ബംഗാൾ: പരീക്ഷയും പരീക്ഷണവും

polling-election-voter-bengal
SHARE

കേരളത്തിൽ പിണറായി വിജയൻ എന്നപോലെ മമത ബാനർജി എന്ന ഒറ്റ വ്യക്തിയുടെ ഉജ്വലപ്രഭാവമാണു ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ മൂന്നാമതും അധികാരത്തിലെത്തിച്ചത്. അടുത്ത വർഷം ആദ്യം നടക്കുന്ന മറ്റു നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാൻ ബിജെപി കഠിനമായ ഗൃഹപാഠം ചെയ്യേണ്ടിവരുമെന്ന വിലയിരുത്തൽകൂടി ഇത്തവണത്തെ തിരഞ്ഞെടുപ്പു പാഠങ്ങളിലുണ്ട്. അതേസമയം ആത്മപരിശോധന, സ്വയംതിരുത്തൽ തുടങ്ങിയ പതിവു സമാശ്വാസവാക്കുകൾക്കപ്പുറത്തുള്ള സങ്കീർണ സന്ധിയിലാണു  കോൺഗ്രസ്.

പത്തു വർഷത്തിനുശേഷം ഡിഎംകെ തമിഴ്നാട്ടിൽ അധികാരത്തിലെത്തുന്നതു പാർട്ടി പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ പുതിയ കാലത്തിന്റെ കാലൊച്ചകൾ കേൾപ്പിച്ചുകൊണ്ടാണ്. കേരളത്തിലടക്കമുള്ള കോൺഗ്രസിന്റെ തോൽവിയാകട്ടെ, ആ പാർട്ടിയുടെ ഭാവിതന്നെ ചോദ്യചിഹ്നമാക്കുന്നു. ദക്ഷിണേന്ത്യയിലെ അവസാന തുരുത്തിൽനിന്നു കോൺഗ്രസിനെ പുറത്താക്കിയാണ് എൻഡിഎ സഖ്യം പുതുച്ചേരിയിൽ ഭരണം പിടിച്ചത്. 

അസമിൽ ഭരണം നിലനിർത്താൻ കഴിഞ്ഞതും പുതുച്ചേരിയിൽ എൻആർ കോൺഗ്രസ് സഖ്യത്തിൽ പങ്കാളിയായി അധികാരം പിടിച്ചതും ബിജെപിക്ക് ഊർജം പകരുന്നുണ്ടെങ്കിലും തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രകടനം ദയനീയമായതും ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ തേരോട്ടത്തെ തടഞ്ഞുനിർത്താനാവാതിരുന്നതും ആ പാർട്ടിയെ ഇരുത്തിച്ചിന്തിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ മുന്നിൽനിർത്തി ബിജെപി നടത്തിയ പടുകൂറ്റൻ പ്രചാരണങ്ങളെ ഒരു പരിധിവരെയെങ്കിലും തൃണവൽഗണിച്ചാണു ബംഗാൾ തൃണമൂലിനു ഭരണത്തുടർച്ച നൽകിയത്. 200 കടക്കുമെന്നതു ബിജെപിയുടെ മുദ്രാവാക്യമായിരുന്നെങ്കിലും അവർ 100ന് അടുത്തെത്തിയില്ല. തൃണമൂലാകട്ടെ, 200 കടന്ന്, 2016ലെ 211 എന്ന നേട്ടവും കടന്ന് വിജയത്തിന്റെ അടുത്ത പടിയേറുകയും ചെയ്തു. നന്ദിഗ്രാമിലുണ്ടായ സ്വന്തം തോൽവിയെപ്പോലും അപ്രസക്തമാക്കുന്നതായി മമത ബാനർജിയുടെ തേരോട്ടം. 

മുപ്പത്തിനാലു വർഷത്തെ ഇടതുഭരണത്തിന് അവസാനംകുറിച്ചു ചുവപ്പുകോട്ട തകർത്ത്, പത്തു വർഷം മുൻപ് മമത ബാനർജി ബംഗാളിൽ അധികാരത്തിലെത്തിയത് സിപിഎമ്മുമായി പതിറ്റാണ്ടുകൾ നീണ്ട സന്ധിയില്ലാസമരത്തിന്റെ വിജയമുഹൂർത്തം കുറിച്ചുകൊണ്ടായിരുന്നു. തൃണമൂൽ കോൺഗ്രസ് രൂപവൽക്കരിച്ച് 13 വർഷത്തിനുള്ളിൽ ബംഗാളിൽ 2011ൽ വൻ ഭൂരിപക്ഷത്തോടെ അധികാരമേൽക്കാൻ കഴിഞ്ഞ മമതയുടെ വിജയകഥ ആത്മവിശ്വാസത്തോടെ മൂന്നാം അധ്യായത്തിലേക്കു കടക്കുകയാണ്. 

കേരളത്തിലെന്നപോലെ ബംഗാളിലും അസമിലും ഭരണത്തുടർച്ചയുടെ മുഖ്യകാരണങ്ങളിലൊന്ന് ജനക്ഷേമ പദ്ധതികളാണ്. പ്രധാനമായും, സാമ്പത്തികമായി സമൂഹത്തിന്റെ  താഴെത്തട്ടിലുള്ളവരുടെ  വിശ്വാസവും വോട്ടും നേടാൻ അതു കാരണമാവുകയും ചെയ്തു.

അസമിലൊഴികെ, പ്രാദേശിക കക്ഷികളുടെയും മുഖ്യധാരാ കക്ഷികളുടെ പ്രാദേശിക നേതാക്കളുടെയും കരുത്തറിയിച്ച തിരഞ്ഞെടുപ്പു ഫലങ്ങളാണ് ഉണ്ടായത്. അമിതമായ അധികാര കേന്ദ്രീകരണത്തിനെതിരെയുള്ള വിധിയെഴുത്തായും ഈ ഫലങ്ങളെ വിലയിരുത്തുന്നവരുണ്ട്. 

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നതു വ്യത്യസ്ത കക്ഷികളാകുമ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുമായുള്ള നിരന്തര ഏറ്റുമുട്ടൽ സംസ്ഥാന ഭരണത്തിനു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ബംഗാളിന്റെ കാര്യത്തിൽ ഇതു നാം പതിവായി കണ്ടുപോരുന്നുണ്ട്. ഇത്തരം സംഘർഷങ്ങൾ ആവർത്തിക്കില്ല എന്നതിന് ഒരു സൂചനയുമില്ലതാനും. 

പരസ്പരസഹകരണത്തിലൂന്നിയ ഫെഡറലിസം എന്ന സങ്കൽപത്തിൽ വിള്ളൽ വീഴാതിരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒരുപോലെ  ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് പോലുള്ള വലിയ പ്രതിസന്ധിയുടെ ഘട്ടത്തിൽപോലും കേന്ദ്രവും ചില സംസ്ഥാനങ്ങളും തമ്മിലും ചില സംസ്ഥാനങ്ങൾ പരസ്പരവും സഹകരിക്കാതിരിക്കുകയെന്ന പ്രവണത പോലുമുണ്ട്. ജനക്ഷേമവും അതിലൂടെ പുരോഗതിയുമെന്നതു രാജ്യത്തിന്റെ പൊതു ലക്ഷ്യമാണ്. അതിനു വിശാലമായൊരു ജനാധിപത്യ പാരസ്പര്യമാണു വേണ്ടത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA