ADVERTISEMENT

ഇടുക്കിയിലെ അടിമാലിയിൽ മൊബൈൽ ടവറിനു തീപിടിക്കുന്നതിന്റെ വിഡിയോ ഇതിനകം ഒരുപാടു പേരുടെ വാട്സാപ്പിൽ എത്തിയിട്ടുണ്ടാകും. വാട്സാപ്പിൽ കാണാത്തവർക്കു യൂട്യൂബ് നോക്കാം, ഒട്ടേറെ പേർ വിഡിയോ അപ്‍ലോഡ് ചെയ്തിട്ടുണ്ട്. വിഡിയോയിൽ ടവർ നിന്നു കത്തുന്നതു കാണാം. ഇടിമിന്നലിലാണത്രേ തീ പിടിച്ചത്.

ഇന്റർനെറ്റിൽ അൽപമൊന്നു സെർച് ചെയ്താൽ, ഇതേ വിഡിയോ ഒന്നു രണ്ടാഴ്ച മുൻപ് ഗുജറാത്തിൽ ഒരിടത്തു 5ജി ടവറിനു തീപിടിച്ചതാണെന്ന രീതിയിൽ പ്രചരിച്ച കാര്യം കണ്ടുപിടിക്കാൻ കഴിയും. കുറച്ചുകൂടി നോക്കിയാൽ ഗോവയിലെ പൻജിമിൽ കത്തുന്ന മൊബൈൽ ടവറായും വിഡിയോ നെറ്റിൽ കാണാം.

2018 ജനുവരിയിൽ ഹരിയാനയിലെ അംബാലയിൽ ടവറിനു തീപിടിച്ചപ്പോഴത്തേതാണു പ്രചരിക്കുന്ന ദൃശ്യം എന്നതാണ് ഇന്റർനെറ്റിൽനിന്നു കിട്ടുന്ന സൂചനകൾ വച്ച് ഏറ്റവും വിശ്വാസ്യയോഗ്യമായ നിഗമനം. മൊബൈൽ ടവറുകൾ മിക്കതും ഏതാണ്ട് ഒരുപോലിരിക്കും. അടിമുതൽ തീപിടിച്ചാൽ അതു തിരിച്ചറിയാനും ബുദ്ധിമുട്ടായിരിക്കും.

എന്തായാലും രണ്ടു കാര്യം ഉറപ്പിക്കാം: 1. അടിമാലിയി‍ൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. 2. പ്രചരിക്കുന്ന വിഡിയോ 2018 മുതൽ ഇന്റർനെറ്റിലുള്ളതാണ്!

നിർബാധം കോവിഡ് തട്ടിപ്പ്

കോവിഡിനെക്കുറിച്ചുള്ള വ്യാജവിവരങ്ങൾ, വൈറസ് വ്യാപനം പോലെതന്നെ മുന്നോട്ടുപോവുകയാണ്. ചികിത്സയെക്കുറിച്ചും വാക്സിനേഷനെക്കുറിച്ചുമൊക്കെയുള്ള ഒട്ടേറെ വ്യാജന്മാർ പ്രചരിക്കുന്നു. ആധികാരികമായ സ്രോതസ്സുകളിൽനിന്നുള്ള വിവരം മാത്രമേ ഇക്കാര്യത്തിൽ സ്വീകരിക്കാവൂ.

കോവിഡ് വ്യാപിച്ചതോടെ എല്ലാവർക്കും സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഈ സാഹചര്യം മുതലെടുത്തു തട്ടിപ്പു നടത്താൻ കഴിഞ്ഞ രണ്ടാഴ്ചകളിൽ പ്രചരിച്ച ചില സന്ദേശങ്ങളാണ് താഴെ:

∙ ലോകാരോഗ്യ സംഘടനയുടെ കോവിഡ് സമാശ്വാസ പദ്ധതിയുടെ ഭാഗമായി 10,000 പേർക്ക് 50,000 രൂപയുടെ സാമ്പത്തിക സഹായം കിട്ടുമെന്നു പ്രചരിക്കുന്നതു വ്യാജമാണ്. അത്തരമൊരു പദ്ധതി ലോകാരോഗ്യ സംഘടനയ്ക്കില്ല.

∙ തൊഴിലില്ലാത്ത യുവാക്കൾക്കു കോവിഡ് കാലത്ത് 3500 രൂപ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി കഴിഞ്ഞ വർഷം മുതൽ പ്രചരിക്കുന്നതാണ്. അത്തരം പദ്ധതി നിലവിലില്ല.

∙ ഓൺലൈൻ പഠനത്തിനായി 10 കോടി ആളുകൾക്കു 3 മാസത്തേക്കു സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകുന്ന കേന്ദ്ര പദ്ധതിയെക്കുറിച്ചുള്ള അറിയിപ്പും വ്യാജം.

∙ 1990–2020 കാലത്ത് തൊഴിൽ ചെയ്തിട്ടുള്ളവർക്കു തൊഴിൽ മന്ത്രാലയം വക 1.2 ലക്ഷം രൂപ കിട്ടുമെന്ന ഫോർവേഡും വ്യാജം.

ഈ സന്ദേശങ്ങളൊക്കെ വാട്സാപ്, എസ്എംഎസ്, ടെലിഗ്രാം, ഇ മെയിൽ എന്നിവയിലാണു വരിക. എല്ലാറ്റിനുമൊപ്പം ഒരു വെബ്സൈറ്റ് ലിങ്ക് ഉണ്ടാകും. ആ ലിങ്കിൽ പോയി റജിസ്റ്റർ ചെയ്യണമെന്നാണു നമ്മളോടു പറയുക. ആ ലിങ്കുകളൊന്നും സർക്കാരിന്റെയോ ഔദ്യോഗിക ഏജൻസികളുടേതോ അല്ല. നമ്മളെ കുഴിയിൽ ചാടിക്കാനുള്ള ശ്രമങ്ങളാണ്. ലക്ഷ്യം, വ്യക്തിവിവരങ്ങൾ ശേഖരിക്കുകയും പണം തട്ടിക്കുകയുമൊക്കെയാകാം. അതുകൊണ്ട്, കരുതൽ വേണം.

പ്രത്യേക ശ്രദ്ധയ്ക്ക്

തുടർച്ചയായും അമിതമായും മദ്യപിക്കുന്നത് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്ന പ്രചാരണം ലോകത്തു പലയിടത്തുമുണ്ടായിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നും മദ്യപാനം മൂലം കോവിഡ് സ്ഥിതി മോശമാവുകയേ ഉള്ളൂ എന്നും ലോകാരോഗ്യ സംഘടനയും മറ്റ് ആരോഗ്യ ഏജൻസികളും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com