കണ്ണികൾ അകലുമ്പോൾ...

modi-mamata
SHARE

ബംഗാളിൽ ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങൾ ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തെ ഒരിക്കൽകൂടി ഉലച്ചിരിക്കുന്നു. തിക്തവും അക്രമാസക്തവുമായ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സകല അടവുകളും ഉപയോഗിച്ചെങ്കിലും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽനിന്നു ഭാരിച്ച തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.

തിരഞ്ഞെടുപ്പിനു ശേഷം ബംഗാളിൽ നാശം വിതച്ച യാസ് കൊടുങ്കാറ്റിന്റെ അനന്തരഫലങ്ങളെക്കുറിച്ചു ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച അവലോകനയോഗത്തിൽനിന്നു മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വിട്ടുനിന്നതോടെയാണു പുതിയ സംഭവങ്ങളുടെ തുടക്കം. തുടർന്നു ചീഫ് സെക്രട്ടറിയെ ഏകപക്ഷീയമായി കേന്ദ്ര ഡപ്യൂട്ടേഷനിലേക്കു മാറ്റുന്നു. ചീഫ് സെക്രട്ടറിയാകട്ടെ ജോലിയിൽനിന്നു സ്വയംവിരമിച്ചു മുഖ്യമന്ത്രിയുടെ പ്രധാന ഉപദേശകന്റെ പദവി സ്വീകരിക്കുന്നു. കേന്ദ്രം അദ്ദേഹത്തിനെതിരെ കാരണംകാണിക്കൽ നോട്ടിസ് പുറപ്പെടുവിച്ചതുവരെ കഥ എത്തിനിൽക്കുന്നു.

ഈ കഥയിലെ ബദ്ധവൈരികളായ വ്യക്തികളെ, മോദിയെയും മമതയെയും മാറ്റിനിർത്തുക. ഫെഡറൽ വ്യവസ്ഥ വിഭാവനം ചെയ്യുന്നപോലുള്ള പെരുമാറ്റമാണോ ഭരണഘടനാപദവിയിലുള്ള ഈ രണ്ടുപേരിൽനിന്ന് ഉണ്ടായത്? പ്രധാനമന്ത്രിയുടെ മുൻകൂട്ടി നിശ്ചയിച്ച യോഗത്തിൽ പങ്കെടുക്കുക എന്നതുതന്നെയാണു മുഖ്യമന്ത്രിമാരിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യം. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി ഉണ്ടായിരിക്കണം എന്നത് അലിഖിത പ്രോട്ടോക്കോളിന്റെ ഭാഗം. അതിനു മുഖ്യമന്ത്രി നേരത്തേ പ്രഖ്യാപിച്ച പരിപാടികൾ വിഘാതമാകാൻ പാടില്ല. അഥവാ മുഖ്യമന്ത്രി പോകാതെ നിവൃത്തിയില്ല എന്ന സ്ഥിതിയാണെങ്കിൽ സംസ്ഥാന സർക്കാരിനുവേണ്ടി വിഷയം അവതരിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തണമായിരുന്നു. ഫെഡറൽ ചട്ടക്കൂടിന്റെ അകത്തു പാലിക്കേണ്ട മര്യാദകൾ മമത ബാനർജി പാലിച്ചില്ലെന്നതുപോലെ മറ്റൊരു കാര്യംകൂടി ഓർക്കാനുണ്ട്; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള യോഗങ്ങളിൽ പുറത്തുനിന്നുള്ള രാഷ്ട്രീയനേതാക്കൾ പങ്കെടുക്കാറില്ല. എന്നാൽ ഈ യോഗത്തിൽ ബിജെപി നേതാക്കൾ പങ്കെടുത്തിരുന്നു. മമതയെ കൂടുതൽ ചൊടിപ്പിച്ചത്, നന്ദിഗ്രാമിൽ തന്നെ തിരഞ്ഞെടുപ്പിൽ തോൽപിച്ച സുവേന്ദു അധികാരിയും അവിടെ സന്നിഹിതനായിരുന്നു എന്നതാകാം.

ഇന്നത്തെ അഖിലേന്ത്യാ സർവീസുകളും അതിന്റെ മുൻഗാമിയായിരുന്ന ഐസിഎസും തമ്മിലുള്ള പ്രധാന വ്യത്യാസം ഐസിഎസുകാർക്കു വ്യക്തമായ ലക്ഷ്യം ഉണ്ടായിരുന്നു എന്നതാണ്. ലണ്ടനിലെ ചക്രവർത്തിയുടെ അല്ലെങ്കിൽ ചക്രവർത്തിനിയുടെ താൽപര്യങ്ങൾക്കു കോട്ടം സംഭവിക്കാതെ പ്രവർത്തിക്കുക എന്നതായിരുന്നു അത്. സ്വാതന്ത്ര്യം ലഭിച്ച ശേഷം അത്തരം സർവീസുകൾ നിലനിർത്തണോ എന്ന കാര്യത്തിൽ ഭരണഘടനാ നിർമാണസഭയുടെ അകത്തും പുറത്തും ചർച്ചയുണ്ടായി. അവ തുടരണമെന്ന തീരുമാനമെടുത്തതിൽ ജവാഹർലാൽ നെഹ്റുവിനും സർദാർ പട്ടേലിനും വലിയ പങ്കുണ്ടായിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രവുമായുള്ള ബന്ധത്തിലെ സുപ്രധാന കണ്ണികളായിട്ടാണ് ഇവരെ കണ്ടത്.

സംസ്ഥാനങ്ങളിൽ ജോലിചെയ്യുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർക്കു കേന്ദ്രസർക്കാരിന്റെ ഇംഗിതം അനുസരിച്ചു പ്രവർത്തിക്കാൻ പരിമിതിയുണ്ടെന്നു‌ ദീർഘകാലം മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് അറിയാത്ത കാര്യമല്ല. എന്നിട്ടും മമതയെ അനുഗമിച്ച ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായയ്ക്ക്, അടുത്ത പ്രവൃത്തിദിവസം ഡൽഹിയിൽ ഹാജാരാകാൻ കേന്ദ്രം ഉത്തരവു നൽകി. അഖിലേന്ത്യാ സർവീസ് ചട്ടങ്ങളിലെ 10(1) ചട്ടം അനുസരിച്ചായിരുന്നു ഇത്. ഉത്തരവു നൽകാൻ സംസ്ഥാന സർക്കാരിന്റെ സമ്മതം ആവശ്യമാണെങ്കിലും അതു പാലിക്കപ്പെട്ടില്ല. ബന്ദോപാധ്യായ സ്വയംവിരമിച്ചപ്പോൾ സ്ഥലംമാറ്റ ഉത്തരവു വ്യർഥമായി. ബംഗാളിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ മുഖമായ അദ്ദേഹത്തെ മമത തന്റെ മുഖ്യഉപദേശകനാക്കി. കേന്ദ്രം അദ്ദേഹത്തിനെതിരായി നടപടി തുടങ്ങി. അഖിലേന്ത്യ സർവീസ് ചട്ടം അനുസരിച്ച് സംസ്ഥാന സർക്കാരിന്റെ സമ്മതമില്ലാതെ ശിക്ഷാനടപടി സ്വീകരിക്കാൻ പറ്റാത്തതുകൊണ്ടു ദുരന്തനിവാരണ നിയമം അനുസരിച്ചാണു ബന്ദോപാധ്യായയ്ക്ക് കേന്ദ്രം കാരണംകാണിക്കൽ നോട്ടിസ് നൽകിയത്. കാര്യങ്ങൾ ഇത്രത്തോളം അധഃപതിച്ചു.

ഇന്ത്യപോലെ വ്യത്യസ്തതകളുള്ള രാജ്യത്ത് നോട്ടു നിരോധനം, കാർഷിക നിയമങ്ങൾ തുടങ്ങി ലക്ഷദ്വീപിലെ സംഭവവികാസങ്ങൾ വരെയുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങളുമായി ചർച്ച ചെയ്യാതെ, ഏകപക്ഷീയമായി കേന്ദ്രം സ്വീകരിച്ച നടപടികൾ സൃഷ്ടിച്ച സംഘർഷം നാം അനുഭവിച്ചതാണ്. അഗാധമായ സ്വത്വബോധമുള്ള ജനങ്ങൾ വസിക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ പലതും ഇപ്പോൾ പ്രതിപക്ഷനിരയിലുള്ള ശക്തരായ മുഖ്യമന്ത്രിമാരാണു ഭരിക്കുന്നത്. ഫെഡറൽ വ്യവസ്ഥയെ ഏറ്റവും കരുതലോടെ കാത്തുസൂക്ഷിക്കേണ്ട അവസരത്തിൽ ബംഗാളിൽ സംഭവിച്ചപോലുള്ള കാര്യങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. പരുക്കേൽക്കുന്നത് ഇന്ത്യ എന്ന ആശയത്തിനാണ്.

ആനവണ്ടി കോർപറേഷന്റെ കയ്യിലൊതുങ്ങുമോ?

കെഎസ്ആർടിസി മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിട്ടു പതിറ്റാണ്ടുകളായി. 1938ൽ തിരുവിതാംകൂർ രാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമയാണു പൊതുഗതാഗതത്തിനു സർക്കാർ ബസുകൾ നിരത്തിലിറക്കിയത്.

കേരളം ജനിച്ച ശേഷമുള്ള ആദ്യ മന്ത്രിസഭയിലെ ഗതാഗതമന്ത്രിയായിരുന്ന ടി.വി.തോമസിന്റെ കാലത്താണു റോഡ് ഗതാഗതവകുപ്പിന്റെ ബസുകൾക്കു ചുവന്ന ചായം പൂശിയതും (എക്സ്പ്രസ് ബസുകൾക്കു പച്ച) വശങ്ങളിൽ സംസ്ഥാനത്തിന്റെ രണ്ട് ആനകൾ അടങ്ങുന്ന ചിഹ്നം വരച്ചതും. ഈ ആനകളാണു ട്രാൻസ്പോർട് ബസുകൾക്ക് ‘ആനവണ്ടി’ എന്ന പേരു സമ്മാനിച്ചത്.

കെഎസ്ആർടി‌സി കോർപറേഷനായത് 1965ലാണ്; സമീപ നാട്ടുരാജ്യമായ മൈസൂരുവിൽ സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്പോർട് ബസുകൾ ഓടാൻ തുടങ്ങിയത് 1948ലും. 1973ൽ കർണാടക സംസ്ഥാനം നിലവിൽ വന്നപ്പോൾ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷൻ അഥവാ മറ്റൊരു കെഎസ്ആർടിസി കൂടി ഉണ്ടായി. കേരളവും കർണാടകയും കെഎസ്ആർടി‌സി എന്ന പേര് ഉപയോഗിക്കാനുള്ള അവകാശത്തെക്കുറിച്ചു ദീർഘകാലം തർക്കിച്ചു. ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്ച, 1999ലെ ട്രേഡ്‌ മാർക്ക് നിയമം അനുസരിച്ച്, കെഎസ്ആർടിസി, ആനവണ്ടി എന്നീ പേരുകൾ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് കോർപറേഷനു സ്വന്തമാണെന്നു ട്രേഡ് മാർക്ക് അധികൃതർ ഉത്തരവിട്ടു.

ട്രേഡ് മാർക്ക് നിയമം വാണിജ്യപ്രധാനമായ കാര്യങ്ങളെ അനുകരണങ്ങളിൽനിന്നു രക്ഷിക്കാൻ വേണ്ടിയാണ്. കർണാടകയിലെ ബസുകൾ, കേരളത്തിന്റേതാണെന്നു പറഞ്ഞു യാത്രക്കാരെ പറ്റിച്ചു കയറ്റിക്കൊണ്ടുപോകാൻ ശ്രമിച്ചതായി കേട്ടിട്ടില്ല. എന്നാൽ സ്വകാര്യവ്യക്തികളുടെ കബളിപ്പിക്കലുകളിൽനിന്ന് ഇത്തരമൊരു പരിരക്ഷ സഹായിക്കും എന്നതുകൊണ്ട് അയൽസംസ്ഥാനവുമായി നടന്ന ഒഴിവാക്കാമായിരുന്ന നിയമയുദ്ധത്തെ നമുക്കു ന്യായീകരിക്കാം. 

പക്ഷേ ‘ആനവണ്ടി’യെ എങ്ങനെ കെഎസ്ആർടി‌സി‌ സ്വന്തമാക്കും? മലയാളിയുടെ നർമബോധത്തിന്റെ ഉദാഹരണമായ ഭാഷാപ്രയോഗത്തെ ഒരു കോർപറേഷനു കയ്യടക്കാൻ പറ്റുമോ? ഉദാഹരണത്തിനു ലണ്ടനിലെ പൊലീസുകാരെ അവിടെയുള്ളവർ സ്നേഹത്തോടെ വിളിക്കുന്നതു ‘ബോബി’ എന്നാണ്. അത് ഇംഗ്ലിഷിലെ പ്രയോഗമാണ്; ലണ്ടൻ പൊലീസ് അതിന്റെ ട്രേഡ് മാർക്ക് റജിസ്റ്റർ ചെയ്യാൻ പോയിട്ടില്ല. ‘ആനവണ്ടി’ സ്വകാര്യവൽക്കരിക്കുമ്പോൾ വരുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾകൂടി ഓർക്കണം. ആനവണ്ടിയുടെ പേരിൽ പ്രശസ്തമായ വെബ്‌സൈറ്റുകളുണ്ട്. ഇൻസ്റ്റഗ്രാമിൽ നൂറിൽ കൂടുതൽ ഫാൻ പേജുകൾ ആനവണ്ടിക്കു വേണ്ടി തുറന്നിട്ടുണ്ട്. ആ പേരു കെഎസ്ആർടി‌സി സ്വന്തമാക്കിയ ശേഷം ഇവയെ എല്ലാം അടച്ചുപൂട്ടിക്കാൻ കോർപറേഷനു നടപടിയെടുക്കാം. പ്രത്യുപകാരപ്രതീക്ഷ കൂടാതെ, എല്ലാ പ്രതിസന്ധികളിലും കെഎസ്ആർടിസിയുടെ കൂടെ നിന്നവരെ ദുഃഖിപ്പിക്കുന്നതിലും ഉചിതം ‘ആനവണ്ടി’ എന്ന വാക്കു മലയാളഭാഷയ്ക്കു നിരുപാധികം തിരിച്ചുനൽകുന്നതാണ്.

സ്കോർപ്പിയൺ കിക്ക്: കൊടകര കുഴൽപണക്കേസ്: കെ.സുരേന്ദ്രനൊഴികെ ബാക്കി ബിജെപി നേതാക്കൾ മൗനത്തിൽ.

ബ്ദിച്ചാൽ കുഴലൂത്ത് എന്ന് ആളുകളെങ്ങാനും പറഞ്ഞാലോ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA