ADVERTISEMENT

നിയമസഭയിലേക്കു വോട്ടെടുപ്പു നടന്നപ്പോഴത്തെക്കാൾ തീവ്രമായിരിക്കുകയാണ് ഇപ്പോഴത്തെ കോവിഡ് വ്യാപനവും നാടിന്റെ ആശങ്കയും. അതുകൊണ്ടുതന്നെ നാളെ വോട്ടെണ്ണുമ്പോൾ  കുറ്റമറ്റ ആരോഗ്യജാഗ്രതയ്ക്കുതന്നെയാവണം ഭൂരിപക്ഷമുണ്ടാവേണ്ടത് എന്നതിൽ സംശയമില്ല. തിരഞ്ഞെടുപ്പു പ്രചാരണം ചിലപ്പോഴെങ്കിലും കൈവിട്ടുപോയതാണ്  കോവിഡ് വ്യാപനം ഇത്രയും കടുത്തതിന്റെ ഒരു കാരണമെന്ന ആരോപണം  മുന്നിൽവച്ചുവേണം നാളെ എന്ന നിർണായക ദിവസത്തെ കേരളം അഭിമുഖീകരിക്കാൻ. 

ഈ തിരഞ്ഞെടുപ്പുകാലം കോവിഡ് വൈറസിന്റെ വിളവെടുപ്പുകാലം കൂടിയായി മാറാതിരിക്കാൻ സൂക്ഷ്മശ്രദ്ധയും നിരന്തരജാഗ്രതയും ഉണ്ടായേതീരൂ എന്ന തുടർമുന്നറിയിപ്പുകൾ പ്രചാരണവേളയിൽ എത്രത്തോളം പാലിക്കാനായെന്നു നമ്മുടെ സ്ഥാനാർഥികളും  രാഷ്ട്രീയ കക്ഷി നേതാക്കളും അണികളുമൊക്കെ ആത്മപരിശോധന നടത്തുന്നതു നന്നായിരിക്കും. പ്രചാരണത്തിൽ ആരോഗ്യജാഗ്രതയ്ക്കു വിള്ളൽ വീണെങ്കിലും വോട്ടെടുപ്പ് കർശനമായ കോവിഡ് മാനദണ്ഡങ്ങൾ മുറുകെപിടിച്ചുകൊണ്ടായിരുന്നുവെന്നതിൽ സംശയമില്ല.  നാളത്തെ വോട്ടെണ്ണൽ ദിനത്തിലും നാം അങ്ങേയറ്റം ജാഗരൂകരാകേണ്ടതുണ്ട്. 

വോട്ടെണ്ണലുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് ഇന്നു മുതൽ 4 വരെ ആളുകൾ കൂട്ടം കൂടുന്നതും പ്രകടനങ്ങൾ നടത്തുന്നതും ഹൈക്കോടതി വിലക്കിയത് ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ വെളിവാക്കുന്നു. സംസ്ഥാനം കോവിഡ് ദുരന്തത്തിന്റെ വക്കിലെത്തി നിൽക്കുമ്പോൾ അരുതാത്തത് ഒന്നും സംഭവിക്കരുതെന്നു പറഞ്ഞ കോടതി, ഒരിടത്തും പ്രോട്ടോക്കോൾ ലംഘിച്ച് ഒത്തുചേരലോ ആഹ്ലാദ പ്രകടനങ്ങളോ യോഗങ്ങളോ പാടില്ലെന്നും  ലംഘിച്ചാൽ കർശന നടപടിയെടുക്കണമെന്നും  നിർദേശം നൽകിയിട്ടുണ്ട്.  

കോവി‍ഡ് വ്യാപനം തടയാൻ തിരഞ്ഞെടുപ്പു കമ്മിഷൻ അധികാരം ഉപയോഗിക്കുന്നില്ലെന്നും ഇപ്പോഴത്തെ സാഹചര്യത്തിന്റെ ഉത്തരവാദികൾ കമ്മിഷനാണെന്നും മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. നടപടികളുണ്ടാകുന്നില്ലെങ്കിൽ വോട്ടെണ്ണൽ നിർത്തിവയ്ക്കാൻ ഉത്തരവിടുമെന്നും വ്യക്തമാക്കുകയുണ്ടായി. വൻകിട റാലികൾ നടന്നപ്പോൾ നിങ്ങൾ അന്യഗ്രഹത്തിലായിരുന്നോ എന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അഭിഭാഷകനോട് കോടതി പൊട്ടിത്തെറിക്കുകവരെ ചെയ്തു.

വോട്ടെണ്ണുന്ന നാളെയും അതിനടുത്ത ദിവസവും കേരളമടക്കം 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ആഹ്ലാദപ്രകടനങ്ങൾ വിലക്കിയിരിക്കുകയാണ്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും കർശന കോവിഡ് മാർഗനിർദേശങ്ങളാണു കമ്മിഷൻ നൽകിയിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് എല്ലാവരും ഉൾക്കൊള്ളുകതന്നെ വേണം. ഫലപ്രഖ്യാപനത്തെത്തുടർന്നു വിജയാഘോഷങ്ങൾക്കുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ വിജയാഹ്ലാദം പരിധിവിടാതിരിക്കാൻ  എല്ലാ രാഷ്ട്രീയ കക്ഷികളും ശ്രദ്ധിക്കണം. വോട്ടെണ്ണൽ ദിവസം കൂട്ടം കൂടാതെ ഓരോരുത്തരും സ്വന്തം വീടുകളിൽ ഇരുന്നു ഫലം അറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ആൾക്കൂട്ടം സൃഷ്ടിക്കരുതെന്നും  അദ്ദേഹം ഓർമിപ്പിക്കുന്നു.

കടുത്ത നിയന്ത്രണങ്ങൾ ഉറപ്പാക്കി മാത്രമേ വോട്ടെണ്ണൽ നടത്താവൂവെന്ന് ഐഎംഎ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്ര വ്യാപനത്തിനു വഴിവയ്ക്കുന്ന രീതിയിൽ ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും  ഉണ്ടായാൽ ആരോഗ്യപരിപാലന വ്യവസ്ഥ തകരുമെന്നും അവർ മുന്നറിയിപ്പു തരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോവിഡ് നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും അതിന്റെ പരിണതഫലം കൂടിയാണു തീവ്ര വ്യാപനമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടുകയുണ്ടായി.

അശ്രദ്ധയുടെ ചെറുവിള്ളലിലൂടെ  നമ്മുടെ ഉള്ളിലെത്താൻ തക്കംപാർത്തിരിക്കുകയാണ്  വൈറസ് എന്ന തിരിച്ചറിവു തന്നെ  നമ്മെ ജാഗരൂകരാക്കും. അതുകൊണ്ടുതന്നെ, ഈ വോട്ടെണ്ണൽ ദിനത്തിൽ അധികാരികളിൽനിന്നും  രാഷ്ട്രീയകക്ഷികളിൽനിന്നും  പൊതുസമൂഹത്തിൽനിന്നുമുണ്ടാവേണ്ടതു  സൂക്ഷ്മജാഗ്രതതന്നെയാണ്. അശ്രദ്ധയുടെ വില ചിലപ്പോൾ ജീവൻകൊണ്ടാവും  നാം നൽകേണ്ടിവരിക.

Content Highlights: Importance of Covid precautions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com