ADVERTISEMENT

എൽഡിഎഫ് രൂപീകരണത്തിനു ശേഷം  ഏറ്റവും കൂടുതൽ  പുതുമുഖ മന്ത്രിമാരെ  അണിനിരത്തിയ മന്ത്രിസഭ...

പുതുമുഖ പ്രാതിനിധ്യത്തിൽ ചരിത്രം രചിക്കുകയാണു രണ്ടാം പിണറായി മന്ത്രിസഭ. എന്നാൽ തുടർ ഭരണത്തിനു സംഭാവന ചെയ്തവർ ഓരോരുത്തരായി ഓരോ ഘട്ടത്തിൽ പുറത്തായി. ഒടുവിൽ സിപിഎമ്മിന്റെ ടീമിൽ ക്യാപ്റ്റൻ പിണറായി വിജയൻ മാത്രം.

കെ.കെ.ശൈലജയെ ഒഴിവാക്കി എന്ന വാർത്ത നേതാക്കളെയും അണികളെയും ഒരുപോലെ ഞെട്ടിച്ചു. പുതുമുഖ പ്രവാഹത്തിനിടയിലും ശൈലജ തുടരുമെന്നു സീനിയർ സിപിഎം നേതാക്കളടക്കം കരുതി. കോവിഡ് പ്രതിരോധത്തിന് ആരോഗ്യ മന്ത്രി എന്ന നിലയിൽ നൽകിയ നേതൃത്വം മാത്രമായിരുന്നില്ല കാരണം. കേന്ദ്രകമ്മിറ്റി അംഗം കൂടിയായ അവർ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണു വീണ്ടും സഭയിലെത്തുന്നത്.

സ്വർണക്കടത്തു വിവാദം കൊടുമ്പിരിക്കൊണ്ടപ്പോൾ പിണറായി വിജയനു പകരം അണികൾ മുഖ്യമന്ത്രി സ്ഥാനാർഥിയായി വരെ ഉയർത്തിക്കാട്ടിയ പേരാണു ശൈലജയുടേത്. എന്നാൽ അവരുടെ ജനപ്രീതിയിൽ നെറ്റി ചുളിച്ചവരും പാർട്ടിയിലുണ്ടായി. ഒടുവിൽ തന്നോടു താരതമ്യം ചെയ്യാൻ പോലും പറ്റിയ ആരുമില്ലാത്ത മന്ത്രിസഭയ്ക്കു പിണറായി വിജയൻ രൂപം കൊടുത്തു. ശൈലജയെ ആദ്യ വനിതാ സ്പീക്കറാക്കാം എന്ന നിർദേശവും നേതൃത്വം പരിഗണിച്ചില്ല. 

തുടർ ഭരണത്തിൽ കാര്യമായ പങ്കുവഹിച്ചതായി ധനം (തോമസ് ഐസക്), പൊതുമരാമത്ത് (ജി.സുധാകരൻ) വകുപ്പുകളെ പാർട്ടി കേന്ദ്രങ്ങൾ വിലയിരുത്തിയിരുന്നു. സ്ഥാനാർഥി നിർണയ ഘട്ടത്തിൽ തന്നെ ഇരുവരും പുറത്തായപ്പോൾ ശൈലജയുടെ ഊഴം ജയിച്ചു വന്ന ശേഷമാണ് എന്ന വ്യത്യാസം മാത്രം.

ആരോഗ്യ വകുപ്പിനു കൈവന്ന അമിത പ്രാധാന്യമാണു ശൈലജയുടെ ജനപ്രീതിക്കു കാരണം എന്നാണു പാർട്ടി വൃത്തങ്ങൾ വിശദീകരിക്കുന്നത്. അവർക്കു പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ ഇതേ പ്രാധാന്യവും പ്രസക്തിയും ആ മന്ത്രിക്കും ഉണ്ടാകുമായിരുന്നു. മന്ത്രിമാർ എല്ലാം വകുപ്പുകൾ ഭംഗിയായി കൈകാര്യം ചെയ്തവരാണ്. അതിൽ ഒരാളെ മാത്രം പരിഗണിച്ചു മറ്റുള്ളവരെ തഴയുന്നതു മാനദണ്ഡ ലംഘനമായി മാറും. ബംഗാളിലും ത്രിപുരയിലും ഒരേ ആളുകൾ ദീർഘകാലം എംഎൽഎയും മന്ത്രിയും ആയതു സർക്കാരിനെത്തന്നെ ജീർണിപ്പിച്ചെന്നും നേതാക്കൾ വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ സമ്പൂർണ നിയന്ത്രണത്തിലാകും സർക്കാർ എന്നാണു പുതിയ മന്ത്രിസഭയുടെ ഘടന വ്യക്തമാക്കുന്നത്. 21 അംഗങ്ങളിൽ 17 പേരും പുതുമുഖങ്ങൾ ആയിരിക്കെ അധികാരം മുഖ്യമന്ത്രിയിലേക്കു കേന്ദ്രീകരിക്കാം. അതേസമയം എൽഡിഎഫ് രൂപീകരണത്തിനു ശേഷം ഏറ്റവും കൂടുതൽ പുതുമുഖ മന്ത്രിമാരെ അണിനിരത്തിയ മന്ത്രിസഭ എന്ന ഖ്യാതിയും വന്നു ചേരുന്നു. 

പുതിയ മന്ത്രിമാർ എന്ന ആശയം ആദ്യമായി പരീക്ഷിച്ചത് 2016 ൽ സിപിഐ ആണ്. അന്നു മന്ത്രിമാർക്കു രണ്ടാം ടേം വേണ്ടെന്നു സിപിഐ നിശ്ചയിച്ചപ്പോൾ‍ ആ പാർട്ടിക്കുള്ളിലും സിപിഎമ്മിലും വിയോജിപ്പ് ഉണ്ടായി. സിപിഐ തെളിച്ച വഴിയിലേക്ക് ഇപ്പോൾ സിപിഎമ്മും വന്നിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com