ADVERTISEMENT

ഒരാളുടെ നൂറാം പിറന്നാൾ ഒരു നാടിന്റെയാകെ സ്വന്തമാകുന്ന വിസ്മയമാണു നാം സാദരം കാണുന്നത്. ‘സുഖം’ എന്നു മറ്റുള്ളവർ പറയുന്നതു കേൾക്കാൻ ജീവിതം മുഴുവൻ സമർപ്പിച്ച ആയുർവേദാചാര്യൻ ഡോ.പി.കെ.വാരിയരുടെ ശതപൂർണിമ ഇന്നലെ അതിമനോഹരമായൊരു നൂറിതൾപ്പൂ പോലെ ഇതൾ വിരിച്ചപ്പോൾ, അതു നന്മയുടെയും കരുണയുടെയും പ്രത്യാശയുടെയും  മാത്രമല്ല, ധാന്വന്തര തേജസ്സുള്ള ആയുർവേദത്തിന്റെകൂടി സുദിനമായി മാറി.

അനേകായിരങ്ങളുടെ ആയുരാരോഗ്യസൗഖ്യത്തിനായി ആയുഷ്കാലം സമർപ്പിച്ച ഈ ആയുർവേദാചാര്യനു ജന്മദിന പ്രണാമമർപ്പിക്കാതെ കാലത്തിനുപോലും കടന്നുപോകാനാകില്ല. വൈദ്യം ജീവിതമാർഗമല്ല, ജീവിതനിയോഗം തന്നെയാണെന്നു വിശ്വസിച്ച, അതു വിശ്രമമറിയാത്ത ആതുരസേവനത്തിലൂടെ ലോകത്തെയറിയിച്ച അദ്ദേഹത്തിന്റെ ജീവിതകഥ വൈദ്യരംഗത്തേക്കിറങ്ങുന്നവരുടെ  മുന്നിൽ അമൂല്യമായ പാഠപുസ്തകം തന്നെയാകുന്നു. 

ഭാരതീയ ചികിത്സാസമ്പ്രദായമായ ആയുർവേദത്തെ ലോകത്തിനുമുന്നിൽ എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കു നിസ്തുലമാണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെയും  കോട്ടയ്ക്കലിന്റെതന്നെയും മറുനാമം കൂടിയാവുന്നു, ഡോ.പി.കെ.വാരിയർ. കോട്ടയ്ക്കലിന്റെ വൈദ്യപൈതൃകം വാനോളമുയർത്തിയ കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകനായ വൈദ്യരത്നം പി.എസ്.വാരിയർക്കും ഈ വേളയിൽ ഓർമയുടെ പ്രണാമമർപ്പിക്കാം. അദ്ദേഹത്തിന്റെ മരുമകൻ ഡോ.പി.കെ.വാരിയർ സഞ്ചരിക്കുന്നതും സൗഖ്യം പകരാനായുള്ള അതേ സുകൃതവഴിയിൽ തന്നെ.  വൈദ്യരത്നം പി.എസ്.വാരിയർ തുടക്കമിട്ട മഹാദൗത്യം ഉത്തരവാദിത്തബോധത്തോടെ തലമുറകൾ കൈമാറുമ്പോൾ അതു വലിയ പുണ്യംതന്നെയായി മാറുന്നു. 

ആത്മകഥയായ ‘സ്‌മൃതിപർവ’ത്തിൽ ഡോ.പി.കെ.വാരിയർ ഇങ്ങനെ പറയുന്നുണ്ട്: ‘സിംഹാവലോകനം എന്നൊരു പഴയ പ്രയോഗമുണ്ട്. സിംഹം കുറച്ചിട പോയാൽ പിന്നിട്ട വഴിയിലേക്ക് ആകെ ഒന്നു തിരിഞ്ഞുനോക്കും. തൃപ്‌തി ആയെന്നു കണ്ടു യാത്ര തുടരും. സിംഹങ്ങൾക്കു മാത്രമല്ല മനുഷ്യർക്കും നല്ലതാണ് ഈ സ്വഭാവം.’. അങ്ങനെയെങ്കിൽ, തന്റെ ജീവിതവഴിത്താരകളിലേക്കുള്ള വിനീതമായ തിരിഞ്ഞുനോട്ടങ്ങൾ അദ്ദേഹത്തിനു നൽകിയ സംതൃപ്തിയും ധന്യതയും ആനന്ദവും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതേസമയം, പൂക്കൾ പറിക്കാൻ അവകാശമില്ലാത്ത ഉദ്യാനപാലകൻ മാത്രമാണു താനെന്നും അതിലെ വസന്തം മാത്രമാണു തന്റെ ആഗ്രഹമെന്നുംകൂടി ഈ ഭിഷഗ്വരൻ പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ, ഇതിനകം അനേകായിരങ്ങൾക്ക് ആയുരാരോഗ്യസൗഖ്യം പകർന്ന ചാരിതാർഥ്യത്തിന്റെ എത്രയെത്ര പൂക്കാലങ്ങൾ അദ്ദേഹത്തിന്റെ നൂറു വയസ്സുള്ള മിഴികൾ സൂക്ഷിച്ചിട്ടുണ്ടാവും!

പാരമ്പര്യത്തിന്റെയും കൈപ്പുണ്യത്തിന്റെയും അനുഭവജ്ഞാനത്തിന്റെയും കൈകൾകൊണ്ടു തൊട്ടു ചികിത്സിച്ച്, എത്രയോ പേരെ ഈ മഹാവൈദ്യൻ സ്വാസ്ഥ്യത്തിലേക്കാനയിച്ചിരിക്കുന്നു. ധൃതിയില്ല, രോഗികളെ തത്രപ്പാടിലാക്കില്ല. മനസ്സറിഞ്ഞുള്ള ചികിത്സ മാത്രമേ അദ്ദേഹത്തിനു വശമുള്ളൂ; അതേ ചെയ്തിട്ടുമുള്ളൂ. രാഷ്‌ട്രത്തലവന്മാർ തൊട്ടു സാധാരണക്കാർ വരെ ആ സാന്ത്വനസ്പർശവും സ്‌നേഹവും അനുഭവിച്ചറിഞ്ഞിട്ടുമുണ്ട്. ഏഴു പതിറ്റാണ്ടിലധികം ചികിത്സാരംഗത്തുണ്ടായിരുന്നിട്ടും ഇന്നുവരെ ഒരു രൂപ പോലും കൺസൽറ്റേഷൻ ഫീസായി വാങ്ങിയിട്ടുമില്ല. 1953 മുതൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സാരഥ്യം പി.കെ.വാരിയർക്കാണ്. ഇന്ത്യയിൽത്തന്നെ ഇത്രയുംകാലം ഒരു സ്ഥാപനത്തിന്റെ മേധാവിയായിരുന്നയാൾ അപൂർവമായിരിക്കും.

‘ആയിരം പൂർണചന്ദ്രൻമാരെ കാണാൻ എന്റെ കണ്ണുകൾക്കു ഭാഗ്യം ലഭിച്ചു. ഓരോന്നും പുതിയ ചന്ദ്രൻ, ആയിരത്തൊന്നാമതും അങ്ങനെ തന്നെയാകും. പുതിയ പൗർണമിക്കായി ഞാൻ കാത്തിരിക്കുന്നു. കാത്തിരിപ്പിന്റെ ആത്മഹർഷമാണല്ലോ ജീവന്റെ തുടിപ്പ്’- പതിനാറു വർഷം മുൻപ്, അഞ്ഞൂറോളം പുറമുള്ള ആത്മകഥ ഡോ. പി.കെ.വാരിയർ എഴുതിനിർത്തിയത് ഇങ്ങനെയാണ്. മഹാഭിഷഗ്വരാ, അങ്ങ് ഇതെഴുതിക്കഴിഞ്ഞും ധന്യപൗർണമികളേറെ നിലാച്ചന്തത്തോടെ ഉദിച്ചുകഴിഞ്ഞു. പൂർണചന്ദ്രന്മാരേറെ ഇനിയും അങ്ങേക്കായി കാത്തുനിൽക്കുകയുമാണ്. എന്നും അങ്ങയുടെ ഹൃദയബന്ധുവായ മലയാള മനോരമ സ്നേഹാദരങ്ങളോടെ ആയുരാരോഗ്യസൗഖ്യം നേരുന്നു. ശതവന്ദനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com