ADVERTISEMENT

സൈനികർ വഴിയിൽ വീണുകിടക്കുന്ന മരം മുറിച്ചു മാറ്റാൻ ശ്രമിക്കുകയാണ്. മേലുദ്യോഗസ്ഥൻ എല്ലാം നിരീക്ഷിച്ചും നിർദേശങ്ങൾ നൽകിയും വാഹനത്തിൽ ഇരിപ്പുണ്ട്. അതുവഴി വന്ന വഴിയാത്രക്കാരൻ അദ്ദേഹത്തോടു ചോദിച്ചു: ഇവർ ഇത്രയധികം കഷ്ടപ്പെടുന്നതു കണ്ടിട്ടും നിങ്ങളെന്താണ് ഇവരെ സഹായിക്കാത്തത്? ഞാനവരുടെ അധികാരിയാണ്. ഉത്തരവിടുക എന്നതു മാത്രമാണ് എന്റെ ജോലി. വഴിയാത്രക്കാരൻ മരം പൂർണമായും മാറ്റുന്നതുവരെ അവരെ സഹായിച്ചു. തന്റെ യാത്ര തുടങ്ങുന്നതിനു മുൻപ് അയാൾ മേലുദ്യോഗസ്ഥന്റെയും സൈനികരുടെയും അടുത്തെത്തി പറഞ്ഞു: ഇനി ഇങ്ങനെ എന്തെങ്കിലും ആവശ്യം വന്നാൽ നിങ്ങളുടെ സൈന്യാധിപന് ഒരു സന്ദേശമയച്ചാൽ മാത്രം മതി. ഞാൻ നേരിട്ടെത്താം.

ആജ്ഞാപിക്കുന്നവർക്കും ആജ്ഞാനുവർത്തികൾക്കും ഇടയിൽ ഉടലെടുക്കുന്ന അനാരോഗ്യകരമായ അകലമാണു കാര്യക്ഷമതയില്ലായ്മയുടെ അടിസ്ഥാന കാരണം. മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മറ്റു ജോലികളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്നതു മുന്നറിയിപ്പില്ലാതെ വരുന്ന അത്യാഹിത സാഹചര്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിനുള്ള ന്യായീകരണമല്ല. അധികാരികൾക്കും അടിമകൾക്കുമിടയിൽ മതിലുകെട്ടിയല്ല രക്ഷാപ്രവർത്തനങ്ങൾ നടക്കേണ്ടത്.  ആനുകൂല്യങ്ങളും അവകാശങ്ങളും ആഡംബരവുമാണു തങ്ങളുടെ മുഖമുദ്ര എന്നു വിശ്വസിക്കുന്ന അധികാരികൾക്കു കീഴിൽ ആരും സുരക്ഷിതരായിരിക്കില്ല. അനുസരിപ്പിക്കാനറിയാവുന്ന നേതാക്കളുടെ ബാഹുല്യവും അനുകരണ സാധ്യതയുള്ള നേതാക്കളുടെ അഭാവവുമാണ് ഒരു നാട് അഭിമുഖീകരിക്കേണ്ടി വരുന്ന  വലിയ നേതൃത്വ പ്രതിസന്ധി. 

അത്യാഹിതങ്ങളോടു പ്രതികരിക്കേണ്ടത് ഉത്തരവാദിത്തബോധത്തിലും മനസ്സാക്ഷിയിലും ഉറച്ചുനിന്നാണ്. തീ പിടിക്കുമ്പോൾ അണയ്ക്കാൻ ചുമതലയുള്ളവർക്കു വയർലെസ് സന്ദേശം നൽകി ചാരുകസേരയിൽ വിശ്രമിക്കുന്നതിൽ സ്വഭാവവൈകൃതമുണ്ട്. മാതൃകയാകാൻ കഴിയുക എന്നതിനെക്കാൾ മഹത്തായതൊന്നും ഒരു നേതാവും ചെയ്യേണ്ടതില്ല. നായകൻ വീരപരിവേഷമെല്ലാം അഴിച്ചുവച്ച് നാട്ടുകാർക്കൊപ്പമിറങ്ങിയാൽ എല്ലാ നാടും നന്നാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com