ADVERTISEMENT

കർഷകരെയും പരിസ്ഥിതിസ്നേഹികളെയും കൊ‍ഞ്ഞനംകുത്തി വനം മാഫിയ കേരളത്തിലെ പട്ടയഭൂമിയിൽനിന്നു കോടിക്കണക്കിനു രൂപയുടെ ഈട്ടിയും തേക്കും വെട്ടിയിറക്കുമ്പോൾ അതു കണ്ടുനിൽക്കാനുള്ള കാഴ്ചയല്ല. സാധാരണക്കാരായ കർഷകർ മരം വെട്ടാൻ അനുമതി ചോദിക്കുമ്പോൾ അതു നിഷേധിക്കുകയും അനുമതിയില്ലാതെ മുറിച്ചാൽ അഴിക്കുള്ളിലാക്കുകയും ചെയ്യുന്ന കേരളത്തിൽ തന്നെയാണു വനംകൊള്ളയ്ക്കു ചൂട്ടുപിടിക്കുന്ന സർക്കാർ ഉത്തരവുണ്ടായതും ആഴ്ചകൾക്കുള്ളിൽ കൂട്ടത്തോടെ മരങ്ങൾ മുറിക്കുന്ന സാഹചര്യം ഉണ്ടായതും എന്നതു സംസ്ഥാനത്തിന്റെ ദുരവസ്ഥ കുറിക്കുന്നു. റവന്യു വകുപ്പിന്റെ വിവാദ ഉത്തരവു പ്രാബല്യത്തിലുണ്ടായിരുന്ന മൂന്നു മാസത്തിനിടെ സംസ്ഥാനത്തൊട്ടാകെയായി നൂറു കോടിയോളം രൂപയുടെ മരം വെട്ടി കടത്തിയിട്ടുണ്ടെന്നാണു സൂചന. 

ചെറുപ്പക്കാരായ ചില വനം ഉദ്യോഗസ്ഥരും കലക്ടർ ഉൾപ്പെടെ റവന്യു വകുപ്പിലുള്ളവരും ഒത്തുപിടിച്ചതോടെ വയനാട്ടിൽനിന്നു വെട്ടിക്കടത്തിയ 15 കോടിയോളം രൂപയുടെ 202 ക്യുബിക് മീറ്റർ ഈട്ടിത്തടി തിരിച്ചുപിടിക്കാൻ കഴിഞ്ഞു. അതേസമയം തൃശൂർ, പത്തനംതിട്ട ജില്ലകളിൽനിന്നു വനം– റവന്യു വകുപ്പുകളുടെ ഒത്താശയോടെ വെട്ടിക്കടത്തിയ മരങ്ങൾ എത്രയെന്ന കണക്കെടുപ്പ് വനം വകുപ്പു മൂന്നു മാസമായി തുടരുന്നുവെങ്കിലും എവിടെയും എത്തിയിട്ടില്ല. എത്തുകയുമില്ല; കാരണം, വെട്ടിയെടുത്ത മരം എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞു. പണം കിട്ടേണ്ടവർക്കു കിട്ടിയും കഴിഞ്ഞു. 

ചന്ദനം ഒഴികെ പട്ടയഭൂമിയിലെ മരങ്ങൾ കർഷകർക്കു മുറിച്ചെടുക്കാമെന്നും അതിനു പ്രത്യേക അനുമതി ആരിൽനിന്നും തേടേണ്ടതില്ലെന്നും ഇതു തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി, കഴിഞ്ഞ ഒക്ടോബർ 24ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവാണു കേരളം വെളുപ്പിക്കുന്നതിന്റെ തുടക്കം കുറിച്ചത്. കഴിഞ്ഞ വർഷം മാർച്ച് 11നും റവന്യു വകുപ്പ് സമാനമായ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ പലയിടത്തും മരം വെട്ടാനുള്ള അപേക്ഷകൾ തള്ളുകയായിരുന്നു. തുടർന്നാണു മുൻപില്ലാത്തവിധം,  ഭീഷണിയുടെ സ്വരമുള്ള സർക്കാർ ഉത്തരവ് ഇറങ്ങുന്നത്. അതോടെ ഉദ്യോഗസ്ഥർ മിണ്ടാതായി. വയനാട്ടിലെ മുട്ടിൽ, തൃശൂർ മച്ചാട് റേഞ്ചിലെ എളനാട് എന്നിവിടങ്ങളിലാണു വ്യാപകമായി ഈട്ടിമരം മുറിച്ചത്. ആദിവാസികൾ ഉൾപ്പെടെയുള്ളവരുടെ ഭൂമിയിലെ ഈട്ടിമരങ്ങൾ തുച്ഛവിലയ്ക്കു മാഫിയ സ്വന്തമാക്കുകയായിരുന്നു. മരം വെട്ടാൻ സർക്കാർ തങ്ങൾക്കു ലൈസൻസ് അനുവദിച്ചെന്നു തെറ്റിദ്ധരിപ്പിച്ചാണു പട്ടയ ഉടമകളിൽനിന്ന് അവകാശം എഴുതിവാങ്ങിയത്. മരംവെട്ട് ഏറ്റെടുത്ത കരാറുകാരെയും ഇതുതന്നെ ധരിപ്പിച്ചു.  

പട്ടയം നൽകുമ്പോൾ സർക്കാരിലേക്കു റിസർവ് ചെയ്യുന്ന മരങ്ങളുടെ പട്ടിക അതിൽ തന്നെ വിശദീകരിക്കുകയാണു ചെയ്യുന്നത്. ജന്മാവകാശമുള്ള പട്ടയങ്ങളിൽ അല്ലാതെ ‘രാജകീയ മരങ്ങൾ’ ഉടമയ്ക്കു സ്വന്തമാക്കാൻ സാധിക്കില്ല. ഈ യാഥാർഥ്യം മറച്ചുവച്ചാണു ‘ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടാം’ എന്ന അനുമതിയുമായി റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങിയത്. സ്വന്തം നിലയിൽ മരം വെട്ടാനുള്ള അപേക്ഷ നൽകിയിട്ടും അനുമതി ലഭിക്കാതിരുന്ന കർഷകർക്കു മുന്നിലേക്കു ‘സർക്കാർ ലൈസൻസ്’ ലഭിച്ച സംഘം മരം വെട്ടിക്കൊള്ളാമെന്ന വാഗ്ദാനവുമായി എത്തിയപ്പോൾ ഒന്നും നോക്കാതെ അവർ കരാർ ഒപ്പിട്ടു നൽകി. മുൻകൂർ തുകയും വാങ്ങി. 

മരം കടത്താനുള്ള പാസുകൾക്കു വേണ്ടിയുള്ള അപേക്ഷകൾ ഓരോന്നായി പരിശോധിച്ചപ്പോഴാണു വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് അതിലെ കെണി ബോധ്യപ്പെട്ടത്. വയനാട്ടിൽ മാത്രം ഇതേവരെ റജിസ്റ്റർ ചെയ്തത് ആകെ 42 കേസുകൾ; പിടിച്ചെടുത്തത് 202 ക്യുബിക് മീറ്റർ ഈട്ടിയും. വനംകൊള്ള കയ്യോടെ പിടികൂടിയ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാനായി പിന്നീടു മാഫിയയുടെ ശ്രമം. ഇതിനു വനം വകുപ്പിന്റെ ഉന്നതങ്ങളിൽനിന്നുതന്നെ വേണ്ടത്ര പിന്തുണയും ലഭിച്ചു. ഇതിനിടെ രണ്ടാം പിണറായി സർക്കാരും പുതിയ വനം മന്ത്രിയും എത്തിയതോടെ അന്വേഷണച്ചുമതല സംഘടിപ്പിച്ചെടുക്കാൻ  ആരോപണവിധേയർതന്നെ ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടു. 

ഈ വനംകൊള്ളയ്ക്കു പിന്നിലുള്ളവരെ മുഴുവൻ വെളിച്ചത്തുകൊണ്ടുവരേണ്ടതു കേരളത്തിന്റെ ആവശ്യമാണ്. കർഷകർക്കും പരിസ്ഥിതിക്കും പ്രതികൂലമായ ഉത്തരവുകൾ പശ്ചിമഘട്ടത്തിലെ ആവാസവ്യവസ്ഥയും അപൂർവ സസ്യസമ്പത്തും പൂർണമായും നശിപ്പിക്കുന്നതിലേക്കാകും നയിക്കുക. അതു സംഭവിച്ചുകൂടാ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com