ഓടിനടന്നു വെട്ടി; ഒടുവിൽ വനംവകുപ്പും ഞെട്ടി

wood-cut-forest
വയനാട് മുട്ടിൽ വാഴവറ്റ മലങ്കരക്കുന്ന് കോളനിയിൽ ഈട്ടിമരം വെട്ടിയെടുത്ത കുറ്റിക്കു സമീപം കോളനി നിവാസികളായ കല്യാണിയും അമ്മിണിയും. മരംവെട്ടാൻ അനുമതിയുണ്ടെന്നു തെറ്റിദ്ധരിപ്പിക്കാൻ ഇവർക്കു നല്‍കിയ ഉത്തരവാണ് കല്യാണിയുടെ കയ്യിൽ
SHARE

ഒരു ബന്ധവുമില്ലെന്നാകും വനം ഉന്നതർ ആണയിട്ടു പറയുക. എന്നാൽ കൃത്യമായ അന്വേഷണം നടക്കുമ്പോൾ കാര്യങ്ങൾ മാറും. വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ടു കേസെടുത്തിരിക്കുന്നവരുടെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ വനം ഉദ്യോഗസ്ഥർ ഞെട്ടി.

റവന്യു വകുപ്പിന്റെ വിവാദ ഉത്തരവ് ഇറങ്ങിയ കഴിഞ്ഞ ഒക്ടോബർ 24നു ശേഷം 158 തവണയാണ് പ്രതിസ്ഥാനത്തുള്ള റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ഒരു റേഞ്ച് ഓഫിസറെയും ഫോറസ്റ്ററെയും വിളിച്ചിരിക്കുന്നത്. ഈ വിളികൾ എന്തിനായിരുന്നു? മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടും ലോക്ഡൗണിന്റെ പേരു പറഞ്ഞ് ഇതുവരെയും ഒഴിഞ്ഞു നിൽക്കുകയാണ് ഇവർ. ഉത്തരമേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ അന്വേഷണ റിപ്പോർട്ടിൽ ഈ ഫോൺവിളികളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 

അതിലും ഞെട്ടിക്കുന്നതാണ് ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടൽ. കോഴിക്കോട് ഫ്ലയിങ് സ്ക്വാഡിന്റെ താൽക്കാലിക ചുമതല ഏറ്റെടുത്ത  ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഫെബ്രുവരി 13 മുതൽ 16 വരെ ആരോപണവിധേയനായ വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നത് അൻപതിലേറെ തവണയാണ്. ഇതു സംബന്ധിച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥന്റെ വിശദീകരണം, തനിക്കു രഹസ്യവിവരങ്ങൾ തരുന്ന ആളാണ് അദ്ദേഹമെന്നും ഫോണിൽ ബന്ധപ്പെട്ടതു വിവരശേഖരണത്തിന്റെ ഭാഗമായാണെന്നുമാണ്. ആരോപണ വിധേയനായ ആൾ നൽകിയ വിവരംവച്ചിട്ടാണോ   ഐഎഫ്എസ് ഉദ്യോഗസ്ഥൻ വനം റേഞ്ച് ഓഫിസറെയും മറ്റു ജീവനക്കാരെയും കുടുക്കാൻ കച്ചകെട്ടി ഇറങ്ങിയതെന്ന ചോദ്യം ബാക്കിയാകുന്നു.  

നൽകിയത് 38,000 രൂപ 

വയനാട് വാഴവറ്റ മലങ്കര കോളനിയിൽ തലമുറകളായി പട്ടയം ലഭിച്ചു താമസിക്കുന്നവരാണ് വേരനും കുടുംബവും. കല്യാണി, അമ്മിണി എന്നിവർക്കു കൂടി അവകാശപ്പെട്ടതാണ് 32 സെന്റ് ഭൂമി. ഇതിൽ റോഡരികിലാണു കൂറ്റൻ ഈട്ടിമരം നിന്നിരുന്നത്. കഴി‍ഞ്ഞ ഒക്ടോബറിനു ശേഷമാണു മരംവെട്ടു സംഘം ഇവരെ സമീപിച്ചത്. രണ്ടു ലക്ഷം രൂപ വീട്ടുകാർ ആവശ്യപ്പെട്ടു. 35,000 രൂപയായിരുന്നു ആദ്യവാഗ്ദാനം. കൂടുതൽ വില ആവശ്യപ്പെട്ടെങ്കിലും അവസാനം 38,000 രൂപയ്ക്കു കച്ചവടം ഉറപ്പിച്ചു. രണ്ടു ദിവസത്തിനുള്ളിൽ സംഘം എത്തി മരം വെട്ടിയെടുത്തു. പുറത്തുണ്ടായ പുകിലും വിവാദങ്ങളും വേരനും സംഘവും അറിഞ്ഞതു കഴിഞ്ഞ ദിവസങ്ങളിലാണ്. പണം കിട്ടിയ വിവരവും കരാറുകാർ മരം വെട്ടിയെടുത്ത വിവരവും അന്വേഷിച്ചു വന്നവരോടെല്ലാം വേരനും ബന്ധുക്കളും പറഞ്ഞിട്ടുണ്ട്. അടുത്തദിവസം എത്തിയ ചിലരാണ് ഇവരുടെ കയ്യിൽ സർക്കാർ ഉത്തരവിന്റെ പുത്തൻ പകർപ്പ് എത്തിച്ചു കൊടുത്തത്. 

ആരു ചോദിച്ചാലും ഇതു കാണിച്ചാൽ മതിയെന്നും പറഞ്ഞു. 2020 ഒക്ടോബർ 24ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ പകർപ്പായിരുന്നു അത്. ഉത്തരവിൽ എന്താണു പറഞ്ഞിരിക്കുന്നതെന്നു വായിച്ചു നോക്കാൻ പോലും ഇവർക്കറിയില്ല. 

വയനാട്ടിലേത് െചറുത് 

സംസ്ഥാനമൊട്ടാകെ കോളിളക്കമുണ്ടാക്കുന്ന മരംമുറി കേസ് പുറത്തു വന്നതു വയനാട്ടിൽ നിന്നാണ്. വനം ഉദ്യോഗസ്ഥരും കലക്ടറും കൈകോർത്ത് മരങ്ങൾ പിടിച്ചെടുത്തതോടെയാണു വിവരം പുറത്തറിയുന്നത്. എന്നാൽ മറ്റു ജില്ലകളിൽ നിന്ന് ഒരു വിവരവും പുറത്തു വന്നില്ല. വ്യാപകമായി മരം  നഷ്ടപ്പെട്ടിട്ടുണ്ടെന്നും തിരിച്ചു പിടിക്കണമെന്നും ഫെബ്രുവരി 16ന് എല്ലാ സർക്കിൾ ചീഫ് കൺസർവേറ്റർമാർക്കും പ്രി‍ൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നിർദേശം നൽകിയിരുന്നു.  മൂന്നരമാസം ഇതെക്കുറിച്ച് ഒരിടത്തും അന്വേഷണം നടന്നില്ല. ഒടുവിൽ മാധ്യമങ്ങളിൽ വാർത്തയായി സംഭവം വിവാദമായപ്പോൾ ഇന്നലെ അന്വേഷണം തുടങ്ങി. 

്പ്രാഥമിക വിവരങ്ങളിൽ തന്നെ വനം വകുപ്പ് ഞെട്ടിയിരിക്കുകയാണ്. ഒക്ടോബറിലെ റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശൂരിൽ നിന്നു നൽകിയത് 510 മരങ്ങൾ കൊണ്ടുപോകാനുള്ള പാസ്. എറണാകുളത്തു നിന്ന് അറുനൂറോളം എണ്ണവും. ഇടുക്കിയിൽ നിന്നു നൽകിയത് 600 പാസുകൾ. വയനാട്ടിൽ പിടികൂടി തിരിച്ചെത്തിച്ചതു നൂറോളം മരങ്ങൾ. ഈ കണക്കുപ്രകാരം മാത്രം 1810 കൂറ്റൻ ഈട്ടി– തേക്ക് മരങ്ങൾ നഷ്ടപ്പെട്ടു കഴിഞ്ഞു.  തിരിച്ചുപിടിച്ചത് വയനാട്ടിലേതു മാത്രം. അന്വേഷണം പ്രഖ്യാപിച്ച ശേഷം മിനിഞ്ഞാന്നു വൈകിട്ട് വനംമേധാവി വിളിച്ചു ചേർത്ത വിഡിയോ കോൺഫറൻസിൽ ആദ്യനിർദേശം തന്നെ ഉദ്യോഗസ്ഥർ ഇനി മാധ്യമങ്ങളോടു മിണ്ടരുത് എന്നായിരുന്നു. നഷ്ടപ്പെട്ടിട്ടുള്ള മരങ്ങളുടെ കണക്കു കൃത്യമായി തയാറാക്കണമെന്നും ഇല്ലെങ്കിൽ പൊലീസ് അന്വേഷണത്തിൽ കുടുങ്ങാനായിരിക്കും വിധിയെന്നുമുള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

പാസുകൾ കീറിയെറിഞ്ഞു

മുകളിൽ പറഞ്ഞതു വിജിലൻസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ കണക്കുകളാണ്. അതായതു പാസുകൾ നൽകിയ മരങ്ങളുടെ എണ്ണം. അത്രത്തോളം തന്നെ മരങ്ങൾ പാസുകൾ ഇല്ലാതെയും വെട്ടിയിറക്കിയിട്ടുണ്ടെന്നാണു സൂചന. മണ്ണാർക്കാട് റേഞ്ചിലെ അട്ടപ്പാടി, ഇടുക്കി ഫ്ലയിങ് സ്ക്വാഡിനു കീഴിലുള്ള എരുമേലി ഭാഗങ്ങളിൽ നിന്നു വ്യാപകമായി മരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.  കണ്ണൂരിലുള്ള മില്ലുകളിൽ വരെ ഇവിടങ്ങളിൽ നിന്നുള്ള കൂറ്റൻ തേക്കുതടികൾ എത്തിയിട്ടുണ്ടെന്നാണു സൂചന. എന്നാൽ ഒരു പാസ് പോലും ആ റേഞ്ചുകളിൽ നിന്നു കണ്ടെത്താൻ സാധിക്കില്ലെന്നു വനം ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു – കാരണം എല്ലാ രേഖകളും കീറി നശിപ്പിച്ചു കഴിഞ്ഞു. 

forest-document
മരം വെട്ടാൻ അനുമതി നൽകാവുന്നതാണ് എന്നുകാട്ടി മച്ചാട് റേഞ്ച് ഓഫിസർക്ക് തൃശൂർ ഡിഎഫ്ഒ നൽകിയ നിര്‍ദേശം

ഫോറസ്റ്റ് സ്റ്റേഷനുകൾ തന്നെ ഇല്ലാതായി

നിന്നനിൽപിലാണു തൃശൂർ ജില്ലയിലെ മൂന്നു ഫോറസ്റ്റ് സ്റ്റേഷനുകളുടെ പ്രവർത്തനം അവസാനിപ്പിച്ചത്. പീച്ചി ഡിവിഷൻ ശക്തിപ്പെടുത്തുന്നതിനു വേണ്ടി  അകമല, പൂങ്ങോട്, പൊങ്ങണംകാട് സ്റ്റേഷനുകൾ ഏപ്രിൽ 18നു നിർത്തലാക്കിയെന്നാണ് ഔദ്യോഗിക ഭാഷ്യം. ഒരു വർഷം മുൻപേ ഇതിന്റെ ശുപാർശ വന്നിരുന്നെന്നും വനം ഉന്നതർ വിശദീകരിക്കുന്നു. എന്നാൽ അകമല സ്റ്റേഷൻ ഉൾപ്പെടുന്ന മച്ചാട് റേഞ്ചിൽ നിന്നാണു തൃശൂരിൽ ഏറെ മരങ്ങൾ നഷ്ടപ്പെട്ടത്. വാണിയംപാറ, പട്ടിക്കാട്, മാന്ദാമംഗലം, പൊങ്ങണംകാട് സ്റ്റേഷനുകളുടെ പരിധിയിൽ നിന്ന് ഒട്ടേറെ മരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്.  ഇവിടെയുള്ള രേഖകൾ മുഴുവൻ മാറ്റി. അതിൽ എത്ര പാസുകളുടെ രേഖകൾ അപ്രത്യക്ഷമായിക്കാണും?  ഊഹിക്കാനേ പറ്റൂ. 

മേധാവിക്കും പകർപ്പ്,  പക്ഷേ, അറിഞ്ഞമട്ടില്ല

റവന്യു വകുപ്പിൽ നിന്ന് ഒക്ടോബറിൽ ഇറക്കിയ വിവാദ ഉത്തരവിന്റെ പകർപ്പ് വനം മേധാവിക്കും ഉണ്ട്. ഈ പകർപ്പ് വനം മേധാവി കണ്ടില്ലേ? വ്യാപകമായ മരംവെട്ടിനു വഴിവയ്ക്കുന്നതാണ് ഉത്തരവെന്നു സംസ്ഥാനത്തെ ഏറ്റവും ജൂനിയറായ കലക്ടർക്കു പോലും ബോധ്യപ്പെട്ടിട്ടും വനം മേധാവിക്ക് ഇക്കാര്യം മനസ്സിലാകാത്തത് എന്താണ്? ഈ ഉത്തരവുപ്രകാരം മരം മുറിക്കാൻ അനുവദിക്കരുതെന്നും കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നും വനംമേധാവി ഒരു സർക്കുലർ ഇറക്കിയിരുന്നെങ്കിൽ കോടിക്കണക്കിനു രൂപയുടെ മരം നഷ്പ്പെടുമായിരുന്നില്ല. 

റവന്യു ഉത്തരവിന്റെ പകർപ്പുമായി സംസ്ഥാനമൊട്ടാകെ മരം കടത്താൻ പാസുകൾ ചോദിച്ചുള്ള അപേക്ഷകൾ പ്രവഹിച്ചപ്പോൾ എല്ലാ റേഞ്ച് ഓഫിസർമാർമാരും അക്ഷരാർഥത്തിൽ അന്തം വിട്ടിരിക്കുകയായിരുന്നു. ചിലർ മേലുദ്യോഗസ്ഥരോട് അഭിപ്രായം ആരാഞ്ഞു. അങ്ങനെ ചോദിച്ചപ്പോഴാണു ജനുവരി 18നു മരം മുറിക്കാനുള്ള അനുമതി നൽകാമെന്നു മച്ചാട് റേഞ്ച് ഓഫിസർക്കു തൃശൂർ ഡിഎഫ്ഒ നിർദേശം നൽകിയത്. ഇതുപ്രകാരം ഒന്നിനു പിന്നാലെ ഒന്നായി മരങ്ങൾ പോയി. ഫെബ്രുവരി രണ്ടിന് റവന്യു വകുപ്പ് ഉത്തരവു റദ്ദാക്കിയതു പോലും അറിയാതെ റേഞ്ച് ഓഫിസർ മൂന്നിനും നാലിനും പാസ് കൊടുത്തുകൊണ്ടിരുന്നു. ഒടുവിൽ അന്വേഷണം വന്നപ്പോഴാണു റേഞ്ച് ഓഫിസർ ഊരാക്കുടുക്കിലായത്. സമ്മർദം താങ്ങാനാവാതെയാണ് ഇദ്ദേഹം ഓഫിസിൽ കുഴഞ്ഞു വീണതെന്നു സഹപ്രവർത്തകർ പറയുന്നു. 

പാസിനു വേണ്ടി ഉടമകൾ നൽകിയ നൂറു കണക്കിന് അപേക്ഷകളിൽ ഒന്നിൽ പോലും യഥാർഥ ഒപ്പല്ല ഉള്ളതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. വൻതോതിലുള്ള നികുതി വെട്ടിപ്പും ഇതിനു പിന്നിൽ സംഭവിച്ചിട്ടുണ്ട്. സ്വകാര്യ ആവശ്യത്തിനുള്ള ഫോം–1 പാസ് ഉപയോഗിച്ചു തടി കൊണ്ടുപോയതു മുഴുവൻ കച്ചവടക്കാരാണ്. ജിഎസ്ടി ഇനത്തിലുള്ള നഷ്ടവും കോടികളിലേക്കു കടക്കും. 

വനം–റവന്യു ഭൂമിയിലെ മരംവെട്ടിന് അനുമതി നൽകിയില്ല: ഇ.ചന്ദ്രശേഖരൻ

തിരുവനന്തപുരം∙ പതിച്ചു നൽകിയ ഭൂമിയിൽ കൃഷിക്കാരൻ നട്ടുപിടിപ്പിച്ചതും കിളിർത്തതുമായ ചന്ദനം ഒഴികെയുള്ള മരങ്ങളെല്ലാം മുറിക്കാൻ അനുമതി നൽകിയതു കർഷക സംഘടനകളുടെയും ഭരണ–പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെയും അഭിപ്രായം മാനിച്ചാണെന്നു മുൻ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപത്തെത്തുടർന്നാണ് ഉത്തരവു റദ്ദാക്കിയത്. 

    പഴുതുകൾ അടച്ച് ഇതു നടപ്പാക്കാനുള്ള പുതിയ നിർദേശം കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്തു തന്നെ തയാറാക്കി സമർപ്പിച്ചിരുന്നു. അതു പരിശോധിച്ചു പുതിയ സർക്കാർ നടപടി സ്വീകരിക്കും. ഉത്തരവിന്റെ മറവിൽ ദുരുപയോഗം ഉണ്ടായിട്ടുണ്ടെങ്കിൽ അതു പരിശോധിക്കണം. ആദ്യസർക്കുലർ കോടതി റദ്ദാക്കിയതോടെ ഉത്തരവായി ഇറക്കി. കർഷകനു പതിച്ചു നൽകിയ ഭൂമിയിലെ ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടാൻ മാത്രമാണ് അനുമതി. വനഭൂമിയിലോ റവന്യു ഭൂമിയിലോ ഇതു സാധ്യമല്ല. 

     2005ലെ യുഡിഎഫ് സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന ‘വനമല്ലാത്ത ഭൂമിയിൽ മരം വളർത്തൽ പ്രോത്സാഹന നിയമ’ത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്. വനപ്രദേശമല്ലാത്ത ഭൂമിയിൽ ഉടമ മരങ്ങൾ വച്ചുപിടിപ്പിക്കണമെന്നും മറ്റേതൊരു നിയമത്തിൽ എന്തൊക്കെ അടങ്ങിയിരുന്നാലും വിജ്ഞാപനം ചെയ്തിട്ടില്ലാത്ത, വനഭൂമിയല്ലാത്ത സ്ഥലത്തിന്റെ ഉടമസ്ഥന് അവിടെ വച്ചു പിടിപ്പിക്കുന്ന ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും വെട്ടുന്നതിനുള്ള അവകാശമുണ്ടെന്നും ആ നിയമത്തിൽ പറയുന്നുണ്ട്– ഇ.ചന്ദ്രശേഖരൻ പറഞ്ഞു. 

∙ സ്വന്തം പറമ്പിലെ മരം മുറിക്കാനുള്ള കർഷകരുടെ ബുദ്ധിമുട്ടിനു പരിഹാരമെന്ന നിലയിലാണു മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം വ്യവസ്ഥകൾക്കു വിധേയമായി ഉത്തരവിറക്കിയതെന്നു റവന്യു വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.  2020 ഒക്ടോബറിൽ ഇറക്കിയ ഉത്തരവു ദുർവ്യാഖ്യാനം ചെയ്യുന്നതായി കഴിഞ്ഞ ജനുവരിയിൽ ചിലർ സംശയം ഉന്നയിച്ചു. തുടർന്നു  നിയമവകുപ്പിന്റെ ഉപദേശം തേടി. അതിന്റെ കൂടി അടിസ്ഥാനത്തിൽ ഫെബ്രുവരി രണ്ടിന് ഉത്തരവു പിൻവലിച്ചു. ഉത്തരവിലെ വാചകം ദുർവ്യാഖ്യാനം ചെയ്തു ചില വനം ഉദ്യോഗസ്ഥർ തന്നെ സംരക്ഷിത മരങ്ങൾ വെട്ടാൻ കൂട്ടുനിൽക്കുന്നു എന്നു കണ്ടതിനെത്തുടർന്നു റവന്യു വകുപ്പു തന്നെ മുൻകയ്യെടുത്ത് ഉത്തരവു പിൻവലിക്കുകയായിരുന്നെന്നും റവന്യു വൃത്തങ്ങൾ വിശദീകരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA