ADVERTISEMENT

കോവിഡ് വാക്സീൻ കുത്തിവയ്പു ചില മേഖലകളിൽ മാത്രമായി ഒതുങ്ങുന്നത് അപകടകരമാണെന്ന് യുഎസിലെ പ്രമുഖ മൈക്രോബയോളജിസ്റ്റ് ഡോ. മരിയ എലെന ബോട്ടസി. ഹൂസ്റ്റണിലെ ബെയ്‌ലർ കോളജ് ഓഫ് മെഡിസിനിലെ അസോഷ്യേറ്റ് ഡീനാ‌ണ് ഡോ. മരിയ. കൂടുതൽ വാക്സീനുകൾക്ക് അടിയന്തരാനുമതി നൽകി, ലഭ്യതയും കുത്തിവയ്പുവേഗവും ഇരട്ടിയാക്കുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും മനോരമയ്ക്ക് സൂം വഴി അനുവദിച്ച അഭിമുഖത്തിൽ ഡോ. മരിയ പറയുന്നു

∙ കുത്തിവയ്പിൽ ചിലയിടങ്ങൾ വിട്ടുപോകുന്നത് എങ്ങനെയാണു വൈറസ് മുതലെടുക്കുന്നത്?

വൈറസുകൾക്കു സംഭവിക്കുന്ന ജനിതകമാറ്റം സ്വാഭാവികമാണ്. എപ്പോഴും അവ മാറ്റത്തിനു വഴി തേടും. ഇതുകൊണ്ടുള്ള ഏറ്റവും വലിയ ദോഷം അനുഭവിച്ച രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. കോവിഡ് ഒരു ഘട്ടത്തിൽ കുറഞ്ഞുനിന്ന ശേഷം ഇപ്പോൾ കാര്യമായി കൂടിയതിനുള്ള പ്രധാന കാരണം വൈറസിനു സംഭവിച്ച വകമാറ്റം തന്നെയാകും. തീവ്രവ്യാപന ശേഷിയാണു വൈറസിന്റെ കാര്യത്തിൽ സ്ഥിരീകരിച്ചത്. ഈ വ്യാപനശേഷി അപകടകരമാണ്. പ്രതിരോധ ചെറുത്തുനിൽപുകളിൽനിന്നു രക്ഷപ്പെടാനും മറികടക്കാനും വൈറസ് നടത്തുന്ന ശ്രമങ്ങൾക്കുള്ള ഏറ്റവും നല്ല പരിഹാരം ‘വാക്സീൻ കവറേജ്’ വർധിപ്പിക്കുകയാണ്.

∙ ഫലപ്രാപ്തി കുറഞ്ഞ വാക്സീനുകൾ എന്നതു പ്രശ്നമല്ലേ? കോവിഡിനെതിരെ 100% ഫലപ്രാപ്തിയുള്ള വാക്സീൻ സാധ്യമാണോ?

വൈറസ് പിടിപെടുന്നതു പൂർണമായും തടയാൻ കഴിയുന്ന 100% ഫലപ്രാപ്തിയുള്ള വാക്സീനു സാധ്യത വളരെക്കുറവാണ്. അതേസമയം, ഫലപ്രാപ്തിയുടെ കാര്യത്തിൽ നടക്കുന്ന ഗവേഷണങ്ങൾ ഏറെ മെച്ചപ്പെട്ടതാണ്. ഫലപ്രാപ്തി കുറഞ്ഞതായാലും വാക്സീൻ കൂടുതൽ പേരിലേക്ക് എത്തുന്നതു വഴി കോവിഡ് കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകുന്നുവെന്ന ശുഭസൂചന പലരാജ്യങ്ങളിൽനിന്നുമുണ്ട്. സ്വയം ലഭിക്കുന്ന ഗുണത്തിനു പുറമേ, കൂടുതൽ പേരിലേക്കു വൈറസ് പകരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. രോഗതീവ്രത കടുക്കുന്നതും ആശുപത്രിവാസം കുറയ്ക്കുന്നതും മരണം ഒഴിവാക്കുന്നതുമാണു വാക്സീനുകളുടെ പ്രധാന നേട്ടം.

∙ വാക്സീനെടുക്കുന്നതു വഴി രോഗം പകരുന്നതു പൂർണമായും തടയാൻ കഴിയുമോ?

അ‌ടുത്തിടെ, ന്യൂയോർക്ക് യാങ്കീസിലെ ബേസ്ബോൾ ടീമിൽ സംഭവിച്ച കഥ നിങ്ങൾ കേട്ടിരിക്കും. ടീമിലെ മുഴുവൻ പേരും ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സീനെടുത്തിരുന്നു. ഇവരിൽ ഒരാൾക്കു വൈറസ് പിടിപെടുകയും ട‌ീമിലെ മറ്റംഗങ്ങളിലേക്കു വ്യാപിക്കുകയും ചെയ്തു. എല്ലാവർക്കും നിസ്സാര വൈറസ്ബാധ മാത്രമായിരുന്നു. വാക്സീൻ സംബന്ധിച്ച രണ്ടു കാര്യങ്ങൾ ഇതിൽനിന്നു വ്യക്തമാണ്. പൂർണ ഫലപ്രാപ്തിയുള്ള വാക്സീനുകൾ ലഭ്യമല്ലാത്തതുകൊണ്ടു മറ്റൊരാളിലേക്കു വൈറസ് പകരാനുള്ള സാധ്യത നിലനിൽക്കുന്നു. അതേസമയം, രോഗം കടുക്കാതെ നോക്കുകയെന്ന യഥാർഥ ലക്ഷ്യം വാക്സീനുകൾ ഫലപ്രദമായി നിർവഹിക്കുന്നു.

∙ വാക്സീൻ വിതരണ കാര്യത്തിൽ ഇന്ത്യ ഉടൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

ലോകത്തിലെതന്നെ ഏറ്റവും മികച്ച വാക്സീൻ ഉൽപാദക അന്തരീക്ഷം ഇന്ത്യയിലുണ്ട്. ഇന്ത്യയിലെ ഓരോ കമ്പനിക്കും ഓരോ സാധ്യതാ വാക്സീനുമുണ്ട്. മറ്റു പല രാജ്യങ്ങൾക്കുമില്ലാത്ത ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണു വേണ്ടത്. നടപടിക്രമങ്ങൾ വേഗത്തിലാക്കി, സുരക്ഷിതത്വം ഉറപ്പിച്ചു കൂടുതൽ വാക്സീനുകൾക്ക് അംഗീകാരം നൽകണം. സമൂഹത്തിനു പ്രതിരോധ കുത്തിവയ്പു നൽകുമ്പോൾ വേഗവും പ്രധാനമാണ്. 2–3 വാക്സീനുകൾകൊണ്ട് ഇത്രയും വലിയ രാജ്യത്തു പ്രതിരോധ കുത്തിവയ്പു യഥാർഥ ലക്ഷ്യത്തിലെത്തില്ല.

∙ യുഎസിലെ കോവിഡ് പ്രതിരോധ കുത്തിവയ്പു മാതൃകാപരമെന്നു പറയാനാകുമോ?

പൊതുവായ നോട്ടത്തിൽ യുഎസിനു വളരെ വേഗത്തിൽ കുത്തിവയ്പു നടത്താൻ കഴിഞ്ഞു. അതു പ്രധാനമാണ്. എന്നാൽ, എല്ലായിടത്തും ഒരുപോലെ വാക്സീൻ ലഭ്യത ഉറപ്പായി എന്നു പറയാൻ കഴിയില്ല. ഇതുകൂടി പരിഗണിച്ചാണ് ഇന്ത്യ കൂടുതൽ ശ്രദ്ധിക്കണമെന്നു പറഞ്ഞത്. രാഷ്ട്രീയ നേതൃത്വം ദേശീയതലത്തിൽ സംവിധാനമുണ്ടാക്കണം. വാക്സീൻ ലഭ്യതയിലും വിതരണത്തിലും സ്വീകാര്യതയിലും വികേന്ദ്രീകൃത രീതിയെക്കാൾ കേന്ദ്രീകൃത സംവിധാനമാകും നല്ലത്, ഇന്ത്യയെ മൊത്തത്തിൽ കണ്ടുള്ള (പാൻ ഇന്ത്യ അപ്രോച്ച്) പ്രവർത്തനം. ഇല്ലെങ്കിൽ ചില ഭാഗങ്ങൾ വിട്ടുപോകും. ഇതു വൈറസിനു ജോലി എളുപ്പമാക്കും.

∙ കുത്തിവയ്പെടുത്തവർക്കു മാസ്ക് പോലും ഉപേക്ഷിക്കാമെന്ന ഘട്ടത്തിലേക്കു യുഎസ് എത്തിയതു നേട്ടമല്ലേ?

ഇക്കാര്യത്തിൽ കുറച്ചുകൂടി കാത്തിരിക്കണമായിരുന്നു എന്നാണു തോന്നിയത്. മാസ്ക് വേണ്ട എന്ന നിർദേശം തെറ്റായ സന്ദേശം നൽകും. മാസ്ക് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന നിലയിലേക്കു സമൂഹം എത്തും. യുഎസ് കുറെയൊക്കെ ആശ്വാസത്തിലാണെങ്കിലും വേനൽക്കാലത്തിനൊപ്പം വീണ്ടും കേസ് വർധിച്ചുകൂടെന്നില്ല. ഇന്ത്യയിലും ബ്രസീലിലും ഇതുണ്ടായി. ആരും സുരക്ഷിതരെന്നു തീർത്തുപറയാനുള്ള സമയമായിട്ടില്ല. വൻരാജ്യങ്ങൾപോലും ഇനിയും ഭീഷണി മുന്നിൽ കാണണം. യുഎസ് മാസ്ക് നിബന്ധന കുറച്ചുനാൾകൂടി നീട്ടേണ്ടതായിരുന്നു. ഇന്ത്യയും ഇളവു കൊണ്ടുവരുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിച്ചു ജാഗ്രതയോടെ നീങ്ങുന്നതാണു നല്ലത്.

∙ പ്രതിരോധം എന്നപോലെ, കോവിഡ് വന്നാലുള്ള ശക്തമായ ചികിത്സാപരിഹാരം കണ്ടെത്തുകയെന്നതും പ്രധാനമല്ലേ?

പല മരുന്നുകളും കോവിഡ് ചികിത്സയിൽ പരീക്ഷണാർഥം ഉപയോഗിക്കുന്നുണ്ടെങ്കിലും ആന്റിവൈറൽ ചികിത്സയ്ക്കു പറ്റിയൊരു മാജിക് മരുന്ന് ഇപ്പോഴുമുണ്ടായിട്ടില്ലെന്നതു ശരിയാണ്. അത് അത്യാവശ്യമാണ്. വാക്സീനു വേണ്ടിയെന്നപോലെ ഇക്കാര്യത്തിലും ഗവേഷണങ്ങൾ നടക്കുന്നു. വൻചെലവേറിയ ശ്രമങ്ങളാണ് അവ. വൈറസ് പിടിപെട്ടാൽ എന്തു ചെയ്യുമെന്നതു രോഗപ്രതിരോധത്തിൽ പ്രധാനമാണ്. രോഗികൾ ആശുപത്രിയിലെത്തുമ്പോൾ ആവശ്യമുള്ളവ തയാറായിരിക്കണം, അത് ഓക്സിജനായാലും മരുന്നുകളായാലും. ഇതിന്റെ വിലയും ലഭ്യതയും ഇന്ത്യയിലെ രണ്ടാം തരംഗത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചു. അതിൽനിന്നു പെട്ടെന്നുണ്ടായ ഭയം കൂടിയാണു തരംഗത്തിന്റെ തീവ്രത വർധിപ്പിച്ചത്.

∙ ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാൽ കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വാദത്തെക്കുറിച്ച്?

കുട്ടികൾ വെറും വാഹകർ മാത്രമാണെന്ന പ്രതീതി ശരിയല്ല. ഇപ്പോഴും നല്ലൊരു പങ്കു കുട്ടികൾക്കും കോവിഡ് വരുന്നുണ്ട്. ഏതു കോവിഡ് വ്യാപനത്തിലും അതുണ്ടാകാം. അല്ലാതെ കുട്ടികൾക്കു മാത്രമായി വരുന്നു, കൂടുതലായി വരുന്നു എന്നില്ല. അതുകൊണ്ട് അവർക്കും വാക്സീൻ നൽകേണ്ടത് അത്യാവശ്യമാണ്. നവജാതശിശുക്കൾക്കു നൽകണമോയെന്ന കാര്യത്തിൽ ഗവേഷണങ്ങൾ നടക്കുന്നതേയുള്ളു.

∙ കോവിഡിനെ തുട‌ച്ചുനീക്കുക സാധ്യമാണോ?

പൂർണമായും തുടച്ചുനീക്കുകയെന്നതു കുറച്ചുകാലത്തേക്കെങ്കിലും ശ്രമകരമാകും. അതേസമയം, കുറെയൊക്കെ അപകടം ഒഴിവാക്കാനാകും. ഇക്കാര്യത്തിൽ ന്യൂസിലൻഡിനെപ്പോലെ വാക്സീൻ ലഭ്യമാകും മുൻപുതന്നെ മാതൃക കാട്ടിയ രാജ്യങ്ങളുണ്ട്.

∙ അതിനായി പ്രതിരോധത്തിൽ ശ്രദ്ധിക്കാവുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

വാക്സീൻ കൊണ്ടോ ലോക്ഡൗൺ കൊണ്ടോ മാത്രം കോവിഡിനെതിരായ പോരാട്ടവും പ്രതിരോധവും പൂർണമാകില്ല. ഇക്കാര്യത്തിൽ സംയോജിത പ്രവർത്തനവഴികൾ വേണം. അതിശക്തമായ ജനിതക ശ്രേണീകരണ സംവിധാനം ഏറ്റവും പ്രധാനപ്പെട്ടതാണ്. മികച്ച പൊതുജനാരോഗ്യ സംവിധാനം സജ്ജമാക്കണം, ഇതിനൊപ്പം പൊതുജനാരോഗ്യ നിരീക്ഷണം ഉറപ്പുവരുത്തണം, കോവിഡ്, വാക്സീൻ തുടങ്ങിയവ സംബന്ധിച്ച ബോധവൽക്കരണം ജാഗ്രതയോടെ മുന്നോട്ടുകൊണ്ടുപോകണം. വാക്സീൻ ഉൽപാദനം കൂടുതൽ മെച്ചപ്പെടുത്തുക മാത്രമല്ല, വ്യാപകമായി ആളുകളിലേക്ക് എത്തുകയും വേണം. വാക്സീൻ ആവശ്യത്തിനു ലഭ്യമായിട്ടും ആളുകളിലേക്കു കൃത്യമായി എത്തിച്ചുനൽകാൻ കഴിയാത്ത എത്രയോ രാജ്യങ്ങളുണ്ട്. ഇക്കാര്യത്തിൽ സമഗ്രമായ കാഴ്ചപ്പാടാണു വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com