കൃഷി, അന്തസ്സോടെ

p prasad
പി.പ്രസാദ്
SHARE

ഏതു കൃഷിയും ചെയ്യുന്നവർക്കു മാന്യമായി അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന വരുമാനവും സാഹചര്യവും ഉണ്ടാകുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനാണു മുൻഗണനയെന്നു കൃഷിമന്ത്രി പി.പ്രസാദ്. കൃഷി ചെയ്യാനുള്ള സാഹചര്യങ്ങൾ മെച്ചപ്പെടണം. കർഷകരുടെ വരുമാനവും വർധിക്കണം. മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റിയും കയറ്റുമതി സാധ്യത പ്രയോജനപ്പെടുത്തിയും ഇതിനുള്ള ശ്രമം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മലയാള മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.

വിത്തുതേങ്ങ സംഭരണത്തിലെ അപാകത പരിഹരിക്കും. കുറ്റ്യാടി തെങ്ങിൻതൈകൾക്കു കേരളത്തിൽ എവിടെയും ആവശ്യക്കാരുണ്ട്. കുറ്റ്യാടി മേഖലയിൽ  തെങ്ങിൻതോപ്പുകളിൽ ശേഖരിച്ചിരിക്കുന്ന പത്തു ലക്ഷത്തോളം വിത്തുതേങ്ങ എത്രയും പെട്ടെന്ന് ഏറ്റെടുക്കാൻ നിർദേശം നൽകി. അതുകൂടാതെ മൂന്നു ലക്ഷം വിത്തുതേങ്ങയും ഏറ്റെടുക്കും.

ഗുണമേന്മയുള്ള വിത്തിനങ്ങളുടെ ലഭ്യത കൃഷിയുടെ വിജയത്തിനു പ്രധാനമാണ്. തനതു വിത്തിനങ്ങളുടെ സംരക്ഷണത്തിനു മുൻതൂക്കം നൽകും. ഇതുകൂടി ലക്ഷ്യംവച്ചാണു നഴ്സറി ആക്ട് നടപ്പാക്കുന്നത്.

? വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നില്ലെങ്കിലും കേരളത്തിൽ ഏറ്റവും കൂടുതൽ   നഷ്ടപ്പെടുന്ന വിളയാണു ചക്ക. ഇതു ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ ഉണ്ടാകണം.

കേരളത്തിന്റെ സംസ്ഥാനഫലമായി പ്രഖ്യാപിക്കപ്പെട്ടതാണു ചക്ക. ചക്കയിൽനിന്നു മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള മാർഗങ്ങൾ ഏറെയാണ്. ലാഭകരമായി കയറ്റുമതി ചെയ്യാനുള്ള സാധ്യതകളുമുണ്ട്. ഇക്കാര്യത്തിൽ പഠനങ്ങളും പരിശീലനങ്ങളും നടക്കുന്നു. കൂടുതൽ ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ്.

? നെല്ലുസംഭരണം കഴിഞ്ഞു രണ്ടു മാസത്തോളമായിട്ടും പണം കിട്ടിയില്ല. അടുത്ത കൃഷിയിറക്കാനുള്ള സമയമാകുന്നു. പണം കിട്ടിയാൽ കർഷകർക്ക് അതു വലിയ സഹായമാകും.

പാഡി ഓഫിസറോടു റിപ്പോർട്ട് തേടും. നടപടിക്രമം പൂർത്തിയാക്കി എത്രയും പെട്ടെന്നു കർഷകർക്കു പണം കിട്ടുന്നതിന് ഏർപ്പാടു ചെയ്യും. 

? മിക്കവാറും എല്ലാ വർഷവും ഒരേസമയത്താണു കൊയ്ത്തു തുടങ്ങുന്നത്. ആ സമയത്തുപോലും സ്വകാര്യ മില്ലുകാരുമായി ധാരണയിൽ എത്താത്തതിനാൽ നെല്ലുസംഭരണം എല്ലാ സീസണിലും പ്രതിസന്ധിയിലാണ്. ധാരണ വൈകുന്നതിനാൽ പണം കിട്ടാനും താമസം വരുന്നു.

ഇക്കാര്യത്തിൽ കൃഷി വകുപ്പും സിവിൽ സപ്ലൈസ് വകുപ്പും കൂട്ടായ ശ്രമം നടത്തും. സർക്കാർ മേഖലയിൽ 3 മില്ലുകളേ പ്രവർത്തിക്കുന്നുള്ളൂ എന്നതിനാൽ സ്വകാര്യ മില്ലുകളെ ആശ്രയിക്കാതെ തരമില്ല. പരാതികൾ ഒഴിവാക്കി സംഭരണം നടപ്പാക്കാൻ നടപടിയുണ്ടാകും. ശാശ്വത പരിഹാരമാണു ലക്ഷ്യം. 

? കുട്ടനാട് ആർ ബ്ലോക്കിലെ പുറംബണ്ട് ഒരടികൂടി ഉയർത്തി ബലപ്പെടുത്തണം. പമ്പിങ് കാര്യക്ഷമമാക്കണമെങ്കിൽ പള്ളത്തുനിന്നു ഹൈടെൻഷൻ ലൈൻ കുട്ടനാട്ടിലേക്കു വലിക്കണം.

ജലസേചന വകുപ്പുമായി ചർച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കും. പുറംബണ്ട് ബലപ്പെടുത്തൽ പരമപ്രധാനമാണ്. രണ്ടു ദിവസത്തിനകം ഉന്നതതല യോഗം വിളിക്കും. കവേഡ് കണ്ടക്ടർ കേബിളുകൾ വഴി വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടികളിലാണ്. ആവശ്യമായ പണം കൃഷി വകുപ്പു വൈദ്യുതി വകുപ്പിൽ അടച്ചുകഴിഞ്ഞു. തുടർനടപടി വൈകില്ല.

? നെല്ലു സംഭരിക്കുമ്പോൾ കൈകാര്യച്ചെലവായി നൽകുന്നതു ക്വിന്റലിനു 12 രൂപ. ഒരു ക്വിന്റൽ നെല്ലു ചാക്കിലാക്കി ലോറിയിൽ കയറ്റുന്നതിന് 25 രൂപ ചെലവുണ്ടായിരുന്നപ്പോൾ നിശ്ചയിച്ചതാണിത്. ഇപ്പോൾ 250 രൂപ ചെലവു വരുമ്പോഴും കൈകാര്യച്ചെലവു 12 രൂപ മാത്രം.

നിരക്കു കാലോചിതമായി പരിഷ്കരിക്കണമെന്നു തന്നെയാണ് അഭിപ്രായം. അത് എങ്ങനെ ചെയ്യാമെന്ന് ഉന്നത ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളുമായി ആലോചിക്കും. കർഷകർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകും.

? ഇരുപ്പൂകൃഷി ചെയ്തിരുന്ന ഹെക്ടർ കണക്കിനു പാടശേഖരങ്ങൾ 25–30 വർഷമായി വെറുതേ കിടക്കുന്നു. പന്തളം മേഖലയിലെ കരിങ്ങാലി പുഞ്ചയിൽ വെള്ളം കെട്ടിക്കിടക്കുന്നു. സമീപത്തെ കൃഷിയിടങ്ങൾകൂടി പാഴാകുകയാണ്. ഇതിനു പരിഹാരം കാണാനാകുമോ?

തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കുന്നതിനു സർക്കാരിന്റെ വിവിധ പദ്ധതികളുണ്ട്. തരിശുകിടക്കുന്ന മുഴുവൻ പാടങ്ങളിലും കൃഷി നടത്തുന്ന തരത്തിലുള്ള ഇടപെടൽ ഉണ്ടാകും. നൂറനാട്, പാലമേൽ, പന്തളം മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന കരിങ്ങാലി പുഞ്ച എനിക്കു വൈകാരികമായി ബന്ധമുള്ളതാണ്. അതു നശിക്കുന്നതു വ്യക്തിപരമായും വലിയ പ്രയാസമുണ്ടാക്കുന്നു. കൃഷി പുനരാരംഭിക്കുന്നതിനു ക്രമീകരണം ചെയ്യും. സർക്കാരിന്റെ പൂർണപിന്തുണയുണ്ടാകും.

? കേരകർഷകരുടെ രക്ഷയ്ക്ക് ആരുമില്ലാത്ത സ്ഥിതിയാണ്. തെങ്ങുകയറ്റക്കൂലി കൊടുക്കാനുള്ള വരുമാനംപോലും കേരകർഷകർക്കു ലഭിക്കാത്ത സ്ഥിതിയാണ്.

ഏതു കൃഷി ചെയ്യുന്നവർക്കും മാന്യമായി ജീവിക്കാനുള്ള വരുമാനം ഉറപ്പു വരുത്തിയാലേ കൃഷിമേഖല നിലനിൽക്കൂ. മൂല്യവർധിത കേര ഉൽപന്നങ്ങളിലൂടെ മെച്ചപ്പെട്ട വിപണിയും ഉയർന്ന വരുമാനവും ലഭ്യമാക്കുന്നതിനു പദ്ധതിയുണ്ട്.

? കേരളത്തിലെ കോഴിക്കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പ്രാദേശികമായ കോഴിത്തീറ്റ ലഭ്യമല്ലെന്നുള്ളതാണ്. അയൽ സംസ്ഥാനങ്ങളിൽനിന്നു വരുന്ന ഗുണനിലവാരം ഉറപ്പില്ലാത്ത തീറ്റ അന്യായവിലയ്ക്കു വാങ്ങി നൽകേണ്ട ഗതികേടിലാണ്. കേരളത്തിൽ കോഴിത്തീറ്റ ഉൽപാദിപ്പിക്കാൻ സൗകര്യം ഒരുക്കണം.

ഇതു മൃഗസംരക്ഷണ വകുപ്പു മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും. ഗുണമേന്മയുള്ള കാലിത്തീറ്റ ഉൽപാദിപ്പിക്കുന്ന സ്ഥാപനമാണു കേരള ഫീഡ്സ്. അവിടെ കൂടുതൽ കോഴിത്തീറ്റ ഉൽപാദനം സാധ്യമാകുമോ എന്നു പരിശോധിക്കും. 

? പ്ലാന്റേഷൻ കോർപറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റ് ടൂറിസം സാധ്യതകൾ ഏറെയുള്ളതാണ്. അതു പ്രയോജനപ്പെടുത്തണം. എസ്റ്റേറ്റിലെ തൊഴിലാളികൾക്കു 420 രൂപ കൂലിയും 80 രൂപ സ്പെഷൽ അലവൻസുമാണു ലഭിക്കുന്നത്. ഇതു വർധിപ്പിക്കണം. മിനിമം കൂലി ഉറപ്പാക്കണം.

പ്ലാന്റേഷൻ കോർപറേഷൻ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നുണ്ട്. ഇക്കാര്യം അവരുടെ ശ്രദ്ധയിൽപെടുത്താം. എന്തു ചെയ്യാൻ പറ്റുമെന്നു വിശദമായി പരിശോധിക്കും.

കൃഷിഭവനുമായി ബന്ധപ്പെട്ടു വിത്തുപുരകൾ

? തനതു വിത്തുകൾ അതതു പ്രദേശത്തു ലഭ്യമാക്കുന്നതിനു കൃഷിഭവനുകളോടു ബന്ധപ്പെട്ടു വിത്തുപുരകൾ തുടങ്ങാനാകുമോ? നെൽവിത്ത് ഉൽപാദനം ഓരോ പഞ്ചായത്തിലും  2 പാടശേഖരങ്ങളെ ഏൽപിച്ചാൽ വിത്തുക്ഷാമം പരിഹരിക്കാൻ കഴിയില്ലേ.

വിത്തുപുരകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നു. നിശ്ചിത മാനദണ്ഡപ്രകാരമുള്ള ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിയുമെങ്കിൽ നെൽവിത്ത് ഉൽപാദനം പ്രാദേശിക പാടശേഖര സമിതികളെ ഏൽപിക്കാവുന്നതാണ്. ഇക്കാര്യവും ആലോചിക്കാം.

കിസാൻ ക്രെഡിറ്റ് കാർഡ്: യോഗം വിളിക്കും

? കിസാൻ ക്രെഡിറ്റ് കാർഡിനായി എല്ലാ രേഖകളും സമർപ്പിച്ചിട്ടും ലഭിച്ചിട്ടില്ല. കർഷകരെ ബാങ്കുകൾ അവഗണിക്കുകയാണ്.

വിവിധ സ്ഥലങ്ങളിൽനിന്നു പല ബാങ്കുകളെക്കുറിച്ച് ഇത്തരം പരാതിയുണ്ട്. ബാങ്കിങ് രംഗത്തെ ഉന്നതരുടെ യോഗം വിളിച്ച് ഇക്കാര്യം ശ്രദ്ധയിൽപെടുത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA