ADVERTISEMENT

കോവിഡ് എന്ന വലിയ യുദ്ധം കഴിഞ്ഞ് ആശുപത്രിയിൽനിന്നു തിരിച്ചുവരുന്നതു തെല്ലൊരു ആശ്വാസത്തോടെയായിരിക്കും. എന്നാൽ, ഒട്ടും വൈകാതെ വീണ്ടും ആശുപത്രിയിലേക്കു പോകേണ്ടിവരുന്ന സാഹചര്യത്തെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? കോവിഡ്‌മുക്തി നേടിയവരിൽ ചെറിയൊരു ശതമാനം പേർക്കെങ്കിലും രണ്ടോ മൂന്നോ ആഴ്ചകൾക്കു ശേഷം ന്യുമോണിയ ബാധിച്ചു തിരികെ ആശുപത്രിയിൽ പോകേണ്ട സാഹചര്യമുണ്ടാകുന്നുണ്ട്. വൈറസ്  പ്രതിരോധ സംവിധാനത്തെയാകെ തകർത്തുകളയുന്നതുതന്നെയാണു കോവിഡ്മുക്തിക്കു ശേഷമുള്ള ഈ ‘പോസ്റ്റ് കോവിഡ് ന്യുമോണിയ’യുടെ പ്രധാന കാരണം. പൊതുവേ ന്യുമോണിയയ്ക്കു കാരണമാകുന്ന ബാക്ടീരിയകളും വൈറസുകളും ഇതൊരു അവസരമായി കാണും. കോവിഡ് ശ്വാസകോശഘടനയിൽ വരുത്തിയ മാറ്റങ്ങളും സ്വാധീനിക്കാം.

പോസ്റ്റ് കോവിഡ് ന്യുമോണിയ ഒഴിവാക്കാനുള്ള ഏറ്റവും നല്ല വഴി കോവിഡ്മുക്തിക്കു ശേഷം കുറച്ചുനാൾകൂടി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കോവിഡ് ബാധിച്ചൊരാൾ സമ്പൂർണ ആരോഗ്യത്തിലേക്കു മടങ്ങിയെത്തിയെന്നു പറയാൻ ഒന്നോ രണ്ടോ മാസമെടുക്കാം. ഈ കാലം പ്രധാനമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ കാര്യമായി വെള്ളം കുടിക്കുകയും ശരീരത്തിനു നല്ല വിശ്രമം കൊടുക്കുകയും വേണം. മാസ്ക് തുടർന്നും വേണം. ആളുകളുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതും നല്ലത്. തിരക്കുകളിലേക്കു മടങ്ങിയെത്താനുള്ള അമിതാവേശം ഒഴിവാക്കണം. 

പൂർണാരോഗ്യം തിരിച്ചുകിട്ടുംവരെ കഠിന വ്യായാമങ്ങൾക്കു നിർബന്ധം പിടിക്കേണ്ടതില്ല. അതേസമയം, ശ്വാസോച്ഛ്വാസ വ്യായാമങ്ങൾ നല്ലതാണ്. കോവിഡ്മുക്തി നേടിയുള്ള വിശ്രമകാലത്തു വരുന്ന രോഗലക്ഷണങ്ങളെയും ഗൗരവത്തോടെ കാണണം. കോവിഡ് പോയാലും ശരീരോഷ്മാവും പൾസ് ഓക്സിമീറ്റർ ഉപയോഗിച്ചു രക്തത്തിലെ ഓക്സിജൻ സാച്ചുറേഷനും പരിശോധിക്കുന്നതു തുടരണം.  പ്രായംചെന്നവർക്കും തീർത്തും പ്രതിരോധശേഷി ഇല്ലാത്തവർക്കുമാണു പോസ്റ്റ് കോവിഡ് ന്യുമോണിയ വരുന്നതെന്നു പലരും കരുതും. ഇതു ശരിയല്ല. കോവിഡ് ബാധയ്ക്കു പിന്നാലെ ന്യുമോണിയ ആർക്കും വരാം. അതുപോലെ, ഇടത്തരം കോവിഡ് ബാധയുണ്ടാകുന്ന ഘട്ടത്തിൽതന്നെ ശ്രദ്ധിക്കുന്നതും പ്രധാനം. ഉടനടി ആശുപത്രിയിലെത്താതെ വീട്ടിൽ തുടരുന്നതു പ്രശ്നമാകും. വൈകി ചികിത്സ തേടുന്നവർ ന്യുമോണിയ മൂലമുള്ള പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും.

ശ്വസനം പ്രശ്നം

ശ്വസനസംബന്ധമായ പ്രശ്നങ്ങളാണു കൊറോണ വൈറസിനു കൂടുതൽ വില്ലൻ പരിവേഷം നൽകുന്നത്. മൂക്കിലോ വായിലോകൂടി പ്രവേശിച്ചു തൊണ്ടയിലെത്തി അവിടെ പറ്റിപ്പിടിച്ചു കോശങ്ങൾക്കുള്ളിലേക്കു കയറുന്നതാണു വൈറസിന്റെ രീതി. മനുഷ്യകോശങ്ങൾക്കുള്ളിലെ സ്വാഭാവിക റൈബോന്യൂക്ലിക് ആസിഡുകൾക്കു (ആർഎൻഎ) പകരം കൊറോണ വൈറസ് തങ്ങൾക്കാവശ്യമായ ആർഎൻഎകളെ ഉൽപാദിപ്പിക്കാൻ തുടങ്ങും. വിളിക്കാതെ കയറിവരുന്നയാൾ അടുക്കളയിൽ കയറി സ്വയം പാചകം ചെയ്തു കഴിക്കുന്നതുപോലെ!

വൈറസ് ആൻഎൻഎകൾ കോശത്തിനുള്ളിൽ കളംപിടിക്കാൻ ആറേഴു ദിവസമെടുക്കും. ഈ ‘ഇൻകുബേഷൻ’ സമയത്താണു കോടാനുകോടി വൈറസ് പകർപ്പുകളായി ഇതു പെരുകുന്നതും രോഗകാരിയാകുന്നതും. പിന്നീടു ശരീരത്തിന്റെ ഓരോ ഭാഗത്തെയായി ബാധിക്കും. മൂക്കിലെ കോശങ്ങളെ നശിപ്പിക്കുന്നതോടെ മണം നഷ്ടമാകും, വയറിലെ കോശങ്ങളെ ബാധിക്കുന്നതു വയറിലെ അസ്വസ്ഥതകൾക്കും കാരണമാകും. ഭക്ഷണം കഴിക്കുന്നതു കുറഞ്ഞാൽ തളർച്ചയുണ്ടാകാം. ഇതൊക്കെ കോവിഡിനെ സംബന്ധിച്ചു നിസ്സാര പ്രശ്നങ്ങളാണ്.

അതേസമയം, കൊറോണ വൈറസ് ശ്വാസകോശത്തിലെ സൂക്ഷ്്മഅറകളായ ആൽവിയോളകളെ ബാധിച്ചാൽ പ്രശ്നം രൂക്ഷമാകും. ഈ അറകളിൽവച്ചാണു ശ്വസനവായുവിൽനിന്ന് ഓക്സിജൻ രക്തത്തിലേക്കു പോകുന്നത്. വൈറസ്ബാധ ആൽവിയോളകളെ ബാധിക്കുന്നതോടെ ശ്വസനപ്രക്രിയ ശരിയാംവണ്ണം നടക്കാതെയാകും. 

വൈറസുകൾക്കെതിരെ ശരീരം സാധാരണ സൈറ്റോകൈൻ എന്ന പ്രോട്ടീൻ ഉൽപാദിപ്പിച്ചു ചെറുത്തുനിൽപു നടത്താറുണ്ട്. എന്നാൽ, ഇതിന്റെ ഉൽപാദനം കൊടുങ്കാറ്റുപോലെ (സൈറ്റോകൈൻ സ്റ്റോം) പെട്ടെന്നു കൂടുന്നതോടെ ആൽവിയോളകൾ ബഹുഭൂരിപക്ഷവും പ്രവർത്തനരഹിതമാകും. ഇതു രക്തത്തിലെ ഓക്സിജന്റെ തോതു കുറഞ്ഞ്, നിശ്ചിത പരിധി കഴിയുന്ന അവസ്ഥയായ ഹൈപ്പോക്സിയ ആയി മാറും. ചിലപ്പോഴെല്ലാം ഇത് ഒരു ലക്ഷണവും കാട്ടാതെയും സംഭവിക്കാം – സൈലന്റ് ഹൈപ്പോക്സിയ. ചികിത്സയ്ക്കുള്ള സാധ്യതപോലും കിട്ടില്ലെന്നതിനാൽ ഇതു കൂടുതൽ അപകടകരമാണ്.

ഗന്ധം തിരിച്ചുവരും

കോവിഡ് ലക്ഷണങ്ങളിൽ പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നു മണം നഷ്ടമാകുന്നതാണ്. നേരിയ വൈറസ് ബാധയുള്ളവരിൽ ഇതു പെട്ടെന്നു തിരിച്ചുവരികയും ചെയ്യും. ഗന്ധമറിയാൻ സഹായിക്കുന്ന ഘ്രാണവ്യവസ്ഥയെ വൈറസ് കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിൽ സമയമെടുക്കാം.  

ഈ ഘട്ടത്തിലാണ് ഓരോ ഗന്ധവും മാറി മനസ്സിലാക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ. മിക്കവാറും കേസുകളിൽ ഇത് ആശങ്കപ്പെടുന്നത്ര ഗുരുതരമല്ല. 3–6 മാസംകൊണ്ടു ഭൂരിപക്ഷം കേസുകളിലും മണവും രുചിയുമെല്ലാം പൂർണമായും തിരിച്ചുവരും. രോഗികളായി വീട്ടിലിരിക്കുന്നവർ പതിവു മരുന്നുകൾക്കു പുറമേ ഇളംചൂടുള്ള ഭക്ഷണം കഴിക്കുക, അനാവശ്യ ആശങ്കകളും ചിന്തകളും ഒഴിവാക്കുക തുടങ്ങിയവ ശ്രദ്ധിക്കണം. ശാരീരികമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന വൈറസിനു മാനസികമായി കൂടി നാം കീഴടങ്ങരുത്.

പുക, പൊടി വേണ്ട

വൈറസ് വന്നുപോയവരിൽ മറ്റൊരു പ്രധാന പ്രശ്നം കിതപ്പാണ്. മുൻപ് ആയാസരഹിതമായി പടി കയറിയിരുന്നവർക്കു പിന്നീടത് അത്ര എളുപ്പമായി തോന്നണമെന്നില്ല. എന്നാൽ, ശ്രദ്ധയോടെ നീങ്ങിയാൽ പൂർണാരോഗ്യത്തിലേക്കു തിരിച്ചുവരാം. വൈറസ് ബാധയില്ലാത്തവരും ഈ കോവിഡ് കാലത്തു മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. 

പുകവലിക്കുന്നതു മാത്രമല്ല, പുകവലിക്കാരുടെ അടുത്തു സമയം ചെലവിടുന്നതുപോലും നല്ലതല്ല. സമാനമാണു പൊടിയിൽ ഇടപഴകുന്നത്. ലോക്ഡൗൺ സമയത്തു വീട്ടിൽ വെറുതെയിരിക്കുകയാണെന്നു കരുതി പഴഞ്ചൻ സാധനങ്ങളെല്ലാം കൂട്ടിയിട്ടു തീ കത്തിക്കാനും പഴയ പെയിന്റെല്ലാം ചുരണ്ടിയിളക്കി പുതിയതടിക്കാനും പോകരുത്. വീട്ടിലെ കർട്ടനുകൾ ഉൾപ്പെടെ മാറ്റി പൊടി തങ്ങിനിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. 

വീട്ടിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക, രാവിലെയും വൈകിട്ടും   ‘ശ്വാസോച്ഛ്വാസ വ്യായാമം’ നടത്തുക തുടങ്ങി ശ്വസനവ്യവസ്ഥയെ പൂർണാരോഗ്യത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണു നടത്തേണ്ടത്.

(പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിലെ ഡിപ്പാർട്മെന്റ് ഓഫ് റെസ്പിറേറ്ററി മെഡിസിൻ മുൻ മേധാവിയാണു ലേഖകൻ.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com