ADVERTISEMENT

സമസ്ത മേഖലകളിലും സ്ത്രീമുന്നേറ്റം ആവശ്യപ്പെട്ട്, വനിതാ എംഎൽഎമാർ പങ്കെടുത്ത മനോരമ വെബിനാർ...

പുതിയ കേരളത്തിനൊരു സ്ത്രീ പക്ഷ അജൻഡ– എന്ന വിഷയത്തിൽ മലയാള മനോരമ സംഘടിപ്പിച്ച വെബിനാറിൽ ഉയർന്നത് സംസ്ഥാനത്തെ സ്ത്രീകളുടെ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നിർദേശങ്ങൾ.

കേരളത്തിൽ നിന്ന് ഇത്തവണ എംഎൽഎ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ.കെ.ശൈലജ കെ.കെ.രമ, കാനത്തിൽ ജമീല, കെ.ശാന്തകുമാരി, പ്രഫ.ആർ.ബിന്ദു, ദലീമ ജോജോ , വീണാ ജോർജ്, സി.കെ.ആശ,ജെ.ചിഞ്ചുറാണി, ഒ.എസ്.അംബിക എന്നിവരാണു വെബിനാറിൽ പങ്കെടുത്തത്. യു. പ്രതിഭ എംഎൽഎ സാങ്കേതിക കാരണങ്ങളാൽ പങ്കെടുത്തില്ല.

കേരളത്തിലെ സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് വെബിനാറിൽ എംഎൽഎമാർ പറഞ്ഞു. എംജി സർവകലാശാല, കാസർകോട് കേന്ദ്ര സർവകലാശാല എന്നിവയുടെ വൈസ് ചാൻസലർ ആയിരുന്ന ഡോ. ജാൻസി ജെയിംസ് വെബിനാറിന്റെ മോഡറേറ്ററായി.

എംഎൽഎമാർ മുന്നോട്ടു  വയ്ക്കുന്ന വനിതാ മുന്നേറ്റ അജൻഡ

∙ ലോക കേരളസഭ മാതൃകയിൽ കേരള സ്ത്രീസഭ. സ്ത്രീ പ്രശ്നങ്ങൾ ഗൗരവപൂർവം  ചർച്ച ചെയ്യുന്നതിനും അതിനായുള്ള നിയമനിർമാണങ്ങളുടെ ശുപാർശയ്ക്കും  നിയമപരമായി അധികാരമുള്ള സഭ. 

∙ തദ്ദേശസ്ഥാപനങ്ങളുടെ മാതൃകയിൽ നിയമസഭ, പാർലമെന്റ് എന്നിവിടങ്ങളിൽ 33% സ്ത്രീ സംവരണത്തിനു പ്രത്യേക നിയമം. 

∙ സ്ത്രീകൾ സ്വന്തം വീടുകളിൽ ചെയ്യുന്ന ജോലി  വേതനവ്യവസ്ഥയുടേയും കീഴിൽ വരുത്താനുള്ള നിയമനിർമാണം. 

∙ സ്ത്രീകളെ തുച്ഛവേതനത്തിന് ജോലിയെടുപ്പിക്കുന്ന തൊഴിൽ മേഖലകൾ കണ്ടെത്തി അവയെ തൊഴിൽ വകുപ്പിന് കീഴിൽ കൊണ്ടുവരാനും തൊഴിൽ ചൂഷണങ്ങൾക്ക് അറുതി വരുത്താനും പ്രത്യേക പദ്ധതി. 

∙ ലിംഗനീതിബോധത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കാൻ പാഠ്യപദ്ധതി പുതുക്കണം.

∙ ലൈംഗികാതിക്രമക്കേസുകളിൽ തെളിവ് സമാഹരണം, കേസന്വേഷണം, വിചാരണ തുടങ്ങിയവ അതിജീവിതരോട് സൗഹാർദ്ദപരമാക്കുന്നതിന് നിയമനിർമാണം. 

∙ ഓരോ നിയോജകമണ്ഡലത്തിലും സ്ത്രീകൾക്ക് സ്വയംതൊഴിൽ കേന്ദ്രങ്ങൾ. 

∙ സ്ത്രീകൾക്കു സുഗമസഞ്ചാരം ഉറപ്പാക്കാൻ പദ്ധതി. ഓരോ 50 കിലോമീറ്ററിലും വഴിയോര വിശ്രമകേന്ദ്രം. 

∙ ഐടി ഉൾപ്പെടെ തൊഴിലിടങ്ങളിൽ പിന്തുണ നൽകുന്ന സംവിധാനങ്ങൾക്കുള്ള നിയമനിർമാണം.  

കെ.കെ. ശൈലജ
ശൈലജ

∙ സ്ത്രീകൾക്കെതിരായ സൈബർ അതിക്രമങ്ങൾക്കെതിരെ കർശന നിയമനടപടി ഉറപ്പാക്കണം. 

∙ സ്ത്രീ സൗഹൃദ തദ്ദേശസ്ഥാപനങ്ങൾക്കു പ്രത്യേക പ്രോത്സാഹന പദ്ധതി 

മുന്നിലെത്തണം ചുണയോടെ 

∙ സി.കെ.ആശ

എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനത്തിൽ പാർട്ടിയിൽ നിന്ന് കടിഞ്ഞാണുകൾ ഒന്നുമുണ്ടായിട്ടില്ല. എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പാർട്ടി പറയാറുണ്ട്. അത് തിരുത്താറുണ്ട്. എംഎൽഎ എന്ന നിലയിൽ നിയന്ത്രണ രേഖയുണ്ടെന്നു കമ്യൂണിസ്റ്റ് പാർട്ടി പറയുമെന്ന് എനിക്കു തോന്നുന്നില്ല. എന്റെ അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയാറുണ്ട്. അത് വ്യക്തമായി മനസ്സിലാക്കുന്ന പാർട്ടി സംവിധാനമാണുള്ളത്. 

 ∙കെ.കെ.രമ

സൈബർ ഇടങ്ങൾ വനിതകൾക്ക് മോശം ഇടങ്ങളാകുന്നു. സ്ത്രീകൾക്കുനേരെയുള്ള  സൈബർ ആക്രമണങ്ങളുടെ പരാതികൾ കൂടിവരുന്നു. ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നവർക്കു പോലും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ.   

∙ പ്രഫ.ആർ.ബിന്ദു

പെൺകുട്ടികൾ ആൺകുട്ടികളേക്കാൾ താഴെയാണെന്ന ധാരണ അടിച്ചേൽപ്പിക്കുന്നതിൽ പാഠപുസ്തകങ്ങൾക്കും പഠന രീതികൾക്കും അധ്യാപകർക്കും വലിയ പങ്കുണ്ട്. ഇതു മാറി തുല്യതാ ബോധമുള്ള പഠനം ഉണ്ടാകണം. നേതൃത്വത്തിലേക്കു പെൺകുട്ടികളെ കൊണ്ടുവരാൻ സ്കൂളുകൾക്കും കോളുജുകൾക്കും കഴിയണം. വിദ്യാലയങ്ങളിൽ പെൺകുട്ടികളുടെ പ്രശ്നങ്ങൾ നിരീക്ഷിക്കാനുള്ള സമിതികൾ ശക്തമാക്കണം. പലയിടത്തും അതു പ്രവർത്തിക്കുന്നില്ല. 

∙ കെ.ശാന്തകുമാരി

എല്ലാ പ്രശ്നങ്ങളും കോടതിയിലൂടെ പരിഹരിക്കാമെന്ന ചിന്ത പ്രോത്സാഹിപ്പിക്കരുത്. സങ്കീർണമാകാതെ  പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനങ്ങളുണ്ട്. അവ പ്രയോജനപ്പെടുത്താൻ സ്ത്രീകളെ പ്രാപ്തരാക്കണം.

∙ വീണ ജോർജ്

കഴിഞ്ഞ സർക്കാരിന്റെ ഏറ്റവും പ്രധാന തീരുമനങ്ങളിലൊന്ന് വ്യാപാര സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ഇരുന്നു ജോലി ചെയ്യാനുള്ള അവകാശം സ്ഥാപിക്കലായിരുന്നു. അതിനു വേണ്ടി ഷോപ്സ് ആൻഡ് എസ്റ്റാബ്ലീഷ്മെന്റ് ആക്ട് ഭേദഗതി ചെയ്തു. എറണാകുളത്ത് ഒരു പെൺകുട്ടി കായലിൽ വീണു മരിച്ച സംഭവത്തിൽ കേസ് എടുക്കാൻ മാതാപിതാക്കൾക്ക് പല സ്റ്റേഷനുകളിൽ പോകേണ്ടി വന്ന സാഹചര്യത്തിലാണ് ജില്ലയാകെ അധികാരപരിധിയുള്ള വനിതാ പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയത്. 

∙ കാനത്തിൽ ജമീല

ഇന്ന് പൊതുവേദികളിൽ സ്ത്രീകളെത്തുന്നുണ്ട്. എന്നാൽ അധ്യക്ഷപദവിയിലേക്ക് ഒരു സ്ത്രീയെ വിളിക്കാറുണ്ടോ? പുരുഷൻമാരുള്ള ഒരു കമ്മിറ്റിയിൽ സ്ത്രീയാവട്ടെ ചെയർമാനെന്നോ, സ്ത്രീയാവട്ടെ കൺവീനർ എന്നോ തീരുമാനിക്കുന്നത് വളരെക്കുറവാണ്. 

∙ ദലീമ ജോജോ

എന്റെ അമ്മ അനുഭവിച്ച ദുഃഖങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കാൻ അമ്മ വളരെ കഷ്ടപ്പെട്ടു. അതേ ദുഃഖങ്ങളാണ് വർഷങ്ങൾക്കു ശേഷം രാഷ്ട്രീയക്കാരിയും ജനപ്രതിനിധിയുമായി പീലിങ് ഷെഡുകളിൽ ചെന്നപ്പോഴും കാണുന്നത്. 

∙ ജെ.ചിഞ്ചുറാണി

ഇതൊരു സ്ത്രീസൗഹൃദ സർക്കാരാണ്. എല്ലാ പ്രവർത്തനങ്ങളിലും അത് പ്രതിഫലിക്കും. ഒരുമിച്ച് ഒറ്റ ടീമായി മുന്നോട്ടു പോകും. ആശാവർക്കർമാരെ മുകൾത്തട്ടിലേക്ക് ഉയർത്തുന്നത് ഉൾപ്പെടെ ഒരുപാട് പ്രവർത്തനങ്ങൾക്ക് തുടർച്ച ഉണ്ടാവേണ്ടതുണ്ട്. 

∙ഒ.എസ് അംബിക

പുതിയ തലമുറയിൽ നിന്ന് മികച്ച വനിതാ നേതാക്കൾ വരുന്നുവെന്നത് പ്രതീക്ഷ നൽകുന്നതാണ്. കൂടുതൽ പേരെ ഈ രംഗത്തേക്കു കൊണ്ടുവരാൻ കൃത്യമായ അവബോധം നൽകേണ്ടതുണ്ട്. അത് സ്ത്രീകൾക്കു മാത്രം നൽകിയാൽ പോര. പുരുഷന്മാരെ കൂടി ഇക്കാര്യത്തിൽ ബോധവൽക്കരിക്കേണ്ടതുണ്ട്.

അഭ്യസ്തവിദ്യരായ‌‌ യുവതികളെ നയിക്കേണ്ടത്  ചുമതല: മന്ത്രി ശൈലജ

കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ബിരുദാനന്തര ബിരുദ യോഗ്യതയുള്ള പെൺകുട്ടികളുണ്ട്. ഇനി അവരെ മുന്നോട്ടു നയിക്കണം എന്നത് നമ്മുടെ ചുമതലയാണെന്നു മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

ഇന്ത്യ ഇപ്പോൾ മുതലാളിത്ത ആശയങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന രാജ്യമാണ്. കേരളം അതിലെ ഒരു സംസ്ഥാനവും.  ഒരുപാട് കാര്യങ്ങൾ നമുക്ക് സ്വന്തം നിലയ്ക്കു ചെയ്യാൻ സാധിക്കും. അങ്ങനെ ചെയ്യുമ്പോഴും ചില ചട്ടക്കൂടുകൾ വരും. അതിനെ മറി കടക്കണം–മന്ത്രി പറഞ്ഞു.

ശാക്തീകരണം എവിടെ വരെ? 

സാമൂഹികമായി കേരളം വളരെയേറെ പുരോഗമിച്ചെങ്കിലും സ്ത്രീകളുടെ ശാക്തീകരണം ഇനിയും ലക്ഷ്യം കണ്ടില്ലെന്ന് വനിതാ എംഎൽഎമാർ ഒറ്റക്കെട്ടായി പറയുന്നു.

∙ കെ.കെ.ശൈലജ:  മുതലാളിത്ത സംസ്കാരം രാജ്യഭരണത്തിൽ പ്രതിഫലിക്കുന്നതിനാൽ സ്ത്രീയെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ ശ്രമങ്ങളുണ്ടാകുന്നില്ല. ഇതിനെ വിമർശനാത്മകമായി കാണണം.ഫ്യൂഡൽ ആശയങ്ങൾ ഇന്നും അവശേഷിക്കുന്നതും സ്ത്രീകളെ രണ്ടാം നിരയിലേക്ക് തള്ളുന്നു. ഇന്ത്യയിൽ രണ്ടിന്റെയും മിശ്രണമാണ്. ഇങ്ങനെയുള്ള രാജ്യത്തെ ഒരു സംസ്ഥാനത്ത് ഒരു സർക്കാരിനു പുരോഗമനപരമായി ചിന്തിക്കണമെങ്കിൽ വലിയ പരിമിതികളുണ്ട്. 

∙ സി.കെ.ആശ: സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്നമായി തുടരുന്നു. നിയോജക മണ്ഡലത്തിൽ ഇതിനായി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ വീടുകളിൽ നിന്നു പിന്തുണ ഇല്ലാത്തതിനാൽ മുന്നോട്ട് വരാൻ പറ്റാത്തവർ ഒട്ടേറയുണ്ട്. അഭ്യസ്തവിദ്യരായവർ പോലും ഇക്കൂട്ടത്തിലുണ്ട്. 

∙ വീണ ജോർജ്: മഹാപ്രളയത്തിനു ശേഷമുണ്ടായ പുനരുദ്ധാരണ പ്രവർത്തനത്തിൽ ഏറ്റവും കൂടുതൽ പങ്കാളികളായത് വനിതകളാണ്. എലിപ്പനിക്കെതിരായ ഗുളിക വിതരണ മുതൽ  കിണർ വൃത്തിയാക്കുന്നതിൽ വരെ സ്ത്രീകൾ പങ്കെടുത്തു. എന്നാൽ, രക്ഷാപ്രവർത്തനങ്ങളിൽ സ്ത്രീകൾ പിന്നാക്കം പോയി. 

ഇപ്പോൾ മഹാമാരിയുടെ കാലത്ത് താഴേക്കിടയിൽ ശക്തമായി ഇടപെടുന്നത് സ്ത്രീകൾ തന്നെയാണ്.  

∙കെ.കെ.രമ:  അധികാര മണ്ഡലങ്ങളിലെ ആനുപാതിക പ്രാതിനിധ്യം, കുടുംബ-സാമൂഹ്യ ജീവിതമണ്ഡലങ്ങളിലെ തുല്യത, സേവന–വേതന വ്യവസ്ഥകളിൽ വിവേചനരഹിതമായ സമീപനം കുടുംബാന്തരീക്ഷത്തിലെ സമപദവി, നിർഭയമായ ജീവിതാന്തരീക്ഷം, ലൈംഗികാതിക്രമങ്ങളിലും ഗാർഹികപീഢനങ്ങളിലും കൃത്യമായ നിയമപാലക സഹായം തുടങ്ങിയ കാര്യങ്ങളിൽ വേണ്ടത്ര പരിഗണന സ്ത്രീകൾക്കോ ട്രാൻസ്ജെൻഡർ വിഭാഗത്തിനോ ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്.

കാനത്തിൽ ജമീല: സ്ത്രീസംവരണം നടപ്പിലാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് തിരഞ്ഞെടുപ്പുകാലം എത്തുന്നത്. എന്നാൽ ആ ബില്ലുകൾ എവിടെയും എത്താതെ പോകുന്ന സ്ഥിതിയാണ്. പുരുഷനേതാക്കൾ തന്നെ ബില്ലുകൾ കീറി വലിച്ചെറിയുന്ന അവസ്ഥയാണ്. 

∙ കെ.ശാന്തകുമാരി: സ്ത്രീയുടെ വ്യക്തിത്വം നിർണയിക്കുന്ന പ്രധാന ഘടകം തൊഴിലാണ്. സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ തൊഴിലവസരങ്ങൾ ഉറപ്പാക്കണം. ഓരോ നിയോജകമണ്ഡലത്തിലും സ്ത്രീകൾക്ക് അപ്പാരൽ പാർക്ക് പോലെയുള്ള തൊഴിൽ നൽകാനുള്ള സംരംഭങ്ങൾ വേണം.   

∙ പ്രഫ.ആർ.ബിന്ദു: സാമ്പത്തിക സ്വയംപര്യാപ്തയാണു സ്ത്രീകൾക്ക് അത്യാവശ്യമായി വേണ്ടത്. അതുവന്നാൽതന്നെ പ്രശ്നങ്ങൾ നേരിടാനാകും. കുറച്ചു പേർക്ക് ഇതുണ്ടാകുന്നതോടെ കൂടുതൽ കൂടുതൽ പേർ പൊതുരംഗത്തേക്കെത്തും. 

തൊഴിൽ പരിശീലന പരിപാടികളും കേന്ദ്രീകൃത വിൽപന സംവിധാനവുമാണ് അത്യാവശ്യമായി ഉണ്ടാകേണ്ടത്. 

∙ദലീമ ജോജോ: തുച്ഛവരുമാനത്തിനു പോലും ജോലി ചെയ്യുന്ന സ്ത്രീകളുടെ ദുരിതം വ്യക്തിഗത ആനുകൂല്യങ്ങൾ നൽകിയാൽ തീരുന്നതല്ല. സ്ഥിരമായ പരിഹാരത്തിനു പദ്ധതികൾ വേണം.  

∙ ജെ.ചിഞ്ചു റാണി: നല്ല വിദ്യാഭ്യാസം നേടിയിട്ടും പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കഴിയുന്ന ധാരാളം സ്ത്രീകളുണ്ട്. അതിനുള്ള അവസരങ്ങളോ സംവിധാനങ്ങളോ അവരിലേക്ക് പൂർണമായി എത്തുന്നില്ല. 

വീടിന്റെ അകത്തളങ്ങളിൽ ഉറങ്ങിക്കിടക്കുന്ന വീട്ടമ്മമാരെ സാമൂഹികമായ ഉന്നതിയിലേക്ക് കൊണ്ടുവരുക എന്നതായിരിക്കണം ലക്ഷ്യം. 

∙ഒ.എസ് അംബിക: രാഷ്ട്രീയത്തിൽ പോകാൻ പറ്റില്ലെന്ന് ഭർത്താവ് പറഞ്ഞിരുന്നെങ്കിൽ എനിക്കൊരു പക്ഷേ ഇതു സാധിക്കുമായിരുന്നില്ല. ഇത് പരിഹരിക്കാൻ കൃത്യമായ അവബോധം ആവശ്യമാണ്.  

രാഷ്ട്രീയ പരിപാടികളിൽ ഒന്നിലും ഇടപെടാതിരുന്ന ഒരു വിഭാഗം സ്ത്രീകൾ ഞാൻ പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോൾ ഞങ്ങളുടെ മേഖലയിൽ സജീവമായി രംഗത്തെത്തി. 

'അംബികച്ചേച്ചി പോകുന്നല്ലോ, എങ്കിൽ നമുക്കും പോകണം' എന്നു പറഞ്ഞാണ് പലരും ഒപ്പമെത്തിയത്.

ഉയർന്ന നൂതന ആശയങ്ങൾ

കേരള സ്ത്രീ സഭ: കെ.കെ.രമ

ലോക കേരളസഭ മാതൃകയിലുള്ള കേരള സ്ത്രീസഭയിൽ വനിതാ നിയമസഭാംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിശ്ചിത ശതമാനം വനിതാ ജനപ്രതിനിധികൾ, നിശ്ചിത ശതമാനം ദളിത് പിന്നോക്ക വനിതാ പ്രതിനിധികൾ, സാമൂഹ്യ പിന്നോക്കാവസ്ഥയുള്ള സ്ത്രീകളുടെ പ്രതിനിധികൾ, വനിതാ സംഘടനാ പ്രതിനിധികൾ, വിവിധ മേഖലകളിലെ വിധഗ്ധർ തുടങ്ങിയവർ പങ്കാളികളാവണം. 

ഐടി ‘കരുതൽ’ മേഖല: വീണാ ജോർജ് 

ഏറ്റവും കൂടുതൽ ചെറുപ്പക്കാരായ സ്ത്രീകൾ ജോലി ചെയ്യുന്നത് ഐടി മേഖലയിലാണ്. എന്നാൽ, ഞങ്ങൾ നടത്തിയ ഒരു പഠനത്തിൽ അമ്മമാരായ ശേഷം ഈ പെൺകുട്ടികൾ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുന്നു എന്നാണ് മനസിലാകുന്നത്. പ്രസവവുമായി ബന്ധപ്പെട്ട് 6 മാസഇടവേളയ്ക്കു ശേഷം അവരുടെ തൊഴിൽ നൈപുണ്യത്തിൽ കുറവുണ്ടായി എന്നു പറഞ്ഞാണ് പുറത്താക്കുന്നത്. കുട്ടികളുടെ പരിപാലനവുമായി ബന്ധപ്പെട്ട വിഷയം വരുമ്പോഴും അവർക്കു തിരിച്ചടിയാണ്. കുട്ടികളെ നോക്കാൻ ആളില്ലാതെ വരുന്നു. ഏൽപ്പിക്കാൻ നല്ല പകൽ വീടുകൾ ഇല്ലാതെ പോകുന്നു. ഈ വിഷയങ്ങളെല്ലാം ഐടി മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളാണ്. സ്ത്രീകളുടെ തൊഴിൽ മേഖലയിൽ ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. എങ്കിലും ഐടി മേഖലയിലാണ് ഇത് കൂടുതൽ. ഇത്തരം സ്ഥലങ്ങളിൽ സ്ത്രീകൾക്ക് ഒരു പിന്തുണാസംവിധാനം ഉണ്ടാകണം. 

നോട്ടടുക്കള: ആർ.ബിന്ദു

വീട്ടിലെ അടുക്കള നടത്താൻ പ്രാപ്തരായ സ്ത്രീകളും അവരുടെ കൂട്ടായ്മകളും വാണിജ്യപരമായ അടുക്കളകൾ നടത്തുകയും ശക്തി നേടുകയും വേണം. ഇതിനു ഓൺലൈൻ പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കാനാകണം.. വീട്ടടുക്കളകൾ തന്നെ ഇത്തരം കൂട്ടായ്മയുടെ ഭാഗമായ വാണിജ്യ അടുക്കളകളാക്കി മാറ്റാനുള്ള പരിശീലനവും മാർക്കറ്റിങ് സംവിധാനവും വേണം. 

മറികടക്കണം ഗ്ലാസ് സീലിങ്:  ഡോ. ജാൻസി  ജെയിംസ്  (മോഡറേറ്റർ) 

സ്ത്രീകൾക്കുള്ള  അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കണമെന്ന ആവശ്യത്തിനാണ് വനിതാ എംഎൽഎമാർ ഊന്നൽ നൽകിയത്. പൊതുശുചിമുറികൾ, പൊതു അടുക്കളകൾ എന്നിവയ്ക്കു പുറമേ ജോലി ചെയ്യുന്ന സ്ത്രീകൾക്കും മറ്റും രാത്രികാലങ്ങളിൽ താമസിക്കാനുള്ള ഹോസ്റ്റൽ സൗകര്യങ്ങളും കൂടുതലായി വേണം. കഴിവുണ്ടായിട്ടും സ്ത്രീകളെ എന്തുകൊണ്ട് പലതിൽ നിന്നും മാറ്റിനിർത്തുന്നു എന്ന ചോദ്യവും  ശക്തമായി ഉയർന്നു. എല്ലാ യോഗ്യതയുണ്ടെങ്കിലും പലതിന്റെയും അധ്യക്ഷ സ്ഥാനത്ത് സ്ത്രീകളെ കാണുന്നില്ല. അദൃശ്യമായ ഒരു ഗ്ലാസ് സീലിങ്  തടസ്സമാകുന്നു. 

കുടുംബശ്രീയുടെ ഭാവി 

കെ.കെ.ശൈലജ: കേരളത്തിലെ സ്ത്രീ മുന്നേറ്റത്തിൽ വഴിത്തിരിവായത് കുടുംബശ്രീയാണ്. സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണു സംരംഭം തുടങ്ങിയതെങ്കിലും  വലിയ പ്രസ്ഥാനമായി മാറി.  ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യമുണ്ട്. പക്ഷേ, ഇനിയും ഏറെ  മുന്നോട്ടുപോകാൻ ഈ കൂട്ടായ്മക്കു ശേഷിയുണ്ട്. 

സി.കെ.ആശ: സ്ത്രീകൾക്ക് സ്റ്റാർട്ടപ് യൂണിറ്റുകൾ നിയോജക മണ്ഡലത്തിൽ ആരംഭിച്ചത് കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെയാണ്. 650 വിവിധ സ്റ്റാർട്ടപ്പുകൾ വൈക്കത്ത് പ്രവർത്തിക്കുന്നു. ജില്ലാ കുടുംബശ്രീ മിഷനാണ് ഇക്കാര്യത്തിൽ നേതൃത്വം വഹിക്കുന്നത്. കൂടുതൽ നടപടികൾ അടുത്ത 5 വർഷം നടപ്പാക്കാനാണ് ശ്രമം. വൈക്കത്ത് ആവിഷ്കരിച്ച ഗ്രാമീണ ടൂറിസം സംരഭമായ പെപ്പർ ടൂറിസത്തിനും തദ്ദേശ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും പങ്കാളിത്തമുണ്ട്. 

ജെ. ചിഞ്ചു റാണി: കുടുംബശ്രീ അക്കാര്യത്തിൽ സൃഷ്ടിച്ച വലിയൊരു മാതൃകയുണ്ട്. സാമൂഹികമായും സാമ്പത്തികമായും സ്ത്രീകളെ വലിയ തോതിൽ ശാക്തീകരിക്കുന്നതിനും സ്ത്രീ സംരംഭകരെ മുന്നോട്ടു കൊണ്ടുവരാനും കുടുംബശ്രീക്ക് കഴിഞ്ഞു. 

കാനത്തിൽ ജമീല: അടുക്കളയിലിരുന്നു തീയൂതുമ്പോൾ അതിനൊപ്പം കണ്ണീരൊഴുക്കുന്ന കാലമല്ല ഇത്. കുടുംബശ്രീയടക്കമുള്ള സംവിധാനങ്ങൾ വന്ന ശേഷമുണ്ടായ മാറ്റമാണിത്.

നീതി അകലെ 

കെ.കെ.രമ: ലൈംഗികാതിക്രമ, ഗാർഹികപീഡന വിഷയങ്ങളിൽ അതിജീവിതരിൽ കുറച്ചുപേരെ നിയമനടപടികളിലേക്ക് നീങ്ങുന്നുള്ളൂ. മുൻപ് നിയമവഴി സ്വീകരിച്ചവർക്ക് നേരിട്ട ദുരനുഭവങ്ങളാണ് പരാതിപ്പെടുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്.  വേട്ടക്കാരും പൊലീസും ഒത്തുചേർന്ന വാളയാർ, പാലത്തായി കേസുകളുടെ ദുരനുഭവം നമുക്കു മുന്നിലുണ്ട്. 

പ്രഥമവിവര റിപ്പോർട്ട് തയാറാക്കൽ, ശാസ്ത്രീയ പരിശോധനകൾ യഥാസമയം നടത്തൽ തുടങ്ങിയവയിൽ സ്വാധീനങ്ങൾക്ക് വിധേയമായി അന്വേഷണോദ്യോഗസ്ഥർ നടത്തുന്ന അട്ടിമറിയും ബോധപൂർവ്വമായ അലംഭാവവുമെല്ലാമാണ് ഒട്ടുമിക്ക കേസുകളേയും ദുർബലപ്പെടുത്തുന്നത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾ തടയുന്നതിന് അന്വേഷണോദ്യഗസ്ഥർക്കുമേൽ കർശന ശിക്ഷാനടപടികൾ വേണം. പ്രോസിക്യൂഷൻ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് വന്നുചേരുന്ന ബോധപൂർവമായ വീഴ്ച്ചകളും ശിക്ഷാർഹമാക്കുന്നതിന് നിയമനിർമ്മാണം വേണം. ഇത്തരം കേസുകൾ തുടക്കം മുതൽ വനിതാകമ്മീഷൻ മാതൃകയിലുള്ള ഏതെങ്കിലും സ്വതന്ത്ര ജുഡീഷ്യൽ ബോഡിയുടെ മേൽനോട്ടത്തിൽ നടക്കുമെന്ന് ഉറപ്പാക്കണം.

കാനത്തിൽ ജമീല: ഇവിടെ സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങളില്ലാത്തതല്ല പ്രശ്നം. ആ നിയമങ്ങൾ പാലിക്കപ്പെടുന്നില്ല എന്നതാണ്. നിയമങ്ങൾ പാലിക്കപ്പെട്ടിരുന്നെങ്കിൽ ഒരിക്കലും സ്ത്രീകൾ നീതിക്കു വേണ്ടി അലയേണ്ടി വരുമായിരുന്നില്ല. 

കെ.ശാന്തകുമാരി: സ്ത്രീകൾക്കു സൗജന്യ നിയമസഹായത്തിന് ലീഗൽ സർവീസസ് അതോറിറ്റികൾ പോലെയുള്ള സാധ്യതകൾ സബ്ഡിവിഷൻ തലങ്ങളിൽ‍ ഉണ്ട്. സ്ത്രീസുരക്ഷയ്ക്കായി വനിതാ കമ്മിഷൻ പോലെയുള്ള സർക്കാർ സംവിധാനങ്ങൾ ഉണ്ടെങ്കിലും വിഷയങ്ങളിൽ വേണ്ട നിർദേശങ്ങൾ നൽകാനാണ് കമ്മിഷനു കഴിയുക. സ്ത്രീ സുരക്ഷയ്ക്കായി താഴെത്തലം മുതൽ ജാഗ്രത സമിതികൾ സജീവമാകണം.  

വീണാ ജോർജ്: സ്ത്രീകൾ വലിയ പ്രതീക്ഷയോടെയാണു വനിതാ കമ്മിഷനെ കാണുന്നത്. കുറച്ചു കൂടി ഇഫക്ടീവ് സിസ്റ്റമാക്കണം എന്നു തന്നെയാണ് അഭിപ്രായം. തുടക്കം മുതലുള്ള എല്ലാ പ്രവർത്തനങ്ങളെയും പരിഗണിച്ചു വേണം കാലോചിതമായി പരിഷ്കാരം. 

സി.കെ.ആശ: കഴിഞ്ഞ തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട സമയത്തു സൈബറിടത്തിൽ ഉണ്ടായ ആക്രമണത്തെ തുടർന്നു പൊലീസിൽ പരാതി നൽകിയിരുന്നു. 5 വർഷം കഴി‍ഞ്ഞിട്ടുംകാര്യമായ രീതിയിൽ നടപടികൾ മുന്നോട്ടു പോയില്ല. നിയമങ്ങൾ ഇല്ലാത്തതല്ല പ്രശ്നം. അത് നടപ്പാക്കുന്നതിലെ കാലവിളംബമാണ്. വൈകിക്കിട്ടുന്ന നീതി, നീതി നിഷേധമെന്നല്ലേ പറയുന്നത്. ശക്തമായി നടപടികൾ ഉണ്ടായാൽ മാത്രമേ ഇത്തരം നടപടികൾ ഇല്ലാതാകൂ. 11 വനിതാ എംഎൽഎമാരുണ്ട് ഇക്കുറി. കൂട്ടായ നടപടികൾ സ്വീകരിക്കാൻ ശ്രമം നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com