റവന്യു വകുപ്പും മാഫിയയും ഭീഷണിയിൽ ഒറ്റക്കെട്ട്; നിൽക്കക്കള്ളിയില്ലാതെ വനം ഉദ്യോഗസ്ഥർ

Muttil
വയനാട് മുട്ടിലിലെ പട്ടയഭൂമിയിൽ നിന്ന് അനുമതിയില്ലാതെ വെട്ടിക്കടത്തിയ ഈട്ടിമരങ്ങൾ പിടിച്ചെടുത്ത് വനം വകുപ്പിന്റെ ഡിപ്പോയിൽ കൂട്ടിയിട്ടിരിക്കുന്നു.
SHARE

‘‘കോടതിയിൽ ഞങ്ങൾക്ക് അനുകൂലമായ റിപ്പോർട്ട് കൊടുക്കണം. ഇല്ലെങ്കിൽ മനസ്സമാധാനമായി പെൻഷൻ പറ്റി ജീവിക്കാൻ അനുവദിക്കില്ല. വിജിലൻസ് കേസിൽ പൂട്ടും തന്നെ; ഉറപ്പാണ്.’’ – വയനാട് മുട്ടിലിൽ വിവാദമായ ഈട്ടിമരം കൊള്ളയ്ക്കുള്ള കളമൊരുക്കിത്തുടങ്ങിയപ്പോൾ മേപ്പാടി റേഞ്ച് ഓഫിസറായിരുന്ന കെ.ബാബുരാജിനു നേരെ ഉയർന്നതാണ് ഈ ഭീഷണി. പിന്നീട് പ്രതികളാക്കപ്പെട്ട രണ്ടുപേർ റേഞ്ച് ഓഫിസിൽ നേരിട്ടെത്തിയാണു ഭീഷണിപ്പെടുത്തിയതെന്നു ബാബുരാജ് ‘മനോരമ’യോടു വെളിപ്പെടുത്തി.

ബാബുരാജ് പറയുന്നു‌:  ഒക്ടോബർ 24ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവും ചൂണ്ടിക്കാട്ടിയായിരുന്നു ഭീഷണി. ഒരേക്കർ ഭൂമിയിലുണ്ടായിരുന്ന 3 ഈട്ടിമരങ്ങൾ മുറിച്ചിട്ടിട്ടുണ്ടെന്നും കടത്തിക്കൊണ്ടു പോകാൻ പാസ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും റേഞ്ച് ഓഫിസിൽ വന്നത്. വില്ലേജ് ഓഫിസർ നൽകിയ അനുമതി അവ‍ർ കാണിച്ചു. തഹസിൽദാരുടെ അനുമതി കണ്ടില്ല. ഇതു സർക്കാരിലേക്കു റിസർവ് ചെയ്ത മരങ്ങളാണെന്നും മുറിക്കാൻ അനുവാദം നൽകാൻ കഴിയില്ലെന്നും ഞാൻ പറഞ്ഞു.

റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. തനിക്കു മാത്രം എന്താണു തടസ്സം എന്നായി അപ്പോൾ ചോദ്യം. മരം, ഭൂമി എന്നിവയെക്കുറിച്ചു കൂടുതൽ വ്യക്തത വേണം എന്നു വില്ലേജ് ഓഫിസർക്കും തഹസിൽദാർക്കും അപേക്ഷ കൊടുത്തു വിട്ടു. ഒരു മറുപടിയും കിട്ടിയില്ല. 

മരം വിട്ടുകിട്ടാൻ വേണ്ടി ഇവർ കോടതിയെ സമീപിച്ചു. കോടതിയിൽ അനുകൂല റിപ്പോർട്ട് നൽകണമെന്നായി പിന്നീട് ആവശ്യം. സാധ്യമല്ലെന്നു വ്യക്തമാക്കിയപ്പോഴാണു ഭീഷണിയിലേക്കു കടന്നത്. 

റിട്ടയർമെന്റിന്റെ തൊട്ടു മുൻപ് ആയതിനാൽ മറ്റു ചില കേസുകളിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. ഇതിനിടെ വെട്ടിയിട്ട 3 മരങ്ങൾക്കു പുറമേ, 11 പുതിയ അപേക്ഷകൾ കൂടി കൊണ്ടു വന്നു. അതിലും സമാനപ്രശ്നങ്ങൾ ഉണ്ടെന്നു വ്യക്തമാക്കി അപേക്ഷ നിരസിച്ചു. ഒന്നും ഫലിക്കാതെ വന്നപ്പോൾ പണം നൽകാമെന്നു വാഗ്ദാനം ചെയ്തു. വൻ തുകയായിരുന്നു എനിക്കുള്ള ഓഫർ. അതിനും വഴങ്ങിയില്ല. ഡിസംബർ അവസാനം ഞാൻ പുതിയ റേഞ്ച് ഓഫിസർക്കു ചുമതല കൊടുത്തു  വിരമിക്കുന്നതു വരെയും അവരുടെ സമ്മർദങ്ങളെ ചെറുത്തു. മരം കൊണ്ടു പോകാൻ അനുമതി കൊടുത്തുമില്ല. പിന്നീട് വന്ന ആളും അതേ നിലപാടുകളാണു പിന്തുടർന്നത്. ’’     

അനുകൂലമായ ഉത്തരവു ലഭിക്കാൻ പ്രതികൾ സെക്രട്ടേറിയറ്റ് വരെ നീളുന്ന അവരുടെ ഉന്നത ബന്ധങ്ങളെക്കുറിച്ചും റേഞ്ച് ഓഫിസറോടു വാചാലരായി. അതെല്ലാം മരം വെട്ടുകാരുടെ ‘വെറും തള്ളുകൾ’  മാത്രം ആയിരുന്നോ എന്നു വിശദ അന്വേഷണത്തിലേ വ്യക്തമാകൂ. 

പരാതി ഉന്നതങ്ങളിലേക്ക് 

മരം കൊണ്ടു പോകാനുള്ള അനുമതി കലക്ടറും നിഷേധിച്ചപ്പോൾ, പ്രതിപ്പട്ടികയിൽ പിന്നീടുൾപ്പെട്ട ആന്റോ അഗസ്റ്റിൻ നേരിട്ടു പരാതി അറിയിച്ചത് റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയെയാണ്. ഒക്ടോബർ 24ന്റെ വിവാദ ഉത്തരവ് ഇറക്കിയ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ആന്റോയുടെ പരാതി പരിഗണിച്ച് വയനാട് ജില്ലാ കലക്ടറോടു റിപ്പോർട്ട് തേടുകയും ചെയ്തു. ‘ഇതു പട്ടയം കിട്ടിയ ഭൂമിയാണോ ? മരങ്ങൾ ഇയാൾ സ്വയം നട്ടു പിടിപ്പിച്ചതാണോ?’ എന്ന ചോദ്യമാണ് ഉന്നയിച്ചത്. 

എന്നാൽ വിവാദ ഉത്തരവിലെ അവ്യക്തതകളെക്കുറിച്ചും അത് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഡിസംബർ 15നു തന്നെ കലക്ടർ റവന്യു ഉന്നതർക്കു മുന്നറിയിപ്പു നൽകിയിരുന്നതാണ്. ഉത്തരവിൽ വ്യക്തത വരുത്തണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും അനങ്ങാതിരുന്ന റവന്യു ഉന്നതരാണ് ആന്റോയുടെ പരാതിയിൽ കലക്ടറോടു വിശദീകരണം തേടിയത്. 

2020 ഒക്ടോബർ 24ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ 261–2020 ഉത്തരവാണ് ഇപ്പോഴത്തെ മരം മുറിയുടെ തുടക്കം. അതേ വർഷം മാർച്ചിൽ അന്നത്തെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ ചുവടു പിടിച്ചായിരുന്നു ഈ ഉത്തരവ്. വിചിത്രമായ നിർദേശങ്ങളാണ് ഈ ഉത്തരവിലുണ്ടായിരുന്നത്.  ‘‘പതിച്ചു നൽകുന്ന സമയത്ത് വൃക്ഷ വില അടച്ചു റിസർവ് ചെയ്ത ചന്ദനം ഒഴികെയുള്ള മരങ്ങൾ കർഷകനു മുറിച്ചെടുക്കാം.  ഇതിന് ആരുടെയും പ്രത്യേക അനുമതി വാങ്ങേണ്ട ആവശ്യം ഇല്ല. കർഷകനെ തടയുന്ന ഉദ്യോഗസ്ഥനെതിരെ കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കും– ’’ ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാർ ഉത്തരവിൽ ഇത്തരം ഭീഷണിയുടെ സ്വരം മുൻപു കേട്ടുകേൾവി ഇല്ലാത്തതാണെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. 

order-1
റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പ്

പത്തും ഇരുപതും സെന്റ് ഭൂമിയുള്ള കർഷകനു വേണ്ടിയുള്ളതാണ് ഉത്തരവ് എന്നതാണു റവന്യു വകുപ്പിന്റെ നിലപാട്. പക്ഷേ, ‘വൃക്ഷവില അടച്ച് റിസർവ് ചെയ്ത ചന്ദനം ഒഴികെയുള്ള മരങ്ങൾ’ എന്ന വാചകം ഉത്തരവിൽ എന്തിന് എഴുതിച്ചേർത്തു എന്നതാണു വനം വകുപ്പിന്റെ ചോദ്യം. 

order-2
ഉത്തരവിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കലക്ടർ നൽകിയ കത്തിന്റെ പകർപ്പ്

പട്ടയം അനുവദിക്കുന്ന സമയത്ത് ഈട്ടി, തേക്ക്, ചന്ദനം തുടങ്ങിയ രാജകീയ വൃക്ഷങ്ങളുടെ വില ഈടാക്കാതെയാണു സർക്കാരിലേക്കു റിസർവ് ചെയ്യുന്നത്. അതായത് ഈട്ടി, തേക്ക്, ചന്ദനം തുടങ്ങിയവ വില അടച്ചു സ്വന്തമാക്കാൻ ഭൂമി ഉടമയ്ക്കു സാധിക്കില്ല. അവ റവന്യു മുതലാണ്. ഇക്കാര്യം റവന്യു ഉന്നതന് അറിയാതിരിക്കാൻ ഒരു വഴിയുമില്ല. എന്നിട്ടും ‘ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാം’ എന്ന് എഴുതിവച്ചതോടെ തേക്കും ഈട്ടിയും യഥേഷ്ടം മുറിക്കാം എന്നു വനംമാഫിയ വ്യാഖ്യാനിച്ചു. ചുരുക്കം ചില ഉദ്യോഗസ്ഥർ ഇതു ചോദ്യം ചെയ്തു. അവർക്ക് ഒരു മറുപടിയും കിട്ടിയില്ല. മറ്റുള്ളവർ കണ്ണടച്ചു; ചിലർ വനമാഫിയയ്ക്കു വേണ്ടി പാസുകൾ ഉണ്ടാക്കിക്കൊടുത്തുകൊണ്ടേയിരുന്നു. 

മരംവെട്ടു തടഞ്ഞ ഉദ്യോഗസ്ഥരെ കേസുകളിൽ കുടുക്കാനുള്ള കുതന്ത്രങ്ങൾ കൂടിയായപ്പോൾ വിവാദം നൂലു പൊട്ടിയ പട്ടം പോലെ ഉയർന്നു പൊങ്ങാൻ തുടങ്ങി. മൂന്നു മാസം കഴിഞ്ഞ 2021 ഫെബ്രുവരി രണ്ടിന് ഉത്തരവ് റവന്യു വകുപ്പിനു പിൻവലിക്കേണ്ടി വന്നു. വ്യാപകമായി മരങ്ങൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവു റദ്ദാക്കിയതെന്നു റവന്യു വകുപ്പു തന്നെ വ്യക്തമാക്കുന്നു. പക്ഷേ, ആ മൂന്നു മാസത്തിനുള്ളിൽ പശ്ചിമഘട്ടത്തിലെ കണ്ണായ സ്ഥലങ്ങളിൽ തലയെടുപ്പോടെ നിന്നിരുന്ന ഈട്ടിമരങ്ങളിൽ വ്യാപകമായി മഴു വീണു കഴിഞ്ഞിരുന്നു. 

മാഫിയ പിടിമുറുക്കി;  പെട്ടതു പാവം കർഷകർ

മക്കളുടെ കല്യാണത്തിനും വിദ്യാഭ്യാസത്തിനും സ്വന്തം ചികിത്സാച്ചെലവിനും വീട്ടുവളപ്പിലുള്ള ഒരു മരം വെട്ടി വിറ്റ്, പണമുണ്ടാക്കാനായി അപേക്ഷ നൽകി കാത്തിരുന്ന ചെറുകിട കർഷകരെ എല്ലാം ഇളിഭ്യരാക്കിക്കൊണ്ടാണു വനമാഫിയ വ്യാപകമായി മരം വെട്ടിയിറക്കിയത്. വയനാട്, ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ നിന്നെല്ലാം മരം നഷ്ടപ്പെട്ടു. വയനാട്ടിൽ നിന്നു പോയതെല്ലാം തിരിച്ചു പിടിക്കാൻ ചുറുചുറുക്കുള്ള ജില്ലാ ഭരണകൂടത്തിനും വനം വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കും സാധിച്ചെങ്കിലും മറ്റു ജില്ലകളിലെ ഒരു കണക്കും ഇതേവരെ പുറത്തറിഞ്ഞിട്ടില്ല. എന്നല്ല, 

വയനാട്ടിലേതിന്റെ  ഇരട്ടിയിലേറെ മരം വെട്ടിക്കടത്തിയ തൃശൂരിലെ കേസുകൾ ഒതുങ്ങിപ്പോകുകയും ചെയ്തു. മച്ചാട് റേഞ്ചിലെ പുലാക്കോട് മേഖലയിൽ നിന്നു തേക്കും ഈട്ടിയ‍ുമടക്കം അഞ്ഞൂറോളം മരങ്ങൾ  വെട്ടിയെന്നാണു സൂചന. കൃത്യമായ കണക്കില്ല. 112 മരങ്ങൾ വെട്ടിയതായി വനംവകുപ്പിന്റെ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കടത്തിക്കൊണ്ടു പോകാൻ കഴിയാതിരുന്ന നൂറോളം തടികൾ പട്ടയഭൂമിയിൽത്തന്നെ കിടക്കുന്നു. തടിക്കടത്തിനു ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥരിൽ മിക്കവരും അതേ ചുമതലകളിൽ തുടരുന്നു.

മഴയ്ക്കു കാത്തിരുന്ന വേഴാമ്പലിനെപ്പോലെയായിരുന്നു അവിടെ  വനം വകുപ്പ് ഉദ്യോഗസ്ഥർ. റവന്യു വകുപ്പിൽ നിന്ന് ഉത്തരവ് ഇറങ്ങേണ്ട താമസം, മരം വെട്ടി വെളിപ്പിക്കാനുള്ള പാസുകൾ നിർബാധം എഴുതിക്കൊടുത്തു. ഉത്തരവു റദ്ദാക്കിയിട്ടും പാസുകൾ കൊടുത്തു കൊണ്ടേയിരുന്നു. ഒടുവിൽ വിജിലൻസ് പരിശോധനയ്ക്കു വന്നപ്പോഴാണ് ഉത്തരവു റദ്ദായ വിവരം റേഞ്ച് ഓഫിസർ പോലും അറിഞ്ഞത്. ആ സമ്മർദത്തിൽ റേഞ്ച് ഓഫിസർ  സവീൻ സുന്ദർ ഓഫിസിൽ കുഴഞ്ഞു വീണെന്നു വനം വകുപ്പിലുള്ളവർ തന്നെ പറയുന്നു. പിന്നീടു ചികിത്സയിലിരിക്കെ അദ്ദേഹം മരിക്കുകയും ചെയ്തു. 

പട്ടയഭൂമിയിലെ മരത്തിന് അനുവദിക്കപ്പെട്ട പാസുകളുടെ ബലത്തിൽ വനഭൂമിയിൽ നിന്നു പോലും മരംവെട്ടിയെന്നാണു സൂചന.വെട്ടിക്കടത്തിയ മരങ്ങൾ കണ്ടെടുക്കാൻ വനംവകുപ്പ് ഉത്തരവിറക്കിയെങ്കിലും മച്ചാട് മേഖലയിൽ തുടർനടപടികളുണ്ടായില്ല. കൊണ്ടുപോകാൻ കഴിയാതിരുന്ന മരങ്ങൾ പുലാക്കോട്, മലമ്പാടം ഭാഗങ്ങളിൽ ഇപ്പോഴും പറമ്പുകളിൽ കിടക്കുന്നുണ്ടെങ്കിലും ഇവ പിടിച്ചെടുക്കാൻ അധികൃതർ നടപടിയെടുത്തിട്ടില്ല. അന്വേഷണം നിലയ്ക്കുകയും ചെയ്തു.

നാളെ: അപ്രത്യക്ഷമാകുന്ന ഫോറസ്റ്റ് സ്റ്റേഷനുകളും ഫയലുകളും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EDITORIAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA