കുട്ടനാടിന് കുട പിടിക്കാം

HIGHLIGHTS
  • ഓരോ മഴക്കാലത്തും ആവർത്തിക്കുന്ന ദുരിതങ്ങൾക്ക് അറുതി വേണം
Kuttanad
SHARE

ഓരോ മഴക്കാലവും കുട്ടനാടിനു നൽകുന്നത് ആവർത്തിക്കുന്ന ദുരിതങ്ങളാണ്. ജലംകൊണ്ടു നിരന്തരം മുറിവേറ്റുകൊണ്ടിരിക്കുന്ന കുട്ടനാടിനുമേൽ ഇനിയെങ്കിലും കരുതലിന്റെ കുട വേണ്ടേ? 

ഓരോ വെള്ളപ്പൊക്കത്തിനുശേഷവും ജീവിതം പുതുതായി കെട്ടിപ്പടുക്കേണ്ട അവസ്ഥയിലാണു കുട്ടനാട്ടുകാർ. മുൻപു വർഷത്തിൽ ഒന്നോ രണ്ടോ തവണ, കടുത്ത മഴക്കാലത്താണ് ഈ പ്രദേശത്തുള്ളവർ വീട് ഉപേക്ഷിച്ചു ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറിയിരുന്നത്. എന്നാൽ, ഈയിടെ ടൗട്ടെ ഉൾപ്പെടെയുള്ള ചുഴലിക്കാറ്റുകൾ   സൃഷ്ടിച്ച മഴയിൽ രണ്ടു തവണ കുട്ടനാട്ടിൽ വെള്ളപ്പൊക്കവും മടവീഴ്ചയുമുണ്ടായി. അതിൽനിന്ന് ഇനിയും നാടു കരകയറിയിട്ടുമില്ല. മൂന്നാഴ്ച മുൻപു പെയ്ത മഴയിൽ പാടശേഖരങ്ങളിൽ കയറിയ വെള്ളം ഇപ്പോഴും നിറഞ്ഞുകിടക്കുകയാണ്. 

കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽനിന്നു രക്ഷിക്കാൻ കാലങ്ങളായി നിർദേശിക്കപ്പെടുന്ന പദ്ധതികളൊന്നും നടപ്പാകുന്നില്ല എന്നതാണു ദുരന്തം. നാലു വർഷം മുൻപു മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടായ്മയിൽ,  അന്നത്തെ ധനമന്ത്രി ടി.എം.തോമസ് ഐസക് വേമ്പനാട്ടു കായലിനെ സംരക്ഷിക്കാൻ ആഴം കൂട്ടുകയും നീർച്ചാലുകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്നതുൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. കായൽ ജനകീയമായി സംരക്ഷിക്കാൻ ‘വേമ്പനാട് സഭ’ എന്ന ആശയവും മന്ത്രി മുന്നോട്ടുവച്ചു. അത‍ു ബജറ്റിലുൾപ്പെടുത്തുകയും ചെയ്തു. ഫലമുണ്ടായില്ലെന്നു മാത്രം.

ഇന്നു ചെറുമഴപോലും കുട്ടനാടിനെ വെള്ളക്കെട്ടിലാക്കുന്നതു 2018ലെ മഹാപ്രളയം സൃഷ്ടിച്ച കെടുതികളുടെ തുടർച്ചയാണ്. വേമ്പനാട്ടു കായലിലും നദികളിലും ഇടത്തോടുകളിലും എക്കൽ നിറഞ്ഞ് ആഴം കുറഞ്ഞു. ഈ എക്കൽ നീക്കം ചെയ്യുകയും അതിലൂടെ കുത്തിയെടുക്കുന്ന കട്ട (എക്കൽ) ഉപയോഗിച്ചു പാടശേഖരങ്ങളുടെ പുറംബണ്ട് ഉയരംകൂട്ടി ബലപ്പെടുത്തുകയും താഴ്ന്ന പുരയിടങ്ങൾ ഉയർത്തുകയും വേണമെന്നു കാർഷിക മേഖലയിലെ വിദഗ്ധരും   കുട്ടനാട്ടുകാരും നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അതിനു സർക്കാരിന്റെ പ്രത്യേക നിർദേശം വേണം. ‘നദിക്കൊരിടം’ ഉൾപ്പെടെയുള്ള നിർദേശങ്ങളുമായി കുട്ടനാട് പുനരുജ്ജീവന പദ്ധതി സർക്കാർ ഒന്നര വർഷം മുൻപു പ്രഖ്യാപിച്ചെങ്കിലും അതും കടലാസിൽ ഒതുങ്ങി.   വർഷങ്ങളായി കുട്ടനാട്ടുകാർ കേൾക്കുന്നതാണു രണ്ടാം കുട്ടനാട്  പാക്കേജ്. കടലാസിൽനിന്നു കുട്ടനാട്ടിലേക്ക് ആ പാക്കേജ് ഇനിയെങ്കിലും ഇറങ്ങിവരണം.

ഇടത്തോടുകൾ ആഴം കൂട്ടി പുനരുദ്ധരിച്ചും കടലിലേക്കുള്ള      നീരൊഴുക്കു വേഗത്തിലാക്കുന്നവിധം സമാന്തര കനാലുകൾ നിർമിച്ചും കുട്ടനാടിനെ വെള്ളക്കെട്ടിൽനിന്നു രക്ഷിച്ചേതീരൂ. നാലു നദികളിൽ നിന്നാണു കുട്ടനാട്ടിലേക്കു വെള്ളമെത്തുന്നത്. കിഴക്കൻവെള്ളത്തിനൊപ്പം ശക്തമായ മഴയും കൂടിയായാൽ കുട്ടനാട് വലിയൊരു അണക്കെട്ടുപോലെയാകും. ഇവിടെനിന്നു വെള്ളം കടലിലേക്ക് എത്രയുംവേഗം ഒഴുക്കിവിടുകയാണു പ്രധാനം. കടലിലെ വേലിയേറ്റ, വേലിയിറക്കങ്ങൾ മനസ്സിലാക്കി ജലമൊഴുക്കു നിയന്ത്രിക്കാനുള്ള സംവിധാനവും വേണം.

തണ്ണീർമുക്കം ബണ്ട് ഒരു വർഷം മുഴുവൻ തുറന്നിടുമെന്ന പ്രഖ്യാപനം നടപ്പായില്ലെന്നു മാത്രമല്ല, ഇത്തവണ സമീപകാല ചരിത്രത്തിലാദ്യമായി 150 ദിവസത്തിലധ‍ികം അടച്ചിടുകയും ചെയ്തു. ബണ്ട് വർഷത്തിൽ കൂടുതൽ സമയം തുറന്നിടണം. തോട്ടപ്പള്ളി സ്പിൽവേയുടെ ദൗർബല്യങ്ങൾ പരിഹരിച്ച് ആഴവും വീതിയും കൂട്ടി വെള്ളം പുറത്തേക്കൊഴുകാൻ പര്യാപ്തമാക്കുകയും വേണം. 

ജനവാസമേഖലകളിലെ പാടശേഖരങ്ങളിൽ പമ്പിങ് കൃത്യമായി നടത്തുകയും ജനവാസമില്ലാത്ത പാടശേഖരങ്ങളിൽ കാലവർഷ   കാലത്തെ കൃഷി ഒഴിവാക്കി ജലം കയറിയിറങ്ങാനുള്ള ഇടങ്ങളാക്കി അവ മാറ്റ‍ുകയും വേണം. അതോടൊപ്പം, കുട്ടനാടിന്റെ ജീവനാഡിയായ ആലപ്പുഴ – ചങ്ങനാശേരി (എസി) റോഡ് പുനർനിർമാണം വേഗത്തിലാക്കേണ്ടതുമുണ്ട്. എസി റോഡ് മുങ്ങിയാൽ കുട്ടനാട് ഒറ്റപ്പെട്ടുപോകുന്ന ഇപ്പോഴത്തെ അവസ്ഥ ഒഴിവാക്കണം.

പെയ്യാനൊരുങ്ങിനിൽക്കുന്ന മറ്റൊരു കാലവർഷക്കാലം കുട്ടനാടിന്റെ ഉറക്കംകെടുത്തുകയാണ്. സർക്കാർ ഇതു തിരിച്ചറിഞ്ഞ്, അടിയന്തര പരിഹാരമുണ്ടാക്കിയേ തീരൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA