വാക്സീൻ ഇല്ലാത്തത് അപമാനകരം; ഒരു ഡോസായി കുറയ്ക്കാൻ ആലോചനപോലുമരുത്

Covid-Vaccine-jacob john
ഡോ. ടി.ജേക്കബ് ജോൺ
SHARE

ലോകത്തിന്റെ ‘വാക്സീൻ ഫാർമസി’യാണ് ഇന്ത്യ. എന്നാൽ കോവിഡ് വാക്സീന്റെ കാര്യത്തിൽ നമുക്ക് ആസൂത്രണമേ  ഇല്ലായിരുന്നു എന്നതാണ് യാഥാർഥ്യം.

വീടിനു തീപിടിച്ചപ്പോൾ അതു കെടുത്താൻ വെള്ളത്തിനു വേണ്ടി കിണർ കുഴിക്കാൻ നോക്കുന്നതിനെക്കുറിച്ചു പഴയൊരു ചൊല്ലുണ്ട്. നമ്മുടെ കോവിഡ് വാക്സീന്റെ അവസ്ഥയും ഇപ്പോൾ ഇതു പോലെയാണ്. സാഹചര്യം തിരിച്ചറിഞ്ഞു വളരെ നേരത്തേതന്നെ കമ്പനികളിൽനിന്നു വാക്സീന് ഓർഡർ നൽകുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു.

ലോകത്തിന്റെ ‘വാക്സീൻ ഫാർമസി’യാണ് ഇന്ത്യ. എന്നാൽ നമുക്ക് ആവശ്യമായ കോവിഡ് വാക്സീൻ കിട്ടുന്നില്ലെന്നത് അപമാനകരമായ കാര്യമാണ്. തെറ്റായ ആസൂത്രണത്തിന്റെ പ്രശ്നമല്ല ഇത്. വാക്സീന്റെ കാര്യത്തിൽ നമുക്ക് ആസൂത്രണമേ ഇല്ലായിരുന്നു എന്നതാണു യാഥാർഥ്യം.

വാക്സീൻ ഒരു ഡോസായി കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം വിശദീകരിച്ചെങ്കിലും, ഉൽപാദനം കുറവായതിന്റെ പേരിൽ അത്തരമൊരു ആലോചന പോലും ‘മെഡിക്കൽ എത്തിക്സിനു’ ചേർന്നതല്ല. വാക്സീൻ ഡോസ് കുറയ്ക്കുകയല്ല, രണ്ടാമത്തെ ഡോസ് നൽകാനായി എന്തെല്ലാം ചെയ്യാമെന്ന കാര്യമാണു സർക്കാർ ആലോചിക്കേണ്ടത്. 2 ഡോസ് കോവിഡ് വാക്സീൻ എടുത്താൽ പോലും കൊറോണ വൈറസിനെതിരെ 100% സംരക്ഷണം ഉറപ്പില്ല.

വൈറസിന്റെ ആദ്യ രൂപത്തെ അടിസ്ഥാനമാക്കിയാണു വാക്സീനുകൾ വികസിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിൽ രണ്ടാം തരംഗത്തിനു കാരണമായ പ്രഹരശേഷി ഏറിയ പുതിയ വകഭേദം (ബി1.617, 618), യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ വകഭേദങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ 2 ഡോസ് വാക്സീൻ നിർബന്ധമായും എടുത്തിരിക്കണം.

ഇല്ലാത്ത ‘വാർ റൂം’

കാര്യങ്ങൾ എല്ലാം തീരുമാനിക്കുന്നത് ഒരാളോ, അല്ലെങ്കിൽ ഒരു ചെറിയ സംഘമോ ആണ്. ഐസിഎംആറും നിതി ആയോഗുമാണ് ഇടപെടുന്ന ദേശീയ ഏജൻസികൾ. അവർക്കു കോവിഡിന്റെ കാര്യം മാത്രം നോക്കിയാൽ പോരാ. ഒട്ടേറെ ജോലികൾ വേറെയുമുണ്ട്. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു മാത്രമായി വിദഗ്ധരായ ആളുകളെ ഉൾപ്പെടുത്തി ‘വാർ റൂം’ സജ്ജമാക്കണമായിരുന്നു. അവരാണു കാര്യങ്ങൾ തീരുമാനിച്ചിരുന്നതെങ്കിൽ 2020 മാർച്ചിൽതന്നെ നമ്മൾ വാക്സീന് ഓർഡർ നൽകുമായിരുന്നു.

വൈകിയ തീരുമാനം

2020 മാർച്ചിൽ നമ്മൾ ലോക്ഡൗൺ ഏർപ്പെടുത്തി. യുഎസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ അപ്പോൾതന്നെ വാക്സീന് ഓർഡർ നൽകിയിരുന്നു. നമ്മൾ അതു ചെയ്തില്ല. ഈ വർഷം ജനുവരിയിലാണു വാക്സീന് അനുമതി നൽകിയത്. അതിനുശേഷമാണു രാജ്യത്തു വാക്സീൻ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതും. പരീക്ഷണങ്ങൾ നടക്കുന്ന ഘട്ടത്തിൽതന്നെ നമുക്ക് ആവശ്യമുള്ള വാക്സീൻ ഓർഡർ നൽകിയിരുന്നെങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു; വിലയും കുറയുമായിരുന്നു. ലാഭകരമാകുമെന്ന് ഉറപ്പില്ലാത്തതിനാൽ വാക്സീൻ ഉൽപാദനത്തിൽ ഒരു പരിധിയിൽ കൂടുതൽ നിക്ഷേപത്തിനു കമ്പനികൾ മുതിരില്ല. എന്നാൽ പൊതുജനതാൽപര്യം മുൻനിർത്തി കമ്പനികളെ സഹായിക്കാൻ സർക്കാർ തയാറാകണമായിരുന്നു.

ഓർക്കണം, ചരിത്രം

21-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ലോകത്തിന് ആവശ്യമായ വാക്സീനിൽ ഭൂരിഭാഗവും നൽകിയിരുന്നത് ഇന്ത്യയായിരുന്നു. 2010ൽ സബ് സഹാറൻ ആഫ്രിക്കയിലെ 21 രാജ്യങ്ങളിൽ മെനിഞ്ചൈറ്റിസ് പടർന്നപ്പോൾ വാക്സീൻ എത്തിക്കാനുള്ള ദൗത്യം ഇന്ത്യയാണ് ഏറ്റെടുത്തത്. കേന്ദ്രസർക്കാർ‌, ലോകാരോഗ്യ സംഘടന, സന്നദ്ധ സംഘടനയായ പോഗ്രാം ഫോർ അപ്രോപ്രിയേറ്റ് ടെക്നോളജി ഇൻ ഹെൽത്ത് (പാത്ത്) എന്നിവർ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നാണു  വാക്സീൻ നൽകിയത്.

ഇങ്ങനെ ലോകത്തിനു മുഴുവൻ വാക്സീൻ നൽകിയ ചരിത്രമുള്ള രാജ്യമാണ് ഇന്നു സ്വന്തം ജനതയ്ക്കു വാക്സീൻ എത്തിക്കാൻ കഴിയാതെ പ്രതിസന്ധി നേരിടുന്നത്. ഉചിതമായ സമയത്തു തീരുമാനമെടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാതെപോയതാണു കാരണം.

വാക്സീനുമായി ബന്ധപ്പെട്ട നയപരമായ പ്രശ്നങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. സംസ്ഥാനങ്ങൾ സ്വന്തം നിലയിൽ വാക്സീൻ വാങ്ങാനായി ആഗോള ടെൻ‍ഡർ ക്ഷണിച്ചതു കേന്ദ്രസർക്കാരിന്റെ മുഖത്തേറ്റ അടിയല്ലേ?

ഇനിയെന്തു ചെയ്യാം?

∙ വാക്സീൻ നിർമാണ കമ്പനികളുമായി ഉടൻ ചർച്ച നടത്തി അവർക്ക് എന്തു സഹായവും കേന്ദ്രസർക്കാർ ലഭ്യമാക്കണം; ആവശ്യമെങ്കിൽ സാമ്പത്തിക പിന്തുണ നൽകണം.

∙ നിർമാണ യൂണിറ്റുകൾ ആവശ്യമാണെങ്കിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഉൽപാദന കേന്ദ്രങ്ങൾ വിട്ടുനൽകണം.

∙ കൂടുതൽ കമ്പനികളെ ഉൽപാദനത്തിൽ പങ്കാളികളാക്കാൻ കഴിയുമോയെന്ന് ആലോചിക്കണം.

∙ അനുമതി ലഭിച്ച വിദേശ വാക്സീനുകൾക്ക് ഇന്ത്യയിൽ ഉൽപാദനത്തിനുള്ള കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കണം.

∙ കോവിഷീൽഡ് ആദ്യ ഡോസ് വിഭജിച്ചു രണ്ടു പേർക്കു നൽകുകയും പിന്നീടു 12 ആഴ്ചകൾക്കുള്ളിൽ അടുത്ത ‍പൂർണ ഡോസ് നൽകുകയും ചെയ്യുന്നതു പ്രായോഗികമാണോയെന്നു പരിശോധിക്കാം. അസ്ട്രസെനക്ക വാക്സീൻ ഇത്തരത്തിൽ നൽകുന്നതു വിജയമാണെന്നു പഠനങ്ങളുണ്ട്. ആദ്യം പൂർണ ഡോസ് സ്വീകരിച്ചവർക്കു രണ്ടാം ഡോസ് പകുതി നൽകുന്ന സാധ്യതയുമുണ്ട്. ഇതേക്കുറിച്ചു പഠനം ‌നടക്കണം.

(വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് വൈറോളജി വിഭാഗം റിട്ട. പ്രഫസറാണ് ലേഖകൻ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA