നിസ്സഹായതയുടെ നിലവിളികൾ

HIGHLIGHTS
  • ദുരിതാശ്വാസ ക്യാംപുകളിൽ ഇനിയുമെത്ര കാലം?
rehabilitation-camp
SHARE

സാധാരണക്കാരുടെ അടിയന്തരാവശ്യങ്ങളിൽ സർക്കാർ തീരുമാനം വൈകിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുക്കുന്നയാളാണു മുഖ്യമന്ത്രി പിണറായി വിജയൻ. പക്ഷേ, അദ്ദേഹം ആഗ്രഹിക്കുന്നതുപോലെയല്ല പലപ്പോഴും സംഭവിക്കുന്നത് എന്നതാണു കേരളത്തിനു മുന്നിലുള്ള ദുഃഖയാഥാർഥ്യം. കൊട്ടിഘോഷിക്കപ്പെട്ട പുനരധിവാസ പദ്ധതികൾ രേഖകളിൽ പൊടിപിടിക്കുമ്പോൾ ഒട്ടേറെപ്പേർ വർഷങ്ങളായി ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുകയാണ്. സർക്കാർ തീരുമാനങ്ങളുടെ മെല്ലെപ്പോക്കിനെയും ചുവപ്പുനാടയുടെ ക്രൂരതയെയും സ്വന്തം ജീവിതങ്ങൾകൊണ്ടു ചോദ്യംചെയ്യുകയാണവർ. 

ദുരിതാശ്വാസ ക്യാംപുകൾ വിട്ട്, സുരക്ഷിതമായി കൂടണയാനുള്ള ഇവരുടെ ആഗ്രഹം സഫലമാക്കാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾ‍ ഇത്രയും വൈകുന്നതെന്ത്? കണ്ണീർനനവുള്ള അപേക്ഷകൾ പരിഗണിക്കാൻ മടിക്കുന്നതെന്ത്? 

ഓരോ ഫയലും ഓരോ ജീവിതമാണെന്നും മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വത്തോടെ സമീപിക്കണമെന്നുമൊക്കെ മുഖ്യമന്ത്രി കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഫയൽ തീർപ്പാക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും സങ്കടഹർജികൾ, പരാതികൾ എന്നിവ പരിഹരിക്കുന്നതിലെ പോരായ്മ വകുപ്പു സെക്രട്ടറിമാർ വിശകലനം ചെയ്യണമെന്നുമൊക്കെ രണ്ടാം വട്ടം അധികാരമേറ്റെടുത്തയുടനെയും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ, പ്രളയവും മഹാമാരിയുമെല്ലാം നിസ്സഹായതയോടെ അനുഭവിക്കുന്നവരുടെ ജീവിതംകൊണ്ടെഴുതിയ സങ്കടഹർജികൾക്ക് ഇപ്പോഴും പരിഹാരമാകുന്നില്ല. 

എട്ടു വർഷമായി കരിനില വികസന ഏജൻസിയുടെ കെട്ടിടത്തിൽ കഴിയുന്ന ആലപ്പുഴ ജില്ലയിലെ കുടുംബത്തിന്റെ കഥ ഇന്നലെയാണു മലയാള മനോരമ പ്രസിദ്ധീകരിച്ചത്. കിടപ്പാടം കടലെടുത്തപ്പോൾ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും ചേർന്നാണ് അവരെ ഇവിടെയെത്തിച്ചത്. 3 മാസത്തിനുള്ളിൽ പുതിയ വീട്ടിലേക്കു മാറ്റാമെന്നായിരുന്നു വാഗ്ദാനം. ഒറ്റ മുറിയിൽ, കീറിത്തീരാറായ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച അവരുടെ വീ‌ട്ടിലേക്ക് പിന്നെ ആരും അന്വേഷിച്ചുവന്നില്ല. തിരുവനന്തപുരത്തു വലിയതുറ പാലത്തിനു സമീപം തുറമുഖ വകുപ്പിനു കീഴിലുള്ള 4 ഗോഡൗണുകളിൽ കഴിയുന്നതാവട്ടെ 73 കുടുംബങ്ങളാണ്; 109 പുരുഷന്മാരും 101 സ്ത്രീകളും 70 കുട്ടികളും. കടലേറ്റത്തിൽ വീടും സ്ഥലവും നഷ്ടമായ ഇവരിൽ പലരും 4 വർഷത്തിലേറെയായി ക്യാംപുകളിലാണ്. സമീപത്തെ വലിയതുറ യുപി സ്കൂളിലും അടുത്തുള്ള മറ്റു ക്യാംപുകളിലും നൂറിലേറെ കുടുംബങ്ങളുണ്ട്. 

മലപ്പുറം ജില്ലയിലെ കവളപ്പാറയിലുണ്ടായ ഉരുൾപൊട്ടലിൽനിന്നു രക്ഷപ്പെട്ട 17 ആദിവാസി കുടുംബങ്ങൾ ഒരു വർഷവും 10 മാസവുമായി പോത്തുകല്ല് അങ്ങാടിയിലെ ഓഡിറ്റോറിയത്തിൽ ദുരിതാശ്വാസ ക്യാംപിലാണ്; 15 കുട്ടികൾ ഉൾപ്പെടെ 70 പേർ. 6 മാസത്തിനകം പുനരധിവാസമെന്ന ഉറപ്പു പാളി. അനുവദിച്ചുകിട്ടിയ 3.57 ഏക്കറിൽ വീടുകളുടെ പണി നടക്കുന്നുവെന്ന പ്രതീക്ഷയെങ്കിലും അവർക്കുണ്ട്. 2018ലെ പ്രളയകാലത്തു പാലക്കാട്ടെ നെന്മാറ ചേരുംകാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽനിന്നു മാറ്റിപ്പാർപ്പിച്ച മായനും കുടുംബവും ഇപ്പോഴും സർക്കാർ ക്വാർട്ടേഴ്സിലാണു താമസം. 

ചുവപ്പുനാട വരിഞ്ഞുമുറുക്കുന്നത് ഇവരുടെ പാവം ജീവിതങ്ങളെയാണ്. സർക്കാർ സംവിധാനങ്ങൾ ഒന്നുണർന്നു പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇവരുടെ പുനരധിവാസം ഇത്രയും വൈകില്ലായിരുന്നു. സർക്കാർ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന സങ്കടഹർജികളുടെ ചുവപ്പുനാട അഴിക്കുന്നത് അത്യധികം മാനുഷികമായ ജനകീയയജ്ഞമായി സർക്കാർ ഉദ്യോഗസ്ഥർ കാണേണ്ടതുണ്ട്. 

ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ വികസന സ്വപ്നങ്ങൾ തിളങ്ങുമ്പോൾ, അരക്ഷിതാവസ്ഥ നിഴലിടുന്ന കണ്ണുകളുമായി ഒരു പറ്റം മനുഷ്യർ കാത്തിരിക്കുന്നു എന്നുകൂടി നമുക്കോർക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA