ADVERTISEMENT

ഇതു ചരിത്രമാണ്. ഫലപ്രവചനങ്ങളും എൽഡിഎഫിന്റെ ആത്മവിശ്വാസവും ശരിവച്ചുകൊണ്ടുള്ള വലിയ വിജയത്തിനു കേരളം ചുവന്ന കമ്പളം വിരിച്ചിരിക്കുന്നു. ഭരണത്തുടർച്ചയുടെ സമാനതകളില്ലാത്ത ചുവരെഴുത്ത്.

പിണറായിയിലെ പാറപ്രം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിനു വിത്തുപാകിയ മണ്ണാണെങ്കിൽ പിണറായിയിലെ വിജയൻ കേരള ചരിത്രത്തിൽ വ്യത്യസ്തമായ നേതൃസങ്കൽപത്തിന്റെ മുഖമായി മാറിയിരിക്കുകയാണ്; ഒരു മുന്നണിയെയും സർക്കാരിനെയും ഒറ്റയ്ക്കു തോളിലേന്തി വിജയതീരമണഞ്ഞ അപൂർവ രാഷ്ട്രീയ നേട്ടം. ഇന്ത്യയിലെ ഒരേയൊരു ഇടതുസർക്കാരിനു വലിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താനായത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആശ്വാസവുമാകുകയാണ്. യുഡിഎഫിനുണ്ടായ കനത്ത പരാജയവും ബിജെപിക്ക് ഒറ്റ സീറ്റുപോലും ലഭിക്കാതെപോയതും ഇടതു തരംഗത്തിന്റെ പ്രതിഫലനവുമായി.

ഇഎംഎസ്, കെ. കരുണാകരൻ, ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ എന്നീ അതികായർക്കു സാധ്യമാകാത്ത നേട്ടം മുഖ്യമന്ത്രി പിണറായി വിജയൻ കൈവരിച്ചത് രാഷ്ട്രീയ കേരളത്തിൽ പുതിയ വഴിത്തിരിവു സൃഷ്ടിച്ചിരിക്കുന്നു. 1977 ൽ കോൺഗ്രസ്- സിപിഐ മുന്നണി ഭരണം നിലനിർത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി സി. അച്യുതമേനോൻ അന്നു മത്സരരംഗത്തില്ലായിരുന്നു എന്നതിനാൽ ഇക്കുറി പിണറായി കൈവരിച്ച നേട്ടത്തിനു തിളക്കമേറെയാണ്.

വ്യക്തികേന്ദ്രീകൃത രാഷ്ട്രീയത്തോടു ജനം കൂടുതൽ ആഭിമുഖ്യം കാട്ടുന്ന വർത്തമാനകാലത്ത് സിപിഎമ്മും എൽഡിഎഫും പിണറായി വിജയന്റെ ക്യാപ്റ്റൻസിക്കു പിന്നിൽ അണിനിരന്നു നേടിയ ഭരണത്തുടർച്ച കൂട്ടായ്മയുടെയും ഏകോപനത്തിന്റെയും കൂടി വിജയമാണ്. കഴിഞ്ഞ 5 വർഷം അദ്ദേഹത്തിനൊപ്പം ഭരണരംഗത്തു ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഒരു നിര മന്ത്രിമാർ തിരഞ്ഞെടുപ്പു രംഗത്തുനിന്ന് ഒഴിവാക്കപ്പെട്ടിട്ടു പോലും ആധികാരിക വിജയം നേടാനായി എന്നതു ശ്രദ്ധേയം.

കോവിഡ്കാലത്തിന്റെ നിയന്ത്രണവും സമ്മർദവും നിറഞ്ഞ നാളുകളിലും തീപ്പൊരി ചിതറിച്ചാണ് കേരളത്തിൽ തിരഞ്ഞെടുപ്പു പ്രചാരണം നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അടിമുടി തകർന്നുപോയ ഇടതുമുന്നണി തദ്ദേശതിരഞ്ഞെടുപ്പിന്റെ വിജയം പകർന്ന ആത്മവിശ്വാസത്തോടെ രംഗത്തെത്തിയപ്പോൾ, സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായാണു തൊട്ടുമുൻപത്തെ തിരഞ്ഞെടുപ്പിൽ അടിപതറിപ്പോയ യുഡിഎഫ് കളത്തിലെത്തിയത്. ഇരുമുന്നണികൾക്കും ബദലാവുക എന്ന ഭാരിച്ച രാഷ്ട്രീയ ദൗത്യത്തിനു പുതിയ വഴികൾ തേടിയ ബിജെപിയാകട്ടെ സഭയിൽനിന്നുതന്നെ പുറത്താവുകയും ചെയ്തു.

പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റിയതാണ് ഇടതുപക്ഷത്തിന്റെയും പിണറായിയുടെയും വിജയരഹസ്യം. വൻഭൂരിപക്ഷത്തോടെ 2016 ൽ അധികാരത്തിലെത്തിയ ഇടതുസർക്കാർ നേരിട്ട സമാനതകളില്ലാത്ത വെല്ലുവിളികളായിരുന്നു 2 പ്രളയങ്ങളും ഓഖി ചുഴലിക്കാറ്റും നിപ്പ, കോവിഡ് എന്നിവയും. പ്രളയ ദുരിതാശ്വാസപ്രവർത്തനത്തിൽ വീഴ്ചകൾ ആരോപിക്കപ്പെട്ടെങ്കിലും നിപ്പയുടെയും കോവിഡിന്റെയുമൊക്കെ കാര്യത്തിൽ ജനഹിതമറിഞ്ഞു നയിച്ച നായകനും മുന്നണിയും കേരളത്തിന്റെ കയ്യടി നേടി. പട്ടിണിക്കിടാതെ കാത്ത രക്ഷകവേഷം തന്നെയാണ് പിണറായിയുടെ വിജയത്തുടർച്ചയ്ക്ക് അടിത്തറയിട്ടത്. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, എൽഎൻജി പൈപ്പിടൽ പോലുള്ള അടിസ്ഥാനസൗകര്യ പദ്ധതികൾ തുടങ്ങി ഭാവികേരളത്തിന്റെ മുഖമുദ്രയാകേണ്ട നടപടികൾക്കു നൽകിയ പ്രാധാന്യവും നിഷ്പക്ഷരുടെ പിന്തുണ നേടിയെടുക്കുന്നതിൽ നിർണായകമായി.

പ്രമുഖരുടെ വീഴ്ചയും ചില സ്ഥാനാർഥികളുടെ അപ്രതീക്ഷിത വാഴ്ചയും ഈ തിരഞ്ഞെടുപ്പു കാണിച്ചുതന്നു. പാർട്ടിയും മുന്നണിയും നേട്ടം കൊയ്തപ്പോൾ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണിയുടെ തോൽവി ശ്രദ്ധേയമാകുന്നു. വടകരയിൽനിന്നു കെ.കെ. രമ ആർഎംപി എംഎൽഎ ആയി നിയമസഭയിലേക്ക് എത്തുന്നത് കെ‍ാലപാതക രാഷ്ട്രീയത്തിനെതിരെയുള്ള ജനത്തിന്റെ വിധിയെഴുത്തിലെ നായികയായാണ്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ശ്വാസം മുട്ടുകയാണു കേരളം. സാർവത്രിക വാക്സിനേഷൻ ഉൾപ്പെടെ പുതിയ സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്ത് ഈ മഹാമാരിയെ വരുതിയിലാക്കാനുള്ള ചടുലനീക്കങ്ങളാണ് സർക്കാരിൽനിന്നു ജനം പ്രതീക്ഷിക്കുന്നത്. കോവിഡിന്റെ മൂന്നാം വരവിനെക്കുറിച്ചും ചില വിദഗ്ധർ മുന്നറിയിപ്പു നൽകിയിട്ടുള്ള സ്ഥിതിക്ക് ഒരു ദീർഘകാല ആരോഗ്യപാലന പദ്ധതിക്കും നയത്തിനും സർക്കാർ രൂപം നൽകണം. കോവിഡുമായുള്ള പടപൊരുതലിൽ ഡൽഹി നേരിട്ട അപമാനകരമായ പാളിച്ചകൾ പാഠമായി നമുക്കു മുന്നിലുണ്ടാവുകയും വേണം. യുവതയുടെ തൊഴിലില്ലായ്മയും മ‍ടങ്ങിവന്ന പ്രവാസികളുടെ പുനരധിവാസവും പുതിയ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു. വികസനത്തിലും ജനക്ഷേമത്തിലുമൂന്നിയ നവകേരള നിർമിതിയാണ് മുന്നിലുള്ളതെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്.

പ്രളയം, കോവിഡ് തുടങ്ങിയവയുടെ പശ്ചാത്തലത്തിൽ പുതിയ സർക്കാരിൽ പുതിയ വകുപ്പുകൾ കൂടി വേണ്ടേ ? മാറുന്ന മുൻഗണനകളുടെ കൂടി അടിസ്ഥാനത്തി‍ൽ മുൻകാല വകുപ്പു വിഭജനങ്ങളിൽ നിന്നുള്ള മാറ്റം നവകേരളം പ്രതീക്ഷിക്കുന്നുണ്ട്. ഏതു മുന്നണി വന്നാലും ഭാവി കണക്കാക്കി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന, ആർജവവും സത്യസന്ധതയും കഴിവുമുള്ള മന്ത്രിമാർ വേണം എന്ന ചിന്ത സമൂഹത്തിൽ ശക്തമാണ്. ഒട്ടേറെ പുതുമുഖങ്ങളും ചെറുപ്പക്കാരും അണിനിരന്ന സ്ഥാനാർഥിപ്പട്ടികയിൽ ആ മാറ്റം പ്രകടമായിരുന്നു. ആ മാറ്റം മന്ത്രിസഭയിലും പ്രതിഫലിക്കണം .

വോട്ട് ചെയ്തവരുടേതു മാത്രമല്ല സർക്കാർ എന്ന ഓ‍ർമ ഭരണാധികാരികൾക്കുണ്ടാവേണ്ടതുണ്ട്. തങ്ങൾക്കു വോട്ട് ചെയ്തവരുടെ താൽപര്യങ്ങൾ മാത്രമല്ല, എതിരെ വോട്ട് ചെയ്തവരുടെ ആകുലതകൾകൂടി സർക്കാർ മനസ്സിലാക്കണം. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നവർ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണട മാറ്റി, എല്ലാവരെയും ഒന്നായിക്കണ്ടാൽതന്നെ അതു നവകേരളനിർമിതിക്കുള്ള ഏറ്റവും ഉചിതമായ ആമുഖമാവും.

Content Highlights: Kerala Assembly election: Pinarayi Vijayan's victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com