിമിതമായ ആശുപത്രി സൗകര്യങ്ങൾ ഏറ്റവും അർഹരായവർക്കെത്തിക്കുന്ന ട്രിയാഷ് തന്ത്രം നടപ്പാക്കുക എന്നത് വെല്ലുവിളിയായി സർക്കാർ ഏറ്റെടുക്കണം.

സ്കോർപ്പിൺ കിക്ക്: കൊടകരയിൽ പിടിച്ച കുഴൽപണം ഏതു രാഷ്ട്രീയ പാർട്ടിയുടേതാണെന്ന് അറിയില്ലെന്ന് ഡിജിപിയുടെ റിപ്പോർട്ട്.വല്ല താടിയുള്ള അപ്പനെയും പേടിച്ചിട്ടാണോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com