ADVERTISEMENT

ദേശീയ പാർട്ടിയോ? ഞങ്ങളോ? ഹേയ്, നിങ്ങൾക്ക് ആളു തെറ്റിയതാകും. ഞങ്ങൾ വെറും അശു പാർട്ടി! ഇതാണു കുറെ ദിവസമായി കേരളത്തിലെ ബിജെപി നേതാക്കളുടെ വായ്ത്താരി. കൊടകരയിൽ നിന്നു കുഴൽപണം പിടികൂടിയ ശേഷമാണു കേരളത്തിൽ ദേശീയപാർട്ടി പട്ടം ബിജെപിക്ക് എടുക്കാച്ചരക്കായത്. 

പിന്നെ ഞങ്ങൾ 35 സീറ്റു നേടും, കേരളം ഭരിക്കും എന്നെല്ലാം പറഞ്ഞതോ എന്നു ചോദിച്ചാൽ എല്ലാം അപ്പച്ചന്റെ ഒരു തമാശ എന്നായിരിക്കും മറുപടി. ദുർബലന് എന്നും സ്വയരക്ഷയ്ക്കുള്ള ആയുധം പൊങ്ങച്ചവും വീമ്പുപറച്ചിലുമാണെന്ന ന്യായവും പിറകെ വരും. എല്ലാം പോക്കാച്ചിത്തവള ടോറസ് ലോറിക്കു മുന്നിൽ മസിലു പിടിച്ചതു പോലെയാണെന്നു കരുതിയാൽ മതി. 

‘ഫ്രം കർണാടക വിത് ലൗ’ എന്ന ലേബൽ ഒട്ടിച്ച പൊതിയുമായാണു കൊടകരയിൽ ബിജെപിക്കാരുടെ കാർ എത്തിയത് എന്നാണ് ഇപ്പോൾ കേൾക്കുന്നത്. പൊതിയിൽ എന്തായിരുന്നു എന്നു മാത്രം ചോദിക്കരുത്. അതു ലോക്ഡൗൺ കാലത്തു വിതരണം ചെയ്യാനുള്ള പൊതിച്ചോറാകാം. പൊതിച്ചോറിൽ നോട്ട് വയ്ക്കുന്നത് ഇപ്പോൾ നാട്ടുനടപ്പാണല്ലോ?  പൊതിയിൽ ചോറല്ലെങ്കിൽ കോന്നിയിലും കഴക്കൂട്ടത്തും നേമത്തും പാർട്ടി സ്ഥാനാർഥികൾ വിജയിച്ചാൽ വിതരണം ചെയ്യാനുള്ള ലഡുവാകാം, തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുത്തു ശബ്ദം പോയ നേതാക്കൾക്കു കഴിക്കാനുള്ള ഏലാദി ലേഹ്യമാകാം, 35 സീറ്റും ഭരണവും പിടിച്ചാൽ പൊട്ടിക്കാനുള്ള പടക്കമാകാം. എന്നാൽ പണം ഒരിക്കലും അതിൽ ഇല്ലായിരുന്നുവെന്നു തീർച്ച.

കേരളത്തിലെ ബിജെപിക്കു പണം ആവശ്യമുണ്ടെങ്കിൽ കർണാടകയിൽ നിന്നു കാറിൽ ഒളിച്ചും പാത്തും കടത്തേണ്ട കാര്യമില്ല. അവർ കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്. അവർക്കു പണം വേണമെങ്കിൽ എത്രയും അച്ചടിക്കാനുള്ള അനുമതി കിട്ടാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോടു കണ്ണിറുക്കിക്കാട്ടിയാൽ മതി. നോട്ട് അച്ചടിക്കാനുള്ള യന്ത്രവും കടലാസും മഷിയുമെല്ലാം ആ നിമിഷം ഡൽഹിയിൽ നിന്നു വിമാനത്തിൽ പറന്നെത്തും. 

പണം കേരളത്തിലെമ്പാടും വിതരണം ചെയ്യാനും പാർട്ടിക്ക് ആരുടെയും ഓശാരവും മുനാശയുമൊന്നും വേണ്ട. അതിനാണു കേന്ദ്രനേതൃത്വം ഇവിടേക്കു 3 ഹെലികോപ്റ്ററുകൾ വാടകയ്ക്കെടുത്തു നൽകിയത്. നോട്ടുകൾ ഹെലികോപ്റ്ററിൽ കയറ്റാൻ കയറ്റുകൂലി പോലും നൽകേണ്ടതില്ല. അതെല്ലാം ചെയ്യാൻ ആവശ്യത്തിലേറെ കർസേവകരുണ്ട്. ഹെലികോപ്റ്ററിൽ നിന്നു വിതറുന്ന നോട്ടുകൾ വോട്ടർമാർ പെറുക്കിക്കൂട്ടുകയും ആവേശത്തോടെ ബൂത്തിലെത്തി താമരയിൽ പലവട്ടം കുത്തുകയും ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടൽ. ജനം പെറുക്കിയെടുത്തു എന്നതു നേര്. പക്ഷേ കുത്തിയത് ആർക്കാണെന്നു ഫലം വന്നപ്പോൾ മനസ്സിലായി.

പാവം പൗരന്മാർ മാത്രമല്ല നോട്ട് പെറുക്കിക്കൂട്ടിയത്. പാർട്ടി നേതാക്കളും ആവശ്യത്തിനു പെറുക്കിയെന്നാണ് ഇപ്പോൾ കേൾവി. അത് അവർക്കു പണത്തോടുള്ള ആർത്തി കൊണ്ടല്ല. സാധാരണക്കാരന്റെ കയ്യിൽ ആവശ്യത്തിലേറെ പണം വന്നാൽ അത് അനർഥത്തിനു കാരണമാകുമെന്ന ഭയം കൊണ്ടാണ്.  എന്തായാലും ഒരു കാര്യം ഉറപ്പ്. കർണാടകയിൽ നിന്നു വന്ന കാറിൽ ഒട്ടേറെ കുടകൾ ഉണ്ടായിരുന്നു. ചില കൂട്ടർക്ക് ഐശ്വര്യം വന്നാൽ അർധരാത്രിക്കും പിടിക്കാൻ വേണ്ടിയുള്ളതായിരുന്നു അവ. തിരഞ്ഞെടുപ്പു കഴിഞ്ഞു പാർട്ടി നേതാക്കൾ കുടയും തേടി നാട്ടിലിറങ്ങിയാൽ ജനത്തിനു സംശയം തോന്നുന്നത് ഒഴിവാക്കാനുള്ള മുൻകരുതലായിരുന്നു അത്.

ഇനിയിപ്പോൾ അറിയാനുള്ളത് വന്നത് എത്ര കോടിയാണെന്നാണ്. 400 കോടിയെന്നു ചിലർ പറയുന്നുണ്ട്. അത്രയും നോട്ട് ഹെലികോപ്റ്ററിൽ കയറ്റാൻ പറ്റുമോ എന്നു സംശയം തോന്നാം. അതു പരീക്ഷിച്ചു തെളിയിക്കേണ്ട കാര്യമാണ്. 40 കോടിയൊന്ന‌ും എണ്ണിത്തിട്ടപ്പെടുത്താനുള്ള ശക്തി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ഉണ്ടെന്നു തോന്നുന്നില്ല. അതിനാൽ കിട്ടിയ പണം കൊട്ടത്താപ്പിനാണത്രേ അളന്നത്. ആറ്റിൽ കളഞ്ഞാലും അളന്നു കളയണമെന്ന പ്രമാണം തെറ്റിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്.

∙ ശോഷിച്ച കോൺഗ്രസും വീർത്ത ഘടകകക്ഷികളും

കോൺഗ്രസ് ദുർബലമായതു യുഡിഎഫിന്റെ തോൽവിക്കു കാരണമായെന്ന ആർഎസ്പി നേതൃത്വത്തിന്റെ കണ്ടെത്തൽ അടുത്ത തവണ നൊബേൽ സമ്മാനത്തിനു പരിഗണിക്കപ്പെടാൻ സർവസാധ്യതയുമുണ്ട്. ഇത്ര മൗലികമായ കണ്ടുപിടിത്തം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. 

യുഡിഎഫിലെ ഘടകകക്ഷികളിൽ കോൺഗ്രസ് ഒഴിച്ചുള്ളവയെല്ലാം മഹാശക്തന്മാരാണ്. തിരഞ്ഞെടുപ്പിനു മുൻപു പവർമാൾട്ടും ജീവൻടോണും ആവശ്യത്തിനു കഴിച്ചതാണു കാരണം. കോൺഗ്രസ് നേതൃത്വം ഇവ വാങ്ങാൻ ആളയച്ചപ്പോഴേക്കും സംഗതി തീർന്നു പോയിരുന്നു. ക്ഷാമം പേടിച്ചു ഘടകകക്ഷികൾ ബൾക് പർച്ചേസ് നടത്തിയതാണു കാരണം. പാവം കോൺഗ്രസ്! ഫുഡ് സപ്ലിമെന്റ്സ് കിട്ടാതെ വല്ലാതെ ശോഷിച്ചു പോയി.

ശക്തിയുടെ കാര്യത്തിൽ ആർഎസ്പിയായിരുന്നു മുന്നിൽ. ചവറ മുതൽ ഇരവിപുരം വരെയുള്ള വിസ്തൃതമായ ഭൂപ്രദേശത്തു നിർണായകമായ സ്വാധീനമുള്ള കക്ഷിയെന്ന ആക്ഷേപം ഇനിയെങ്കിലും പാർട്ടിയെക്കുറിച്ചു പറയരുത്. പാർട്ടി കൊല്ലത്തിന്റെ അതിരുകൾ കേറിയും കടന്നും കൊണ്ടന്യമാം ദേശങ്ങളിലേക്കു വളർന്നു കൊണ്ടിരിക്കുകയാണ്. മട്ടന്നൂരും ആറ്റിങ്ങലും ഇപ്പോൾ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളാണ്. പാർട്ടിയുടെ സ്വാധീനം എന്നാണു കടൽ കടക്കുകയെന്നു നോക്കിയാൽ മതി.

ചവറയുടെ പേരു മട്ടന്നൂർ എന്നാക്കണമെന്ന നിർദേശം നേതൃത്വം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണു ഷിബു ബേബിജോൺ അവധിക്ക് അപേക്ഷ നൽകിയത്. പാർട്ടി ഇത് അനുവദിക്കാതിരുന്നതു കഷ്ടമായിപ്പോയി. ചുരുങ്ങിയ പക്ഷം വർക് ഫ്രം ഹോം എങ്കിലും നൽകാമായിരുന്നു. കർക്കടകക്കാലത്തു സുഖചികിത്സയ്ക്കുള്ള അപേക്ഷ കാലേക്കൂട്ടി നൽകിയാൽ പാർട്ടി പരിഗണിക്കാതിരിക്കില്ല. ചവറയിൽ മൂക്കുംകുത്തി വീണതിന്റെ ക്ഷീണം തീർക്കാൻ ഏറെനാൾ മുടങ്ങാതെ  സുഖചികിത്സ ചെയ്യേണ്ടി വരും.

ഭാരതീയ നാഷനൽ ജനതാദൾ ആണു യുഡിഎഫിലെ ശക്തമായ മറ്റൊരു ഘടകകക്ഷി. മലമ്പുഴയിൽ കിട്ടിയ സീറ്റിൽ നിർത്താൻ സ്ഥാനാർഥിയെ ദത്തെടുക്കാൻ പോലും പറ്റാഞ്ഞിട്ടു സീറ്റ് തിരിച്ചേൽപിച്ചത്ര ശക്തമാണ് ഈ കക്ഷി. കോൺഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങിയ ഈർക്കിലി പാർട്ടികളെ കൈക്കില കൂടാതെ എടുത്തു കളഞ്ഞാലേ മുന്നണി രക്ഷപ്പെടൂ. അടുത്ത തിരഞ്ഞെടുപ്പിനു മുൻപെങ്കിലും യുഡിഎഫ് ബലവാന്മാരുടെ മാത്രം മുന്നണിയാക്കണം. 

∙സത്യവും സാഹിത്യവും സമാസമം ചേർത്ത്...

യുഡിഎഫിന്റെ പരാജയകാരണം കണ്ടെത്താൻ ഐഎൻടിയുസി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് കോൺഗ്രസ് ഹൈക്കമാൻഡ് സ്വന്തം ചെലവിൽ അച്ചടിച്ചു നാട്ടിലെമ്പാടും വിതരണം ചെയ്യേണ്ടതാണ്. ചില ഐഎൻടിയുസി നേതാക്കൾ ചോർത്തിത്തന്ന റിപ്പോർട്ട് വായിച്ചപ്പോൾ മേലാസകലം കോരിത്തരിക്കുകയും രോമാഞ്ചമുണ്ടാകുകയും ചെയ്തു. അത്രയ്ക്കു കൃത്യമാണ് കണ്ടെത്തലുകൾ. 

ഒന്നാംതരം സാഹിത്യസൃഷ്ടിയാണു മേൽപടി റിപ്പോർട്ട്. യഥാർഥ തൊഴിലാളിവർഗ സാഹിത്യം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റിനു സീറ്റ് നൽകാത്തതാണു തോൽവിയുടെ കാരണമെന്നു റിപ്പോർട്ടിൽ പറയാതെ പറഞ്ഞിട്ടുണ്ട്. പ്രസിഡന്റ് ചില്ലറക്കാരനല്ല. കശുവണ്ടി നല്ല ആദായമുള്ള ‘കൃഷി’യാണെന്നു തെളിയിച്ചതിന്റെ പേരിൽ സിബിഐ പുരസ്കാരം നേടാൻ സാധ്യതയുള്ള മാന്യദേഹമാണ്. 

മഹിളാ കോൺഗ്രസും മറ്റൊരു അന്വേഷണ റിപ്പോർട്ട് തയാറാക്കുന്നുണ്ടത്രേ. സംസ്ഥാന പ്രസിഡന്റിന്റെ മുണ്ഡനമാണു തോൽവിയുടെ മൂലകാരണം എന്നായിരിക്കും അതിലെ കണ്ടെത്തൽ. കർഷക കോൺഗ്രസ്, ദലിത് കോൺഗ്രസ്, ക്ഷീരകർഷക കോൺഗ്രസ്, എക്സ്–സർവീസ് മെൻ കോൺഗ്രസ്, സംസ്കാര സാഹിതി, ജവാഹർ ബാലവേദി, ഓവർസീസ് കോൺഗ്രസ് തുടങ്ങിയവരൊക്കെ അന്വേഷണം നടത്തി റിപ്പോർ‍ട്ട് പ്രസിദ്ധീകരിക്കട്ടെ.മഹിളാ കോൺഗ്രസിന്റേത് സ്ത്രീപക്ഷ രചനയും ജവാഹർ ബാലവേദിയുടേതു ശിശുസൗഹൃദ രചനയുമായിരിക്കും. കടന്നുവരൂ, കടന്നുവരൂ, ആർക്കും അന്വേഷിക്കാം...... ഈ കോൺഗ്രസിന്റെ തോൽവി. 

സ്റ്റോപ് പ്രസ് 

നവകേരള ബജറ്റിൽപ്പറയുന്ന പദ്ധതികൾക്കുള്ള പണം എവിടെനിന്നു വരുന്നുവെന്ന് അക്കമിട്ടു പറഞ്ഞിട്ടില്ലെന്നു വിമർശനം. പണം ഹെലികോപ്റ്ററിലും കാറിലുമൊക്കെ വരുന്ന കൊടകരക്കുഴൽ സമ്പ്രദായം പോലും നിലവിലുണ്ടല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com