ADVERTISEMENT

നരേന്ദ്ര മോദി സർക്കാരിനെ വിമർശിച്ച മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കിയതു മാധ്യമസ്വാതന്ത്ര്യത്തോടുള്ള െഎക്യദാർഢ്യവും  വിയോജനസ്വരങ്ങളെ നിശ്ശബ്ദമാക്കുന്നവർക്കെതിരെയുള്ള മുന്നറിയിപ്പുമാകുന്നു. കേദാർ നാഥ് സിങ് കേസിൽ (1962) ഭരണഘടനാ ബെഞ്ച് നൽകിയ വിധിയിലെ വ്യവസ്ഥകൾ പാലിച്ചുമാത്രമേ മാധ്യമപ്രവർത്തകർക്കെതിരെ നടപടികൾ പാടുള്ളൂവെന്നാണു പരമോന്നത കോടതിയുടെ വിധി. 

അക്രമത്തിനു പ്രേരകമല്ലെങ്കിൽ, എത്ര കടുത്ത ഭാഷയിൽ സർക്കാരിനെ വിമർശിച്ചാലും രാജ്യദ്രോഹമല്ലെന്ന 1962ലെ വിധിയുടെ സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്നു വ്യക്തമാക്കിയപ്പോൾ, വിയോജിപ്പിന്റെ സ്വരങ്ങളെ നിശ്ശബ്ദമാക്കാൻ ശ്രമിക്കുന്ന അധികാരത്തിന്റെ ഇടപെടലുകളെക്കൂടി ചോദ്യം ചെയ്യുകയാണു സുപ്രീം കോടതി. കേദാർ നാഥ് സിങ് കേസിലെ വിധി കർശനമായി പാലിക്കപ്പെടണമെന്ന് 2016 സെപ്റ്റംബറിലും സുപ്രീം കോടതി പറഞ്ഞതാണ്. എന്നാൽ, രാജ്യദ്രോഹം ആരോപിച്ചു റജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടിവരുന്നുവെന്നതാണ് അതിനുശേഷവുമുള്ള പ്രവണത. 

വിനോദ് ദുവ കഴിഞ്ഞവർഷം മാർച്ച് 30നു യുട്യൂബിലൂടെ സംപ്രേഷണം ചെയ്ത ദൃശ്യമാധ്യമ പരിപാടിയിൽ മോദി സർക്കാരിനെ വിമർശിച്ചു നടത്തിയ പരാമർശങ്ങളുടെ പേരിലുള്ള കേസാണു സുപ്രീം കോടതി റദ്ദാക്കിയത്. മാധ്യമപ്രവർത്തകന്റെ അവകാശമുപയോഗിച്ച്, ആശങ്കാകരമായ സാഹചര്യം ശ്രദ്ധയിൽകൊണ്ടുവരികയാണു ദുവ ചെയ്തതെന്നും കോടതി പറയുകയുണ്ടായി. ദുവയ്ക്കെതിരെയുള്ള കേസ് തുടരണമെന്നായിരുന്നു സർക്കാർ നിലപാട്. 

രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധി സംബന്ധിച്ചുള്ള പുനർവിചിന്തനത്തിനും ഈ കേസ് കാരണമാകുന്നു. ആന്ധ്രപ്രദേശിൽ 2 ചാനലുകൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത നടപടി, ഇതേ നിലപാടു സ്വീകരിച്ചു സുപ്രീംകോടതി തടഞ്ഞത് ഈയിടെയാണ്. രാജ്യദ്രോഹത്തെക്കുറിച്ചു പരാമർശിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ, 505 വകുപ്പുകളുടെ പരിധി സംബന്ധിച്ചു വ്യാഖ്യാനം  ആവശ്യമാണെന്നു കോടതി പറയുകയുണ്ടായി; വിശേഷിച്ച്, മാധ്യമസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാനത്തിൽ . 

‘രാജ്യദ്രോഹം ആരോപിച്ച് ഒരു കാർട്ടൂണിസ്റ്റിനെ ജയിലിലടയ്ക്കുമ്പോൾ ഭരണഘടന പരാജയപ്പെടുന്നു’’ എന്നു നേരത്തേ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞതിൽ ഈ വകുപ്പുകളെക്കുറിച്ചുള്ള കൃത്യമായ വിലയിരുത്തലുണ്ട്. ബ്രിട്ടിഷ് ഭരണകാലത്ത്, 1870ലാണ് 124 എ വകുപ്പ് ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയത്. ‘പൗരസ്വാതന്ത്ര്യം അമർച്ച ചെയ്യാൻ ഇന്ത്യൻ ശിക്ഷാനിയമത്തിലുള്ള  (െഎപിസി) രാഷ്ട്രീയ വകുപ്പുകളിലെ രാജകുമാരൻ’ എന്നാണ് 124 എ വകുപ്പിനെ മഹാത്മാഗാന്ധി വിശേഷിപ്പിച്ചിട്ടുള്ളത്. ‘യങ് ഇന്ത്യ’യിൽ എഴുതിയ 3 ലേഖനങ്ങളുടെ പേരിൽ ഈ വകുപ്പുപ്രകാരം 1922ൽ ഗാന്ധിജിയും ശിക്ഷിക്കപ്പെട്ടിരുന്നു. നിയമത്താൽ സ്ഥാപിതമായ സർക്കാരിനെതിരെ വാക്കാലോ രചനകളാലോ ചിഹ്നങ്ങളാലോ ദൃശ്യങ്ങളാലോ  വിദ്വേഷമോ അനിഷ്ടമോ വളർത്തുന്നതോ അതിനു ശ്രമിക്കുന്നതോ കുറ്റകരമാക്കുന്നതാണ് 124 എ വകുപ്പ്. 

ഏറെ ചർച്ചകൾക്കുശേഷമാണ്, അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാവകുപ്പിൽ ‘രാജ്യദ്രോഹം’ പരാമർശിക്കേണ്ടതില്ലെന്നു ഭരണഘടനാ സഭ തീരുമാനിച്ചത്. അപ്പോഴും, ഐപിസിയിലെ 124 എ നിലനിർത്തുകയും ചെയ്തു. 2018 ഓഗസ്റ്റ് 30ന് ലോ കമ്മിഷൻ രാജ്യദ്രോഹ വകുപ്പ് സംബന്ധിച്ച് പൊതുജനാഭിപ്രായത്തിനായി ചർച്ചാരേഖ പുറത്തുവിട്ടെങ്കിലും തുടർന്നു നടപടികളുണ്ടായില്ല. 

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത പൗരസംഘടനകളും മാധ്യമസംഘടനകളും നിയമജ്ഞരും, കിരാതവും കാലപ്പഴക്കം ചെന്നതുമായ രാജ്യദ്രോഹക്കുറ്റ നിയമങ്ങൾ  പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ടിട്ടുണ്ട്. വിയോജിപ്പിന്റെ സ്വരങ്ങൾ നിശ്ശബ്ദമാക്കാനും മാധ്യമസ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാനുമുള്ള നീക്കങ്ങൾ ജനാധിപത്യസംവിധാനത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതിന്റെ തുടക്കമാണെന്നു കാലം തെളിയിച്ചിട്ടുള്ളതാണ്. ജനാധിപത്യത്തോടൊപ്പം എന്നും സഹയാത്ര ചെയ്യേണ്ട അഭിപ്രായസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും ആവിഷ്കാരസ്വാതന്ത്ര്യവും ദുർബലമാക്കാനുള്ള ശ്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ നീതിപീഠത്തിനൊപ്പം മാധ്യമസമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെ തന്നെയും ജാഗ്രത ഉണ്ടായേതീരൂ. 

രാജ്യസ്നേഹം ആരുടെയെങ്കിലും കുത്തകയല്ല എന്നതുപോലെതന്നെ പ്രസക്തവും പ്രധാനവുമാണു രാജ്യദ്രോഹത്തിന്റെ വ്യാഖ്യാനം അധികാര താൽപര്യങ്ങൾക്കു വിട്ടുകൊടുക്കാനാവില്ല എന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com